Satheeshkumar V G :: ലക്ഷദ്വീപ് വിവാദവും ഭാരതത്തിന്‍റെ നാവിക സുരക്ഷയും

Views:

ലക്ഷദ്വീപ് വിവാദവും ഭാരതത്തിന്‍റെ നാവിക സുരക്ഷയും
സതീഷ് കുമാർ വി.ജി.



മാധ്യമ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ ലക്ഷദ്വീപ് വിവാദം. വിവാദ വിഷയം അന്തിമമായി എത്തിച്ചേരുന്നത് പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിലേക്കും അദ്ദേഹം കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളിലേക്കുമാണ്. "ലക്ഷദ്വീപ് അതോറിറ്റി റഗുലേഷൻസ് (LDAR) 2021" എന്നറിയപ്പെടുന്ന ഈ വികസന രേഖയിൽ സ്ഥലം ഏറ്റെടുക്കൽ ഒരു യഥാർത്ഥ പ്രശ്നം തന്നെ ആണ്. വിവാദമാക്കപ്പെട്ട മിക്കതും അസത്യങ്ങളോ അർദ്ധസത്യങ്ങളോ ആണ് താനും. പതിവ് പോലെ പ്രാദേശിക - മതവികാരങ്ങളെ മുതലെടുത്തു കൊണ്ട് രാഷ്ട്രീയ - മാദ്ധ്യമ സിൻഡിക്കേറ്റുകൾ തകർത്താടുകയാണ്. 
മാലദീപിൽ വിനോദ സഞ്ചാര പ്രൊജക്ടിന് 130 മില്യൻ അമേരിക്കൻ ഡോളറിന്‍റെ നിക്ഷേപം നടത്തിയ മലയാളി വ്യവസായിയും ഈ വിവാദത്തിന്‍റെ സൂത്രധാരകനായി സംശയിക്കപ്പെടുന്നുണ്ട്. 
നമുക്ക് വിവാദ വിഷയങ്ങളെ ഒന്ന് പരിശോധിക്കാം
പശുവാണല്ലോ ഇന്ന് ഇന്ത്യയിലെ പ്രതിപക്ഷത്തിന്‍റെ ആവനാഴിയിലെ ശക്തമായ ആയുധം!! അതിനാൽ തന്നെ അഡ്മിനിസ്ട്രേറ്റർ പ്രതിനിധാനം ചെയ്യുന്ന ഗോ സംരക്ഷക സർക്കാറിനെതിരെ പശുവിനെയും ബീഫ് നിരോധനത്തെയും മുൻ നിർത്തിക്കൊണ്ട് ആണ് പ്രതിഷേധം. അത് കൊണ്ടായിരിക്കാം സ്കൂൾ മെനുവും ഫാം നിർത്തലാക്കലും വിവാദ വിഷയങ്ങളായത്. സ്കൂൾ മെനുവിൽ നിന്ന് ബീഫ് എടുത്തു കളഞ്ഞതാണ് പരമപ്രധാനമായി വിമർശകർ കാണുന്ന ഒരു അപരാധം. എല്ലാ നേരവും മീനും മറ്റെന്തെങ്കിലും മാംസാഹാരവും കഴിക്കുന്നവർക്ക് സമീകൃതാഹാരമായി പച്ചക്കറികളും കൂടി നിർദ്ദേശിക്കപ്പെട്ടത് പോലും സങ്കുചിത ചിന്തകളുടെ സ്വാധീനത്താൽ വിവാദമാകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

ഇലക്ഷനിൽ മത്സരിക്കുന്നവർക്ക് രണ്ട് കുട്ടികളേ പാടുള്ളൂ എന്നതും ഗുണ്ടാ ആക്ടും കൊറോണ മാനദണ്ഡങ്ങളിലെ ഇളവും ഭാരതത്തിൽ പല സംസ്ഥാനങ്ങളിലും നടപ്പിലാക്കിയ നയപരമായ തീരുമാനങ്ങളാണ്. ലക്ഷദ്വീപ് ഭാരതത്തിന്‍റെ ഭാഗമല്ല എന്നൊരു ധാരണ സൗകര്യപൂർവം ഒളിച്ചു കടത്താനുള്ള ശ്രമം ഈ നയങ്ങൾ ദ്വീപിന് അനുയോജ്യമല്ല എന്ന് പറയുന്നവർ നടത്തുന്നുണ്ട്. 

ലക്ഷദ്വീപ് ജനതക്ക് വൻകരയുമായി ഉള്ള ബന്ധം പ്രധാനമായും ബേപ്പൂർ തുറമുഖത്തിലൂടെയാണ്. ബേപ്പൂർ തുറമുഖത്തെ സൗകര്യങ്ങളാണെങ്കിൽ പരിമിതവും. പലവട്ടം സംസ്ഥാന സർക്കാറിനെ സമീപിച്ചെങ്കിലും ബേപ്പൂർ തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങളിൽ യാതൊരു പുരോഗതിയും ഇല്ല എന്ന് ലക്ഷദ്വീപ് MP ആയ മുഹമ്മദ് ഫൈസൽ (NCP) തന്നെ വാർത്താ ചാനലുകളോട് വിശദീകരിക്കുകയുണ്ടായി. എല്ലാ സൗകര്യങ്ങളുമുള്ള മംഗലാപുരം തുറമുഖം കൂടുതൽ ദ്വീപ് സർവീസ് നടത്താൻ സ്വാഭാവികമായും പരിഗണിക്കപ്പെടും എന്നത് വസ്തുതയുമാണ്. 

മറ്റൊരു വിവാദ വിഷയം കൊറോണയുമായി ബന്ധപ്പെട്ടാണ്. ലോകം മുഴുവൻ ലോക് ഡൗൺ ഇളവ് കൊടുക്കുന്ന ഇക്കാലത്തും അഡ്മിനിസ്ട്രേറ്ററാണ് ദ്വീപിൽ കൊറോണ ഇറക്കുമതി ചെയ്തത് എന്ന വാദം എത്ര ബാലിശമാണ്! റംസാൻ പ്രമാണിച്ച് കോഴിക്കോട്ടേക്ക് യാത്രക്ക് അനുവാദം ചോദിച്ചവർ തന്നെയാണ് ഈ വാദം ഉന്നയിക്കുന്നത് എന്നതും ഒരു വിരോധാഭാസമാണ്. 

പരിഷ്കാരങ്ങളെ അനുകൂലിച്ച BJP പ്രതിനിധികൾ പോലും അവരുടെ പ്രതിരോധ വാദങ്ങൾ ലക്ഷദ്വീപ് കേന്ദ്രീകരിച്ച് നടക്കുന്ന ആയുധ / മയക്ക്മരുന്ന് മാഫിയകളുടെ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ കൊടുത്തത്. ശ്രീലങ്കയിലെ കൃസ്ത്യൻ പള്ളിയിൽ ജിഹാദികൾ നടത്തിയ ബോംബാക്രമണത്തിന് ശേഷം അവിടെ ബുർഖാ നിരോധനത്തോളം എത്തിയ സുരക്ഷാ ക്രമീകരണങ്ങൾ മാഫിയകളുടെ പ്രവർത്തനം ലക്ഷദ്വീപ് തീരങ്ങളിലേക്ക് മാറ്റാൻ പ്രേരിപ്പിച്ചിരിക്കാം. ഈയിടെ നടന്ന 3000 കോടിയുടെ കള്ളക്കടത്ത് വേട്ട സൂചിപ്പിക്കുന്നതും അത് തന്നെയാണ്.

എന്നാൽ ഇതിനെല്ലാമുപരി LDARലെ നൂറ്റിമുപ്പതോളം നിർദേശങ്ങളിലെ നാവിക സുരക്ഷയെ സംബന്ധിക്കുന്ന നിർദ്ദേശം വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയം. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റർക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത അധികാരങ്ങൾ ആണ് കരട് രേഖയിലുള്ളത്. അത് ടൂറിസം ഡവലപ്മെന്‍റ്, തൊഴിൽ / വരുമാന സാദ്ധ്യതകൾ വർദ്ധിപ്പിക്കൽ, ജനജീവിതം മെച്ചപ്പെടുത്തൽ എന്നീ കാര്യങ്ങൾക്ക് വേണ്ടി ആണെങ്കിലും ദുരുപയോഗത്തിന്‍റെ സാദ്ധ്യതകളും ഭരണഘടന വിഭാവനം ചെയ്യുന്ന പൗരാവകാശ ലംഘനം ഉണ്ടെന്ന വാദവും ഇന്ത്യൻ പരിതസ്ഥിതിയിൽ ചോദ്യം ചെയ്യപ്പെടാവുന്നത് തന്നെ ആണ്. 

പക്ഷെ strategic significance എന്ന ശീർഷകത്തിൽ പറയുന്ന "Development of the territory possesses huge strategic significance in the Indian Ocean amidst rising Chinese inroads in nearby countries of Srilanka and Maldives" എന്ന ഈ ഖണ്ഡിക സംവാദകരുടെ വാദകോലാഹലങ്ങൾ മാറ്റി നിർത്തിയാൽ ഈ വികസനരേഖയിലെ ഏറ്റവും പ്രധാനപ്പെട്ട നിർദേശമാണ് എന്ന് അംഗീകരിക്കേണ്ടി വരും. അതിനാൽ തന്നെ നാവിക സുരക്ഷയെ സംബന്ധിക്കുന്ന ഈ പ്രബന്ധത്തിൽ ഇന്ത്യൻ നാവികമേഖലയിലെ ചൈനീസ് ഇടപെടലുകളും ഭാരതത്തിന്‍റെ പ്രതിരോധവും ആണ് പ്രതിപാദിക്കപ്പെടുന്നത്.
ലക്ഷദ്വീപ് വികസന പരിപാടികൾ കേവലം 'സാഗർ മാല' പദ്ധതി പോലെയോ MP യുടെ പ്രാദേശിക വികസന പദ്ധതികൾ പോലെയോ അല്ല എന്നും അതിന്‍റെ അർത്ഥതലങ്ങൾ കാശ്മീർ പ്രശ്നത്തിനും പൗരത്വ പ്രശ്നത്തിനും സമാനമായ ദീർഘകാല പദ്ധതിയുടെ ഭാഗമാണെന്നും കാണാം. 

ഭൂമിശാസ്ത്രപരമായി ലക്ഷദ്വീപിന്‍റെ പ്രാധാന്യം മലാക്കാ കടലിടുക്കിനോട് താരതമ്യം ചെയ്യാവുന്നതാണ്. പസഫിക് സമുദ്രത്തിൽ നിന്ന് പേർഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കടൽ യാത്ര ഭാരതം നിയന്ത്രിക്കുന്ന മലാക്കാ കടലിടുക്കിലൂടെ മാത്രമേ സാദ്ധ്യമാകൂ. ഭാരതത്തിന്‍റെ നിയന്ത്രണത്തിലുള്ള ഈ കടലിടുക്ക് ഇന്ത്യൻ സമുദ്രത്തിലേക്കുള്ള ഒരു കവാടം തന്നെ ആണ്. എന്നാൽ തുറന്നു കിടക്കുന്ന ഭാരതത്തിന്‍റെ തെക്കൻ സമുദ്രാതിർത്തിയിലെ ലക്ഷദ്വീപ് ഒരു കാവൽ മാടം പോലെ നിരീക്ഷണത്തിനും അതിനുസരിച്ചുള്ള മുന്നൊരുക്കങ്ങൾക്കും ഏറെ അനുയോജ്യമാണ്. 

