Yamuna Gokulam :: തുമ്പ

Views:



തീരെച്ചെറിയവളെങ്കിലുമെന്നിലും
തൂവെള്ളപ്പൂക്കൾ വിരിഞ്ഞിരുന്നു...
മുറ്റത്തലങ്കാരമായില്ലയെങ്കിലും
തൊടികളിൽ സ്ഥാനം പിടിച്ചിരുന്നു....

മുറ്റമഴകേകാൻ മുല്ലയും പിച്ചിയും
മന്ദാരവും ചേർന്നു നിന്നിരുന്നു...
എങ്കിലും മുക്കുറ്റിക്കൊപ്പം തൊടികളിൽ
ഉല്ലാസമോടെ ഞാൻ വാണിരുന്നു....

ഓണമടുക്കുമ്പോൾ കുട്ടികൾ പൂക്കൂട
കൈയിലേന്തിക്കൊണ്ടു വന്നിരുന്നു
മാവേലി മന്നനു സ്വാഗതമോതി ഞാൻ
പൂക്കളമെന്നും നിറച്ചിരുന്നു.

മകരമാസത്തിന്‍റെ മഞ്ഞിൻ കണങ്ങളാൽ
നമ്രമുഖിയായ് ഞാൻ നിന്ന നേരം...
കവികളും മറ്റുള്ള മാലോകരെല്ലാമെൻ
ലാളിത്യം പാടിപുകഴ്ത്തിയല്ലോ...

കാലത്തിന്നിന്നല്പം വേഗത കൂടിയോ
ഗ്രാമം നഗരമായ് മാറിടുന്നു...
തൊടികളും മുറ്റവും കോൺക്രീറ്റിൽ മുങ്ങുന്നു
പച്ചപ്പ് മെല്ലെ അകന്നിടുന്നു....

മുറ്റത്തെ മുല്ല ജമന്തി തൻ സ്ഥാനങ്ങൾ
ഓർക്കിഡ് പല ജാതി പങ്കിടുന്നു....
തൊടികളിൽ കോൺക്രീറ്റു പായ വിരിച്ചപ്പോൾ
തിരസ്കൃതയായി ഞാൻ അവിടെ നിന്നും....

പാത തൻ വക്കത്തു നിന്നു പോയെന്നാലും
തൊഴിലുറപ്പെന്നെ പിഴുതുമാറ്റും... |
കാലയവനികക്കുള്ളിലായ് മറയുവാൻ
നേരമടുത്തെന്നറിഞ്ഞു ഞാനും..




1 comment:

Aswathy P S said...

ലാളിത്യം അലങ്കരിക്കുന്നു, തുമ്പപ്പൂവിനേയും തുമ്പക്കവിതയേയും . ആശംസകൾ യമുന ടീച്ചറിന്.