ഹിറ്റ്ലറുടെ ഭാഷയുമായി കമ്യൂണിസ്റ്റ് ചൈന
കെ വി രാജശേഖരന്‍റെ മറ്റു രചനകള്‍ വായിക്കാം |
1930കളിലെ അഡോൾഫ് ഹിറ്റ്ലറുടെ ഭീഷണിയുടെയും വെല്ലുവിളികളുടെയും ക്രൂരമായ ആവർത്തനത്തിന്‍റെ പരോക്ഷമായ പ്രകടനമാണ് 2021 ജൂലൈ ഒന്നാം തീയതി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജന്മജതാബ്ദി വേളയിൽ ബയ്ജിങ്ങിൽ കണ്ടത്. കമ്യൂണിസ്റ്റു പാർട്ടിയുടെയും ഭരണകൂടത്തിന്‍റെയും ഏകച്ഛത്രാധിപതി ഷീ ജിൻ പിങ്ങ് മാനവരാശിക്കെതിരെ കൂടുതൽ പ്രഹര ശേഷിയുള്ള മാരകായുധങ്ങളുമായുള്ള ആക്രമണങ്ങൾ തുടരുമെന്ന സൂചനകൾ ആവർത്തിച്ചിരിക്കുന്നു. ചൈനയിലെ സാധാരണ ജനങ്ങളുൾപ്പടെ ലോകത്തെയാകെയാണ് ഭീഷണിപ്പെടുത്തിയതും വെല്ലു വിളിച്ചതും. ചോദ്യം ചെയ്താൽ ജനാധിപത്യ ശക്തികളെ തച്ചുടയ്ക്കുമെന്ന്! അതിനുള്ള സൈനികശക്തി അവർക്കുണ്ടെന്ന്! തെയ്വാൻ അവർ പിടിച്ചെടുക്കുമെന്ന്! തങ്ങൾ വരച്ചുകാണിച്ചിടം തങ്ങളുടേതാണെന്നും അതിരു പങ്കിടുന്ന പന്ത്രണ്ടു രാജ്യങ്ങളും കരുതിയിരുന്നോണമെന്നും!
കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടം കൊന്നു തള്ളിയ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ 'സ്മരണകളിരമ്പുന്ന' ബയ്ജിങ്ങിലെ ടിയാനെന്മൻ സ്ക്വയറിലെ മണൽത്തരികൾ, മാനവികതയുടെ ശത്രുപക്ഷത്തിന്‍റെ ചുടലനൃത്തമായിട്ടായിരിക്കണം ആ വികൃത ഘോഷങ്ങളെ കേട്ടറിഞ്ഞത്. ഹിറ്റ്ലറെക്കാളും ശക്തനാണ് ഷീ. സാങ്കേതിക മികവുള്ള ആയുധ ശേഖരവും ലോകത്തിലെ ഏറ്റവുംവലിയ സൈനിക ശക്തിയുള്ള കമ്യൂണിസ്റ്റ് പാർട്ടിയും ലോകം വിലയ്ക്കെടുക്കാനുള്ള സാമ്പത്തിക ശക്തിയും കപട പ്രചരണശേഷിയും അധീനതയിലുണ്ട്. പരിഷ്കരിച്ച ഭരണഘടന അനുസരിച്ച് മരിക്കും വരെ കമ്യൂണിസ്റ്റ് ചൈനയുടെ സ്വേച്ഛാധിപതിയായി തുടരുകയും ചെയ്യാം.
- സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും മറുത്തു പറഞ്ഞാൽ മരണം മറുപടിയായി നൽകുന്നതാണ് മാക്സിസവും മാവോയിസവുമെന്ന് മറയില്ലാതെ വ്യക്തമാക്കുന്ന മനുഷ്യാവകാശലംഘനം.
- പന്ത്രണ്ട് അയൽ രാജ്യങ്ങളോടും നിരന്തരം ഉയർത്തുന്ന കടന്നാക്രമണ ഭീഷണി.
