Skip to main content

Posts

Showing posts from February, 2018

അവസാന പാഠം

ഒരു പാഠമുണ്ടിനിയേകുവാനന്നൊരു- സായന്തനത്തിന്റെ ചാരത്തു ഗുരുവോതി. ദൂരെ, തിങ്കള്‍ക്കലയുണരുന്നു വീണ്ടുമാ- വാസരം തളര്‍ന്നങ്ങു വീഴുന്നു സിന്ധുവില്‍. ഇരുളി ന്റെ നേര്‍ത്തൊരാ കാലടിപ്പാടുക- ളീറന്‍ നിലാവില്‍ ചെന്നങ്ങു നില്ക്കുന്നു. കാരിരുള്‍ തോണികളിലരയന്മാര്‍ പോകുന്നു, കൂട്ടില്‍ ചേക്കേറുവാന്‍ പ്രാക്കള്‍ പറക്കുന്നു. ഇതളൂര്‍ന്നു പൂക്കള്‍ കൊഴിയുന്നു വീണ്ടുമാ- വീഥിയില്‍ ഞാന്‍ തനിയെ,യാചാര്യന്‍ നടക്കുന്നു. ഇനിയും പഠിക്കാത്ത പാഠത്തെയോര്‍ത്തു ഞാന്‍, നിര്‍ന്നിദ്രമന്നു കിടന്നു മണ്‍പായയില്‍. പുലരിയി,ലറിയാത്ത പാഠം പഠിക്കുവാന്‍, ഝടിതിയില്‍ ഗുരുഗേഹം പൂകെ, മണലില്‍ കൊഴിഞ്ഞൊരു പൂ പോലെ ഗുരുവരന്‍ മിഴിപൂട്ടി വഴിയില്‍ കിടക്കുന്നു. ഗുരുവി ന്റെ യധരം വിറകൊള്‍വതേതൊരു  തെളിയാത്ത ദുര്‍ഗ്രഹജ്ഞാനം പകരുവാന്‍? ഇതു തന്നെയാകുമോ അവസാന പാഠം, അറിവി ന്റെ പാലൊളി തൂകും പ്രപഞ്ചമേ.?... *********************** ശ്രീകുമാര്‍ ചേര്‍ത്തല , കാളിക്കാട്ട്, കെ.ആര്‍. പുരം തപാല്‍, ചേര്‍ത്തല, ആലപ്പുഴ - 688556 Mob : 9037283915