M N Habeeb :: മണ്ണും മഴയും മർത്യനോടു പറഞ്ഞത്

Views:




മണ്ണിൽ,
മറഞ്ഞ മർത്യൻ
മണ്ണിനോടാരാഞ്ഞു
മനുജനോടന്തിനീ ക്രൂരത..!

കേട്ട ക്ഷണം
വിണ്ടുകീറിയ നെറ്റിചുളിച്ച്
പ്രകൃതിയുടെ
കോടതിയിലേക്കാനയിച്ചു.

മണ്ണുളളിലൊതുക്കിയ
നീറുന്ന നോവതൊക്കെയും
കെട്ടഴിച്ചുവിട്ടു.

എന്‍റുള്ളു പിളർത്തി കീറിമുറിച്ച്
അംബരചുംബികൾക്കുള്ളിലെന്നെ
തളച്ചിട്ടതോക്കുന്നോ നീ ..?

നീ,
കുരുതിക്കൊടുത്ത
മരങ്ങളുടെ നീറുന്നനോട്ടം വിങ്ങിക്കൊ-
ണ്ടിരിക്കുകയാണിവിടം.

വന്യമായിരുട്ടിൽ
കുത്തിയിട്ടകാലം
കൃത്യമായിട്ടോർമയില്ല.

മഴയും പറഞ്ഞു
ഉള്ളുരുകിയൊന്നിനെ
മൂർച്ചയേറിയ വാക്കുകളായ്

ജലവിഘ്നങ്ങൾ
കീറിമുറിച്ച് ചിതറിപ്പാർത്തവർ
മുറിവേറ്റുയിരറ്റ നിലവിളികൾ കേട്ടില്ല.

ഞാനമ്മുടെ
ഹൃത്തിലേക്കാഴ്ന്നിറങ്ങാൻ
ഉതിർന്നു വീണപ്പോ
നിങ്ങളെന്നെ ആട്ടിയോടിച്ചു
കോൺക്രീറ്റ് തടവറയിലാക്കി.

പൊരുളറ്റ്
വറ്റിക്കിടപ്പൊരു
നിളാനദിയുടെ വേവലാതി
ഹൃത്തിൽ കടന്നൽ കൂടൊരുക്കി.

എന്‍റെ,
കണ്ണുനീരാണു നിന്നെ
കുരുതിയിലാഴ്ത്തിയത്.

നിന്‍റെ
ക്രൂരകരങ്ങളെന്‍റെ
സ്വപ്നം തച്ചുടച്ചപ്പോൾ
ഉള്ളിലൊതുക്കിയ തിക്ത വേദനയൊക്കെയും
പ്രതികാരമായ് പൊട്ടിയൊലിച്ചു.

അവസാന വിരഹത്തുള്ളിയും
പായിച്ച്
പടിയിറങ്ങുമ്പോൾ
മർത്യൻ ധൈന്യമായിട്ടവരെ നോക്കി.




No comments: