Views:
നനഞ്ഞ കൈ കൊട്ടി വിളിക്കവേ കാലം
കറുത്ത പക്ഷിയായ് പറന്നിറങ്ങുന്നു.
പുഴ കിതയ്ക്കുന്ന മണൽക്കയങ്ങളിൽ
ചിറകൊതുക്കുന്നു തfലോദകങ്ങളിൽ.
മിഴി നിറയ്ക്കുന്നു ബലിപിണ്ഡ,മോർമ്മകൾ
അരൂപ രൂപിയായുരുമ്മി നിൽക്കുന്നു.
ഒഴുകി നീങ്ങുന്നു നാക്കിലക്കീറിൽ
അഴിഞ്ഞു പോകുന്ന പവിത്ര ബന്ധങ്ങൾ.
പെരുവിരൽത്തുമ്പിൽ ഊർന്നു വീഴുന്നു
കരളുറഞ്ഞു കിനിഞ്ഞ കണ്ണുനീർ
പകൽക്കിനാവിൻ നനവാർന്ന ചേലയിൽ
മിഴി തുറക്കുന്നു ദക്ഷിണായനം.
തിരക്കുകൂട്ടുന്നു പുഴയ്ക്കു മീതെ വ -
ന്നിരുൾക്കിനാവിൻ കരിമേഘജാലകം
പുഴ തപിയ്ക്കുന്നു പകർന്ന ചൂടിനാൽ
വിറങ്ങലിക്കുന്നു പകലും ശരീരവും.
പുഴയൊഴുക്കിൻ ഗതിവേഗമേറുന്നു
കടവിലാരോ മിഴിനട്ടിരിക്കുന്നു.
തിരിഞ്ഞു പോരുന്നു, തീരം വിമുകമായ്
ഒരു തിലാഞ്ജലി തീരത്തു ബാക്കിയായ്.
... കരുപ്പൂര് മധു
1 comment:
വരികളിൽ താളം തുളുമ്പുന്നു. നല്ല കവിതകൾ ഇനിയും എഴുതുക
Post a Comment