പ്രഭാതവാർത്തകൾ

Views:

 മലയാളമാസിക ഷെയർചാറ്റിൽ


*പ്രഭാത വാർത്തകൾ*

2024 | മാർച്ച് 20 | ബുധൻ | 1199 | മീനം 7 | പൂയം 

🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷


◾ കോണ്‍ഗ്രസിന്റെ 'ന്യായപത്രം' എന്ന പേരിലുള്ള പ്രകടനപത്രികയ്ക്ക് പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കി. കോണ്‍ഗ്രസിന്റെ ഗാരന്റി എന്ന നിലയില്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അനുമതിയോടെ അടുത്തദിവസം പ്രകടന പത്രിക ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്ത്രീകള്‍, പിന്നാക്ക വിഭാഗങ്ങള്‍, കര്‍ഷകര്‍, യുവാക്കള്‍, തൊഴിലാളികള്‍ എന്നീ 5 വിഭാഗങ്ങള്‍ക്കായുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയുടെ ആകര്‍ഷണം.


◾ 30 ലക്ഷം യുവജനങ്ങള്‍ക്ക് തൊഴിലും പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ശമ്പളത്തോടെ അപ്രന്റിസ്ഷിപും നല്‍കുന്ന യുവന്യായ്, നിര്‍ധന കുടുംബത്തിലെ സ്ത്രീക്ക് വര്‍ഷം ഒരു ലക്ഷം രൂപയും കേന്ദ്ര ജോലിയില്‍ 50% സ്ത്രീസംവരണവും നല്‍കുന്ന നാരീ ന്യായ്, താങ്ങുവില നിയമം വഴി ഉറപ്പാക്കുകയും കര്‍ഷക കടം എഴുതിത്തള്ളുകയും ചെയ്യുന്ന കിസാന്‍ ന്യായ്, തൊഴിലുറപ്പു പദ്ധതിയില്‍ മിനിമം ദിവസവേതനം 400 രൂപയും ആരോഗ്യ അവകാശ നിയമവും പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കലും ഉറപ്പാക്കുന്ന ശ്രമിക് ന്യായ്, സാമൂഹിക- സാമ്പത്തിക- ജാതി സെന്‍സസും പട്ടികവിഭാഗ- ഒബിസി സംവരണത്തിലെ 50% പരിധി എടുത്തുകളയുമെന്ന ഉറപ്പുകളും തരുന്ന ഹിസേദാരി ന്യായും ഉള്‍പ്പെടുന്നതാണ് കോണ്‍ഗ്രസിന്റെ ന്യായപത്രം.


◾ തമിഴ്‌നാട്ടില്‍ മോദിക്കുള്ള സ്വീകാര്യത കണ്ടു ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായെന്നും വികസിത ഭാരതവും വികസിത തമിഴ്നാടും യാഥാര്‍ഥ്യം ആകണമെങ്കില്‍ ബിജെപിക്ക് 400ന് മുകളില്‍ സീറ്റ് കിട്ടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചര്‍ച്ച ചെയുന്നുവെന്ന് പ്രധാനമന്ത്രി സേലത്ത് നടന്ന പരിപാടിയില്‍ സംസാരിക്കവെ വ്യക്തമാക്കി.

ശക്തിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ത്യ സഖ്യമെന്നും സ്ത്രീ ശക്തിയെ ആക്രമിക്കുന്നവരാണ് കോണ്‍ഗ്രസും ഡിഎംകെയുമെന്നും അവര്‍ നിരന്തരം ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നും മോദി പറഞ്ഞു


◾ പൗരത്വനിയമഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കേന്ദ്രത്തിന് മറുപടിയ്ക്കായ് മൂന്നാഴ്ച്ച സമയം നല്‍കി. ഹര്‍ജികളില്‍ ഏപ്രില്‍ 9ന് വീണ്ടും വാദം കേള്‍ക്കും. ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ പരിഗണിച്ചത്.


◾ അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സ്വകാര്യ കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. ഒരാളുടെ നില ഗുരുതരമാണ്.


◾ കോണ്‍ഗ്രസിന്റേത് ഒരു വ്യക്തിയുടേതല്ല പാര്‍ട്ടിയുടെ ഗ്യാരണ്ടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ച അഞ്ച് വിഭാഗങ്ങള്‍ക്കായുള്ള വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പിലെ ഗെയിം ചേഞ്ചറാകുമെന്ന് കെ.സി വേണുഗോപാല്‍. കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ ഗാന്ധിയാണ് ആദ്യം ഗ്യാരന്റി നല്‍കിയതെന്നും അത് നടപ്പിലാക്കിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.


◾ മോദിയുടെ വാക്കിന് പഴയ ചാക്കിന്റെ വിലയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പാചക വാതക വിലയും പെട്രോള്‍ വിലയും കുറക്കുമെന്ന് പറഞ്ഞു. അധികാരത്തില്‍ വന്നാല്‍ വിദേശത്തെ കള്ളപ്പണം പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് വീതിച്ചു നല്‍കുമെന്നും തൊഴിലില്ലായ്മ പൂര്‍ണമായും ഇല്ലാതാക്കുമെന്നും കര്‍ഷക വരുമാനം ഇരട്ടിയാക്കുമെന്നും പറഞ്ഞു. എന്നിട്ടിപ്പോള്‍ മോദിയുടെ ഗാരന്റി എന്ന് പറഞ്ഞു വരുകയാണെന്ന് സതീശന്‍ പരിഹസിച്ചു.


◾ പരാജയ ഭീതികൊണ്ടാണ് നരേന്ദ്ര മോദി ഇടയ്ക്കിടെ മൂന്നാമൂഴം എന്ന് പറയുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നാലു വട്ടവും കേരളത്തിലെത്തിയ മോദിക്ക് എന്താണ് മണിപ്പൂരില്‍ പോകാന്‍ സാധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ പെണ്‍മക്കളെ രക്ഷിക്കുന്നതില്‍ മോദി പരാജയപ്പെട്ടു. എന്തിനാണ് 56 ഇഞ്ച്. എന്തിനാണ് ഇത്രയും നീളമുള്ള നാവ്. കള്ളം മാത്രം പറയാനാണ് ആ നാവ് ഉപയോഗിക്കുന്നതെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.


◾ സിപിഎം - ബിജെപി അവിശുദ്ധ ബന്ധമുണ്ടെന്ന ചര്‍ച്ച മാറ്റാന്‍ എം.എം.മണിയെ ഇറക്കി വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാന്യന്‍മാരുടെ വീടിന് മുന്നില്‍ പോയി തെറി വിളിക്കാന്‍ പ്രമാണിമാര്‍ കള്ള് കൊടുത്ത് ചട്ടമ്പികളെ പറഞ്ഞ് അയക്കും. അതുപോലെ എം എം മണിയെ സിപിഎം ഇറക്കി വിടുകയാണ്. എം എം മണിക്ക് എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണമെന്നും വി ഡി സതീശന്‍ പരിഹസിച്ചു. ഡീന്‍ കുര്യാക്കോസിനേയും പി.ജെ. കുര്യനെയും എം.എം.മണി അധിക്ഷേപിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു വി.ഡി.സതീശന്റെ പ്രതികരണം.


◾ കെഎസ്ആര്‍ടിസിയില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പ്രത്യേക നിര്‍ദേശങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ബസുകളുടെ ഡീസലിന്റെ ഉപയോഗം വിലയിരുത്തി തിരുത്തല്‍ നടപടി സ്വീകരിക്കണം. ഓരോ ആഴ്ചയിലും ബസുകളുടെ ഇന്ധന ക്ഷമത പരിശോധിക്കണം. ബസുകള്‍ ഷെഡ്യൂള്‍ തുടങ്ങുന്നതിന് മുന്‍പ് ഡ്രൈവറിന്റെ സാന്നിധ്യത്തില്‍ ഡീസല്‍ ടാങ്കിന്റെ നെക്കിന്റെ താഴ്ഭാഗം വരെ ഡീസല്‍ നിറച്ചു എന്ന് ചാര്‍ജ്ജ്മാന്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവര്‍ ഉറപ്പു വരുത്തണം എന്നും മന്ത്രി നിര്‍ദ്ദേശിച്ചു.


◾ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍. സംസ്ഥാന തലത്തിലും, ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസില്‍ വിവരം നല്‍കാം. പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെയും വിവരം നല്‍കാം.


◾ സംസ്ഥാനത്ത് പരീക്ഷകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ഏപ്രില്‍ മാസത്തില്‍ തുടങ്ങുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയില്‍ ആയിരിക്കും പരീക്ഷമൂല്യനിര്‍ണയം നടത്തുക എന്നും മന്ത്രി അറിയിച്ചു.


◾ കൊടും ചൂടില്‍ വലയുന്ന കേരളത്തില്‍ വേനല്‍ മഴ എത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ല ഒഴികെയുള്ള സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നാളേയും മറ്റന്നാളുമായി വേനല്‍ മഴയെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


◾ ഇന്ത്യ മുന്നണിയുള്ളത് കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കേണ്ട എന്നാണോ എല്‍ഡിഎഫ് പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ യുഡിഎഫിന് 20ല്‍ 20 സീറ്റും കിട്ടുമെന്ന പരിഭ്രാന്തിയാണ് എല്‍ഡിഎഫിനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  


◾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോയില്‍ മലപ്പുറം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വി സിയുമായ ഡോ. അബ്ദുള്‍ സലാമിന് ഇടം കിട്ടിയില്ല. നാലില്‍ കൂടുതല്‍ പേരെ വാഹനത്തില്‍ കയറ്റാന്‍ എസ്പിജിയുടെ അനുമതി ഉണ്ടായില്ലെന്നാണ് ബിജെപി വിശദീകരിക്കുന്നത്. ഇതില്‍ തനിക്ക് പരാതി ഇല്ലെന്ന് അബ്ദുള്‍ സലാം പ്രതികരിച്ചു. എന്നാല്‍ മത ന്യൂനപക്ഷത്തില്‍ പെട്ട ആളെ മാറ്റി നിര്‍ത്തി എന്ന സന്ദേശം ഇതിലൂടെ നല്‍കിയെന്ന് സിപിഎം നേതാവ് എകെ ബാലന്‍ പ്രതികരിച്ചു.


◾ അയ്യപ്പവിശ്വാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ ഒഴിവാക്കാതിരിക്കുകയും പൗരത്വ പ്രക്ഷോഭക്കാരുടെ കേസുകള്‍ എഴുതിതള്ളുകയും ചെയ്യുന്നത് ഇടത് സര്‍ക്കാരിന്റെ വര്‍ഗീയപ്രീണനമാണ് തുറന്നുകാട്ടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു പരിശോധനയുമില്ലാതെ നാല് വോട്ടിന് വേണ്ടി എല്ലാ കേസുകളും പിന്‍വലിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.


◾ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബി.ഡി. എസ്. വിദ്യാര്‍ത്ഥിയായ മുക്കോല സ്വദേശി അനന്തു മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കരിങ്കല്ലുമായ് പോയ ലോറിയില്‍ നിന്നാണ് കല്ല് തെറിച്ചു വീണ് അപകടമുണ്ടായത്. 


◾ കൈക്കൂലി കേസില്‍ പിടിയിലായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റന്ററായിരുന്ന പി വിന്‍സിക്ക് ഏഴ് വര്‍ഷം കഠിനതടവ്. ഇതിനു പുറമെ 45000 രൂപ പിഴ അടക്കാനാണ് കോടതി വിധി. പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്.


