പുല്‍ക്കൂട്‌ നഷ്‌ടപ്പെടുന്നവര്‍

Views:

 

സണ്ണി തായങ്കരി


 ഇന്നാണ്‌ ലോകത്തിന്റെ ക്രിസ്‌മസ്‌
 മഞ്ഞിന്റെ പുതപ്പ്‌ വാരിച്ചുറ്റുമ്പോഴും ഉണര്‍വിന്റെ വാഴ്‌വുകളില്‍ പ്രതീക്ഷകളുടെ നക്ഷത്രഗീതങ്ങള്‍ പാടി നന്മയെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന ക്രിസ്‌മസ്‌ രാവിന്‌ രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറവും നിറയൗവനം

 ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍ ആകാശങ്ങളില്‍നിന്ന്‌ ഇറങ്ങിത്തിരിച്ച രാജകുമാരന്‍... തിന്മകള്‍ വേര്‍പെടുത്തിയ ശിരസ്സുകളെ നന്മയുടെ തൈലം പൂശി ചേര്‍ത്തുവയ്‌ക്കാന്‍ എത്തുന്ന അവന്‌ ഹേറോദേസുകളുടെ രാജാങ്കണങ്ങളില്‍ ശിരച്ഛേദം ചെയ്യപ്പെടുന്ന സ്‌നാപകയോഹന്നാന്‍മാരുടെ കബന്ധങ്ങള്‍ കണ്ട്‌ ഞടുങ്ങി നില്‍ക്കേണ്ടി വരുന്നു! പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഇരകളുടെ രോദനം ആ മഹാനയനങ്ങളെ ഈറനണിയിക്കുന്നു!! പട്ടിണിയും ദാരിദ്ര്യവും മാനവികതയ്‌ക്കുമേല്‍ നിറഞ്ഞാടുന്ന കൊടുംക്രൂരതകളും കണ്ട്‌ ക്രിസ്‌തു ദുഃഖഭാരത്താല്‍ ശിരസ്സ്‌ നമിക്കുമ്പോള്‍ ലോകം ക്രിസ്‌മസിനെ മണിമേടകളില്‍ ഒരുക്കിയ പഞ്ചനക്ഷത്ര പുല്‍ക്കൂടുകളില്‍ അത്യാഘോഷപൂര്‍വം കൊണ്ടാടുന്നു.  

ആത്മാവ്‌ നഷ്‌ടപ്പെട്ട ശരീരങ്ങളില്‍ മാനസങ്ങളുടെ ചരമഗീതം ആലപിക്കുന്ന നിദ്രാവീഹീനമായ രാത്രി! പുല്‍ക്കൂടിന്‌ പുറത്ത്‌ കാരണഭൂതന്‍ അന്യനെപ്പോലെ തണുത്ത്‌ വിറങ്ങലിച്ച്‌ വിലപിക്കുമ്പോള്‍ സമൃദ്ധിയുടെ അകത്തളങ്ങളില്‍ ചെകുത്താന്മാര്‍ ആര്‍ത്തട്ടഹസിക്കുന്നു. ഇത്‌ സാത്താന്‍ ആഘോഷിക്കുന്ന ശത്രുവിന്റെ ജന്മദിനം!  

ഇടവക പള്ളിയില്‍ ആഘോഷമായ തിരുപ്പിറവി കുര്‍ബാനയ്‌ക്ക്‌ തുടക്കമായി. പുരോഹിതന്‍ കുര്‍ബാനമദ്ധ്യേ പിള്ളക്കച്ചയില്‍ പൊതിഞ്ഞ ഉണ്ണിയേശുവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട്‌ ഗ്രാട്ടോയില്‍ തീര്‍ത്ത അലങ്കരിച്ച പുല്‍ക്കൂട്ടിലേക്കുള്ള പ്രദക്ഷിണത്തിലാണ്‌. കരിമരുന്ന്‌ പ്രയോഗവും വാദ്യഘോഷങ്ങളും ഗായകസംഘവും സൃഷ്‌ടിച്ച ശബ്‌ദകോലാഹലങ്ങളില്‍ സമൂഹം മുങ്ങിപ്പോയിരിക്കുന്നു.  

