അയലത്തെച്ചെക്കാ അറിയും ഞാൻ നിന്നെ ചിരികൊള്ളാനല്ലേ അരികിൽ നീ വന്നൂ . ഇവിടെന്റെ കൂടെ പൊതുപള്ളിക്കൂട- ത്തണലിൽ തേനുണ്ണാൻ വരികെന്റെ കണ്ണാ. മിഴി രണ്ടും പൂട്ടി പലതെണ്ണിത്തുള്ളാം കളിയാടാം ,പാടാം ഇനി നമ്മൾക്കൊന്നായ്. "അറിയില്ലെൻ കൂട്ടേ, " മനസ്സാകെപ്പൂക്കൾ നനവേറ്റിക്കുനിയേ, ഒരു തെന്നൽ തഴുകി. "അറിയില്ലെൻ കൂട്ടേ, " പുഴവെള്ളം ചാടേ, അവനന്തിപ്പൊന്നിൽ മിഴികൊണ്ടൊന്നൊപ്പി. "അറിയില്ലെൻ കൂട്ടേ , പറയാനൊന്നുണ്ടേ" നിറകണ്ണിൽ വിശ്വം പലതായിച്ചിതറി. "പറകെന്നുടെ കണ്ണാ " ഇടിവെട്ടിപ്പെയ്യും മഴയിൽ കുടചൂടി കുടമുല്ല വിരിഞ്ഞൂ.. സുഖവാസന കൊള്ളാൻ മലതാണ്ടിയ കുയിലിൻ കളനാദം കേൾക്കാൻ മഴതോർന്നൊരു മൗനം . "പറയട്ടേ ഞാനെൻ പ്രിയമാതാവോടീ- യടികൊള്ളുംകാര്യം, പറയും ഞാനെല്ലാം. " "പൊതുപള്ളിക്കൂട- ത്തികവിൽ നിന്നെന്നെ വിലപേശുന്നോർക്കാ- യെറിയല്ലേയമ്മേ." "മറുനാടിൻവേർപ്പിൽ വലുതാകും സ്വപ്നം ഒരു യാതനയായെൻ ചുമലിൽ ചാർത്തല്ലേ." "മണ്ണപ്പം ചുട്ടും കടലാസു മനഞ്ഞും തെളിവാനത്തൂടെ മഴവില്ലു തെളിയ്ക്കാം. ചെറുവഞ്ചിയൊഴുക്ക...