ഇടയനറിയാം
കൂട്ടത്തിലൊരാട്
കുറുക്കന്റെ കൂടെ
ഒളിച്ചോടിയിട്ടുണ്ടെന്ന്
കൂട്ടം തെറ്റിയ കുഞ്ഞാടുകൾ
കാട്ടരുവിയിലിറങ്ങി
സ്വന്തം മുഖങ്ങളെ
പ്രേമിച്ചു തുടങ്ങിയിട്ടുണ്ടെന്ന്
വിശപ്പിന്റെ വിഷം തീണ്ടിയ
ഇലച്ചോര കുടിച്ച്
ഒരു പെണ്ണാട്
പാതി ഗർഭത്തിൽ
സ്വയം അലസിപ്പോയെന്ന്
നിരാശയുടെ വള്ളി ചുറ്റി
കുരൽ കുറുകി
ഒരാണാട് പാറയിടുക്കിൽ
ബലിമൃഗമായെന്ന്
ചിലപ്പോൾ
എല്ലാ ആടുകളും
ഇടയന്റെ ചാരന്മാരായി
തമ്മിൽ തമ്മിൽ
ഒറ്റിക്കൊണ്ടിരിക്കുന്നു
ഇടയനോടൊട്ടി
ഏതോ പാട്ടിൽ ലയിച്ചെന്നപോലെ
തഞ്ചം കൊണ്ട്
അയവെട്ടുന്ന ഒട്ടേറെ
ആടുകളുണ്ടെന്ന്
ഇടയനറിയാം
ഇവയൊന്നും ആടുകളല്ലെന്നും
ആട്ടിൻ തോലിട്ട
ചെന്നായ്ക്കളാണെന്നും
ഇടക്കിടക്ക് കൂട്ടിമുട്ടുന്ന
ദംഷ്ട്രകൾ ഇരുട്ടിൽ
തിളങ്ങുന്നത്
കണ്ടില്ലെന്ന് നടിക്കുന്നതാണ്
വേദമെന്നും
ഭ്രാന്തു പിടിച്ചോടുന്നവയുടെ
ചെവി മുറിച്ച ചോര
ചിറിയിലിറ്റിക്കുമ്പോൾ
ഇടയന്റെ തലച്ചോറിലും
കടന്നലുകൾ മുട്ടയിടാറുണ്ട്
ഇടയനറിയാം
താനൊരു ഇടയനല്ലെന്നും
ഇരമാത്രമാണെന്നും
ആസന്നമായ
മഞ്ഞിലുറഞ്ഞോ
സൂര്യാഘാതത്തിലോ
താനൊടുങ്ങിപ്പോകുമെന്നും
മുഖംമൂടി പിന്നെയും പിന്നെയും
മിനുക്കി
അയാൾ മേയ്ച്ചു കൊണ്ടേയിരിക്കുന്നു
മേഞ്ഞു കൊണ്ടേയിരിക്കുന്നു
Comments
Post a Comment