Views:
അന്നെന്നെ വിട്ടുപോയ കുഞ്ഞുങ്ങളിന്നിങ്ങെത്തി
ഇന്നെനിക്കാമോദത്തിന്‍വന്‍ തിരക്കളിയാട്ടം
കാണാൻ കൊതിച്ചിരുന്നു ഞാ,നെന്റെ കൊച്ചുമക്ക-
ളോടിത്തിമിര്‍ത്തു തുള്ളും കോലായും മുന്‍,മുറ്റവും
കാണാനെളുപ്പ,മല്ലാ കാഴ്ചയെന്നറിഞ്ഞിട്ടും
കാതു,കണ്ണുകള്‍ കൂര്‍പ്പിച്ചായതിനായിക്കാത്തു
ഇല്ല ഞാന്‍ കരുതിയില്ലിത്രനാളത്തെ മോഹ-
മിമ്മട്ടിലെളുപ്പമായ് പൂവണിഞ്ഞീടുമെന്നോ
അല്ലെങ്കില്‍ എന്നെങ്കിലും സാദ്ധ്യമാമെന്നോ പോലു-
മില്ലായിരുന്നെന്നുള്ളത്തിങ്കലല്പവും ചിന്ത!
ദൂരെ,യാ മണലിന്റെ കാനനത്തിലെ ജീവ-
ഛായയില്ലാത്തുണക്കപ്പട്ടണമൊന്നില്‍ സ്വയം
ചോര നീരാക്കി ജീവിതായോധനത്തിന്നായി
പ്പോയോരു കാന്തന്‍ തന്റെ കാലടി തേടിപ്പോയ
മോളെ ഞാന്‍ പഴിക്കുകയില്ലവള്‍ക്കതേ വയ്ക്കൂ
ഭാരത സ്ത്രീയാണവള്‍, പതിയേ ഭജിപ്പവള്‍
കൂട്ടില്‍ ചെന്നകപ്പെട്ട കിളിപോലവര്‍ താണ്ടി
ഓര്‍ക്കുവാന്‍പോലും തോന്നാവര്‍ഷമൊന്നതു പക്ഷേ
സ്വന്തമാമനുഭവ പാഠങ്ങളവര്‍ക്കേകീ
ജന്മനാടിന്‍ സൗന്ദര്യമറിയാനവസരം
പിന്നമാന്തിച്ചതില്ല ചഞ്ചലിച്ചതുമില്ല
നല്ലൊരു തീരുമാനമെടുക്കാന്‍, മടങ്ങുവാന്‍
നാട്ടിലേക്കൊരു യാത്ര, വീട്ടിലെത്തുവാന്‍ വെമ്പല്‍
പൊയ്പ്പോയ സൗഭഗ്യത്തിന്നിത്രയോ മധുരിമ!
ഓർക്കാനൊരനുഭവം പഠിക്കാനൊരു പാഠം
പോക്കണംകേടീ പാച്ചി,ലക്കരെപ്പച്ചക്കായി
അന്നെന്നെ വിട്ടുപോയ കുഞ്ഞുങ്ങളിന്നിങ്ങെത്തി
ഇന്നി ഞാന്‍ വിടില്ല,യീ തീക്കളിക്കെന്‍ മക്കളെ!
No comments:
Post a Comment