കവിയുന്നു കണ്ണാ കരള്‍ച്ചൂടു നീ രാഗ- നവനീതചോരനായ് പുഞ്ചിരിക്കൂ, യമുനയുടെ മോഹപുളിനങ്ങളില്‍ നീ സ്നേഹ- യദുകുലകാംബോജിയോളമാകൂ. നീയകന്നാല്‍ നീറുമഴലിരുള്‍ ഞാന്‍, നിന്റെ മായയില്‍ മതിമറക്കുന്ന രാധ. നീയണഞ്ഞാല്‍ നിന്റെ നിഴലാണു ഞാന്‍, ശ്യാമ- നീലയില്‍ മതിമയങ്ങുന്ന രാധ. പാഴ് മുളം തണ്ടാകുമിവളു നിന് പാട്ടുകള്‍ പാടുന്ന മുരളിയായ് മാറിടേണം. കണികാണുവാന്‍ പുതിയസ്വപ്നങ്ങള്‍ കോര്‍ത്തു പൊന്‍- കണിയായി മിഴിയില്‍ നീ വാണിടേണം. തേന്‍നിലാവള്ളികളാലോലമാടുന്നൊ- രോര്‍മ്മയില്‍ രാക്കിളിപ്പാട്ടിനൊപ്പം പീതാംബരാ നിന്റെ വേണുവും മൂളുന്നൊ- രാര്‍ദ്രമാം ഗാനമാകട്ടെ ജന്മം.