Views:
'ബുദ്ധന്‍റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാൽ അഹിംസാ ധർമ്മത്തിന് മുഖ്യത കല്പിച്ചു. നബിയുടെ കാലത്ത് അറേബ്യയിൽ സാഹോദര്യത്തിന് മുഖ്യത കൽപ്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. അതിനാൽ അദ്ദേഹത്തിന്‍റെ മതത്തില്‍ സാഹോദര്യത്തിന് മുഖ്യത കാണുന്നു. ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്? ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരത്തിൽ നിന്നു മോചനം'
ജാതിയും തജ്ജന്യങ്ങളായ അനീതികളും അസമത്വങ്ങളുമായിരുന്നു ഗുരുവിന്‍റെ കാലത്തെ നരകതുല്യമാക്കിയത്. രാഷ്ട്രത്തിന്‍റെ പാരമ്പര്യ സംസ്കൃതിയുടെ ജ്ഞാനശേഖരത്തിന്‍റെ ഈടുവെയ്പുകളില്‍ നിന്നാണ്, ജാതിരാക്ഷസനെ നേരിടാന്‍ അദ്ദേഹം ആയുധങ്ങള്‍ കണ്ടെടുക്കുന്നത്.
അറിവാണ് അതിനായി ഗുരു കണ്ടെത്തുന്ന മൂര്‍ച്ചയേറിയ ആയുധം.
- ഈശ്വരനെക്കുറിച്ചുള്ള അറിവിന്‍റെ പരിണാമത്തിൽ ഭാരതീയ തത്ത്വചിന്തകന്മാർ ഉറച്ച് വിശ്വസിച്ചിരുന്നു.
- വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും ഭഗവത്ഗീതയും ചര്‍ച്ചചെയ്ത അറിവിന്‍റെ പരിണാമങ്ങളെ പറ്റിയാണ് ഗുരുദേവൻ ആലോചിച്ചത്.
- ആ ആലോചനകളിലൂടെ ഗുരുവിന് ബോധ്യമായ അറിവിന്‍റെ അനുഭവങ്ങളാണ്, ദൈവശാസ്ത്രത്തിലെ പുതിയ അനുഭൂതിയും ദർശനവും ആക്കി അദ്ദേഹം ലോകത്തിന് പകർന്നു നൽകിയത്.
- അത് തത്ത്വശാസ്ത്രത്തിന്‍റെ വളർച്ചയുടെ ആധുനിക ദശാസന്ധിയിലെ പരിണാമപ്രക്രിയയുടെ യാഥാർത്ഥ്യമാണ്.
'ഈശ്വരന് മരണമോ അന്ത്യമോ ഇല്ല. എല്ലാ വസ്തുക്കളും നിലനിൽക്കുന്നത് ഈശ്വരനിലാണ്. ഈശ്വരനല്ലാതെ മറ്റൊരു ദേവനും ഇല്ല'.അതിപുരാതനമായ തമിഴ് ഭാവഗീതങ്ങൾ ഗോവർ ഇങ്ങനെയാണ് പരിഭാഷപ്പെടുത്തിയത്. വൈഷ്ണവരുടെ വേദം എന്നാണ് ആൾവാർ കവികളുടെ കൃതികളെ രാമാനുജൻ വിശേഷിപ്പിച്ചത്.
ജാതി വിഭജനത്തെ എതിർക്കുന്ന ആശയങ്ങളാണ് ഈ കൃതികൾ പ്രചരിപ്പിച്ചത്.ഋഗ്വേദത്തിലെ ദേവന്മാരും അഥർവ്വവേദത്തിലെ ആത്മാക്കളും ആള്‍വാര്‍ കൃതികളിലെ ആശയങ്ങളും ഗുരുവിൽ സംയോജിച്ച്, ലയിച്ചു ചേരുന്നുണ്ട്.
ജാതിയെക്കുറിച്ച് ഭവിഷ്യപുരാണം,
- 'നാലു വർണ്ണങ്ങളിലുംപെട്ട എല്ലാവരും ദൈവത്തിന്‍റെ മക്കളാകയാൽ അവർ എല്ലാവരും ഒരേ ജാതിയിൽ പെടുന്നു.
- എല്ലാ മനുഷ്യരുടെയും പിതാവ് ഒരാൾ തന്നെ. ഒരേ പിതാവിന്‍റെ മക്കൾക്ക് വ്യത്യസ്ത ജാതിക്കാരൻ ആകാൻ ആവില്ല' എന്നിങ്ങനെ വിശദീകരിക്കുന്നു.
- ഈ ആശയങ്ങളുടെ പശ്ചാത്തലത്തിൽ വേണം ഗുരുവിന്‍റെ ജാതിവിരുദ്ധ നീക്കങ്ങളെ മനസ്സിലാക്കാന്‍.
സൈന്ധവ അദ്വൈത ചിന്തയുടെ അങ്കുരങ്ങളാണ് 'തത് ഏകം' (ആ ഒന്ന്) എന്ന വിശേഷണത്തിൽ കൂടി പ്രകാശിതമാകുന്നത്. ഋഗ്വേദം പറയുന്ന ഏകത്വത്തിന് മുനിമാർ നിരവധി നാമധേയങ്ങൾ നൽകുന്നു.
ഈവിധം വ്യാഖ്യാനങ്ങളിൽ വൈവിധ്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, അവയെ പ്രായോഗികതലത്തിൽ സമന്വയിപ്പിക്കുകയാണ് ഗുരു തന്‍റെ ക്ഷേത്ര പ്രതിഷ്ഠകളിലൂടെ ചെയ്യുന്നത്.
പാറശ്ശാല മുതൽ മംഗലാപുരം വരെയുളള നിരവധി സ്ഥലങ്ങളിലായി സ്വാമി തൃപ്പാദങ്ങൾ അനേകം ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.
- കളവങ്കോടത്ത് 'ഓം' എന്ന് എഴുതിവെച്ച കണ്ണാടിയും,
- കാരമുക്കിൽ 'വെളിച്ചമുണ്ടാകട്ടെ' എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് നിലവിളക്കും
- മുരുക്കുംപുഴയിൽ 'ഓം ശാന്തി, സത്യം, ധർമ്മം, ദയ' എന്നെഴുതിയ പ്രഭയും
- ശിവഗിരിയിൽ വിദ്യാ ദേവതയായ 'ശാരദ'യെയും ഗുരു പ്രതിഷ്ഠിച്ചു.
- ആലുവയിൽ പ്രതിഷ്ഠ ഒന്നുമില്ലാത്ത, 'അദ്വൈതാശ്രമ'മാണ് അദ്ദേഹം സ്ഥാപിച്ചത്.
വട്ടമേശ സമ്മേളനത്തിൽ ബ്രിട്ടീഷ് പ്രതിനിധികളായി പങ്കെടുത്തവരിൽ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ള ആളായിരുന്നു സെറ്റ് ലാൻഡിലെ മാർക്വിസ്. ഭാരതത്തിന്‍റെ പൈതൃകത്തെ അദ്ദേഹം ബഹുമാനപൂര്‍വ്വം വിലയിരുത്തി.
മാര്‍ക്വിസ്സ് നിരീക്ഷിക്കുന്നു:
- 'ഇന്ത്യയുടെ പൈതൃകം നിശ്ചലമല്ല.
- വികസ്വരമായ സമ്പത്തും ആന്തരസത്തയുമുള്ള ഒരു ജൈവ വസ്തുവാണത്.
- അത് ഇനിയും പിറന്നിട്ടില്ലാത്ത തലമുറകളെ സംബന്ധിച്ചിടത്തോളം ഈ പൈതൃകത്തിന് ബ്രിട്ടീഷ് ജനത നൽകിയ സംഭാവന കണക്കുകൂട്ടാവുന്നതിലധികം വിപുലമാണെന്നും തെളിഞ്ഞെന്നുവരാം.
- എല്ലാ വസ്തുക്കളും ഈശ്വരനില്‍ ഏകീഭവിക്കുന്നു എന്നുള്ളത് ഭാരതീയ ദർശനത്തിന്‍റെ കാതലായ അംശമാണ്.
- ദൃശ്യ പ്രതിഭാസങ്ങളുടെ വൈവിധ്യത്തിൽ അന്തർലീനമായിരിക്കുന്ന മഹത്തരമായ ഏകത്വം കണ്ടെത്താനുള്ള അന്വേഷണങ്ങളാണ് ഇന്ത്യയുടെ ആത്മാവ് എക്കാലവും തുടർന്നിട്ടുള്ളത്'.
No comments:
Post a Comment