K B Shaji :: കുട നന്നാക്കാനുണ്ടോ?. കുട?

Views:

*കുട നന്നാക്കാനുണ്ടോ?. കുട??*

പഴയ ഏഴാംക്ലാസ്സിലെ മലയാള പാഠപുസ്തകത്തിലെ ഒരധ്യായം.. 1975 ൽ കേരള പാഠാവലി മലയാളം റീഡർ ആവിഷ്ക്കരിച്ചതോടെ പഴയ ഏഴാംക്ലാസ്സ് പുസ്തകം വെറുതേ വായിച്ച് രസിച്ചതേയുള്ളു.

കുട നന്നാക്കുന്നയാളും ഈയംപൂശുകാരനും നാട്ടിൻപുറങ്ങളിൽ ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ട് തങ്ങളുടെ നിത്യവൃത്തിക്കായ് തലച്ചുമടുകളുമായി നടന്നിരുന്ന കാലം. വീടുകളിലെ ഇറയത്തോ മുറ്റത്തോ വന്നിരുന്നു ഗൃഹനാഥനുമായി കൂലിക്കണക്ക് പറഞ്ഞുറപ്പിച്ച് പണിയായുധങ്ങൾ എടുത്തു നിരത്തി ഒരുലയുമുണ്ടാക്കി ജോലിചെയ്യുന്നത് കാണാൻ കൗതുകത്തോടെയും ഉത്സാഹത്തോടെയും നിന്നിരുന്ന ബാല്യകാലം.
കാരൂർ നീലകണ്ഠപ്പിള്ളയുടെ മുകളിൽ പേരു പറഞ്ഞ കഥയും അത്തരത്തിലായിരുന്നു.

ഇന്ന് മലയാള ചെറുകഥാ സാഹിത്യത്തിലെ നവോത്ഥാന കാലഘട്ടത്തിന്‍റെ പ്രതിനിധിയായ കാരൂർ കഥാവശേഷനായ ദിനം. 1975 സെപ്തംബർ 30.

നോവൽ, നാടകം, ബാലസാഹിത്യം തുടങ്ങിയ സാഹിത്യമേഖലയിൽ കൈവച്ചിട്ടുണ്ടെങ്കിലും ചെറുകഥാകൃത്ത് എന്ന നിലയിലാണ് കാരൂരിന്‍റെ പ്രശസ്തി. നവോത്ഥാന കാഥികരിൽ പലതുകൊണ്ടും വ്യത്യസ്തനായ കാരൂരിന്‍റെസാഹിത്യ സംഭാവനകളെക്കുറിച്ച് സമഗ്രമായ പഠനം നാളിതുവരെ ഉണ്ടായിട്ടില്ല.

ഏതൊരെഴുത്തുകാരനേയും മനസിലാക്കേണ്ടത് അയാളുടെ വ്യതിരിക്തതകളുടെ അടിസ്ഥാനത്തിലാവണം. സമകാല സാഹിത്യകാരന്മാരിൽ നിന്നും കാരൂരിനെ വ്യത്യസ്തനാക്കുന്നത് എങ്ങിനെ?

