Views:
ബി. കെ. രവികുമാർ |
ആൻറണി പക്ഷക്കാരനായതോടെ മുരളിയെ ഇല്ലാതാക്കാൻ കോൺഗ്രസ് കില്ലാടികൾ ശ്രമിച്ചു. അവരുടെ തന്ത്രങ്ങൾ ഫലിച്ചു. പുറത്തായ മുരളി മാർക്സിസ്റ്റ് പാർട്ടിയോടൊപ്പം ചേർന്നു. കേഡർപാർട്ടിയുടെ തന്ത്രങ്ങളിൽ വീണിട്ടും യാതൊരു പരുക്കും പറ്റാതെ മുരളീധരൻ കോൺഗ്രസിലേയ്ക്ക് തിരിച്ചു വന്നത് എ ഗ്രൂപ്പ് സഹായിച്ചതുകൊണ്ടു മാത്രമാണ്. കെ.പി.സി.സി കസേരയിൽ നിന്നും മുരളിയെ മാറ്റിയത്, മുഖ്യമന്ത്രിക്കസേര നൽകാനാണെന്ന് കേരളത്തിലെ ജനം അന്ന് വിശ്വസിച്ചു. ഈ അപകടം എ. ഗ്രൂപ്പ് തിരിച്ചറിഞ്ഞതിൻറെ ഫലമായി അദ്ദേഹത്തെ അവർ താറടിക്കുകയായിരുന്നു.
ഉപതിരഞ്ഞെടുപ്പിൽ
മുരളീധരൻ തോറ്റതാണെന്ന് പറയാനാകില്ല. തോൽപ്പിച്ചതാണെന്ന് ജനത്തിനുതന്നെ അറിയാം.
മന്ത്രിയായിരിക്കെ തോറ്റ കേരളത്തിലെ ഏക ആൾ എന്ന അപമാനമാണ് കോൺഗ്രസ്സുകാർ
അദ്ദേഹത്തിന് ചാർത്തിക്കൊടുത്തത്. അതോടെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറെ
പരിഗണിച്ചിരുന്ന മുരളിക്ക് ഇപ്പോൾ ഒരു സാദാ എം.എൽ.എ ആയി നിയമസഭയിൽ ഇരിക്കേണ്ടിയും വന്നു.
ഈ ചരിത്രം മുന്നിൽ കണ്ടു
വേണം രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവിവാദത്തെ വിലയിരുത്താൻ. മറ്റൊരു കെ.പി.സി.സി
പ്രസിഡൻറിനെ കെട്ടുകെട്ടിക്കാനുള്ള സംഘടിതവും ആസൂത്രിതവുമായ ഗൂഢാലോചനയാണിതെന്ന്
കാലം നമുക്ക് തെളിവു നൽകും. ഘടക കക്ഷികളെ കയ്യിലെടുത്തുതന്നെയാണ് മുരളിക്കെതിരേയും
കരുക്കൾ നീക്കിയത്. അതേ കളിതന്നെയാണ് ഇപ്പോഴും കോൺഗ്രസ്സിലെ വക്രബുദ്ധികൾ
ചെയ്യുന്നത്. പൊതുജനമദ്ധ്യത്തിൽ അധികാര മോഹിയായി ചിത്രികരിച്ച് ഇല്ലാതാക്കാനാണ് സ്നേഹം ഭാവിച്ച്
യാതൊരുപാധിയുമില്ലാതെ മന്ത്രിസഭയിലേയ്ക്ക് രമേശ് ചെന്നിത്തലയേയും ക്ഷണിച്ചത്. പിന്നീട് കരുതിക്കൂട്ടി വാക്ക് ലംഘിച്ചു.
എന്നാൽ മുരളീധരനല്ല രമേശ് ചെന്നിത്തല
എന്ന് തെളിയുകയാണ്. അല്ലെങ്കിൽ ഇത്രയും കുതികാൽ വെട്ടു നടക്കുന്ന കോൺഗ്രസിൽ
കെ.പി.സി.സി പ്രസിഡൻറായി എട്ടു വർഷം രമേശ് തുടരില്ലായിരുന്നു. ഉപമുഖ്യമന്ത്രി
സ്ഥാനം നാളത്തെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്കുള്ള ചവിട്ടു പടിയല്ലെന്ന് രമേശ്
തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി ചെയ്യേണ്ടത് ഐ ഗ്രൂപ്പിനെ ശക്തിപ്പെടുത്തുകയാണ്.
അതിലൂടെ മാത്രമേ മുഖ്യമന്ത്രി പദത്തിൽ രമേശിന് എത്താനാകൂ. അല്ലാതെ ചതിയിൽ പൊതിഞ്ഞ
ചിരി സമ്മാനിക്കുന്നവരെ ചാഞ്ഞു നിന്നാൽ അർഹതപ്പെട്ടത് മറ്റാരെങ്കിലും കൊണ്ടു
പോകും.
ഉമ്മൻ ചാണ്ടി കേരളത്തിലെ
ഏറ്റവും ജനപ്രിയ കോൺഗ്രസ് മുഖ്യമന്ത്രിയാണ് എന്നതിൽ തർക്കമില്ല. അദ്ദേഹം കാലാവധി
പൂർത്തിയാക്കണമെന്നുതന്നെയാണ് ജനത്തിൻറെ ആഗ്രഹം. എന്നാൽ അദ്ദേഹത്തിനു ശേഷം
മുഖ്യമന്ത്രിയാകാൻ കുപ്പായം തുന്നി കാത്തിരിക്കുന്നവരെക്കാൾ എത്രയോ യോഗ്യനാണ്
രമേശ് ചെന്നിത്തല. ഒന്നുമില്ലെങ്കിലും
കെ.എസ്.യു വിലൂടെ, എൻ.എസ്.ഐ യിലൂടെ, യൂത്ത് കോൺഗ്രസ്സിലൂടെ കോൺഗ്രസ്സിൽ എത്തി
സ്വന്തം കഴിവുകൊണ്ട് കെ.പി.സി.സി പ്രസിഡൻറായ ആളാണ് അദ്ദേഹം. ജനത്തിൻറെ മനസ്സ്
നല്ലപോലെ പഠിച്ചിട്ടുമുണ്ട്.
നാളത്തെ മുഖ്യമന്ത്രി ആകേണ്ടുന്ന രമേശ് ചെന്നിത്തല മുന്നിലുള്ള വാരിക്കുഴികളിൽ
വീഴാതിരുന്നാൽ മാത്രം മതി.