Kaniyapuram Nasirudeen :: എന്‍റെ ഗ്രാമം കണിയാപുരം

Views:

 

സ്കൂൾ അനുഭവം

എന്‍റെ ഗ്രാമം കണിയാപുരം

കണിയാപുരം നാസറുദ്ദീൻ

Kaniyapuram Nasirudeen

വർഷങ്ങൾക്ക് മുന്പ് കണിയാപുരം ഗവ:യു.പി.സ്കൂളിലും തുടർന്ന് അഞ്ചാം ക്ലാസ് മുതൽ അടുത്തല്ല അൽപം അകലെയുള്ള എയ്ഡഡ് സ്കൂളിലുമായിട്ടായിരുന്നു എന്‍റെ പ്രാഥമിക സ്കൂൾ പഠനം..അകന്ന ബന്ധു (ജ്യേഷ്ഠൻ)ആണ് എന്നെ ആ സ്കൂളിൽ ചേർക്കാൻ ബാപ്പയോട് ആവശ്യം ഉന്നയിച്ചതും അങ്ങനെ അവിടെ എന്നെ ചേർക്കാൻ തയ്യാറായതും.

ഒരു  പുഴയുടെ അരികിലൂടെ നടന്നു വേണം റോഡിൽ എത്താൻ. പിന്നീട് റോഡിലൂടെയും നടന്നാൽ സ്കൂൾ എത്തും .ഇന്നത്തെ പോലെ വാഹനസൗകര്യം  അന്ന് ഇല്ലല്ലോ.

സ്വന്തം വാഹനം ഇന്നും ഒരു സ്വപ്നം ആയി തുടരുന്ന എനിക്ക് അന്ന് ആ പ്രായത്തിൽ വാഹനംഇല്ലെന്നത് ഒരു പരിഭവമായി തോന്നിയിട്ടേയില്ല.

അന്ന് അദ്ധ്യാപകർക്ക് പോലും സൈക്കിൾ ആയിരുന്നു വാഹനം.

ആ സ്കൂളിൽ ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു. സലിം, സുലൈമാൻ, സുബൈർ എന്നിങ്ങനെ ഞങ്ങൾ ഒരു ടീമായിരുന്നു.ഒരുമിച്ച് പോവുകയും മടങ്ങുകയും ചെയ്യുന്ന ആ നല്ല കാലം എന്നും ഓർമ്മയിൽ തെളിഞ്ഞു വരും.

ഞങ്ങൾ സ്കൂളിൽ പോകാൻ പല വഴികൾ തെരഞ്ഞെടുക്കാറുണ്ട്.

അതിൽ ഒരു വഴിയിൽ പറങ്കിമാവിൻ തോപ്പ് ഉണ്ടായിരുന്നു.

തൊട്ടുരുമ്മി നിന്ന് കിന്നരിക്കുന്ന കശുമാവുകൾ  ഇന്ന് ഒരു സ്വപ്നം മാത്രം ആയി. ആ വഴിയിൽ ഇന്ന് നിറയെ പടുകൂറ്റൻ കെട്ടിടങ്ങൾ  ഉയർന്നു നിൽക്കുന്നത്  കാണുമ്പോൾ പഴയ ഓർമ്മകൾ കാറ്റ് വരുംപോലെ തൊട്ടു തഴുകാറുണ്ട്.

സ്കൂളിൽ ബെല്ലടിക്കാനുള്ള സമയം കഴിഞ്ഞു. താമസിച്ച് എത്തുന്ന കുട്ടികളെ ഹെഡ്മിസ്ട്രസ് സെലിൻ ടീച്ചറുടെ അടുത്ത് കൊണ്ട് പോകും. അന്നൊക്കെ എച്ച് എം  നെ ദൂരെ കാണുന്പോഴേക്കും കാലുകൾ വിറയ്ക്കാൻ തുടങ്ങും.

 മുന്‍പൊരിയ്ക്കൽ നല്ല മഴയത്ത് കുടയൊന്നും ഇല്ലായിരുന്നു. നനഞ്ഞു കുതിർന്നു വൈകി ചെന്നതിന് എച്ച് എം വഴക്ക് പറഞ്ഞത്  കാതിൽ മുഴങ്ങുന്നുണ്ട്. അതു കൊണ്ട് തന്നെ അന്ന് പോകാതിരിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.

താമസിച്ചെത്തിയാൽ വഴക്കു പറയും അല്ലെങ്കിൽ അടിക്കും എന്നൊക്കെ അറിയാമെന്കിലും സ്കൂളിൽ ചെല്ലാതിരുന്നാൽ എന്ത് ശിക്ഷയാണെന്ന  കാര്യം ഞങ്ങൾ ആരും ഓർത്തില്ലല്ലോ എന്ന് ഇപ്പോൾ ഓർക്കുമ്പോൾ ഈ ഓർമ്മയെ പോലും ചിലപ്പോൾ ശപിച്ചു  പോകും.

ഞങ്ങൾ മരങ്ങൾക്കിടയിൽ പറങ്കിയണ്ടിയും തേടി നടന്നു .അതിനിടയിൽ പരിചയമുള്ള ആരെങ്കിലും  വരുന്നുണ്ടോ എന്ന് നോക്കാൻ എനിക്കാണ് ചുമതല. കുറെയേറെ നേരം ഞാൻ ആളെയും നോക്കി അങ്ങനെ നില്പായിരുന്നു.

എന്‍റെ ഉള്ള് പിടയുന്നുണ്ടായിരുന്നു. ആരെങ്കിലും എന്നെ കണ്ടാൽ പണി പാളും. കാരണം വീട്ടിൽ അറിയിക്കും.

മാത്രമല്ല സ്കൂളിൽ, വകയിൽ ജ്യേഷ്ഠൻ സാറും അറിഞ്ഞാലോ .

ആ ഒരു പേടിയോടെ കുറെ നേരം നിന്നു. ഭാഗ്യത്തിന് ആരും പരിചയമുള്ള വർ  ആ വഴി വന്നില്ല.     

ഞങ്ങൾ വട്ടം കൂടിയിരുന്നു. പെറുക്കി കൂട്ടിയ പറങ്കിയണ്ടികൾ പങ്കു വയ്ച്ചു.

സ്കൂളിൽ കൊണ്ട് പോയ സഞ്ചിയിലുണ്ടായിരുന്ന ചോറിന്‍റെ കാര്യം വാഴയില മണമായി മൂക്കിലേക്ക് ഇരച്ചെത്തി.

ഉള്ളത് എല്ലാവരും ചേർന്ന് തിന്നു.

ഇതൊക്കെ കഴിഞ്ഞു വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിൽ ചെല്ലുന്ന രംഗം ഇന്നും ഓർമ്മകളിൽ പച്ച പിടിച്ചു നിൽക്കുന്നത് ഒരു ചിരിയോടെയല്ലാതെ ഓർക്കുക വയ്യ

കണിയാപുരം നാസറുദ്ദീൻ

       ദാറുൽസമാൻ

           കരിച്ചാറ

  പള്ളിപ്പുറം.. പി.ഒ

 തിരുവനന്തപുരം...695316

 മൊബൈൽ..9400149275




1 comment:

Deepurs Chadayamangalam said...

ഓർമ്മകൾ നോവാണ്. ആ നല്ല കാലം തിരിച്ചു വരില്ലല്ലോ ഇനിയൊരിക്കലും. 😥