Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

Views:


ഒളിവറും വിജയനും പിന്നെ സുശീലയും 


1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്.

പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ നിന്നും കയറും പൊട്ടിച്ചു പോയ വിവരം ഇനിയെങ്കിലും പറയട്ടെ. പ്രശസ്ത കാല്പന്തു  വീരൻ ഐ.എം വിജയന്‍റെ ചിത്രം പത്രത്തിൽ കണ്ടിട്ട് ഇതല്ലേ ഡേയ്!! മറ്റേ "പെലെ "!!! എന്നു ചോദിച്ച ഒരു വെരിലേറ്റ് ചൈൽഡ് ഹൂഡ് എനിക്ക് ഉണ്ടായിരുന്നു എന്നു എന്‍റെ പ്രിയഭർത്തുവിനോട് ഞാനെങ്ങനെ പറയും... അതും പുള്ളിക്കാരൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ അസിസ്റ്റന്റ് മാനേജർ കൂടിയായിരുന്ന സമയത്ത്. കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിൽ ഐ.എം വിജയൻ ഉൾപ്പെടെയുള്ള ഫുട്ബോളൻ സെലിബ്രിറ്റികളോടൊപ്പം ഉള്ള നേരനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചപ്പോഴൊക്കെ ഉള്ളു നീറിക്കൊണ്ടാണ് ഞാൻ കെട്ടിരുന്നത്.  'വിജയേട്ടൻ' എന്ന സ്നേഹത്തോടെയുള്ള അദ്ദേഹത്തിന്‍റെ അഭിസംബോധന എന്‍റെയുള്ളിലെ പന്ത്രണ്ടുകാരിക്ക് താങ്ങാൻ നന്നേ പാടുപെടേണ്ടിവന്നു.

മുഖവുര മുഷിപ്പിച്ചില്ലെങ്കിൽ മുന്നോട്ടുവായിക്കുക. പറഞ്ഞുവന്നത് ഇതാണ്. ഒരു സിനിമാഅഡിക്ടിനെ കെട്ട്യോനായി കിട്ടിയാൽ റിലീസിംഗ് പടങ്ങൾ മുറതെറ്റാതെ കാണാം എന്ന് സിനിമാപ്രാന്തിയായിരുന്ന ഞാൻ കിനാവുകണ്ടിരുന്നു. പക്ഷേ ...എന്‍റെ പുള്ളിക്കാരന് പ്രാന്ത് പന്തിനോട് മാത്രം!!!ടിയാന്‍റെ പൂമ്പോടിയേറ്റിട്ടാവാം എന്‍റെ പ്രാന്തിൽ ഭേദം കണ്ടു തുടങ്ങിയത്... ഇപ്പൊ മൗത്ത് പബ്ലിസിറ്റി നോക്കി മാത്രേ ഉള്ളൂ പടം കാണൽ. അയ്യപ്പനും കോശിക്കും ശേഷം അത്തരത്തിൽ ഏറെ തവണ കേട്ട ചലച്ചിത്രം ആണ് റോജിൻ തോമസിന്‍റെ 'ഹോം'

ചിത്രത്തിന്‍റെ പേരിൽ ഉള്ള സൗമ്യത ചിത്രത്തിൽ ഉടനീളം കാണാം. എന്നാലത് ഫാസ്റ്റ് മൂവിങ്ങ് കൊമേർഷ്യൽ  പടപ്രേമികളെപോലും  വിമർശകർ ആക്കുന്നില്ല എന്നത് വാസ്തവം. നമ്മുടെ പ്രോട്ടാഗോണിസ്റ്റ് ആന്‍റണി ഒളിവർ ട്വിസ്റ്റ്‌ എന്ന നവാഗത തിരക്കഥാകൃത്ത് അല്ല....'തക്കാളി പഴുത്തതില്ല ' എന്നു ഒന്നുകൂടി എടുത്തു പറയുമ്പോൾ ഉണ്ടാക്കിയ ടോണൽ വേരിയേഷൻ കൊണ്ട് തുടക്കം മുതൽ അഭിനയത്തിന്‍റെ സ്വഭാവികത വാരി വിതറുന്ന സാക്ഷാൽ ഒലിവർ ട്വിസ്റ്റ് തന്നെ. 

ആ പഴയ തുന്നൽക്കാരനിൽ നിന്നും സംസ്ഥാന അവാർഡ് ജേതാവ് വരെയുള്ള ദൂരം പ്രതിഭ കൊണ്ടു മാത്രം നടന്നു കയറിയ സുരൻ... സുരേന്ദ്രൻ..അഥവാ ഇന്ദ്രൻസ്.  സിനിമയിലെ എല്ലാ പ്രഗത്ഭരുടെയും അളവ് എന്‍റെ പോക്കറ്റിൽ ഉണ്ടെന്നു തനതായ തന്‍റെ ചിരിയോടെ പ്രഖ്യാപിക്കുന്ന നമ്മുടെ പഴേ കുടക്കമ്പി. ഒരു കഷ്ണം തുണിയ്ക്ക് കുട എന്ന പേര് വാങ്ങിനൽകുന്ന കമ്പികളെപ്പോലെ, ഹോം എന്ന ആമസോൺ പ്രീമിയർ ചലച്ചിത്രത്തെ പലപ്പോഴും പ്രേക്ഷകനു സ്വയം റിലേറ്റ് ചെയ്യുവാൻ പാകത്തിലുള്ള ഒരനുഭവമാക്കി മാറ്റിയതിൽ ഒളിവറേട്ടന്‍റെ നിഷ്കളങ്കമായ ആ ചിരിയ്ക്ക് മാത്രം കൊടുക്കേണ്ടി വരും മുക്കാൽ മാർക്കും. ആദ്യമായി ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് വായിക്കാൻ ഏല്പിച്ചപ്പോൾ ഒളിവറിന്‍റെ അച്ഛന്‍റെ വേഷമാകും തനിയ്ക്ക് എന്നു ചിന്തിച്ച ഇന്ദ്രൻസേട്ടനെ എളിമയുടെ  യൂണിവേഴ്സിറ്റി എന്നു വിളിച്ചവരെ തെറ്റു പറയാൻ പറ്റുമോ.