ആഘോഷങ്ങളാണ്‌ യഥാര്‍ഥ ഭക്തിയെന്ന്‌ ഓരോ മുഖവും വിളിച്ചറിയിക്കുന്നു. ദീപാലങ്കാരങ്ങളും നക്ഷത്രഗണവും മഞ്ഞിന്റെ ധവളതയ്‌ക്കുമേല്‍ നിറച്ചാര്‍ത്തേകുന്നുണ്ട്‌.

പുല്‍ക്കൂട്ടില്‍ സജ്ജമാക്കിയ മറിയത്തിഌം യൗസേഫിനും മദ്ധ്യത്തിലുള്ള കുഞ്ഞുവൈക്കോല്‍ ശയ്യയില്‍ പുരോഹിതന്‍ ഉണ്ണിയേശുവിനെ കിടത്തി. ചുറ്റിലും ആട്ടിടയന്മാരും ആടുമാടുകളും.  

ഉണ്ണിക്കുട്ടന്‍ ഞെട്ടിയുണര്‍ന്നു. ഇരുട്ടില്‍ അവന്‍ പകച്ചുനോക്കി. പുല്‍ക്കൂടും ഉണ്ണിയേശുവും എവിടെ? പുരോഹിതരും ഗായകസംഘവും ഇടവക സമൂഹവുമെവിടെ? ഇല്ല. അകലങ്ങളില്‍നിന്ന്‌ എത്തുന്ന വെടിക്കെട്ടിന്റെയും സംഗീതത്തിന്റെയും ഇടകലര്‍ന്ന ദുര്‍ബലസ്വരം മാത്രം!  

ഉണ്ണിയേശു പിറന്ന മരം കോച്ചുന്ന ഒരു രാത്രിയിലാണ്‌ ഉണ്ണിക്കുട്ടഌം ജനിച്ചത്‌. അതുകൊണ്ടുതന്നെ ക്രിസ്‌മസ്‌ അവന്റെയും ജന്മദിനമാണ്‌! ക്രിസ്‌മസ്‌ രാത്രിയില്‍ പള്ളിയില്‍ കേക്ക്‌ മുറിച്ച്‌ ഒരു സമൂഹം മുഴുവന്‍ ക്രിസ്‌തുവിന്റെ ജന്മദിനം മധുരതരമാക്കുമ്പോള്‍ ആ കുടുംബം അത്‌ ഉണ്ണിക്കുട്ടന്റെ സ്വന്തം ജന്മദിനമായി ആഘോഷിച്ചു!  

ഇല്ലായ്‌മകളുടെ തമ്പുരാക്കന്മാര്‍ക്ക്‌ ക്ഷണിക്കപ്പെടാത്ത വിരുന്നില്‍ വിളമ്പുന്ന വിഭവങ്ങള്‍ വിശപ്പിന്റെ സങ്കീര്‍ണതകളില്ലാത്ത ഓര്‍മയാണല്ലോ!! പക്ഷേ, ഇന്ന്‌... ജന്മദിനം അവന്‌ അന്യമായിരിക്കുന്നു. അവന്റെ ഉണ്ണിയേശുവിനും

ഇപ്പോള്‍ കുടിലിലെ അന്ധകാരം അരണ്ട വെളിച്ചമായി മാറി. ആ വെളിച്ചത്തില്‍ അവന്‍ കണ്ടു, ഭിത്തിയില്‍ തൂങ്ങുന്ന, രണ്ട്‌ ഫോട്ടോകള്‍... അവന്റെ അമ്മയുടെയും ചാച്ചന്റെയും... ആ കണ്ണുകള്‍ സജലങ്ങളായി...  