ചരിത്രപരമായി ഭാരതത്തിന്‍റെ ഭാഗമാണെങ്കിലും സ്വാതന്ത്ര്യാനന്തരം 1947 ൽ തന്നെ ലക്ഷദ്വീപിനെ കൈക്കലാക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചിരുന്നു. 95 ശതമാനത്തിലേറെ മുസ്ലിം ജനസംഖ്യയുള്ള ഈ ദ്വീപ് പാക്കിസ്ഥാനോട് ചേരുമെന്നും തന്ത്ര പ്രധാനമായ ഈ ദ്വീപ് പാക് അധീന കാശ്മീർ പോലെ ഭാരതത്തിന് എക്കാലത്തെയും തലവേദന സമ്മാനിക്കുമെന്നും ഇന്ത്യൻ സമുദത്തിൽ സ്വാധീന ശക്തി ആവാമെന്നുമുള്ള വ്യാമോഹമായിരുന്നു അവരെ അതിന് പ്രേരിപ്പിച്ചത്. ഇന്ത്യൻ യൂണിയനിൽ നാട്ടുരാജ്യങ്ങളെ ചേർക്കുന്നതിൽ വ്യാപൃതനായിരുന്ന സർദാർ വല്ലഭായി പട്ടേൽ പാക്കിസ്ഥാന്‍റെ ഈ നീക്കം അറിഞ്ഞപ്പോൾ ഇന്ത്യൻ നാവികസേനയെ അങ്ങോട്ട് അയച്ചെങ്കിലും പാക് സേന ഏറെ മുന്നിലായിരുന്നു. അന്ന് ഇന്ത്യൻ യൂണിയനിൽ ചേർന്നിട്ടില്ലായിരുന്ന തിരുവിതാംകൂർ രാജാവിനോട് പട്ടേൽ സഹായമഭ്യർത്ഥിക്കുകയും തൽഫലമായി തിരുവിതാംകൂർ പോലീസ് ആണ് ലക്ഷദ്വീപിന്‍റെ വടക്കേ അറ്റത്ത് ത്രിവർണ പതാക പാറിച്ചത്. പാക് സേന ഈ പതാക കണ്ട് തിരിച്ച് പോയി എന്നാണ് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. രസകരമായ വസ്തുത എന്തെന്നാൽ ആ സമയത്ത് തിരുവിതാംകൂറിന്‍റെ ആസ്ഥാനമായ ഹജൂർ കച്ചേരിയിൽ പാറിയിരുന്നത് ശംഖ് മുദ്രയുള്ള ചുവന്ന പതാകയായിരുന്നു എന്നതാണ്. 1949 ലാണ് തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നത്. സർദാർ പട്ടേലിന്‍റെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നില്ലെങ്കിൽ കാശ്മീർ പോലെ ലക്ഷദ്വീപും മറ്റൊരു അഴിയാക്കുരുക്ക് ആയി മാറിയേനെ. 


സ്വാതന്ത്ര്യാനന്തരവും ഭാരത ഉപഭൂഖണ്ഡത്തിലെ അനിഷേധ്യ നാവിക ശക്തി ഭാരതം തന്നെ ആയിരുന്നു. പക്ഷെ 1990 കളിൽ ചൈന "പവിഴമാല " (String of Pearls) എന്ന പേരിൽ ഇന്ത്യൻ സമുദ്രത്തിൽ തുറമുഖങ്ങൾ വികസിപ്പിക്കാൻ തുടങ്ങി. പാക്കിസ്ഥാനിലെ ഗദ്വാർ, ശ്രീലങ്കയിലെ ഹമ്പൻ ടോട്ട, മ്യാൻമറിന്‍റെ കൊക്കോ ദ്വീപ് സമൂഹം എന്നിവ ഉപയോഗിച്ച് ഭാരതത്തെ അക്ഷരാർത്ഥത്തിൽ വലയം ചെയ്യുകയും നാവിക സുരക്ഷക്ക് കനത്ത വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. ചൈനയിൽ നിന്ന് തുടങ്ങി ഇന്ത്യയെ വലയം ചെയ്ത് മാലദീപ് വഴി യമനിലെ ജിബൂട്ടി വരെ നീളുന്നതാണ് ഈ ശൃംഖല. ജിബൂട്ടിയിൽ ചൈന തങ്ങളുടെ സൈനികത്താവളം തന്നെ ഒരുക്കിയിട്ടുണ്ട്. 

