Skip to main content

Raji Chandrasekhar :: നല്ലപാതി



മൗനം കനക്കുന്ന മുഖമാണു നീ, സ്നേഹ-
സ്വപ്നം തളിർക്കും കരളാണു നീ...


തീക്ഷ്ണദുഃഖം, പിണക്കം, പരാതിശ്രുതി,
വേണ്ടെനിക്കൊന്നുമെന്നേറ്റ രോഷം.
വീണ്ടുമെന്നുച്ചയ്ക്കു മുൻപേ, തിളയ്ക്കുന്ന
കാളും വിശപ്പിന്നു സ്വാദൊരുക്കം.
നല്ലിളം കാറ്റുകൾ പൂക്കുന്നൊരോർമ്മയിൽ
നീങ്ങുന്നു നോവിന്റെ തേൻനിലാവ്.


മൗനം തണുക്കും പുതപ്പാണു നീ, സ്നേഹ-
സൗഭാഗ്യ ഭദ്രക്കരുത്താണു നീ...


ഇടഞ്ഞും പിണഞ്ഞും പിരിഞ്ഞൊട്ടു മാറാതെ -
യാടുന്നൊരാഗ്നേയ രാഗഗീതം.
ജ്വലിക്കും മഹാദിവ്യ താരാട്ട്, വാഴ്വിന്റെ
സൂര്യോദയം, ശാന്തി, തീർത്ഥഗംഗ.
ബ്രഹ്മാണ്ഡപുണ്യം തെഴുക്കുന്നു, കാവലാ-
യാമയം തീണ്ടാതെ പത്തുദിക്കും.


മൗനം മണക്കുന്ന പൂവാണു നീ, സ്നേഹ-
വാത്സല്യ വർണ്ണത്തുടിപ്പാണു നീ...


എന്മക്കളേട്ടനെന്നോരോ വ്രതങ്ങളായ്
ജന്മം പകുക്കും മഹേശതാര,
ചിരിതൂകി നില്ക്കുന്ന ജ്ഞാനദാനപ്രഭ,
പ്രണയാർദ്ര പുഷ്ക്കലം ഞാറ്റുവേല,
വഴിവെട്ട, മേതിരുൾക്കാട്ടിലും കൈത്താങ്ങ്,
മിഴികൾ, നീ,യെന്നുമെൻ നല്ലപാതി.



Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A