Skip to main content

Posts

Showing posts from August, 2017

സ്വയം കുരുതി :: അന്‍സാരി

പാതയിൽ പാതിവെച്ചുരിയുന്ന ദേഹവും പാതിയിൽ പൊലിയുന്ന പ്രാണൻെറ തേങ്ങലും എത്ര കണ്ടാലും പഠിയ്ക്കാത്ത കൗമാര - മെത്തിപ്പിടിക്കയാണെന്നും ദുരന്തങ്ങൾ! പെറ്റിട്ടവയറിൻെറ നിത്യമാം നീറ്റലും ചുറ്റിലും ചുട്ടുപൊള്ളുന്ന ബന്ധുക്കളും തന്നെയാണെന്ന കരയിച്ചതെപ്പോഴും ചെന്നങ്ങുകേറിത്തുലഞ്ഞവരെക്കാൾ! ശരവേഗതൃഷ്ണയെ ത്രില്ലെന്നു പേരിട്ടു പരജീവ തൃഷ്ണയെ പുല്ലെന്നുമുരുവിട്ട്. ശകടം നയിക്കുന്ന കൗമാരമേ നിൻെറ പകിട ക്ക രുക്കൾക്ക് പകയുണ്ട് നിന്നോട് ! ഇനിയെത്രയോനാൾ സ്വയംജ്വലിച്ചപരർക്ക് ഇരുളകറ്റീടേണ്ട നെയ് വിളക്കാണ് നീ! ഒരുമാത്രയിൽ വൻദുരന്തഗർത്തതിൻെറ കരയിൽ നീ നിന്നെ നിവേദിച്ചൊടുങ്ങൊല്ല! ആത്മബോധത്തിന്നതിർവരമ്പും താണ്ടി ആത്മാവിലേയ്ക്കഹംഭാവം വിരൽചൂണ്ടി ആടിത്തിമർക്കുമീയാഘോഷനാട്യങ്ങൾ ആരെത്തോൽപ്പിയ്ക്കാൻ, സ്വയം തന്നെയല്ലാതെ?                      - അൻസാരി -

വ്യദ്ധവേശ്യാവിലാപം :: അന്‍സാരി

വേച്ചുവേച്ചിടനെഞ്ചമർത്തിക്കിതച്ചും വേർപ്പും ചുരത്തി, പിടച്ചും ചുമച്ചും ദേശനാഥൻമാരെനോക്കി കവലയിൽ വേശ്യ, ഉമിത്തീ ചിതറുന്നു, ചീറുന്നു! "ഇന്നലെകൾ നിങ്ങളോർത്തിടുന്നില്ലയോ, ഇന്നലത്തെയെന്നെയോർത്തിടുന്നില്ലയോ, ഇന്നലെ നിങ്ങളെൻനിസ്സഹായതകളെ അമ്മാനമാടിയതോർത്തിടുന്നില്ലയോ? ചുണ്ടുകൾ നൊട്ടിനുണഞ്ഞും തലയിലൊരു മുണ്ടിട്ടുകൊണ്ട് പതുങ്ങിവന്നും നാണയ- ക്കിഴിയുമായന്നെൻെറ കുടിലിൻെറ വാതിലിൽ കാത്തക്ഷമയോടിരുന്നതും ചെയ്തജോലിയ്ക്ക് കണക്കുതീർത്തും, എന്നിൽ പെയ്തുതോർന്നോരെ പറഞ്ഞയച്ചും കരിവളക്കൈനീട്ടി, പനിമതിച്ചിരിതൂകി നിങ്ങളെക്കുടിലിലേയ്ക്കന്നാനയിച്ചതും നിങ്ങൾക്കിരിക്കുവാൻ കീറപ്പഴംപായ നീട്ടിവിരിച്ചു, ഞാനൊപ്പമിരുന്നതും കാച്ചിത്തിളപ്പിച്ചുതൂകിയ നിശ്വാസ- മേറ്റെൻകവിൾത്തടം വിങ്ങിച്ചുവന്നതും കാലത്ത് തീപ്പെട്ടിക്കോലുകൊണ്ടെൻകണ്ണിൽ ചാലിച്ചകൺമഷി ചുണ്ടാൽതുടച്ചതും നീട്ടിവെച്ചോരെൻെറ മടിയിൽ തല ചേർത്തു നീയെത്രസുന്ദരമെന്നുമൊഴിഞ്ഞതും രാവിലെ മേൽമുണ്ടുടുക്കുവാൻവേണ്ടി ഞാൻ രാവിലെന്നടിമുണ്ടുരിയുന്നനേരത്ത് സർവ്വംമറന്നെന്നിലാകെ  പരതിയെൻ സർവ്വവുംനേടി, കിതച്ചു കിടന്നതും നിങ്ങൾ മറന്നുവോ, നിങ്ങ...

നാട്ടുമാവും കുട്ടിയും പിന്നെ കാറ്റും :: അന്‍സാരി

നാട്ടുമാവമ്മേ നാട്ടുമാവമ്മേ കാറ്റിൻെറ കൈ പിടിച്ചൂഞ്ഞാലാടൂ മൂത്തുപഴുത്തൊരീ മാമ്പഴമൊക്കെയും കാട്ടിക്കൊതിപ്പിയ്ക്കാതിട്ടു- തായോ - - - - കാറ്റേ കറ്റേ, മാമ്പഴക്കൊമ്പിനെ ഏത്തമിടീക്കാനൊന്നോടി വായോ ഞെട്ടറ്റു വീഴുന്ന മാമ്പഴച്ചുണ്ടുകൾ പൊട്ടിച്ചുറുഞ്ചാൻ തിടുക്കമായി   അയ്യോ കാറ്റേ മേലേച്ചില്ലയിൽ കിയ്യോ എന്ന കരച്ചിൽ കേൾപ്പൂ പച്ചിലക്കൊമ്പിലെ കൊച്ചു കിളിക്കൂട്ടിൽ പക്ഷിയ്ക്ക് കുഞ്ഞ് വിരിഞ്ഞതാകാം മുട്ടപ്പുറംതോട് പൊട്ടിച്ച കുഞ്ഞുങ്ങൾ വെട്ടം നുണഞ്ഞു പഠിയ്ക്കയാകാം കെട്ട് പൊട്ടിച്ചു വന്നെത്തുന്ന കാറ്റൊന്നു തട്ടിയാൽ കൂടു തകർന്നു പോകാം അയ്യോ കാറ്റേ, പിന്തിരിഞ്ഞീടുക വയ്യാ, കിളിക്കൂടുടഞ്ഞു കാണാൻ ! മാമ്പഴംവേണ്ട, മധുരവുംവേണ്ട, മാനുഷനാകട്ടതിന്നു മുമ്പേ - - - - കുഞ്ഞിച്ചിറകുകൾ മുറ്റി, പറവകൾ പൊങ്ങിപ്പറക്കുന്ന കാലം വരും! അന്നെൻെറ നീട്ടിയ കൈകളിൽ മാമ്പഴ- കൊമ്പും കുലുക്കിക്കൊണ്ടെത്തൂ കാറ്റേ- - - - - അൻസാരി -