Views:
രാഗശോണിമ വാനിലെമ്പാടു-
മാഗമിക്കുന്ന വേളയില്‍
വിശ്വമാകെയും നിന്നുടെ പദ-
മശ്വമായ് കുതിച്ചെത്തണം
മാമൂലിന് മുന തേഞ്ഞൊരമ്പുക-
ളാമൂലം നിന്നെ മൂടട്ടെ
ചുറ്റിലും കൊടുങ്കാറ്റു പോലങ്ങു
ചുറ്റിടട്ടപവാദങ്ങള്
വന്പുകാട്ടുന്ന മാലോകര്‍ നിന്നെ
വന്‍പകയോടെ നോക്കട്ടെ
പല്ലിറുമ്മട്ടെ നീചബുദ്ധികള്‍
കല്ലെറിയട്ടെ കൂട്ടുകാര്‍
മുള്ളുകള്‍ മുന്നില്‍ കൂട്ടിയിട്ടോട്ടെ
ഭള്ളേറും നിന്റെ ശത്രുക്കള്‍
ശങ്കയേ വേണ്ട പോവുക ധീര-
മങ്കം വെട്ടി നീ മുന്നേറൂ
രാഗശോണിമ വാനിലെമ്പാടു-
മാഗമിക്കുന്ന വേളയില്‍
വിശ്വമാകെയും നിന്നുടെ പദ-
മശ്വമായ് കുതിച്ചെത്തണം
--- രജി ചന്ദ്രശേഖർ