Skip to main content

നവനീതം


കവിയുന്നു കണ്ണാ കരള്‍ച്ചൂടു നീ രാഗ-
നവനീതചോരനായ് പുഞ്ചിരിക്കൂ,
യമുനയുടെ മോഹപുളിനങ്ങളില്‍ നീ സ്‌നേഹ-
യദുകുലകാംബോജിയോളമാകൂ.

നീയകന്നാല്‍ നീറുമഴലിരുള്‍ ഞാന്‍, നിന്റെ
മായയില്‍ മതിമറക്കുന്ന രാധ.
നീയണഞ്ഞാല്‍ നിന്റെ നിഴലാണു ഞാന്‍, ശ്യാമ-
നീലയില്‍ മതിമയങ്ങുന്ന രാധ.

പാഴ് മുളം തണ്ടാകുമിവളു നിന്‍ പാട്ടുകള്‍
പാടുന്ന മുരളിയായ് മാറിടേണം.
കണികാണുവാന്‍ പുതിയസ്വപ്‌നങ്ങള്‍ കോര്‍ത്തു പൊന്‍-
കണിയായി മിഴിയില്‍ നീ വാണിടേണം.

തേന്‍നിലാവള്ളികളാലോലമാടുന്നൊ-
രോര്‍മ്മയില്‍ രാക്കിളിപ്പാട്ടിനൊപ്പം
പീതാംബരാ നിന്റെ വേണുവും മൂളുന്നൊ-
രാര്‍ദ്രമാം ഗാനമാകട്ടെ ജന്മം.

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A