സമുദ്രത്തിലൂടെ ഇന്ത്യയെ വലയം ചെയ്യുന്നതിന് പുറമെ ഭാരതത്തിന്‍റെ വടക്കൻ മേഖലയിലൂടെ കരമാർഗം ചൈന - പാക് സാമ്പത്തിക ഇടനാഴി (CPEC) എന്ന പേരിൽ മറ്റൊരു ശൃംഖല കൂടി ചേരുമ്പോൾ പൂർണമായും ഭാരതത്തെ ചൈനീസ് വഴിത്താരകളാൽ വലയം ചെയ്തിരിക്കുന്നു. ഈ പാത OBOR (One Belt One Road) എന്ന ഒരു ബഹുരാഷ്ട്ര പദ്ധതിയുടെ ഭാഗവുമാണ്. CPEC കടന്ന് പോകുന്നത് പാക് അധീന കാശ്മീരിലൂടെ ആണ് എന്നത് ഭാരതത്തെ വെല്ലുവിളിക്കാനാണെന്ന് സ്പഷ്ടം. 

ഇത്രയും സംഭവ വികാസങ്ങൾക്ക് ശക്തിവേഗം സംഭവിച്ച കാലഘട്ടം ശ്രദ്ധിച്ചാൽ നമുക്ക് നമ്മുടെ രാഷ്ട്രീയമായ പാപ്പരത്തം മനസ്സിലാക്കാം. ഇന്ദിരാ ഗാന്ധിക്ക് ശേഷം രാഷ്ട്രീയ പരിചയമില്ലാത്ത രാജീവ് ഗാന്ധി മുതൽ ശൂന്യതയിൽ നിന്ന് പൊങ്ങി വന്ന ഗുജ്റാൾ വരെ 7 പ്രധാനമന്ത്രിമാരെ ഇന്ത്യക്ക് സംഭാവന ചെയ്ത ദശാബ്ദമായിരുന്നു അത്. രാജീവ് ഗാന്ധി, വി പി സിംഗ്, ചന്ദ്രശേഖർ, നരസിംഹ റാവു (1991-1996), വാജ്പേയ്, ദേവഗൗഡ, ഗുജ്റാൾ എന്നിവരിൽ അഞ്ച് വർഷം പൂർത്തിയാക്കിയത് പി വി നരസിംഹ റാവു മാത്രമായിരുന്നു. 