◾ കുന്നംകുളം കേച്ചേരിയില്‍ ഡി വൈ എഫ് ഐ നേതാവ് പാര്‍ട്ടി ഓഫീസില്‍ ജീവനൊടുക്കി. ഡി വൈ എഫ് ഐ കേച്ചേരി മേഖല പ്രസിഡന്റ് സുജിത്ത് (29) ആണ് സി പി എം കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് സുജിത്ത് ജീവനൊടുക്കിയതെന്നാണ് സൂചന.  


◾ വായുഗുണനിലവാരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യുഎയറിന്റെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടു പ്രകാരം, വായു മലിനീകരണം ഏറ്റവും കൂടിയ 50 നഗരങ്ങളില്‍ 42 എണ്ണവും ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. 2023ലെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.


◾ അസംഘടിത തൊഴിലാളികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഉള്‍പ്പടെ 8 കോടി ആളുകള്‍ക്ക് റേഷന്‍ കാര്‍ഡ് ഉറപ്പാക്കണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. രണ്ട് മാസത്തിനകം നിര്‍ദ്ദേശം നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു.


◾ കാഹളം മുഴക്കുന്ന മനുഷ്യന്‍ എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന്റെ താല്‍ക്കാലിക ചിഹ്നമായി അനുവദിച്ച് സുപ്രീം കോടതി. എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് ഘടികാര ചിഹ്നവും താല്‍ക്കാലികമായി ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.


◾ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ച് പോരാടാന്‍ ത്രിപുരയിലെ കോണ്‍ഗ്രസും സി.പി.എമ്മും. ത്രിപുരയിലെ ആകെയുള്ള രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഓരോ സീറ്റിലും സി.പി.എമ്മും കോണ്‍ഗ്രസും മത്സരിക്കും


◾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോസ്റ്റല്‍ വോട്ട് സംബന്ധിച്ച ഉത്തരവില്‍ അവശ്യ സേവനങ്ങളില്‍ മാധ്യമപ്രവര്‍ത്തനവും കമ്മീഷന്‍ ഉള്‍പ്പെടുത്തി.


◾ ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. തുടര്‍ച്ചയായി അയക്കുന്ന സമന്‍സുകള്‍ക്കെതിരെയാണ് കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.


◾ തമിഴ്നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവില്‍ എത്തി സ്ഫോടനങ്ങള്‍ നടത്തുന്നുവെന്ന വിദ്വേഷ പരാമര്‍ശം നടത്തിയ ബി ജെ പി സ്ഥാനാര്‍ഥി ശോഭാ കരന്തലജേക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. കേരളത്തില്‍ നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ പറഞ്ഞിരുന്നു.


◾ മാര്‍ച്ച് 16ലെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡിഎംകെ. ഡിഎംകെ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നവരും ഹിന്ദുമതത്തെ നശിപ്പിക്കുന്നവരുമാണ് എന്ന പരാമര്‍ശത്തിനെതിരെയാണ് ഡിഎംകെയുടെ പരാതി.


◾ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ഷിബു സോറന്റെ മരുമകള്‍ സീത സോറന്‍ ബിജെപിയില്‍ ചേര്‍ന്നു. ഷിബു സോറന്റെ മകന്‍ ദുര്‍ഗാ സോറന്റെ ഭാര്യയും നിലവില്‍ ജെ.എം.എം എംഎല്‍എയുമാണ് സീത. 2012 ല്‍ ജാര്‍ഖണ്ഡിലെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പക്കല്‍ നിന്നും കൈകൂലി വാങ്ങി വോട്ട് മറിച്ചെന്ന കേസില്‍ നിലവില്‍ സിബിഐ അന്വേഷണത്തിലാണ് സീതാ സോറന്‍.


◾ ഐപിഎല്‍ 2024 സീസണിന് മുമ്പ് പേരും ജഴ്സിയും മാറ്റി റോയല്‍ ചാലഞ്ചേഴ്സ് ടീം. പേരിനൊപ്പമുള്ള ബാംഗ്ലൂര്‍ മാറ്റി ബെംഗളൂരു എന്നാക്കിയതോടെ ടീമിന്റെ പേര് റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു എന്നാക്കി. ജഴ്സിയില്‍ ചുവപ്പും കറുപ്പും നിറത്തിനു പകരും ചുവപ്പും കടുംനീല നിറവുമാക്കി. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ ജഴ്സിയും പേരും അവതരിപ്പിച്ചത്.


◾ തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് വീണ്ടും കൂട്ടി. പുതിയ നിരക്കുകള്‍ മാര്‍ച്ച് 20 മുതല്‍ പ്രാബല്യത്തില്‍ വരും. അടിസ്ഥാന നിരക്ക് കൂട്ടിയതോടെ എം.സി.എല്‍.ആര്‍ അധിഷ്ഠിതമായ വായ്പകളുടെ പലിശനിരക്ക് കൂടും. അതായത്, വായ്പാ ഇടപാടുകാരന്റെ പ്രതിമാസ വായ്പാത്തിരിച്ചടവ് കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എം.സി.എല്‍.ആര്‍ ബാധകം. ഒറ്റനാള്‍ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ ഫെബ്രുവരിയിലെ 9.70 ശതമാനത്തില്‍ നിന്ന് 9.80 ശതമാനത്തിലേക്കും ഒരുമാസക്കാലാവധിയുള്ളവയുടേത് 9.75ല്‍ നിന്ന് 9.80 ശതമാനത്തിലേക്കുമാണ് കൂട്ടിയത്. മൂന്നുമാസ കാലാവധിയുള്ള വായ്പകളുടേത് 9.80 ശതമാനത്തില്‍ നിന്ന് 9.85 ശതമാനമായി. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍ 9.90 ശതമാനമാണ്. നിലവിലെ 9.85 ശതമാനത്തില്‍ നിന്നാണ് വര്‍ധന. ഒരുവര്‍ഷക്കാലാവധിയുള്ള വായ്പയുടെ എം.സി.എല്‍.ആര്‍ 9.95ല്‍ നിന്ന് 10 ശതമാനമായും ഉയര്‍ത്തി. നടപ്പുവര്‍ഷത്തിന്റെ (2023-24) തുടക്കം മുതല്‍ തുടര്‍ച്ചയായി എം.സി.എല്‍.ആര്‍ കൂട്ടുന്ന നടപടിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വീകരിച്ചത്. 2023 ഏപ്രിലിന് മുമ്പ് ഓവര്‍നൈറ്റ് എം.സി.എല്‍.ആര്‍ 8.70 ശതമാനവും ഒരുമാസ നിരക്ക് 8.75 ശതമാനവും മാത്രമായിരുന്നു. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 9.45 ശതമാനത്തില്‍ നിന്നാണ് ഇക്കാലയളവില്‍ 10 ശതമാനത്തിലെത്തിയത്.


◾ സ്‌ക്രീനിലെ മികച്ച പ്രകടനത്തിലൂടെ പലപ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ച നടനാണ് രണ്‍ദീപ് ഹൂഡ. രണ്‍ദീപ് ഹൂഡ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' മാര്‍ച്ച് 22ന് റിലീസ് ചെയ്യും. ചിത്രത്തില്‍ സവര്‍ക്കറായി എത്തുന്നതും രണ്‍ദീപ് തന്നെയാണ്. സവര്‍ക്കറാകാന്‍ രണ്‍ദീപ് വലിയ രീതിയിലുള്ള രൂപമാറ്റത്തിന് വിധേയനായത്. കഥാപാത്രത്തിന് വേണ്ടി താരം 18 കിലോ കുറച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു മോണോക്രോം ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. കാലാ പാനി എന്നാണ് ഈ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്. കാലാ പാനി ജയിലിലെ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴുള്ള താരത്തിന്റെ ലുക്ക് ആണിതെന്നാണാണ് ആരാധകരുടെ വിലയിരുത്തല്‍. ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്ല്‍ ദ മെഷീനിസ്റ്റ് എന്ന ചിത്രത്തിന് വേണ്ടി നടത്തിയ രൂപമാറ്റവുമായാണ് ആരാധകര്‍ രണ്‍ദീപിന്റെ ചിത്രത്തിന് വേണ്ടി സമര്‍പ്പണത്തെ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ബെയ്ലെന്നാണ് പലരും കമന്റ് ബോക്‌സില്‍ പ്രതികരിച്ചത്. 2021ജൂണിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. അങ്കിത ലോഖണ്ടെയാണ് ചിത്രത്തിലെ നായിക. ആര്‍ ഭക്തി ക്ലെന്‍, മാര്‍ക്ക് ബെന്നിങ്ടണ്‍, അമിത് സിയാല്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


◾ തെന്നിന്ത്യന്‍ സെന്‍സേഷന്‍ എസ്. എസ് രാജമൗലിയും ഫഹദ് ഫാസിലും ഒന്നിക്കുന്നു. ഒറ്റ ദിവസം തന്നെ ഫഹദിനെ നായകനാക്കി രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളും അവതരിപ്പിക്കുന്നത് രാജമൗലിയാണ്. യഥാര്‍ത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി സിദ്ധാര്‍ത്ഥ നടേല സംവിധാനം ചെയ്യുന്ന 'ഓക്സിജന്‍' എന്ന ചിത്രം നിര്‍മ്മിക്കുന്നത് ആര്‍ക്ക മീഡിയവര്‍ക്ക്സിന്റെയും ഷോയിങ് ബിസിനസിന്റെയും ബാനറുകളിലാണ്. 2024 അവസാനത്തോടെ ഓക്സിജന്‍ ചിത്രീകരണം ആരംഭിക്കും. അതേസമയം രണ്ടാം ചിത്രം ഒരുങ്ങുന്നത് ഫാന്റസി ഴോണറിലാണ്. ശശാങ്ക് യെലെട്ടി സംവിധാനം ചെയ്യുന്ന 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' എന്ന ചിത്രം നിര്‍മ്മിക്കുന്നതും ആര്‍ക്ക മീഡിയവര്‍ക്ക്സിന്റെയും ഷോയിങ് ബിസിനസിന്റെയും ബാനറുകളില്‍ തന്നെയാണ്. ജൂണിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. രണ്ട് ചിത്രങ്ങളും തെലുങ്ക് , മലയാളം, തമിഴ്, കന്നഡ തുടങ്ങീ ഭാഷകളിലാണ് ഒരുങ്ങുന്നത്. അതേസമയം ഫഹദ് ഫാസില്‍ നിര്‍മ്മാണ പങ്കാളിയായ പ്രേമലു തെലുങ്ക് ഡബ്ബ്ഡ് വേര്‍ഷന്‍ കഴിഞ്ഞ ആഴ്ചയിലാണ് റിലീസ് ചെയ്തത്, മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആന്ധ്രയിലും തെലങ്കാനയിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.


