Views:
പി കെ സത്യഭാമ, തരൂർ |
കൊതിയേറെയുള്ളിലുണ്ടെൻറെ കണ്ണാ
മതിവരാതെന്നും സ്തുതിച്ചു പാടാൻ.
നിൻരൂപമെന്നിൽ നിറഞ്ഞുനിൽക്കാൻ
നിൻ കടക്കണ്ണിൻറെ നോട്ടമേൽക്കാൻ.
നിന്മുന്നിൽ അല്ലലില്ലാതെയെത്താൻ
നിന്നിലിന്നെല്ലാം മറന്നു ചേരാൻ.
നിൻ ഭാവലീലയിൽ ഓളമാകാൻ
നിൻ പാദരേണുവിൽ വീണുകൂപ്പാൻ.
വഴി തെറ്റി, ഞാനങ്ങലഞ്ഞിടാതെൻ
വഴി കാട്ടി നീ,യെൻറെ തേർ തെളിക്കാൻ.
മനസ്സിൻറെ വിഭ്രാന്തി തീർത്തുമാറ്റാൻ
മനമാകെ പാൽക്കടലാക്കി മാറ്റാൻ.
തിരുമുടി ചൂടുന്ന പീലിയാകാൻ
മുരളിക മൂളുന്നൊരീണമാകാൻ.
വനമാലയിൽ നിൻറെ തുളസിയാകാൻ
നിനവിലും നിന്നിൽ ലയിച്ചു തീരാൻ.
No comments:
Post a Comment