- ആക്രമിച്ച് പിടിച്ചെടുത്ത ടിബറ്റിന്‍റെ ഭാഷയും സംസ്കാരവും ആവാസ വ്യവസ്ഥിതിയും ജൈവസമ്പത്തും തകർത്തു തരിപ്പണമാക്കിക്കൊണ്ട് തുടർന്നു പോരുന്ന കൊളോണിയൽ അധിനിവേശത്തിന്‍റെ കടും പിടുത്തം.
- വൺ ബൽറ്റ് വൺ റോഡ് പദ്ധതിയിലൂടെ തങ്ങളോടടുക്കുന്ന സകല രാജ്യങ്ങളെയും കടം കൊടുത്ത് കെണിയിലാക്കുന്ന തന്ത്രം.
- ഉയ്ഗറിലെ മുസ്ലീങ്ങളെ സ്വന്തം ഇഷ്ടം പോലെ ഉടുക്കാനും നടക്കാനും ഉണ്ണാനും റംസാൻ കാലത്ത് ഉണ്ണാതിരിക്കാനും അനുവദിക്കാതെ, അടികൊടുത്ത്, അടക്കിവാഴുന്ന പൈശാചികത.
- സ്വന്തം രാജ്യത്തെ ഇസ്ലാമിക/കൃസ്ത്യൻ മത സമൂഹങ്ങളുടെ അവകാശലംഘനവും അവരോട് പ്രകടിപ്പിക്കുന്ന കൊടും ക്രൂരതയും. ഇതൊക്കെയാണെങ്കിലും ലോകം കണ്ട എല്ലാ ഏകാധിപതികളേക്കാൾ ഭയചകിതനാണ് ഷീ ജിൻ പിങ്ങ്. അതല്ലെങ്കിലും പൊതുവെ ഏകാധിപതികൾക്കെല്ലാം സ്വന്തം നിഴലിനെ പോലും ഭയമാണ്.
വിധേയത്വം കൊണ്ട് വിവേകം നഷ്ടപ്പെട്ട ഇൻഡ്യൻ കമ്യൂണിസ്റ്റുകൾ
ഉടലിലാകെയും ഉടുതുണിയിലാകെയും ചെളിവെള്ളം തെറിപ്പിച്ചു കടന്നു പോകുന്ന കാറിന് 'എന്തൊരു സ്പീഡ്' എന്നു പറഞ്ഞ് കയ്യടിക്കുന്ന ബുദ്ധിവളർച്ചയും പ്രതികരണശേഷിയുമില്ലാത്ത മന്ദബുദ്ധിയായ ചലച്ചിത്ര കഥാപാത്രത്തെയാണ് ഇൻഡ്യൻ കമ്യൂണിസ്റ്റുകൾ ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയെ പുകഴ്ത്തുന്ന വായ്ത്താരികൾ കേൾക്കുമ്പോൾ ഓർത്തു പോകുന്നത്. ആ കാർ കടന്നു ചെല്ലുന്നത് അടുത്ത വളവും കഴിഞ്ഞുള്ള തന്‍റെ വീട്ടിലേക്കാണോ എന്നും, കാട്ടാളത്തം പ്രകടമാക്കുന്ന അവരവിടെയെത്തിയാൽ തന്‍റെ അമ്മയുടെയും സഹോദരിയുടെയും അവസ്ഥയെന്താകും എന്നും ഒക്കെ ചിന്തിക്കുവാനുള്ള വകതിരിവ് കാണിക്കാതെ, കയറിമെനയുന്നവൻ തിരിച്ചുവരുമ്പോൾ വലിച്ചെറിയുന്ന കഞ്ചാവ് ബീഡിക്കുറ്റികളും കാത്തുനിൽക്കുന്ന കുടുംബദ്രോഹികളുടെ തലത്തിലേക്ക് ഇൻഡ്യൻ കമ്യൂണിസ്റ്റുകൾ വഴുതിവീഴുന്നതു കാണുമ്പോൾ സഹതാപമല്ല, വെറുപ്പുതന്നെയാണ് തോന്നുക. . ചൈനയുടെ പ്രഹരശേഷി പെരുപ്പിച്ചുകാട്ടി, ഭയപ്പെടുത്തി ഭാരതത്തിന്‍റെ പ്രതിരോധം തകർത്ത് ശത്രുവിനെ സഹായിക്കയാണ് ഇൻഡ്യൻ കമ്യൂണിസ്റ്റുകാരുടെ ഭ്രാന്തൻ തന്ത്രം. ചൈനക്കാരന്‍റെ കരത്തിനെത്ര കരുത്തുണ്ടെന്നും കത്തിക്കെത്ര മൂർച്ചയുണ്ടെന്നും ഭാരതം കൃത്യമായി തിരിച്ചറിയുന്നുണ്ട്. കടന്നു കയറുന്നവന്‍റെ കഴുത്തൊടിക്കാനുള്ള കൈക്കരുത്ത് കരുതിവെക്കുന്നുമുണ്ട്. 1979 ൽ ചൈനയെ പരാജയപ്പെട്ടത്തിയ ചെറിയ രാജ്യമായ വിയറ്റ്നാമിന്‍റെ നേതാവ് ഹോ ചി മീനിൽ ശിവജിയുടെ രണതന്ത്രവും വീരസവർക്കറുടെ ജീവിതവും ചെലുത്തിയ സ്വാധീനം തിരിച്ചറിയുന്ന ഭാരതത്തിന് ഏത് വമ്പന്‍റെ കടന്നാക്രമണവും പ്രതിരോധിക്കാനുള്ള ആത്മവിശ്വാസമുണ്ട്.
പതിവു പോലെ 'ദേശാഭിമാനിയും' ആഘോഷ വേളയിൽ ചൈനയെ ആരാധിക്കുവാൻ അക്ഷരങ്ങളേറെ നിരത്തി. അക്കൂട്ടത്തിൽ കണ്ട കമ്യൂണിസ്റ്റ് മാക്സിസ്റ്റ് പാർട്ടി പോളിറ്റ് മെമ്പർ എംഎ ബേബിയുടെ ചൈനയെ വാഴ്ത്തുന്ന ലേഖനപരമ്പരയിലെ ചില ഏറ്റു പറയലുകൾ കൗതുകകരമായിരിക്കുന്നു.
ഷീ ജിൻ പിങ്ങിന്‍റെ മനം കുളിർപ്പിക്കുവാൻ മാവോയെ ചെറുതാക്കി എം എ ബേബി
മാവോയുടെ ഭരണകാലത്തെ “മഹത്തായ കുതിച്ചുചാട്ടം’’ (1958-1962) ഒന്നരക്കോടി പാവപ്പെട്ട ജനങ്ങളെ കൊന്നൊടുക്കിയത് സഖാവ് ബേബി മറക്കാതെ കുറിച്ചോർമ്മിപ്പിച്ചിരിക്കുന്നു. 1966 ൽ ആരംഭിച്ച് ഒരു പതിറ്റാണ്ട് നീണ്ടുനിന്ന “സാംസ്കാരിക വിപ്ലവം’’ എങ്ങനെയായി മാറിയെന്നും ആ സഖാവ് എടുത്തു പറഞ്ഞിരിക്കുന്നു: ''അധികം വൈകാതെ സർവ നിയന്ത്രണങ്ങളും വിട്ട് തെരുവുയുദ്ധങ്ങളായി അതു മാറി. സാങ്കൽപ്പിക കുറ്റങ്ങളാരോപിച്ച് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ശ്രദ്ധേയരായവർ മുതൽ പലതലങ്ങളിൽ പ്രവർത്തിച്ച അസംഖ്യം പേർ സ്ഥാന ഭ്രഷ്ടരാവുകയോ ഗ്രാമങ്ങളിലേക്ക് കൃഷിപ്പണിചെയ്യാൻ നാടുകടത്തപ്പെടുകയോ ചെയ്തു. ലിയുഷാവോചി (എങ്ങനെ നല്ല കമ്യൂണിസ്റ്റാകാം എന്ന പഠന കൃതിയുടെ രചയിതാവും ചൈനീസ് പ്രസിഡന്റുമായിരുന്നു.) ദെങ്സിയാവോപിങ് (സി പി സി ജനറൽ സെക്രട്ടറി) തുടങ്ങിയവർ വേട്ടയാടപ്പെട്ടവരിൽ ഉൾപ്പെടും'. '1976 സെപ്തംബറിൽ മൗവിന്‍റെ മരണത്തിന് ശേഷമാണ് തെറ്റുകൾ തിരുത്താനുള്ള സാഹചര്യം രൂപപ്പെട്ടത്" എന്ന് എം.