◾ സ്‌കോഡയുടെ ഇന്ത്യ 2.0 ഉല്‍പ്പന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാണ് രണ്ടുവര്‍ഷം മുമ്പ് പ്രാരംഭ ഓഫറുകളായി കുഷാക്ക് എസ്യുവിയും സാല്‍വിയ മിഡ്-സൈസ് സെഡാനും പുറത്തിറക്കിയത്. ഇപ്പോള്‍, രണ്ട് മോഡലുകളും മെച്ചപ്പെടുത്തിയ ഫീച്ചറുകള്‍ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യാന്‍ സ്‌കോഡ ഒരുങ്ങുകയാണ്. പുതിയ സ്‌കോഡ കുഷാക്കും സ്ലാവിയയും ലെവല്‍ 2 എഡിഎഎസ് (ഓട്ടോണമസ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) സാങ്കേതികവിദ്യയുമായി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന സ്‌കോഡ കോംപാക്റ്റ് എസ്യുവിയെ കുറിച്ച് പറയുമ്പോള്‍ അതിന്റെ സെഗ്മെന്റിലെ ഏറ്റവും ഫീച്ചര്‍ ലോഡഡ് കാറുകളില്‍ ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സ് അതിന്റെ വ്യതിരിക്തമായ സവിശേഷതകളില്‍ ഒന്നാണ്. കുഷാക്ക് എസ്യുവിയുമായി ഡിസൈന്‍ ഘടകങ്ങള്‍, ബോഡി പാനലുകള്‍, ഘടകങ്ങള്‍, എഞ്ചിനുകള്‍ എന്നിവ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മോഡലിനെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതിയ സ്‌കോഡ കോംപാക്ട് എസ്യുവിയില്‍ കുഷാക്കില്‍ കാണപ്പെടുന്ന അതേ 1.0 എല്‍, 3-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായി ജോടിയാക്കിയ ഈ മോട്ടോര്‍ പരമാവധി 110 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടും 200 എന്‍എം ടോര്‍ക്കും നല്‍കുന്നു.


◾ ആഘോഷത്തിനു പിന്നില്‍, സൗന്ദര്യത്തിന്റെ ലഹരിയും ചരിത്രത്തിന്റെ ദുരന്തവും, പുതിയ ദൈവം, പുതിയ ആദര്‍ശം, ബാബേല്‍ക്കാലത്തെ ബൈബിള്‍, പരമേശ പവിത്രപുത്രനോ?..., 'മെക്കാളേയുടെ മകള്‍' പെറ്റുപെരുകിയപ്പോള്‍, അനുരാഗവും ആശുപത്രിയും, ശ്രീനാരായണഗുരു എന്ന കവികള്‍, ഭാഷയുടെ ആശാന്‍, പില്‍ക്കാലം ബംഗാള്‍, ജയശീലന്റെ മര്യാദാലംഘനങ്ങള്‍... ശ്രീനാരായണഗുരുവിനെക്കുറിച്ചും കുമാരനാശാനെക്കുറിച്ചും പി., ചങ്ങമ്പുഴ, സുഗതകുമാരി, കെ.ജി.എസ്., കെ.എ. ജയശീലന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരുടെ കവിതകളെക്കുറിച്ചും പി.എന്‍. ഗോപീകൃഷ്ണന്‍ രചിച്ച പഠനലേഖനങ്ങള്‍. 'ഗുരുവും ആശാനും പിന്‍ഗാമികളും'. മാതൃഭൂമി. വില 187 രൂപ.


◾ ധാരാളം ആന്റിഓക്സിഡന്റും ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള തുളസി നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കും. ഈ ചൂടുകാലത്ത് തുളസിയിട്ട് തിളപ്പിച്ചാറിച്ച വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നല്‍കുകയും അണുബാധയുണ്ടാകുന്നതില്‍ നിന്നും തടയുകയും ചെയ്യും. തുളസിയില്‍ അഡാപ്‌റ്റോജെനിക് ഗുണങ്ങളുള്ളതിനാല്‍ രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ദഹനക്കുറവ്, വയറുവേദന, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ അസ്വസ്ഥതകള്‍ ലഘൂകരിക്കുന്നതിന് തുളസിയിട്ട് തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. ശരീരത്തെ ശുദ്ധീകരിക്കുന്നതിനും ആരോഗ്യകരമായ ദഹനപ്രക്രിയ ആരംഭിക്കുന്നതിനും തുളസി വെള്ളം മികച്ചതാണ്. കൂടാതെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള തുളസി ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ കുറയ്ക്കാനും ശ്വസന ആരോഗ്യത്തെ ഫലപ്രദമായി ശക്തിപ്പെടുത്താനും സഹായിക്കും. തുളസി ഇലകള്‍ പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്നവയാണ്. രാവിലെ തുളസി വെള്ളം കുടിക്കുന്നത് വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കും. തുളസി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്. ഇതിലെ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ചര്‍മ്മത്തിന്റെ അവസ്ഥയെ നേരിടാന്‍ ഇത് ഉപയോഗപ്രദമാക്കുന്നു, തുളസി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കം കൂട്ടാനും സഹായിക്കും. തുളസി വെള്ളം കുടിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മര്‍ദ്ദരഹിതമായി തുടരാന്‍ സഹായിക്കുകയും ചെയ്യും.


*ശുഭദിനം*


ഗുരുവും ശിഷ്യനും കാട്ടിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു മരത്തില്‍ കിളിയുടെ കരച്ചില്‍ കേട്ടത്. അവര്‍ ആ മരത്തിനടുത്തേക്ക് നടന്നു. ഒരു പാമ്പ് ആ മരത്തിലേക്ക് കയറുന്നത് കണ്ടാണ് ആ കിളി കരഞ്ഞത്. കൂട്ടില്‍ അതിന്റെ കുഞ്ഞുങ്ങളുണ്ടെന്ന് അവര്‍ക്ക് മനസ്സിലായി. പാമ്പിനെ ഓടിപ്പിക്കാനായി ശിഷ്യന്‍ വടി തിരഞ്ഞു. അപ്പോള്‍ ഗുരു അവനെ തടഞ്ഞു. നമുക്ക് മാറി നിന്ന് അത് വീക്ഷിക്കാം. ഗുരു പറഞ്ഞതുകേട്ട് ശിഷ്യന്‍ അമ്പരന്നു. ഗുരുവിന്റെ വാക്ക് ധിക്കരിക്കാനാകാത്തതുകൊണ്ട് മനസ്സില്ലാ മനസ്സോടെ അവനും ഗുരുവിനരികിലേക്ക് മാറി നിന്നു. ആ അമ്മക്കിളി എവിടേക്കോ പറന്നുപോയി. ശിഷ്യന് ആകെ സങ്കടമായി. പാമ്പ് കൂടിനരികിലെത്താറായി. അപ്പോഴേക്കും അമ്മക്കിളി കൊക്കില്‍ രണ്ടുമൂന്ന് ഇലകളുമായി തിരികെ വന്നു, ഇലകള്‍കൊണ്ട് കുഞ്ഞുങ്ങളെ മറച്ചുവെച്ചു. പൊത്തിനുള്ളിലേക്ക് തലയിട്ട പാമ്പ് പെട്ടെന്ന് തന്നെ തിരിച്ചുപോകുന്നത് കണ്ട് ശിഷ്യന് അത്ഭുതമായി. അവന്‍ ഗുരുവിനെ നോക്കി. ഗുരു പറഞ്ഞു: ആ ഇലയുടെ മണം പാമ്പിന് ഇഷ്ടമല്ല. പ്രതിസന്ധികള്‍ ധാരാളം കടന്നുവരും.. സഹായിക്കുമെന്ന് കരുതിയ പലരും സഹായിക്കാതാകും.. ഏത് വാതില്‍ അടഞ്ഞാലും അടയാന്‍ പാടില്ലാത്ത ഒന്നുണ്ട്. വിശ്വാസം.. നമുക്ക് നമ്മോടുളള വിശ്വാസം.. ആ വിശ്വാസം നമുക്ക് മുന്നിലെ വെളിച്ചമാകും.. നമ്മെ മുന്നോട്ട് നയിക്കുക തന്നെ ചെയ്യും.. - *ശുഭദിനം.* 


🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼




No comments: