Views:
കവിത, ഗദ്യത്തിലും പദ്യത്തിലുമാകാം. അതിനൊരു താളവുമുണ്ടാകും. മാനുഷിക വികാരങ്ങളുടെ Spontaneous overflow ആണ് കവിതയെന്നും നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ആ overflow ആണ് കവിതയുടെ താളം. വയൽക്കാറ്റു കൊള്ളാം എന്ന കവിതയും താളബദ്ധമാണ്.
വയൽക്കാറ്റ് കൊള്ളുക എന്നത് ഇന്നത്തെ തലമുറയെ സംബന്ധിച്ചടത്തോളം ഒരു അത്ഭുതമാണ്. പണ്ടൊക്കെ പാടത്തു നിന്ന് പാഠശാലയിൽ എത്തിയിരുന്നെങ്കിൽ ഇന്ന് പാഠശാലയിൽ നിന്ന് പാടത്തു പോകേണ്ട ഗതികേടാണുള്ളത്. വയലുകൾ മ്യൂസിയമായി സംരക്ഷിക്കപ്പെടുന്ന കാലം അകലെയല്ല .
''കരൾക്കാമ്പിലെ വിതപ്പാട്ട്'' ഇന്നത്തെ തലമുറ കേൾക്കുന്നില്ല. ഞാൻ പ്രകാശൻ എന്ന സത്യൻ അന്തിക്കാട് സിനിമയിൽ ബംഗാളി കൊയ്ത്തുപാട്ട് ഉൾപ്പെടുത്തേണ്ടി വന്നതും അതുകൊണ്ടാവണം. പിന്നെയും നമ്മൾ വയൽപ്പാട്ടിനെ സ്വാഗതം ചെയ്യുന്നത്. വയൽക്കാറ്റ് കൊള്ളാം എന്ന കവിത ഗൃഹാതുരതയാണ്, ഒരു തിരിച്ചു പോക്കാണ്. വയൽ തന്നെ ഇല്ലാതായികൊണ്ടിരിക്കുന്നു. വയൽക്കാറ്റേറ്റിരിക്കാനും ഇന്നാർക്കും സമയമില്ല .
ശാന്തമായൊഴുകുന്ന കാറ്റിനെ കവി നമുക്ക് പരിചയപ്പെടുത്തുന്നത് അതിന്‍റെ ചില ഇല്ലായ്മകൾ പറഞ്ഞു കൊണ്ടാണ്. ഞരമ്പു തുളച്ച് ഉള്ളിലാഴുന്നതല്ല. അതായത് മൃദുവായി നമ്മുടെ മനസ്സിനെ തഴുകുകയാണ് കാറ്റ്. പാഴൊച്ചയുമില്ല കാറ്റിന്. അത് സംഗീതാത്മകമാണ്. കലമ്പലോ പുലമ്പലോ ഇല്ല .
കവി സ്വന്തം ജീവിതത്തെ തന്നെയാണ് ഇവിടെ വരച്ചിടുന്നത്. ആരെയും വേദനിപ്പിക്കാതെ കലമ്പലോ, പുലമ്പലോ, കലിപ്പേച്ചോ ഇല്ലാതെയാണ് രജി മാഷ് ജീവിക്കുന്നതെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് അറിയാം.
കരൾക്കാമ്പിൽ വിരിഞ്ഞ വിതപ്പാട്ട് മാനവരാശിയോടുള്ള കവിയുടെ സ്നേഹമാണ്. ആ സ്നേഹം എത്തേണ്ടിടത്തെത്തുമോ എന്നും അത് തിരിച്ചറിയപ്പെടുമോ എന്നുമുള്ള സംശയം കവിയെ അലട്ടുന്നുണ്ട്. ആ സ്നേഹത്തിന്‍റെ തണലിലേയ്ക്കാണ്, കവി നമ്മളെ ക്ഷണിക്കുന്നത്.
പ്രകൃതി സൗന്ദര്യം കവിതയിലേക്കാവാഹിച്ച കവികൾ ഒരുപാടു പേരുണ്ട്. അവരുടെ ഒരു പാരമ്പര്യത്തുടർച്ച കൂടിയാകുന്നു വയൽക്കാറ്റുകൊള്ളാം എന്ന കവിത.
വയൽക്കാറ്റിനെ ഒരു നഷ്ടസംസ്കൃതിയുടെ ഭാഗമായിക്കൂടി കാണുവാൻ കവി ശ്രമിക്കുന്നുണ്ട്. ആ തലത്തിലേയ്ക്ക് കവിത എത്തുമ്പോൾ പ്രകൃതിയും സംസ്കാരവും ഒന്നായി മാറുന്നു.
വയലുകൾ ഒരു കാലത്തിന്‍റെയും സംസ്കാരത്തിന്‍റെയുമൊക്കെ ഭാഗമായിരുന്നു. അന്ന് സ്വസ്ഥവും ശാന്തവുമായിരുന്നു ജീവിതം. ആ ജീവിതത്തിൽ കലമ്പലും പുലമ്പലുമില്ല, ഭ്രാന്തില്ല, കലിപ്പേച്ചുമില്ല. ആ ജീവിതത്തിന്‍റെ ഓർമ്മപ്പെടുത്തലാണ് ഈ കവിത. അതുകൊണ്ടാണ് രജി മാഷിന്‍റെ കവിതയ്ക്ക് ഈ ഒരു കുളിര്.
മർദ്ദം കൂടിയ സ്ഥലത്തു നിന്നും മർദ്ദം കുറഞ്ഞ സ്ഥലത്തേയ്ക്കുള്ള വായുവിന്‍റെ തിരശ്ചീന ചലനമാണ് കാറ്റ്. മനുഷ്യൻ ഇന്ന് ബാഹ്യ - ആഭ്യന്തര സമ്മർദ്ദങ്ങളുടെ പിടിയിലാണ്. ഇത്തരം സമ്മർദ്ദങ്ങളെ കുളിർക്കാറ്റുകളായി മാറ്റേണ്ടതുണ്ട്. ആ ദിശയിലുള്ള ഒരു ശ്രമമാണ് ഈ കവിത.
വായന
No comments:
Post a Comment