എ. ബേബി എടുത്ത് പറഞ്ഞതും കൂടി കണക്കിലെടുക്കുമ്പോൾ എന്തേ ഇങ്ങനെയൊക്കെ എഴുതാനുള്ള കാരണം എന്ന് ആരും ചിന്തിച്ചു പോകും. കമ്യൂണിസ്റ്റ് മാക്സിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പർ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ശതാബ്ദിവേളയിൽ സിപിഎം മുഖപത്രത്തിലെഴുതിയ ലേഖനത്തിന്‍റെ പരിഭാഷ ചൈനയിലേക്കെത്താനും സ്വാഭാവിക സാദ്ധ്യതയുണ്ട്. അത്തരം ഒരു ലേഖനത്തിൽ മാവോയെ കുറിച്ചും മാവോയുടെ ഭരണകാലത്തെ കുറിച്ചും നിറം കെടുത്തുന്ന പരാമർശങ്ങൾ എന്തുകൊണ്ട് കൊടുത്തുയെന്നത് കൗതുകമാണ് ഉയർത്തുന്നത്.
മാവോയുടെ ഭരണകൂട ഭീകരതയിൽ ഷീ ജിൻ പിങ്ങും അച്ഛനും സഹോദരിയും അനുഭവിച്ച പീഢനം
കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഭരണകൂടത്തിന്‍റെയും അടിച്ചമർത്തലിന്‍റെയും ഉന്മൂലനത്തിന്‍റെയും ഭീകരതയിൽ നിന്ന് പിടിവിട്ട് രക്ഷപെട്ട ഇന്നത്തെ ചൈനീസ് ഏകച്ഛത്രാധിപതിയും കമ്യൂണിസ്സ് പാർട്ടി ജനറൽ സെക്രട്ടറിയുമായ ഷീ ജിൻ പിങ്ങിന്‍റെ ജീവിത കഥയിലതിന് ഉത്തരമുണ്ട്. അദ്ദേഹത്തിന്‍റെ പിതാവ് ആദ്യ കാല കമ്യൂമിസ്റ്റ് വിപ്ലവകാരിയുടെ തലത്തിൽ നിന്ന് ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെയും ഭരണകൂടത്തിന്‍റെയും ഉന്നതശ്രേണിയിലെത്തിയ ഷീ ഷോങ്ഗ്സെൻ ആയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ 'ശുദ്ധീകരണം', അതാത് കാലത്തെ പാർട്ടി യജമാനന്മാർക്ക് വ്യത്യസ്ഥ അഭിപ്രായമുള്ളവരെയും ഇഷ്ടമില്ലാത്തവരെയും ഇല്ലായ്മ ചെയ്യുന്നതിനുതകുന്ന സംഹാരശേഷിയുള്ള ആയുധമാണ്. ആവർത്തിച്ചുള്ള ശുദ്ധീകരണം പലപ്പോഴും 'കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്നു' എന്നു പറയുന്നതുപോലെ ഇരയായ പാർട്ടി സഖാവിനെ കൊന്നു കുഴിച്ചു മൂടുന്നതിനുള്ള വഴിയായി മാറാറുമുണ്ട്. ഷീ ഷോങ്ഗ്സെനും കുടുംബവും നിരന്തരം അത്തരം മനുഷ്യത്വരഹിതമായ 'ശുദ്ധീകരണത്തിന്' ഇരകളായിരുന്നവരായിരുന്നു.
