Skip to main content

Posts

Showing posts from January, 2022

Sidheek Subair :: ഓർച്ച

  ഓർച്ച ഓർമകളെന്നെയും ബാക്കിയാക്കി , ഓർത്തോർത്തു നാളുകൾ നീന്തിടുമ്പോൾ , ഓടാമ്പൽ നീക്കിപ്പതഞ്ഞു കാലം, ഓരോ ദിനവുമായി നീ വരുന്നു .... ഓലത്തിരകളാൽ നൃത്തമാടും, ഓണവെയിൽ നിൻ കരം പിടിക്കെ, ഓർമയിൽ പൂക്കളം തീ കൊളുത്തും , ഓർക്കാത്തതായില്ല നിന്നിലൊന്നും .... ഓതപ്പരപ്പിന്റെ തോറ്റമാടി, ഓരാത്ത ലവണ്യ ധാര നേടി, ഓളമടങ്ങാത്ത രാഗമെന്നും ഓടക്കുഴൽവിളിപിന്തുടരും ....... ഓതിത്തരുന്നോരു നേരു മിന്നും, ഓടമിരുട്ടിൽ മിഴി തെളിക്കും , ഓജസുചോരാത്ത നിന്നിലേയ്ക്കായി, ഓടിക്കിതച്ചാലുമാഞ്ഞു നീങ്ങും ... ഓവുപാലം കേറുമോർമ്മ വീണ്ടും , ഓഹരി വാങ്ങി പിരിഞ്ഞു പോകേ , ഓർക്കാപ്പുറത്തെൻ തുഴ തകർക്കും , ഓരമകന്നടിത്തട്ടു കാണും ... ഓളങ്ങളാകാശ വാഴ് വു പുൽകും, ഓർച്ചമങ്ങാതെ നിന്നുള്ളിലാഴും, ഓട്ടം തുടരും കടൽ തിമിർക്കും, ഓമലേ ഞാനന്നു പൂർണ്ണനാകും. -സിദ്ദീഖ് സുബൈർ -