നിസ്വവർഗത്തിന്‍റെ ധർമ്മസങ്കടങ്ങൾ പ്രമേയമാക്കിയവരാണ് പൊതുവെ കാരൂരിന്‍റെ കാലത്തെ എഴുത്തൂകാർ. കാരൂരും ഇതിൽനിന്ന് വ്യത്യസ്തനായിരുന്നില്ല. പട്ടിണിയുടെ കഥകൾ കുറച്ചധികം അദ്ദേഹമെഴുതിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിനടുത്തുള്ള
കാരൂർത്തറവാട്ടിൽ 1898 ൽ ജനനം. അവിടെയുള്ള ഒരു മലയാളം സ്കൂളിൽ
പ്രാഥമികപഠനം. ബ്രിട്ടീഷ്ചക്രവർത്തി ജോർജ്ജ് അഞ്ചാമന്‍റെ കിരീടധാരണ സമയത്ത് സമർത്ഥന്മാരായ വിദ്യാർത്ഥികൾക്ക് സമ്മാനിച്ച സ്വർണ്ണനാണയം ബാലനായ കാരൂരിനും ലഭിച്ചു. പതിനഞ്ചാമത്തെ വയസ്സിൽ ഒമ്പതാംക്ലാസ്സ് ജയിച്ച്  അധ്യാപക ട്രെയിനിംഗും പാസായി അടുത്തുള്ള സ്കൂളദ്ധ്യാപകനായി.
അന്നത്തെ പാഠ്യപദ്ധതി പൊതുവേ ഭാഷാസാഹിത്യമായിരുന്നതിനാൽ പഠിതാക്കളിൽ ശക്തമായ സാഹിത്യ സംസ്ക്കാരമുളവാക്കിയിരുന്നു. എന്നാൽ ഇംഗ്ലീഷ് പഠനത്തിനുള്ള  സാഹചര്യം കുറവായിരുന്നത്കൊണ്ട് ആംഗലഭാഷാ പരിജ്ഞാനം വേണ്ടത്ര നേടാൻ കഴിഞ്ഞില്ല. പിൽക്കാലത്ത് കാരൂരിന് തന്‍റെ കഥകളെക്കുറിച്ച് ഇംഗ്ലീഷിലെഴുതിയ നിരൂപണങ്ങൾ മനസിലാക്കാൻ പരസഹായം വേണ്ടിവന്നു.

ആധൂനികശാസ്ത്രമോ പുതിയ വിജ്ഞാനങ്ങളോ പരിചയപ്പെടാൻ ഈ പരിമിതി കാരൂരിനെ അനുവദിച്ചില്ല. ഈ സവിശേഷത കാരൂരിന്‍റെ സാഹിത്യജീവിതത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിരുന്നത്. കാരൂർ ഒരെഴുത്തുകാരൻ എന്ന നിലയിൽ സർവ്വതന്ത്ര സ്വതന്ത്രനായിരിക്കുന്നതിനും കഥകളിൽ പരകീയ ഭാവങ്ങളും ആശയങ്ങളും വിരളമായി ഭവിച്ചു.
നല്ല കഥകളെഴുതുവാൻ ആംഗലപരിജ്ഞാനം കൂടിയേ തീരൂവെന്നോ ആംഗലമറിയാത്തവരൊക്കെ അനുകരണ വിമുഖരാണെന്നോ  വാദിക്കാനാവില്ല. വിദേശകഥകളുടെ മൊഴിമാറ്റരൂപം കാരൂർ വായിച്ചിരുന്നെങ്കിലും അവയുടെ ഗാഢമായ സ്വാധീനത്തിന് വഴങ്ങിയിരുന്നില്ല.

കാറൽമാർക്സിന്‍റെ ചിന്താപദ്ധതിയുടെ സ്വാധീനഫലമായുണ്ടായ
വർഗ്ഗസമരപ്രധാനമായ കഥകൾ അക്കാലത്ത് സുലഭമായിരുന്നെങ്കിലും അദ്ദേഹമതിനുപുറകെയും പോയിരുന്നില്ല.
ജീവിതത്തിലും സാഹിത്യത്തിലും അന്യസ്വാധീനതകൾക്ക് അന്ധമായടിമപ്പെടാതെ തനതായൊരു മാർഗത്തിലൂടെ സഞ്ചരിക്കാനിഷ്ടപ്പെട്ടയാളാണ് കാരൂർ.
സാമൂഹികപ്രശ്നങ്ങളുടെ നേർക്കദ്ദേഹം മുഖംതിരിഞ്ഞുനിന്നിട്ടില്ല. മനശാസ്ത്രതത്വം ഗണ്യമായി സ്ഫുരിക്കുന്ന കഥകളിൽ കാരൂരിന്‍റെ പ്രത്യേകചില രീതികൾ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചു.

ഔദ്യോഗികവൃത്തിയിൽ അധ്യാപനമാണ് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടത്
ജോലിചെയ്ത സ്കൂളുകളുടെ പശ്ചാത്തലം  ഉദ്യോഗത്തിലൂടെ ലഭിച്ച അനുഭവങ്ങൾ കാരൂരിന്‍റെ സാഹിത്യരചനയെ സമ്പുഷ്ടമാക്കി. ആകെ രചിച്ച 191 കഥകളിൽ 21 എണ്ണം വാധ്യാർക്കഥകളായിരുന്നു.

കാരൂർ അധ്യാപകനായിരുന്ന കാലത്ത് കേരളത്തിലെ അധ്യാപകവർഗത്തിന്‍റെ സ്ഥിതി പരമദയനീയമായിരുന്നു. ജീവിക്കാനുതകുന്ന തരത്തിലുള്ള ശമ്പളമോ സേവനത്തിന് യോഗ്യമായ അംഗീകാരമോ ലഭിക്കാതെ  തന്‍റെ സഹജീവികൾ അനുഭവിച്ചിരുന്ന ദാരിദ്ര്യവും ദുഖവും പ്രതിസ്ഫുരിച്ചതാണ് പ്രശസ്തമായ വാധ്യാർക്കഥകൾ .
സംഘടിതശക്തിയുടെ  പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരെ ബോധ്യപ്പെടുത്താനും അവരുടെ ദുരിതങ്ങൾ സമൂഹത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരാനും അദ്ദേഹം യത്നിച്ചു.
1920 ൽ സർക്കാർ സ്കൂളിലെ അധ്യാപകർ ഒരു മഹാസഭ രൂപീകരിച്ചതിന്‍റെ ആദ്യ സമ്മേളനം പറവൂരിൽ നടന്നു. 1922 ൽ ഏറ്റുമാനൂരിൽ നടന്ന സമ്മേളനത്തിൽ സദസ്യതിലകൻ ടി.കെ. വേലുപ്പിള്ള അധ്യക്ഷനും കാരൂർ സെക്രട്ടറിയുമായി. തുടർന്ന് ജോലിനഷ്ടമായി.

കുറച്ചുകാലം  ആയുർവേദ വൈദ്യശാല മാനേജർ,  (പണിക്കർ വൈദ്യൻ എന്ന കഥ) കോട്ടയം സർവ്വീസ് സഹകരണസംഘം പ്രസിഡണ്ട്, നായർ സർവ്വീസ് സൊസൈറ്റി പ്രവർത്തനം, ആലപ്പുഴയിൽ കൊപ്രാക്കച്ചവടം, മൂന്നാറിൽ ഏലം കൃഷി  എന്നിവയിൽ വ്യാപരിച്ചിരുന്നു.

ഒരധ്യാപകനെക്കുറിച്ച് സമൂഹത്തിന് ആദർശാത്മകമായൊരു സങ്കല്പം നിലനിന്നിരുന്നു. ആദർശപരത, പാണ്ഡിത്യം, ആർജ്ജവശക്തി, സഹാനുഭൂതി നിറഞ്ഞ വ്യക്തിത്വം സംസ്ക്കാരസമ്പുഷ്ടി ഇതൊക്കെ ഉത്തമനായ ഒരു അധ്യാപകന്‍റെ രൂപത്തിൽ തെളിഞ്ഞുനിന്നിരുന്ന കാലം വിദൂരത്തിലായി.  (ലോഹിതദാസിന്‍റെ രണ്ടാമത്തെ ചിത്രമായ കാരുണ്യത്തിലെ മുരളി എന്ന നടനവതരിപ്പിച്ച പ്രധാനധ്യാപകന്‍റെ  രൂപവും സ്വഭാവവും ഭാവവും മേല്പറഞ യോഗ്യതക്കൾക്കനുസരണമായിരുന്നു.)