1935ൽ പാർട്ടിക്കുള്ളിൽ നടന്ന ഇടത് തെറ്റുതിരുത്തൽ പ്രക്രിയയുടെ (ലെഫ്റ്റ് റെക്റ്റിഫിക്കേഷൻ) ഭാഗമായി അദ്ദേഹത്തെയും ലിയു ഷിദാനെയും ഗാവോ ഗാങ്ങിനെയും ജയിലിലടക്കുകയും തുടർന്ന് വധിക്കപ്പെടുവാൻ വിധിക്കപ്പെടുകയും ചെയ്തു. വിധിനടപ്പാക്കുവാൻ നിശ്ചയിച്ചതിന് നാലുദിവസം മുമ്പ് അവിടെയെത്താനിടയായ മാവോ സേതൂങ്ങ് വധ ശിക്ഷ റദ്ദു ചെയ്യുകയായിരുന്നു. അതേ മാവോ തന്നെ 1960കളിൽ, അതിനകം കമ്യൂണിസ്റ്റ് പാർട്ടി പ്രചരണവിഭാഗത്തിന്‍റെ തലവൻ വരെയായ ഷീ സോങാഗ്സനെ, വിശ്വാസവഞ്ചനയുടെ പേരിൽ പുറത്താക്കി. അന്ന് ഷീ ജിൻ പിങ്ങിന് ഒമ്പതു വയസ്സായിരുന്നു. ഷീയ്ക്ക് പതിനഞ്ചുവയസ്സായപ്പോൾ 'സാംസ്കാരിക വിപ്ലവത്തിന്‍റെ" ഭാഗമായ 'ശുദ്ധീകരണ' പ്രക്രിയയുടെ പേരും പറഞ്ഞ് കമ്യൂണിസ്റ്റു ഭരണം അച്ഛനെ ജയിലിലടച്ചു. മകനെ മാവോയുടെ 'ഡൗൺ ടു ദി കൺട്രിസൈഡ്' പദ്ധതിയുടെ ഭാഗമായ 'പുനർ വിദ്യാഭ്യാസത്തിന്' മൂന്നു കോടി 'സെൻഡ് ഡൗൺ യൂത്തിൽ' ഒരുവനായി ഗ്രാമങ്ങളിൽ നിർബന്ധിത വേലയ്ക്കും ബലമായി പറഞ്ഞുവിട്ടു. അതേ 'സാംസ്കാരിക വിപ്ളവത്തിന്‍റെയും' 'ശുദ്ധീകരണത്തിന്‍റെയും' പീഡനങ്ങൾക്ക് വിധേയയായി ഷീ ജിൻ പിങ്ങിന്‍റെ അർദ്ധ സഹോദരി (അച്ഛന്‍റെ ആദ്യഭാര്യയിലെ മകൾ) ഷീ ഹേപിങ്ങ് ആത്മഹത്യ ചെയ്യുകയായിരുന്നുയെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളതായാണ് അറിയപ്പെടുന്നത്. (അവിടെ, നേരത്തെ സൂചിപ്പിച്ചതുപോലെ, ശുദ്ധീകരിക്കാൻ വേണ്ടി കുളിപ്പിച്ച്, കുളിപ്പിച്ച്, കൊച്ചിനെ തന്നെ ഇല്ലാതാക്കി).
അടിച്ചമർത്തപ്പെട്ട ഷീ ജിങ്ങ്പിങ്ങ് അധികാരം പിടിച്ചപ്പോൾ
അങ്ങനെ കമ്യൂണിസ്റ്റ് പാർട്ടി കുടുംബത്തെയടക്കം ചവിട്ടി തള്ളിയ കുഴിയിൽ നിന്ന് പിടിച്ചു കയറിയ ഷീ ജിങ്ങ് പിങ്ങ് ഭരണത്തിലും പാർട്ടിയിലും വിട്ടുവീഴ്ചയില്ലാത്ത പിടി മുറുക്കിയിരിക്കുന്നു. ചൈനയുടെ പ്രസിഡന്റ് പദവിയിൽ രണ്ടുതവണമാത്രമെന്ന പരിധിയെടുത്തു കളഞ്ഞ് ഷീ ജിങ്ങ് പിങ്ങിന് ആയുഷ്ക്കാലം ആ കസേരയിലിരിക്കാനുള്ള വഴിതുറന്നിരിക്കുന്നു. അതിനുതകുന്ന ഭേദഗതി നാഷണൽ പീപ്പിൾസ് കോൺഗ്രസ്സ് എന്ന തിരുവായ്ക്ക് എതിരു പറയാത്തവരുടെ സഭ 2958 അനുകൂല വോട്ടുകളോടെയാണ് പാസ്സാക്കിയത്. രണ്ട് പേര് എതിർത്ത് വോട്ടു ചെയ്തു; മൂന്നു പേർ പങ്കെടുത്തില്ല! പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ അവിടവും ഉരുക്കു മുഷ്ടിയാൽ ഒതുക്കിയിരിക്കയാണ്. അഴിമതിക്കെതിരെയെന്നും പറഞ്ഞ് മാവോയുടെ കാലത്തെ സാംസ്കാരിക വിപ്ലവവും ശുദ്ധീകരണവും ഒക്കെ ഓർമ്മിപ്പിക്കുന്ന ഒരു കാമ്പയിനിലൂടെ പോളിറ്റ് ബ്യൂറോ അംഗങ്ങളടക്കം പാർട്ടിയുടെയും രാജ്യത്തെയും ഉയരാനിടയുള്ള തലകളെയെല്ലാം അടിച്ചിരുത്തിയിരിക്കയാണ്. കൂടാതെ സകല അധികാരങ്ങളും അവിടെ ഏകാധിപതിയിൽ കേന്ദ്രീകരിച്ചിരിക്കയുമാണ്.
നാഷണൽ സെക്യൂരിറ്റി കമ്മീഷനും സാമ്പത്തിക സാമൂഹിക പരിഷ്കരണങ്ങൾക്കുള്ള സ്റ്റിയറിങ്ങ് കമ്മറ്റികളും മിലിറ്ററി പുന:സംഘടനയും ആധുനികവത്കരണവും ഇന്റർനെറ്റുമെല്ലാം ഏകാധിപതി നേരിട്ടു തന്നെ നിയന്ത്രിക്കുന്ന തരത്തിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ഷീയുടെ രാഷ്ട്രീയ ചിന്തകളെ പാർട്ടിയുടെയും ചൈനയുടെയും ഭരണഘടനയുടെയും ഭാഗമാക്കി വിമർശനത്തിനതീതമാക്കി അദ്ദേഹത്തിന്‍റെ ഏകാധിപത്യത്തിന്‍റെ സുരക്ഷയ്ക്ക് മർമ്മ പ്രധാനമായ ഒരു സുരക്ഷാ വലയം കൂടി തീർത്തിട്ടുമുണ്ട്. അപ്പോൾ പിന്നെ ഇന്നത്ത ചൈനീസ് ഏകാധിപതിയുടെ കുടുംബത്തെയാകെ 'ശുദ്ധീകരിച്ച്' ഒരു പരുവമാക്കിയ മാവോയുടെ ഭരണത്തെ കുറിച്ച് ഒതുക്കത്തിൽ ചില കാര്യങ്ങൾ സൂചിപ്പിച്ച് ഷീ ജിൻ പിങ്ങിനെ ഉള്ളാലെ തൃപ്തനാക്കാക്കുകയാകാം എംഎ. ബേബിയുടെ ലേഖനത്തിന്‍റെ ലക്ഷ്യം.
വിധേയത്വം മറന്ന് കമ്യൂണിസ്റ്റുകാർ ചൈനയോട് ചോദിക്കേണ്ട ചോദ്യങ്ങൾ
ഇപ്പോഴെങ്കിലും സാർവദേശീയ തൊഴിലാളി വർഗ സർവ്വാധിപത്യത്തിന്‍റെ ദിശയിലേക്ക് മാനവരാശിയെ നയിക്കുന്നതിന് നൂറ് വർഷങ്ങൾ പിന്നിട്ട കമ്യൂണിസ്റ്റ് പാർട്ടി എന്തു സംഭാവന ചെയ്തു എന്നോന്ന് ചോദിച്ചുകൂടെ? അവരെ പോലെ തന്നെ ഉണ്ടായി നൂറു കഴിഞ്ഞ ഇൻഡ്യൻ കമ്യൂണിസ്റ്റ് പാർട്ടി എന്തു ചെയ്തുയെന്ന് തിരിച്ചു ചോദിച്ചാൽ നാണക്കേടാകുമെന്നറിയാം. എങ്കിലും അങ്ങനെയൊരു ചോദ്യം, പഠനതാത്പര്യം മാത്രം കണക്കിലെടുത്താൽ പോലും, അനിവാര്യമാണ്. ആ വിഷയം ചർച്ചയായാൽ കമ്യൂണിസ്റ്റ് സഹോദരരാജ്യമായ സോവിയറ്റ് യൂണിയനെ വരിഞ്ഞു മുറുക്കാൻ റിച്ചാർഡ് നിക്സനെയും ഹെൻറി കിസിഞ്ചറെയും നാട്ടിൽ വിളിച്ചു കയറ്റി അമേരിക്കയുമായി തന്ത്രപരമായി യോജിച്ചതെങ്ങനെ ന്യായീകരിക്കുമെന്ന് ചൈനയിലെ സഖാക്കളോട് ചോദിക്കേണ്ടി വരും. ഭാരതത്തോടുള്ള കമ്യൂണിസ്റ്റ് ചൈനയുടെ സമീപനവും ചർച്ച ചെയ്ത് ഇനി പറയുന്ന ചോദ്യങ്ങളും ചോദിക്കേണ്ടി വരും.
- സ്വാതന്ത്ര്യം പ്രാപിച്ച് ജനാധിപത്യം സ്വീകരിച്ച ഭാരതം വ്യത്യസ്ഥമായ പ്രത്യയയശാസ്ത്രങ്ങൾക്കൊക്കെ മത്സരിച്ച് ഇടം പിടിക്കാൻ അവസരം ഒരുക്കിയിരുന്നില്ലേ?
- ചൂഷിതരും മർദ്ദിതരുമായി നല്ലനാളെയ്ക്കു വേണ്ടി പൊരുതി മരിക്കുവാൻ സാദ്ധ്യതയുള്ള ഒരു വലിയ ജനകീയശക്തി കമ്യൂണിസ്റ്റ് പരീക്ഷണത്തിന് സജ്ജമായിരുന്നില്ലേ?
- കമ്യൂണിസ്റ്റ് പാർട്ടി പ്രധാനപ്രതിപക്ഷമായി, അന്ന്, ഭാരതരാഷ്ട്രീയത്തിന്‍റെ മുഖ്യധാരയിലുണ്ടായിരുന്നുമില്ലേ?
- എന്തിനേറെ പറയണം. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും പ്രതിരോധമന്ത്രി വികെ കൃഷ്ണ മേനോനും ചൈനാ/സോവിയറ്റ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുമായി ചങ്ങാത്തത്തിന് ആവേശം കാട്ടിയവരായിരുന്നില്ലേ?
- ആ സാഹചര്യത്തിൽ ഭാരതത്തിനെതിരെ കടന്നാക്രമണത്തിനു വരാതെയും, സോവിയറ്റ് യൂണിയനുമായി കൊമ്പുകോർക്കാൻ മുതലാളിത്ത രാജ്യമായ അമേരിക്കയോട് ചങ്ങാത്തം കൂടാതെയും സ്വന്തം രാജ്യത്ത് മാതൃകാപരമായ ജനകീയ ജനാധിപത്യത്തിന്‍റെ മാതൃക വളർത്തുകയും ഭാരതം പോലെയുള്ള അയൽ രാജ്യങ്ങളിലെ ബഹുജന മൂന്നേറ്റങ്ങൾക്ക് പ്രത്യയയശാസ്ത്ര പരമായ മാതൃകയായി സ്വയം മാറി പിന്തുണ നൽകുകയും ചെയ്തിരുന്നുവെങ്കിൽ ജനാധിപത്യം നൽകുന്ന രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യത്തെ കൂടി ഉപയോഗിച്ചുകൊണ്ട് ഭാരതത്തെയും കമ്യൂണിസ്റ്റ് രാഷ്ട്രമാക്കുന്നതിന് സകാരാത്മക സംഭാവന ചെയ്യുവാൻ ചൈനയ്ക്ക് കഴിയുമായിരുന്നില്ലേ?
- അങ്ങനെ ഭാരതവും ചൈനയും സോവിയറ്റ് യൂണിയനും ചേർന്ന ഒരു വലിയ ഭൂപ്രദേശത്ത് തൊഴിലാളി വർഗ സർവ്വാധിപത്യത്തിന്‍റെ വഴി തുറന്നിരുന്നുവെങ്കിൽ അതാകുമായിരുന്നില്ലേ സാർവ്വദേശീയ തൊഴിലാളി വർഗ സർവ്വാധിപത്വത്തിലേക്കുള്ള ഫലപ്രദമായ മാർഗം?
ആ ചോദ്യങ്ങൾക്ക് ചൈന ഉത്തരം തന്നാലുമില്ലെങ്കിലും സാമ്രാജ്യത്വ വിസ്താരത്തിനുള്ള അതിമോഹം കാരണം അത്തരം ചരിത്രപരമായ ഒരു സാദ്ധ്യതയെ പരിഗണിക്കുക പോലും ചെയ്യാതിരുന്ന ചൈനയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന് കമ്യൂണിസ്റ്റ് ഭരണകൂടം എന്നു വിളിക്കാനും അവരോട് ചങ്ങാത്തം കൂടി ഭാരതീയ ദേശീയതയെ എതിർക്കുവാനും ഇൻഡ്യൻ കമ്യൂണിസ്റ്റുകളെ നിർബന്ധിതരാക്കുന്ന നിവൃത്തികെട് എന്താണെന്ന് ഇവിടത്തെ സഖാക്കൾ ഉത്തരം നൽകണം.
ആ ചോദ്യത്തിനുള്ള ഇൻഡ്യൻ സഖാക്കളുടെ മറുപടിയും ഭാരതത്തോടുള്ള ചൈനയുടെ തുടർ ഭീഷണിയോട് അവരുടെ സമീപനവും എന്തു തന്നെയാണെങ്കിലും ഹിറ്റ്ലറുടെ ഭാഷയിൽ സംസാരിക്കുന്ന ഷീ ജിൻ പിങ്ങിന്‍റെ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് സാമ്രാജ്യത്വ ചൈന, സ്വയം തിരുത്തിയില്ലെങ്കിൽ, നാസി ജർമ്മനിയുടെ അന്ത്യം അവരെയും കാത്തിരിക്കുന്നുയെന്നു പറയുവാൻ നരേന്ദ്ര മോദി നയിക്കുന്ന ജനാധിപത്യഭാരതത്തിന് കരുത്തുണ്ടെന്നത് കരുതിയിരുന്നുകൊള്ളുക.
9497450866
No comments:
Post a Comment