രാജീവ് ഗാന്ധിയുടെ തലതിരിഞ്ഞ ശ്രീലങ്കൻ നയം ഇന്ത്യൻ സമുദ്രത്തിലേക്ക് ചൈനക്കുള്ള സ്വാഗത സന്ദേശം കൂടി ആയിരുന്നു. അതിന് കൊടുക്കേണ്ടി വന്ന വില അദ്ദേഹത്തിന്‍റെ ജീവൻ മാത്രമായിരുന്നില്ല. പിന്നീട് മൂന്നാം വാജ്പേയ് സർക്കാർ വരെ രാഷ്ട്രീയ അസ്ഥിരതയുടെ കാലഘട്ടത്തിൽ ചൈനയുടെ ഗൂഢ പദ്ധതികൾ യഥേഷ്ടം നടപ്പിലാക്കപ്പെട്ടു തുടങ്ങി. ഇതിൽ രണ്ട് പ്രധാനമന്ത്രിമാരെ പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു. 
ഒന്നാമത് നരസിംഹറാവു. സാമ്പത്തിക ഉദാരവൽക്കരണവും ഉടച്ചുവാർക്കലുകളും സധൈര്യം നടപ്പിലാക്കിയ റാവു ആണ് നെഹ്രുവിയൻ സാമ്പത്തിക ബാധയിൽ നിന്നും ഭാരതത്തെ മോചിപ്പിച്ചതും ഇന്നത്തെ നിലയിലേക്ക് ഭാരതത്തെ തിരിച്ച് വിട്ടതും. 80 കളിൽ താരതമ്യേന ഒരേ വളർച്ചാ നിരക്ക് (2.9%) ഉണ്ടായിരുന്ന രാജ്യങ്ങളായിരുന്നു ഇന്ത്യയും ചൈനയും . കമ്യൂണിസത്തോട് വിട പറഞ്ഞ ചൈന വൻ സാമ്പത്തിക ശക്തി ആയി മാറുന്നത് കണ്ട നരസിംഹ റാവു അവരുടെ സാമ്രാജ്യത്വ മോഹങ്ങളെ മുൻകൂട്ടി കാണുകയും തെക്ക് - കിഴക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ Look East Policy എന്ന പ്രവർത്തന രേഖ ഉണ്ടാക്കുകയും ചെയ്തു. തെക്കൻ ചൈനാ കടൽ പ്രശ്നത്തിൽ (South-China Sea Conflict ) വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപൂർ എന്നീ അയൽ രാജ്യങ്ങളോടൊപ്പം ജപ്പാൻ, അമേരിക്ക, ആസ്ട്രേലിയ എന്നീ വൻ ശക്തികളും കൂടി ചേർന്നപ്പോൾ ശക്തമായ ചേരിതിരിവ് പ്രകടമായി. 

പക്ഷേ പിന്നീട് ഭാരതത്തിൽ അധികാരത്തിൽ വന്ന ദുർബല സർക്കാറുകളുടെ വിദേശ നയവും ദുർബലമായിരുന്നു. അതും പോരാഞ്ഞ് ഗുജ്റാൾ ഡോക്ട്രിൻ എന്ന പേരിൽ ഇടത് ബുദ്ധിജീവികൾ കൊട്ടിഘോഷിക്കുന്ന വികലമായ വിദേശ നയം പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കി. 2015 ജനുവരി 22 ന് അന്നത്തെ പ്രതിരോധ മന്ത്രി ശ്രീ മനോഹർ പരിക്കർ നാത്തിയ ഒരു പരാമർശം ഗുജ്റാളിനെ ഉദ്ദേശിച്ചാണെന്ന് നയതന്ത്ര വിദഗ്ദരും മാദ്ധ്യമ പ്രവർത്തകരും അഭിപ്രായപ്പെട്ടിരുന്നു. Some ex-Prime Ministers compromised India's deep assets എന്നായിരുന്നു ആ അഭിപ്രായ പ്രകടനം. എന്താണ് ആ അഗാധ സ്വത്തുക്കൾ എന്നത് നമ്മുടെ നയതന്ത്ര - രഹസ്യാന്വേഷണ രഹസ്യങ്ങളായിരുന്നു എന്നും വിലയിരുത്തപ്പെടുകയുണ്ടായി. എന്തായാലും ഏറെ കോലാഹലങ്ങൾ ഉണ്ടാക്കിയെങ്കിലും മനോഹർ പരീക്കറോ അദ്ദേഹത്തിന്‍റെ പാർട്ടിയോ ഈ നിലപാടിൽ നിന്ന് പിന്നോക്കം പോയില്ല എന്നതും ശ്രദ്ധേയമാണ്. അന്ന് വരെ രാഷ്ട്രീയ മണ്ഡലത്തിൽ അറിയപ്പെടാതിരുന്ന ഗുജ്റാൾ ഒരു സുപ്രഭാതത്തിൽ പ്രധാനമന്ത്രി ആയതും ആ കാലഘട്ടത്തിന് ശേഷം രാഷ്ട്രീയ മണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായതും ചേർത്ത് വായിക്കുമ്പോൾ വിദേശ ശക്തികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നടത്തിയ ഇടപെടലാണോ ഇത് എന്ന് പോലും സംശയിക്കേണ്ടി വരും.