തന്നെ സാഹിത്യകാരനാക്കിയതിൽ അധ്യാപകവൃത്തിക്ക് പ്രധാന പങ്കുണ്ടെന്ന് കാരൂർ സമ്മതിക്കുന്നുണ്ട്. കുടുംബഭാരവും ജീവിതത്തിന്‍റെ ഞെരുക്കവും വൈവിധ്യപൂർണ്ണമായ ജീവിതാനുഭവങ്ങളും കാരൂരിന്‍റെ കഥകളെ പ്രചോദിപ്പിച്ചിട്ടുണ്ട്.

1932 34 മത്തെ വയസിലാണ്  ചെറുകഥാകൃത്ത് എന്ന നിലയിൽ ഭൃത്യവാത്സല്യം എന്ന കഥയെഴുതിക്കൊണ്ട് സാഹിത്യരംഗത്തേക്ക് പ്രവേശിച്ചത്.
കാരൂർ കഥയെഴുതുകയല്ല  കഥ പറയുകയാണ്. അനാർഭാടമായി അതീവ സ്വാഭാവികമായി അനുകമ്പയുടെ ആർദ്രസ്പർശത്താൽ തിളങ്ങുന്ന നർമ്മബോധത്തോടെ അദ്ദേഹം കഥ പറയുന്നു. 
നാട്ടിൻപുറത്തെ ശരാശരി മനുഷ്യരുടെ സാധാരണ ചിത്രങ്ങളാണ് തൊട്ടതൊകെ പൊന്നാക്കിയ  കാരൂർ അവതരിപ്പിക്കുന്നത്  മീൻകാരി, ഉതുപ്പാന്‍റെ കിണർ, പൊതിച്ചോറ്, തൂപ്പുകാരി, ആസ്ട്രോളജർ, മേൽവിലാസം, മരപ്പാവകൾ, പിശാചിന്‍റെ കുപ്പായം, മോതിരം എന്നിവ പ്രധാന കഥകൾ.

നോവലുകളായ ഗൗരി, ഹരി, പഞ്ഞിയും തുണിയും_ നിലവാരം പുലർത്താതെ പോയത്  സാഹിത്യനഭസ്സിൽ കാറിരുണ്ടിരുന്നു.

1940 കളുടെ തുടക്കത്തിൽത്തന്നെ സാഹിത്യകാരന്മാരുടെ സഹകരണസംഘം എന്ന ആശയം കാരൂരിനുണ്ടായിരുന്നു. 1945 ഏപ്രിലിൽ M P പോൾ മുതലായവരുടെ സഹകരണത്തോടെ സാഹിത്യ പ്രവർത്തക സഹകരണസംഘം രജിസ്റ്റർ ചെയ്തു. 20 വർഷത്തോളം സംഘത്തിന്‍റെ അമരക്കാരനായിരുന്ന കാരൂരിന്‍റെ, ദീർഘവീക്ഷണത്തിന്‍റെയും കഠിനാധ്വാനത്തിന്റെയും ഫലമായി അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ പ്രസ്താനം വിശ്വപ്രസിദ്ധിനേടി.

കോട്ടയം ആസ്ഥാനമായുള്ള സംഘവും നാഷണൽ ബുക്ക്സ്റ്റാളും പ്രസ്സും നാമാവശേഷമാകുന്ന സ്ഥിതിയിലാണ്.

ചെറുപ്പത്തിൽ വായിച്ചിരുന്ന കാരൂർക്കഥകളുടെ സൗരഭ്യവും ലാളിത്യവും ഇന്നും  മാഞ്ഞിട്ടില്ല. കഥകൾ ധാരാളം വർത്തമാനകാലത്തും ജനിക്കുന്നു.  എന്നാൽ കാരൂർക്കഥകൾ രചിക്കപ്പെട്ട ആ പഴയ മണ്ണിന്‍റെ ഗന്ധം  ഇന്നത്തെക്കഥകൾക്കുണ്ടാവില്ല.

ധരിത്രിയെച്ചെറിയന്നേ ജയിച്ചതും....





1 comment:

Parinamaguptan said...

ആസ്വദിച്ചെഴുതിയല്ലേ 🙏🙏