Views:
നിന്നെ ഞാൻ കണ്ടു പുലർവേളയിൽ
സ്വർണ്ണത്തളികയും കൈയിലേന്തി,
നീ വന്നണഞ്ഞ കാഴ്ചയെനിക്കൊരു
സ്വപ്നപൂങ്കാവനം കണി കണ്ട പോലെ.!
മഞ്ഞിൻ കണങ്ങൾക്ക് മത്തുപിടിച്ചു നിൻ
മഞ്ഞപ്പട്ടാടയുലഞ്ഞ നേരം.
മാമരച്ചില്ലകൾ ചാമരം വീശി നിൻ
മാദംഗ നൃത്തം പരത്തി, സുഗന്ധം.!
ആനന്ദനയനങ്ങൾ ആലോലമാടി,
ആരാമവല്ലികൾ ചാഞ്ചാടിയാടി.
ആനന്ദചിത്തയാമംബുജ പൊയ്കയിൽ
ആമോദമംബരം തൊടുത്തു പ്രഭയമ്പുകൾ.
അംബുജ മലരുകളംബരം നോക്കി
അർക്കനെക്കണ്ടിട്ട് വ്രീളകളായി.
പനിനീരു തോൽക്കുന്ന നീറ്റിലലിയുന്നു
പകലോൻ പകർന്ന പൊൻപ്രഭാ ചായങ്ങൾ.
ചമ്പകവർണ്ണത്താൽ ചേലേറി വാനം
ചന്ദ്രിക ചന്ദനം ചാർത്തിയപ്പോൾ .!
ചന്ദ്രനെ കണ്ട നേരത്തു നളിനങ്ങൾ
ചുംബനം നൽകാതെ വിട്ടു പോയർക്കനെ.
ആമ്പൽപ്പൂവുകൾ ആവേശമോടെ
ആലിംഗനം ചെയ്തു നിന്നു തിങ്കളെ !
താരകപ്പൂക്കൾ വിരിഞ്ഞു തെളിഞ്ഞു
താളം പിടിച്ചു മേഘങ്ങൾ വാനിൽ!
താരിതൾ പൂക്കൾ പുഞ്ചിരിച്ചു
താനേ ഞാനും വിസ്മയിച്ചു.!
ഇന്ദു മതി തീർത്തിന്ദ്രജാലം
മന്ദാര കാന്തി നിറച്ചു പാർണ്ണമി !
ശാരദ ചന്ദ്രിക നീരാളമേകി
പാരിനീ രാത്രിയിൽ കോൾമയിർ കൊള്ളട്ടെ.!
No comments:
Post a Comment