Skip to main content

Posts

Showing posts from November, 2016

ചേര്‍ച്ച

എത്ര പൂക്കളാണ് ചുറ്റിലും വിരിയുന്നത് ! ഏതെല്ലാം ശലഭങ്ങളാണ് പാറിപ്പറക്കുന്നത് ! ആഹ്ലാദമേ നീയും എന്നോടൊപ്പം കൂടുക.

നവനീതം

കവിയുന്നു കണ്ണാ കരള്‍ച്ചൂടു നീ രാഗ- നവനീതചോരനായ് പുഞ്ചിരിക്കൂ, യമുനയുടെ മോഹപുളിനങ്ങളില്‍ നീ സ്‌നേഹ- യദുകുലകാംബോജിയോളമാകൂ. നീയകന്നാല്‍ നീറുമഴലിരുള്‍ ഞാന്‍, നിന്റെ മായയില്‍ മതിമറക്കുന്ന രാധ. നീയണഞ്ഞാല്‍ നിന്റെ നിഴലാണു ഞാന്‍, ശ്യാമ- നീലയില്‍ മതിമയങ്ങുന്ന രാധ. പാഴ് മുളം തണ്ടാകുമിവളു നിന്‍ പാട്ടുകള്‍ പാടുന്ന മുരളിയായ് മാറിടേണം. കണികാണുവാന്‍ പുതിയസ്വപ്‌നങ്ങള്‍ കോര്‍ത്തു പൊന്‍- കണിയായി മിഴിയില്‍ നീ വാണിടേണം. തേന്‍നിലാവള്ളികളാലോലമാടുന്നൊ- രോര്‍മ്മയില്‍ രാക്കിളിപ്പാട്ടിനൊപ്പം പീതാംബരാ നിന്റെ വേണുവും മൂളുന്നൊ- രാര്‍ദ്രമാം ഗാനമാകട്ടെ ജന്മം.

പരസ്പരം

എനിക്കു തണുക്കുന്നു നീയെന്റെ പുതപ്പാവുക നിനക്കു തണുക്കുമ്പോള്‍ ഇതാ മനസ്സിനൊരറ്റം നീ വലിച്ചെടുത്തോളൂ... പുതച്ചുറങ്ങുവാന്‍ പരസ്പരം.

വിളക്ക്

നിന്നെക്കുറിച്ചുള്ള ചിന്തകള്‍ക്ക് തിരശ്ശീലകളും വേലിക്കെട്ടുകളുമില്ലാത്ത പുത്തന്‍ തുറസ്സുകള്‍... ഹരിതയാഥാര്‍ത്ഥ്യങ്ങളെ ആശ്ലേഷിക്കുന്ന നിലയില്ലാക്കയങ്ങളില്‍ നാണിക്കുന്നതെന്തിന് ? മാംസത്തിന്റെ ആവരണങ്ങളുരിഞ്ഞ മനസ്സില്‍ എണ്ണ തീരാറായ ഒരു വിളക്ക്, നീയതില്‍ സ്‌നേഹം പകര്‍ന്ന് ജ്വലിപ്പിക്കുക...

കാത്തരുളുക നീ

കാത്തരുളുക നീ എല്ലാ വഴികളുമടയുന്നേരം വല്ലാതുയിരു പിടയ്ക്കുമ്പോള്‍ മെല്ലെത്തുമ്പിക്കരമൊന്നുയരു- ന്നെന്നെച്ചേര്‍ത്തു പിടിക്കുന്നു. അല്ലും വെല്ലും നിറമതിലെല്ലാ- വിഘ്‌നവുമോടിയൊളിക്കുന്നു. കടവും കടമയുമഴലും കൈകോര്‍- ത്തിടവും വലവും കടയുമ്പോള്‍ കരിവരവീരാ ഗംഗണപതയെ- ന്നൊരു കരള്‍ നൊന്തുവിളിക്കുമ്പോള്‍ കരകയറാനൊരു കൈത്താങ്ങായുട- നരികെത്തുമ്പിക്കരമെത്തും. മക്കള്‍ ദൂരെയിരുട്ടില്‍, തെറ്റിന്‍ കൊക്കയില്‍ വീഴാതെപ്പോഴും കാക്കുക ഗജമുഖ, തുമ്പിക്കരമതി- ലേല്ക്കുക, നന്മയില്‍ വഴികാട്ടൂ. തീക്കാറ്റും പേമഴയും തീണ്ടാ- തീക്കാട്ടില്‍ കാത്തരുളുക നീ. --- Raji Chandrasekhar Read in Amazone Kindle

ചുറ്റിലും

അമ്പലക്കൈവിള-     ക്കന്തിക്കു ദൂരത്തെ- യംബരമുറ്റത്തു     തൂക്കുന്നൊരമ്പിളി, രാഗലഹരിത-     ന്നോണനിലാവല രാഗം പകര്‍ന്നു     നിറയ്ക്കട്ടെ ചുറ്റിലും.

കൊടും തീയിലെന്നപോല്‍

തങ്കക്കിനാവുകള്‍     കണ്‍പീലികള്‍പോലെ തമ്മിലിഴകോര്‍ത്തു നിന്നു, തളച്ചിട്ട നിശ്വാസ-     നിര്‍വാണമന്ത്രം തുളയ്ക്കുന്ന നിശ്ശബ്ദതയുടെ     ചേലാഞ്ചലത്തിലും ധീരമായേകാഗ്രമാ-     യൊന്നു തൊട്ടുവോ നീരവമേതോ     കൊടും തീയിലെന്നപോല്‍...