Views:
ഒടുവിലയാൾ പറഞ്ഞത്
ഉറുമ്പുകളുടെ വരികൾക്കിടയിലൊരു വിള്ളൽ നീ കണ്ടില്ലേ..
കാണുകമാത്രമല്ല, തൊട്ടടുത്തുകാണുവാൻ
വേണ്ടി കണ്ണിലേയ്ക്ക്
വഴി തിരിച്ചുവിട്ടത് നിന്‍റെയൊരഹങ്കാരമായിരുന്നു...
ചുവന്ന മണ്ണിൽ നിന്ന്
കണ്ണിലേയ്ക്കുള്ള ദൂരയളവുകൾ എത്ര കൃത്യമായാണ് ഉറുമ്പുകൾ അളന്നെടുത്തത്..
കണ്ണിൽ കണ്ടതൊക്കെ
ഉറുമ്പുകൾ വായിക്കാൻ തുടങ്ങിയപ്പോൾ
ആത്മാംശത്തിന്‍റെ
മഞ്ഞിതളുകൾ നിന്നിലുരുകുന്നത് കാണാമായിരുന്നു.
വെട്ടലും
തിരുത്തലുകളുമുള്ള
നിന്‍റെ കണ്ണിൽ
എന്നെ മാത്രം കണ്ടില്ലെന്ന്
ഉറുമ്പുകൾ
വിളിച്ചു പറഞ്ഞപ്പോൾ
നീ പൊട്ടിച്ചിരിച്ചത്
ഞാനെന്‍റെ ഇടംകണ്ണിനാൽ നോക്കുന്നുണ്ടായിരുന്നു
എത്ര മനോഹരമായിരുന്നു
നിനക്കെന്നോടുള്ള പ്രണയമെന്ന്
പൊടുന്നനെയുള്ള
മഴയിൽ കുതിർന്നുപോയി
--- Anil Thekkedath
No comments:
Post a Comment