Skip to main content

Posts

Showing posts from January, 2017

കണ്ണാ നീ തെല്ലൊന്നടങ്ങി നില്ക്കൂ..

കണ്ണാ നീയോടിവാ നിന്നെയൊരുക്കട്ടെ, ഉണ്ണീ നീയിങ്ങോട്ടടുത്തു നില്ക്കൂ കൈകാലിളക്കിക്കളിച്ചും ചിരിച്ചുമെന്‍- പൈതലേ കൈതട്ടി മാറ്റിടാതെ,യെന്റെ കണ്ണാ നീ തെല്ലൊന്നടങ്ങി നില്ക്കൂ.. കാര്‍കൂന്തല്‍ കെട്ടഴിഞ്ഞൂര്‍ന്നല്ലൊ, ഭംഗിയായ് കോതിയൊതുക്കിടാം പീലി ചൂടാം. നെറ്റിയില്‍ പൊട്ടൊന്നു കുത്തട്ടെ, കണ്ണേറു- പറ്റാതെ കവിളിലുമൊന്നുകൂടി. ചാരുവാം ചന്ദനമാലയും ചാര്‍ത്തീടാം ചേലൊത്തു മഞ്ഞപ്പട്ടാട ചുറ്റാം, എന്റെ കണ്ണാ നീ തെല്ലൊന്നടങ്ങി നില്ക്കൂ.. കൂട്ടരോടത്തങ്ങു കാലിയെ മേയ്ക്കുവാന്‍ കാട്ടിലേക്കിന്നു നീ പോയ്‌വരുമ്പോള്‍ സ്വാദെഴും പൈംപാലൊരുക്കിവയ്ക്കാം, പിന്നെ തൂവെണ്ണയും ഞാന്‍ കടഞ്ഞുവയ്ക്കാം. ഒന്നൊന്നായ് കൂട്ടുകാര്‍ക്കൊക്കെയും നല്കുവാന്‍ പൊന്‍കദളിപ്പഴം കാത്തുവയ്ക്കാം, എന്റെ കണ്ണാ നീ തെല്ലൊന്നടങ്ങി നില്ക്കൂ.. ജന്മജന്മങ്ങളായെന്നുണ്ണീ,യെന്നുമേ- യെന്മനം നിന്നെയൊരുക്കിടുമ്പോള്‍ തീരാത്ത നൊമ്പരച്ചൂടായ് തിളച്ചു നിന്‍ കാലടി കാത്തിങ്ങു നിന്നിടുമ്പോള്‍ തോരാത്തൊരാനന്ദമായെന്റെയുള്ളിലെ ഉണ്ണീ നീയിങ്ങോട്ടടുത്തു നില്ക്കൂ, എന്റെ കണ്ണാ നീ തെല്ലൊന്നടങ്ങി നില്ക്കൂ..