Mehboob Khan (Mehfil) :: ഒരു തല തിരിഞ്ഞ വായന

Views:



ഏറെ നാളുകള്‍ക്ക് ശേഷം വളരെ കുറഞ്ഞ വരികളില്‍ ഞാന്‍ വായിക്കുന്ന ഒരു നല്ല കവിതയാണ്  ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ പന്ത്രണ്ട് വരി കവിതയായ വയല്‍കാറ്റ് കൊള്ളാം.

കവിതകള്‍ക്ക് ആസ്വാദനമെഴുതി ശീലമുള്ള ഒരു വ്യക്തിയല്ല ഞാന്‍. അതുകൊണ്ട് തന്നെ ആസ്വാദനത്തിന്റെ നടപ്പ് ശീലങ്ങളെക്കുറിച്ച ധാരണകളും എനിക്കില്ല.

എങ്കിലും വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് പലപ്പോഴും  വായനാനുഭവങ്ങള്‍ എഴുതുകയും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ആ ഒരു ധൈര്യത്തിലാണ് ഇതിന് മുതിരുന്നതും.

ഇതിന്‍റെ വായനയില്‍  കവിതയുടെ പോരായ്മയായോ മികവായോ എനിക്ക് ആദ്യം അനുഭവപ്പെട്ടത് അതിന്‍റെ വരികളുടെ എണ്ണമാണ്.

വയല്‍ കാറ്റിന്‍റെയും ലാസ്യഭാവങ്ങളുടെയും ഇതളുകള്‍ പീലി  വിടര്‍ത്തിയാടുന്ന വരികള്‍ കുറഞ്ഞു പോയെന്നും കുറച്ച് കൂടുതല്‍ വരികള്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്നും എനിക്ക്  തോന്നിപ്പോയി.
ഈ കവിതയെ അവസാന വരികളില്‍ നിന്ന് ആദ്യവരികളിലേക്ക് വായിക്കുവാനുള്ള ഒരു തലതിരിഞ്ഞ ശ്രമത്തിനാണ് ഞാന്‍ മുതിരുന്നത്.  
കാരണം..
തുടങ്ങുമ്പോഴല്ല, ഒടുങ്ങുമ്പോഴാണ് കവിതയുണ്ടാവുക എന്ന് കൂടി ഞാന്‍ വിശ്വസിക്കുന്നു.
വരമ്പത്തിരുന്നൊരല്പം വയല്‍കാറ്റ് കൊള്ളാന്‍ കവി നമ്മെ ക്ഷണിച്ചു കൊണ്ടാണ് കവിത അവസാനിക്കുന്നത്. അതിന്‍റെ ഭാഷാപ്രയോഗം മാത്രമേ വരികളായി  അവിടെ അവസാനിക്കുന്നുള്ളു. എന്നാല്‍ നമുക്ക്  അവിടിരിക്കാന്‍ ചില കാരണങ്ങളുണ്ട്.അതുകൊണ്ട് തന്നെ  കരിമ്പിന്‍റെ മാധുര്യമൂറുന്ന വാക്കുകളാലുള്ള ആ ക്ഷണത്തെ നമുക്കും സ്വീകരിക്കാതെ വയ്യ.

കവി ആ വാക്കുകള്‍ പകര്‍ന്നു നല്‍കി ക്ഷണിക്കുന്നത് നമ്മെ മാത്രമല്ല,
ഇലകളും പുഴവഴികളും നെല്‍പ്പാടങ്ങളും പുഞ്ചവയലുകളും ഇളം കാറ്റിലുലയുമ്പോള്‍ തന്‍റെയുള്ളില്‍ തിരയിളക്കം നടത്തുന്ന ഓര്‍മ്മകളെക്കൂടിയാണ്.

നീ എന്‍റെ അരികിലെത്തിയാല്‍ സാന്ദ്രഭാവം പകര്‍ന്നുകൊണ്ട് പരസ്പരം മാണിക്യവീണാരവങ്ങള്‍ മീട്ടാം എന്ന് പറഞ്ഞുവയ്ക്കുമ്പോള്‍ പാതിയില്‍ നിലച്ചുപോയ സ്‌നേഹസാന്നിധ്യത്തെ എത്രമേല്‍ അടയാളപ്പെടുത്തുകയാണ് എന്നത് നാം കാണാതിരിക്കരുത്.

തന്‍റെ ക്ഷണമെന്നതും തന്‍ വാക്കെന്നതും ഞരമ്പുകളെ തുളച്ചു ഉള്ളിലേക്ക് വലിച്ചുകൊണ്ടു പോകുന്നത്ര ആഴമുള്ളതല്ല.

എങ്കിലും, അതൊരു പഴകി ദ്രവിച്ച നരച്ച ഓര്‍മ്മകളുടെ പാഴ് വാക്കുകളല്ല എന്ന് കൂടി കവി ഓര്‍മ്മപ്പെടുത്തുന്നു. ഇരു ചെവികളൊന്നാവുമ്പോള്‍
ഇരുളിന്‍റെ മറവില്‍ ആരും കാണാതെ ശരീരസുഖത്തിനായി പങ്കുവയ്ക്കുന്ന കാമനകളുടെ ചോദനകളല്ല, ഒരര്‍ത്ഥവുമില്ലാതെ പുലമ്പുന്ന ഭ്രാന്തമായ വാക്കുകളുമല്ല.

പിന്നെയോ, കരളിന്‍റെയകത്തളങ്ങളില്‍ കൊളുത്തിവലിക്കുന്ന സ്‌നേഹത്തിന്‍റെ ഒരിക്കലും നിലയ്ക്കാത്ത സ്പന്ദനമാണ്.

കനവുകളില്‍ കാത്തിരിപ്പിന്‍റെ താളവുമായി, കരക്കാറ്റ് തിരഞ്ഞുഴറുന്ന
തിരയെപ്പോലെ വാടിത്തളര്‍ന്നാലും ഈ തിരച്ചിലിനും കാത്തിരിപ്പിനും ഒരു സുഖമുണ്ടെന്ന് കൂടി ഉണര്‍ത്തുകയാണ് കവി.

പാടങ്ങളും പറമ്പുകളും മലകളും മരങ്ങളും പുഴകളുമപഹരിച്ചും കാടുകള്‍ വെട്ടിത്തെളിച്ചും കോണ്‍ക്രീറ്റ് സൗധങ്ങള്‍ കെട്ടിപ്പടുക്കുന്ന ധൃതിയുടെ കെട്ട കാലത്ത് തന്‍റെ ഹൃദയതന്ത്രികളില്‍ പ്രകൃതിയുടെ രമണീയമായ ലാസ്യവിലാസങ്ങള്‍ കിന്നരമുണര്‍ത്തി ശ്രുതിമീട്ടുമ്പോള്‍ എല്ലാം സ്മൃതികളിലസ്തമിച്ച് പോകും മുന്നേ വായനക്കാരുടെ ഹൃദയങ്ങളില്‍ പ്രകൃതിയുടെ മനോഹരമായ ലയതാളങ്ങളെ അനുഭവവേദ്യമാക്കുകയാണ് പന്ത്രണ്ടു വരികളിലൂടെ കവി ചെയ്യുന്നത്.

വരൂ നമുക്കും വയല്‍കാറ്റ് കൊള്ളാം...


വായന




No comments: