വയോജനം :: പി എ തങ്കമണി

Views:

പി എ തങ്കമണി
ഓര്‍മ്മപോയെന്നു മക്കള്‍ കഥിക്കുന്നു
ഓര്‍മ്മച്ചെപ്പുകള്‍ ഭദ്രമെന്‍ കൈകളിൽ
ഓര്‍മ്മപോയെങ്കിലെന്നു കൊതിക്കുന്നു
ഓര്‍മ്മയുളളതാണേവം ഭയാനകം

കേള്‍വിയില്ലെന്നും മക്കള്‍ കഥിക്കുന്നു
കേള്‍വിയുളളതോ ശാപമായ്‌ തോന്നുന്നു
നാള്‍ക്കു നാള്‍ കേള്‍ക്കും ശാപശരങ്ങളെ-
യുൾക്കൊള്ളാനുള്ള ശേഷിയോ ശേഷിപ്പൂ

അല്പഭോജനമത്രെയഭികാമ്യം !
അല്പമെങ്കിലുമേകിയാൽ തൃപ്തനാം
ദേഹിയെന്നിലെ കൈവിട്ടുപോകവേ
ദാഹവും മമ ശോകവും തീര്‍ന്നുപോം

'വാമഭാഗ'മോ മുമ്പേ ഗമിച്ചേറെ
കേമമോടെ വസിക്കുന്നു സ്വര്‍ഗ്ഗത്തില്‍
ഏകനായെന്നു തോന്നുന്നു ധോണിയില്‍
ശോകമോടെ സഹിക്കുന്നു മ്ലാനമായ്‌

കര്‍മ്മദോഷമാണെന്നങ്ങു ചിന്തിച്ചു
നിര്‍ന്നിമേഷനായ്‌ മേവുന്നു ശയ്യയില്‍
നഷ്‌ടമായെന്റെ സമ്പാദ്യമത്രയും
ഇഷ്‌ടദാനമായ്‌ നല്‍കി ഞാനൊക്കെയും

മക്കളല്ലയോ സ്വത്തെന്നു ചിന്തിച്ചു
ഒക്കെയും വൃഥായര്‍പ്പിച്ചു മക്കളില്‍
നല്ലതല്ലയോ കാംക്ഷിപ്പൂമക്കളില്‍
തെല്ലുമേ മമ മാനസം നൊന്തീലാ

വ്യര്‍ത്ഥമായെന്റെ സ്വപ്‌നങ്ങളൊക്കെയും
അര്‍ത്ഥമില്ലെന്റെ ചിന്തകള്‍ക്കൊന്നിനും
പൂജ്യനായൊരു മാനവനിന്നിതാ
പൂജ്യമായ്‌ തീര്‍ന്നു പോകുന്നിതൂഴിയില്‍

ലാളനമെനിക്കേകുന്നു നിത്യവും
ലാളിതന്‍ പരിചാരകന്‍ സല്‍ഗുണന്‍
വെളളമേന്തിയ ശയ്യാതലത്തിലായ്‌
തളളിനീക്കുന്നു രാവും പകലുമായ്‌


പി. എ തങ്കമണി
  (റിട്ട അസി. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍)
പല്ലവി ഹൗസ്‌
പി. . മുപ്ലിയം
തൃശ്ശൂര്‍ ജില്ല
പിന്‍. 680312
 



No comments: