Raji Chandrasekhar :: പ്രാണദാഹം

Views:

വര :: അശ്വതി


"പേരു വെട്ടിച്ചുരുക്കുന്ന ക്രൂരത,
ആരു നിന്നിലൊളിപ്പിച്ചു ഗൂഢമായ് ?"
വാക്കുടക്കെന്‍റെ പാതി മയക്കത്തി-
ലൂക്കിലെന്നെയിടിച്ചു ചോദിക്കുന്നു...

പേരു വെട്ടിച്ചുരുക്കിയതല്ല ഞാൻ,
പാതിരാവിൻ മിഴിപ്പിണക്കത്തിലെൻ
ചാരെ നീ വന്നു ചേർന്നൊന്നു നിന്നതും
വാരിയെന്നെപ്പുണർന്നുമ്മവച്ചതും

അർദ്ധബോധം മറഞ്ഞെൻ വിരലുകൾ
അർത്ഥമെങ്ങോ തിരഞ്ഞു തേയുന്നതും
ഓർത്തു കോരിത്തരിക്കുവാൻ മാത്രമായ്
കോർത്തടുക്കും കൊതിക്കൂട്ടു ഭ്രാന്തുകൾ.

വിട്ടുപോകില്ലൊരിക്കലും തമ്മില്‍, നാം
കട്ടുതിന്നാത്ത രാധയും കണ്ണനും
ഒട്ടു നേരമൊരുമിച്ചിരിക്കുമ്പോൾ
മട്ടുമാറിക്കലമ്പുന്ന കുട്ടികൾ.

ബോർഡിലക്ഷരക്കട്ടകൾ കൂട്ടുകാർ,
ബോധിവൃക്ഷത്തണൽ ധ്യാനബോധ്യമായ്
വീണ്ടുമെന്നെത്തിരിച്ചെടുക്കും, നിദ്ര
നീണ്ടുപോകാതെ, രാവായനങ്ങളിൽ.

മൗസിൽ നിന്നു കൈമാറ്റാതെ മാന്യമാം
സൗഹൃദം സ്ക്രോളു ചെയ്യുന്നു ചിന്തകൾ,
കൗതുകം കാടുകേറാത,തിർത്തിയില്‍
സൗമനസ്യം ചുരത്തുന്നു നിന്മുഖം.

എന്തു ചെയ്യുന്നുവെന്നറിയാതെയും
എന്തിനെന്നൊരു ചോദ്യമില്ലാതെയും
മായമേറുമെൻ പൊയ്ക്കണ്ണിലുന്മദം
മാഞ്ഞതാകാം, മനസ്സിലുണ്ടെപ്പൊഴും.

അല്ല, വേറെന്തു ചെയ്യുവാ,നിച്ചതി-
പ്പല്ലുക,ളാഴ്ത്തിയൂറ്റുമെൻ പ്രാണന്‍റെ
ചൊല്ലിരുട്ടിലേക്കാഴുന്നതിൻ മുൻപു
കൊല്ലു സ്നേഹിച്ചു, നീ തന്നെ,യെന്‍ സഖീ...

Audio Files




No comments: