Views:
സ്നേഹം വിളഞ്ഞ മണ്ണ്
മൂപ്പതിറ്റാണ്ടു ഞാൻ കാത്തിരുന്നു,
നീയുണർന്നുള്ളിലും കവിത മൂളാൻ,
ജീവൻ തുളുമ്പിടും നാദമായി,
തൂലികത്തുമ്പിൽത്തുടിച്ചു പാടാൻ...
നെഞ്ചകം കാഞ്ഞു കടഞ്ഞിടുമ്പോൾ,
മൊഞ്ചുള്ള നിന്നോർമ്മ കോർത്തൊരുക്കി,
താലത്തിൽ ആശകൾ ചേർത്തടുക്കി
കാലമായ് കാവലായ് കാത്തു ഞാനും...
മധുരങ്ങളൊക്കെയും പോയകന്നു ,
കഠിന കാലങ്ങളിൽ കേണലഞ്ഞു,
വേദന തിന്നും കൊടുംതണുപ്പിൽ,
വേറിട്ട കവിത, നീ ചൂടു നൽകി...
മഞ്ഞായുറഞ്ഞൊരെൻ നോവു നിന്റെ ,
മഞ്ഞവെയിലേറ്റലിഞ്ഞു പോയ്,
പച്ചപ്പരപ്പിലും പൂവിരിഞ്ഞു,
പച്ചപ്പനം തത്ത പാറി വന്നു...
ചെന്നിണ സന്ധ്യയ്ക്കു രാഗമേകി
നിന്നനുരാഗം സുരമ്യമായി
വ്രണിതമാം ചിത്തത്തിലമരവാഴ്വിന്‍
പ്രണയമരന്ദമായൂറി നിന്നൂ...
അകക്കണ്ണിനൻപെഴും ജ്വലനമായി,
അകമിരുളാഴാത്ത തോഴിയായി,
കാണാത്ത വഴികളും കാഴ്ചയായി,
പാണന്‍റെ പാട്ടുകൾക്കീണമായി...
ഇറ്റിറ്റു വീഴും മഷിക്കറുപ്പിൽ,
തെറ്റിത്തെറിച്ചതെൻ ജീവരക്തം,
തീക്കനൽനോവും നിലാവുമൊപ്പം,
തീരാത്ത സ്നേഹം വിളഞ്ഞ മണ്ണും...
No comments:
Post a Comment