കഥാഗതിയിൽ നേരിയ ലാഗ് തോന്നിയെങ്കിലും അത്യാവശ്യത്തിൽ കൂടുതൽ ഹാസ്യ മുഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ട് ഒളിവറിന്‍റെ ഇളയ മകൻ ചാൾസും  ഒളിവറിന്‍റെ സുഹൃത്ത് സൂര്യനും നല്ല ഒരു എന്‍റർറ്റൈനർ കൂടിയാക്കുന്നു ഹോമിനെ. 

പതിവ് ജസ്ചേർസ് കോമഡിയിൽ നിന്ന് മാറി വെർബൽ ഹ്യൂമറിലും തന്‍റെ ഇടം ഉറപ്പിച്ചു കൊണ്ട് ഇന്ദ്രൻസും ഒളിവറിലൂടെ ഒരു ശ്രീനിവാസൻ സ്റ്റൈൽ സീരിയസ് കോമഡി പരീക്ഷിച്ചു വിജയിക്കുന്ന കാഴ്ചയും കണ്ടു ഇവിടെ.

എക്സ്ട്രാ ഓർഡിനറിയ്ക്കു വേണ്ടി തന്‍റെ ഫ്ലാഷ് ബാക്കിൽ തിരയുന്ന ഒളിവർ തന്‍റെ അസാധാരണത്വം മകനോട് വർണിച്ചപ്പോൾ ആന്‍റണിയ്ക്കൊപ്പം പ്രേക്ഷകരും അവിശ്വാസ്യതയുടെ ആക്ഷേപമുയർത്തിയിട്ടുണ്ടാവും. എന്നാൽ കഥയിലെ മുഖ്യ കഥാപാത്രം പിന്നീട് നേരിട്ട് പൂർവ്വാനുഭവം പങ്കു വച്ചപ്പോൾ  ആന്‍റണിക്കൊപ്പം നമ്മളും കണ്ണു തുടച്ചത് തിരക്കഥയുടെ കൂടി വിജയം. ഇവിടെ ആകസ്മികത അമിതമായോ എന്നത് വേണമെങ്കിൽ വിമർശകന് വിഷയമാക്കാം  എന്നു മാത്രം.

മഹത്വത്തിന് പലതലങ്ങളുണ്ട്... അതിനു പണമോ പദവിയോ വിദ്യാഭ്യാസമോ അല്ല അളവുകോൽ എന്ന പഴയ തീമിന് പുതുമയുടെ പച്ചപ്പ് നൽകുന്നു സബ്തീം ആയ 'സ്മാർട്ട്‌ ഫോൺ അഡിക്ഷൻ'. ഒറ്റ നോട്ടിഫിക്കേഷൻ കൊണ്ടു നമ്മളറിയാതെ നമ്മുടെ വിലപ്പെട്ട സമയം കവരുന്ന നമ്മുടെ സ്മാർട്ട്‌ ഫോൺ. പിറവിയ്ക്കു വിധിയില്ലാതെ ചാപിള്ളയാവേണ്ടിവന്ന  പല മികച്ച സൃഷ്ടികൾക്കും കാരണം പ്രതിഭയുടെ കയ്യിലെ സ്മാർട്ട്‌ ഫോൺ ആകുന്നു പലപ്പോഴും.

പിന്നെ ശ്രദ്ധിച്ചത് കഥാന്ത്യത്തിൽ സ്വയം തിരിച്ചറിവിലൂടെ സ്വന്തം വിടവുകൾ നികത്താൻ ശ്രമിക്കുന്ന ആന്‍റണി.
 ''Yes I am always imperfect when I am at home"
പരമമായ സത്യം! വീട് ഒരു വികാരം ആണ്. നമ്മുടെ  കുറവുകൾക്ക് നേരെ മാസ്കിടാതെ നമ്മൾ ഇരിക്കുന്ന ഒരേയൊരിടം... നമ്മുടെ  സ്വന്തം വീട്. നമ്മുടെ വീക്നെസ്സുകൾ ഉൾപ്പെടെ നമ്മളെ സ്നേഹിക്കുവാൻ കഴിവുള്ളവർ ഉള്ളിടവും വീടല്ലാതെ മറ്റെവിടെയാണ്!

കണ്ടവർ  കണ്ടവർ ഇഷ്ടപ്പെട്ടു എന്ന് ഒറ്റ സ്വരത്തിൽ പറയുന്നുവെങ്കിൽ അതും അവാർഡു തന്നെ. അങ്ങനെയെങ്കിൽ ഈ ഭംഗിയുള്ള ഹോംന്‍റെ ഏറെ ഭംഗിയുള്ള ഷോകേസിൽ ആദ്യ അവാർഡ്‌ ഇടം നേടിക്കഴിഞ്ഞു... ഇനിയുള്ളത് പുറകെ വരട്ടെ.




2 comments:

അനിൽ ആർ മധു said...

ഒരു വേറിട്ട ആസ്വാദനം, സിനിമയെപ്പോലെ തന്നെ. നന്നായിട്ടുണ്ട്.i

Unknown said...

Thank you Anil sir...