അന്നും ഒരു ക്രിസ്‌മസ്‌ രാത്രിയായിരുന്നു. ഉണ്ണിക്കുട്ടന്റെ നാലാം ജന്മദിനം. ചാച്ചന്റെയും അമ്മയുടെയും കൈ പിടിച്ച്‌ പള്ളിയിലെത്തണം. കേക്കുമുറിച്ച്‌ ഉണ്ണിയേശുവിനൊപ്പം ഉണ്ണിക്കുട്ടന്റെയും ജന്മദിനം ആഘോഷിക്കണം. ചാച്ചഌം അമ്മയ്‌ക്കും കിട്ടുന്ന കേക്ക്‌ കഷണം മുറിച്ച്‌ ഉണ്ണിക്കുട്ടന്റെ വായില്‍ വച്ച്‌കൊടുത്ത്‌ "ഹാപ്പി ബര്‍ത്ത്‌ ഡേ ഉണ്ണിക്കുട്ടാ'യെന്ന്‌ പള്ളിയിലെ ശബ്‌ദകോഹലങ്ങള്‍ക്കിടെ അവര്‍ മൗനമായി, നിറപുഞ്ചിരിയോടെ ഉരുവിടും. അവന്റെ കവിളില്‍ ഇരുവരും മുത്തം നല്‍കും... അവന്റെ ജന്മദിനത്തെപ്പറ്റി അറിയാവുന്നവരൊക്കെ ചുറ്റും കൂടും. എത്ര പേരാണ്‌ അന്ന്‌ ഉണ്ണിക്കുട്ടന്‌ "ഹാപ്പി ബര്‍ത്ത്‌ ഡേ' ആശംസിക്കുന്നത്‌ ! ഉണ്ണിയേശുവിനോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന ഉണ്ണിക്കുട്ടന്‍ എത്ര ഭാഗ്യവാനാണ്‌! "പുല്‍ ത്തൊട്ടിയില്‍ കിടക്കുന്നത്‌ ഉണ്ണിക്കുട്ടനല്ലേ ചാച്ചാ'യെന്ന്‌ ഒരിക്കല്‍ ചോദിക്കുകയും ചെയ്‌തു. അന്ന്‌ ചാച്ചന്‍ സ്‌നേഹത്തോടെ ശാസിച്ചു

അവര്‍ പാതിരാ കുര്‍ബാനയ്‌ക്ക്‌ പോകാന്‍ തയ്യാറാകുകയായിരുന്നു. പെട്ടെന്ന്‌ ചാച്ചന്‌ നേരിയ നെഞ്ചുവേദന അനുഭവപ്പെട്ടു. അല്‌പനേരം കിടന്നാല്‍ മാറുമെന്ന്‌ ചാച്ചന്‍ തന്നെയാണ്‌ പറഞ്ഞത്‌. പക്ഷേ, വേദന നിമിഷംപ്രതി വര്‍ധിച്ചതേയുള്ളു. അത്‌ അസഹ്യമായപ്പോള്‍ അവള്‍ ചാച്ചനെ ആ നാലുവയസുകാരനെ ഏല്‍പ്പിച്ച്‌ അയല്‍വീട്ടിലേക്ക്‌ ഓടി. വയല്‍വരമ്പ്‌ തീരുന്നിടത്താണ്‌ ഓട്ടോഡ്രവറുടെ വീട്‌. വാതിലില്‍ മുട്ടിവിളിക്കുമ്പോഴും അവള്‍ അറിഞ്ഞില്ല, താന്‍ അര്‍ധനഗ്നയാണെന്ന്‌! സാരി ചുറ്റും മുമ്പാണല്ലോ, നെഞ്ചുവേദന തുടങ്ങിയത്‌. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാഌള്ള വെപ്രാളത്തിനിടയില്‍ അവള്‍ അക്കാര്യം മറന്നുപോയിരുന്നു! പിന്നെ വിജനതയില്‍ അയല്‍വാസിയായ യുവാവ്‌ അവളെ പച്ചിച്ചീന്തിയ കഥ...  

ക്രിസ്‌തു ഭൂമിയില്‍ അവതരിച്ചതിന്റെ ഓര്‍മയില്‍ ആകാശനീലിമയില്‍ ബഹുവര്‍ണങ്ങള്‍ പൂത്തുലയുന്ന നിമിഷം, അയാള്‍ വിജനതയില്‍, അവളുടെ വിശുദ്ധിയിലേക്ക്‌ വന്യതയുടെ ദംഷ്‌ട്രകള്‍ ക്രൂരതയോടെ ആഞ്ഞിറക്കി. അലറി വിളിച്ച അവരുടെ മുഖം അയാള്‍ സ്വന്തം ഉടുവസ്‌ത്രംകൊണ്ട്‌ അമര്‍ത്തി പ്പിടിച്ചു...  

അപ്പോഴേയ്‌ക്കും അവനെയും അമ്മയേയും ഉപേക്ഷിച്ച്‌ അവന്റെ ചാച്ചന്‍ ഈ ഭൂമിയില്‍നിന്ന്‌ യാത്രയായി. ഇടവക പള്ളിയില്‍നിന്ന്‌ പാതിരാ കുര്‍ബാനയുടെയും വെടിക്കെട്ടിന്റെയും പള്ളിമണികളുടെയും സ്വരം കാതുകളിലേക്ക്‌ ഇരച്ചുകയറി. അമ്മയെ ഏറെ നേരമായി കാണാനില്ല എന്ന യാഥാര്‍ഥ്യത്തിലേക്ക്‌ അവന്റെ കുഞ്ഞുമനസ്സ്‌ എത്തിപ്പെട്ടപ്പോള്‍ ആയിരം വിഷസര്‍പ്പങ്ങളെപ്പോലെ ഭയം അവന്റെ മുമ്പില്‍ ശീല്‍ക്കാരത്തോടെ പത്തിവിടര്‍ത്തി. ജീവന്റെ ലക്ഷ്‌മണരേഖയിലേക്ക്‌ മരണം അതിക്രമിച്ചുകയറുന്ന നിമിഷങ്ങളുടെ അന്ത്യത്തില്‍... നിറഞ്ഞൊഴുകിയ കണ്ണുകളോടെ ആ ഇളം കവിളില്‍ മാതൃത്വത്തിന്റെ അവസാന ചുംബനം നല്‍കി, ആ അമ്മ...  

അടുത്തവര്‍ഷം ഉണ്ണിക്കുട്ടന്‍ ഒരുക്കുന്ന പുല്‍ക്കൂടിനെ അലങ്കരിക്കാന്‍ ക്രിസ്‌മസ്‌ സെറ്റ്‌ വാങ്ങി നല്‍കാമെന്ന അവന്റെ ചാച്ചന്റെ വാഗ്‌ദാനത്തിന്‌ ഇന്ന്‌ ഒരു വയസ്സ്‌  പൂര്‍ത്തിയായിരിക്കുന്നു! ഉണ്ണിക്കുട്ടന്‍ കണ്ണുകള്‍ അടച്ചുപൂട്ടി. പുല്‍ക്കൂട്ടില്‍, പിള്ളത്തൊട്ടിലില്‍ കിടക്കുന്ന, അവനെപ്പോലെ ജന്മദിനം നഷ്‌ടപ്പെട്ട ഉണ്ണിയേശു, മഹാപ്രഭയോടെ അവന്റെ ആന്തരിക നേത്രങ്ങളിലേക്ക്‌ ഇറങ്ങിവന്നു. ഇരുവശത്തും മറിയവും യൗസേഫും. ഉണ്ണിക്കുട്ടന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ കണ്ണുനീര്‍ സങ്കടങ്ങളുടെ ലാവയായി ഉണ്ണിയേശുവിന്റെ കുഞ്ഞുകണ്ണുകളെ സ്‌പര്‍ശിച്ചു

""ഉണ്ണീശോയേ... നിന്റെ ഇരുവശത്തും ചാച്ചഌം അമ്മയും ഉണ്ടല്ലോ... ജന്മദിനം ആഘോഷിക്കാന്‍ പതിനായിരങ്ങളും... പക്ഷേ, അനാഥനായ ഈ ഉണ്ണിക്കുട്ടന്‌...'' 

 നിറഞ്ഞൊഴുകിയ കണ്ണുകളില്‍ തൂവല്‍സ്‌പര്‍ശംപോലെ ഒരു തലോടല്‍...  
ഇളം തെന്നല്‍പോലെ ഒരാലിംഗനം...  
പുഷ്‌പദളങ്ങള്‍ പതിക്കുംപോല ഒരു ചുംബനം... 

""കുഞ്ഞേ, കണ്ണുകള്‍ തുറക്കു...'' അവന്‍ കണ്ണുകള്‍ തുറന്നു. ആ കാഴ്‌ച അമ്പരപ്പിക്കുന്നതായിരുന്നു!  

ആ കുടില്‍ ഒരു പുല്‍ക്കുടിലായി മാറിയിരിക്കുന്നു. ഉണ്ണിയേശുവിന്റെ വയ്‌ക്കോല്‍ ശയ്യയില്‍ മറ്റൊരു ദൈവപുത്രനായി ഉണ്ണിക്കുട്ടന്‍...! അവന്റെ പൂങ്കവിളില്‍ കുനിഞ്ഞ്‌ ചുംബിക്കുന്ന അവന്റെ ചാച്ചഌം അമ്മയും...!!  

മാലാഖാമാരുടെ സ്വര്‍ഗീയ സംഗീതം ആനന്ദത്തിന്റെ നറുനിലാവായി, മഞ്ഞുകണങ്ങളായി അവിടെ പെയ്‌തിറങ്ങി. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം...


---000---