1994 ൽ മ്യാൻമാറിന്‍റെ അധീനതയിലായിരുന്ന കൊക്കോ ദ്വീപ് സമൂഹം ചൈന പാട്ടത്തിന് എടുത്തതോടെ ഭാരതത്തിന്‍റെ കിഴക്കൻ തീരം ചൈനയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായി. വിശാഖപട്ടണത്തെ Eastern നാവിക കമാൻഡ് ഉം പോർട്ട് ബ്ലെയർ നാവിക കമാൻഡും DRDO യുടെ പരീക്ഷണങ്ങളും ഒറീസ തീരത്തെ Wheeler island ലെ ഉപഗ്രഹ വിക്ഷേപണങ്ങളും ഇതിൽ പെടും. സ്വതന്ത്രമാകുന്ന സമയത്ത് ഇന്ത്യയോട് ചേർക്കാമായിരുന്ന ഈ ദ്വീപിനെ ബ്രിട്ടീഷ് ഭരണാധികാരികൾ ബർമക്ക് കൊടുത്തത് നെഹ്റുവിന്‍റെ സമ്മതത്തോടെ ആയിരുന്നു എന്നതും ഒരു അപ്രിയ സത്യമാണ്. ഇത്രയും തന്ത്ര പ്രധാനമായ ഒരു ദ്വീപിന്‍റെ സാദ്ധ്യതകളെ വിലയിരുത്തുന്നതിൽ നെഹ്രുവിന്‍റെ പിൻഗാമികളും അക്ഷന്തവ്യമായ വീഴ്ചയാണ് വരുത്തിയത് എന്ന് പറയാതെ വയ്യ. 

വിരുദ്ധ രാഷ്ട്രീയ കക്ഷികളിലായിരുന്നെങ്കിലും മൂന്നാം വാജ്പേയ് സർക്കാർ അഞ്ച് വർഷം നരസിംഹറാവു സർക്കാറിന്‍റെ ക്രിയാത്മക നയങ്ങളെ മുന്നോട്ട് കൊണ്ടുപോയി. പക്ഷെ അടുത്ത 10 വർഷം വീണ്ടും അപക്വമായ പ്രതിരോ ധ - വിദേശനയങ്ങളാണ് UPA സർക്കാറുകൾ പിന്തുടർന്നത്. നരസിംഹ റാവു മരണം വരെയും (മരണത്തിലും) കോൺഗ്രസിൽ അവഗണിക്കപ്പെട്ടു. പ്രതിരോധ മന്ത്രി AK ആന്‍റണി സേനക്ക് ആവശ്യമായ ആയുധങ്ങൾ വാങ്ങാൻ പണമില്ലെന്ന് പാർലമെ
ന്‍റിൽ പ്രസംഗിക്കുന്ന അവസ്ഥ പോലും ഉണ്ടായി. 

2014 ൽ മോദി സർക്കാർ. അധികാരത്തിൽ വന്ന ശേഷം നരസിംഹ റാവുവിന്‍റെ Look East Policy യെ ക്രിയാത്മകമായ Act East Policy ആക്കി മാറ്റുകയും വിദേശ ബന്ധങ്ങൾ ശക്തമാക്കുകയും ചെയ്തു. മലാക്കാ കടലിടുക്കിന് ഇപ്പുറം ശക്തി പരീക്ഷിക്കാൻ വന്ന ചൈന പിന്നീട് കാണുന്നത് സൌത്ത് ചൈന കടലിൽ ജപ്പാൻ, അമേരിക്ക, ആസ്ട്രേലിയ, ഇന്ത്യ എന്നിവരുടെ QUAD എന്ന സഖ്യത്തെ ആണ്. ചൈനാ കടലിലെ സ്പാർട്ടി ദീപുകളിൽ അവകാശ വാദം ഉന്നയിച്ച് അതിന്‍റെ സമുദ്രാതിർത്തി (Territorial waters) വഴി കടന്ന് പോകുന്ന യാനങ്ങളെ ചോദ്യം ചെയ്ത് വന്നിരുന്ന നടപടി ചൈനക്ക് അത്രയേറെ ശത്രുക്കളെ സമ്പാദിച്ച് കൊടുത്തിരുന്നു. QUAD (Quadrilateral അഥവാ ചതുർഭുജം) എന്ന സഖ്യത്തിന്‍റെ ജ്യാമിതീയ രൂപം തന്നെ ചൈനയുടെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ്. 1992 മുതൽ (പൊക്റാൻ പരീക്ഷണത്തോടനുബന്ധിച്ച് രണ്ട് വർഷം മുടങ്ങിയതൊഴിച്ച്) ഇന്ത്യൻ മഹാസമുദ്രത്തിൽ നടന്ന് വരുന്ന നാവികാഭ്യാസ പ്രകടനമാണ് മലബാർ. 2015 മുതൽ മലബാർ നാവികാഭ്യാസങ്ങളിൽ ജപ്പാൻ പങ്കാളിയാകുകയും ആസ്ട്രേലിയ, സിംഗപൂർ എന്നീ രാജ്യങ്ങൾ നിരീക്ഷകരായി പങ്കെടുക്കുകയും ചെയ്യുന്നത് ചൈനക്ക് ശക്തമായ സന്ദേശമാണ് നല്കുന്നത്. പാoഗോംഗ് പ്രശ്ന സമയത്ത് അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ INS Nimitz ഇന്ത്യൻ മഹാസമുദ്രത്തിൽ പിന്തുണയുമായി എത്തിയതും ഒരു സൂചനയാണ്.  ഇതിനെല്ലാം പുറമെയാണ് ഇന്തോനേഷ്യയിലെ സാബാംഗ് എന്ന ഇന്ത്യൻ സൈനിക താവളം.


ലോകത്തിന്‍റെ കപ്പൽ ഗതാഗതത്തിന്‍റെ നാലിലൊന്ന് കടന്ന് പോകുന്ന മലാക്ക കടലിടുക്കിന്‍റെ നിയന്ത്രണം ഇന്ത്യക്കാണ് എന്ന് സൂചിപ്പിരുന്നല്ലോ. ആൻഡമാൻ - നിക്കോബാർ ദ്വീപിലെ പോർട്ട് ബ്ലെയർ നാവിക കമാൻഡ് മലാക്കായുടെ
കവാടത്തിൽ തന്നെ ആയതിനാൽ ഏതൊരു സഖ്യകക്ഷിയും ഇന്ത്യയുടെ സഹകരണം ആഗ്രഹിക്കുന്നു. ഒരു വർഷം ഒരു ലക്ഷത്തിൽ പരം കപ്പലുകളാണ് ഇത് വഴി കടന്ന് പോകുന്നത്. പ്രധാനമായും ഗൾഫ് രാജ്യങ്ങളിലെ എണ്ണയും ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രകൃതി വിഭവങ്ങളുമാണ് ഇത് വഴി കടന്ന് പോകുന്നത്.  ചൈന ഉപയോഗിക്കുന്ന 70% എണ്ണയും മലാക്കാ കടലിടുക്കിലൂടെ എത്തുന്നതാണ്. 2003 ൽ ചൈനീസ് പ്രസിഡണ്ട് Hu Jintao ചൈനയുടെ ഈ അവസ്ഥയെ വിശേഷിപ്പിച്ചത് Malacca Dilema എന്നാണ്. യുദ്ധ സാഹചര്യങ്ങളിൽ സപ്ലൈ ലൈൻ കട്ട് ചെയ്യുക എന്നത് യുദ്ധതന്ത്രങ്ങളിