മൗനം കനക്കുന്ന മുഖമാണു നീ, സ്നേഹ- സ്വപ്നം തളിർക്കും കരളാണു നീ... തീക്ഷ്ണദുഃഖം, പിണക്കം, പരാതിശ്രുതി, വേണ്ടെനിക്കൊന്നുമെന്നേറ്റ രോഷം. വീണ്ടുമെന്നുച്ചയ്ക്കു മുൻപേ, തിളയ്ക്കുന്ന കാളും വിശപ്പിന്നു സ്വാദൊരുക്കം. നല്ലിളം കാറ്റുകൾ പൂക്കുന്നൊരോർമ്മയിൽ നീങ്ങുന്നു നോവിന്റെ തേൻനിലാവ്. മൗനം തണുക്കും പുതപ്പാണു നീ, സ്നേഹ- സൗഭാഗ്യ ഭദ്രക്കരുത്താണു നീ... ഇടഞ്ഞും പിണഞ്ഞും പിരിഞ്ഞൊട്ടു മാറാതെ - യാടുന്നൊരാഗ്നേയ രാഗഗീതം. ജ്വലിക്കും മഹാദിവ്യ താരാട്ട്, വാഴ്വിന്റെ സൂര്യോദയം, ശാന്തി, തീർത്ഥഗംഗ. ബ്രഹ്മാണ്ഡപുണ്യം തെഴുക്കുന്നു, കാവലാ- യാമയം തീണ്ടാതെ പത്തുദിക്കും. മൗനം മണക്കുന്ന പൂവാണു നീ, സ്നേഹ- വാത്സല്യ വർണ്ണത്തുടിപ്പാണു നീ... എന്മക്കളേട്ടനെന്നോരോ വ്രതങ്ങളായ് ജന്മം പകുക്കും മഹേശതാര, ചിരിതൂകി നില്ക്കുന്ന ജ്ഞാനദാനപ്രഭ, പ്രണയാർദ്ര പുഷ്ക്കലം ഞാറ്റുവേല, വഴിവെട്ട, മേതിരുൾക്കാട്ടിലും കൈത്താങ്ങ്, മിഴികൾ, നീ,യെന്നുമെൻ നല്ലപാതി. --- രജി ചന്ദ്രശേഖര്‍