കുളം + പ്രാന്തത്തി

Views:


വാക്ക്‌ കൂര്‍ത്ത അമ്പായി മാറ്റുന്നുണ്ട്‌ വിഷ്ണുപ്രസാദ്‌. ധീരമായ നിരീക്ഷണങ്ങളും പ്രയോഗങ്ങളും കവിതകളിലുണ്ട്‌. വ്യത്യസ്തതയ്ക്കു വേണ്ടിയുള്ള ചില പ്രയോഗങ്ങള്‍ വായനയില്‍ അലോസരമുണ്ടാക്കുന്നുമുണ്ട്‌, എങ്കിലും കവിതകളുടെ സമകാലിക പ്രളയത്തില്‍ ഒഴുകിപ്പോകാതെ നില്‍ക്കത്തക്ക കാവ്യഗുണങ്ങള്‍ വിഷ്ണുപ്രസാദിന്റെ മൗലികതയ്ക്ക്‌ സാക്ഷ്യമാണ്‌

'പുരുഷന്‍ എന്ന ഗര്‍വ്വിനെ വലിച്ചെറിഞ്ഞ്‌ ഒരു നിമിഷം പെണ്ണായി ഈ ലോകത്തെ നോക്കണം. അപരിചിതമായ ഭയങ്ങള്‍ ഇരച്ചുവരുന്ന വ്യത്യസ്തമായ നാട്ടിലാവും പുരുഷനെത്തുക’ തലതിരിഞ്ഞതെന്ന്‌ തോന്നാവുന്ന ഇത്തരം ചില കാഴ്ച്ചകള്‍ കുളം+പ്രാന്തത്തിയിലുണ്ട്‌. ലിംഗരാജ്‌ എന്ന കവിതയുടെ പേരു തന്നെ അഹങ്കാരമായി വ്യാഖ്യാനിച്ചേക്കാം. ഒന്നിനു പിറകെ ഒന്നായി ചോദ്യങ്ങളുതിര്‍ത്തുകൊണ്ട്‌ ഭിന്ന അനുപാതങ്ങളില്‍ ഉരുവംകൊള്ളുന്ന ജീവിതമാണ്‌ ‘അലര്‍ച്ച'യിൽ.

'സ്കൂള്‍ വിട്ടതും
കുടകളുടെയൊരു 'കറുത്തനദി' ഒഴുകിപ്പോയി

'ദഹിക്കാതെ കിടക്കുന്ന മരണമാണ്‌
ഈ ജീവിതത്തിന്റെ പ്രശ്‌നം'

'കായ്ച്ചു എന്ന ഒറ്റക്കുറ്റത്തിന്‌ ഒരു മാവ്‌
ഏറു കൊള്ളുകയാണ്‌'.

'നിലവിളികളിലൂടെ അഴിഞ്ഞുവീണ ആകാശം'
-----എന്നിങ്ങനെയുള്ള വരികള്‍ വായനയിലെ മികച്ച അനുഭവമാണ്‌.

'പതിനാറാം നമ്പര്‍ സീറ്റ്‌', 'വിഷ്‌ണുപ്രസാദിന്റെ ജീവിതത്തിലെ ചില അത്ഭുതങ്ങള്‍' എന്നീ കവിതകള്‍ സ്വയം വിലയിരുത്തലിന്റെയോ ആത്മനിന്ദയുടയോ സ്വരം കേള്‍പ്പിക്കുന്നുണ്ട്‌. കാവ്യ ഭാഷയിലെ അപൂര്‍വ്വതയ്ക്കു വേണ്ടിയുള്ള ശ്രമം ചില കവിതകളില്‍ അനൗചിത്യമെന്നോ അഭംഗിയെന്നോ പറയാവുന്ന കാവ്യദോഷങ്ങള്‍ക്ക്‌ കാരണമാകുന്നു
 
കീര്‍ത്തനം, ‘വറുകീസ്‌ പുണ്യാളന്‍‘ എന്നീ കവിതകളില്‍ ഈ കാവ്യ ദോഷങ്ങള്‍ പ്രകടമായി കാണുന്നു വറുകീസ്‌ പുണ്യാളന്‍ വിലക്ഷണമായ സ്വഭാവമുള്ള കവിതയാണ്‌ കുളം+പ്രാന്തത്തി എന്ന സമാഹാരത്തിലെ മറ്റു കവിതകളില്‍ ; അഹന്തയുടെ സ്വരം ഇതുപോലെ കേള്‍ക്കുന്നില്ല
 
പ്രതിഭാഷ എന്ന ബ്ലോഗിലെ കവിതകളാണ്‌ ഈ പുസ്‌തകത്തില്‍ സമാഹരിച്ചിരിക്കുന്നത്‌. 'കെട്ടുപൊട്ടിക്കുന്ന കവിത' എന്ന വിശാഖ്‌ ശങ്കറിന്റെ പഠനവും 'പതിനാറാം നമ്പര്‍ സീറ്റി'നെപ്പറ്റി ചിന്തിക്കുമ്പോള്‍ എന്ന ശിവന്റെ ആസ്വാദനവും അനുബന്ധമായുണ്ട്‌
---000---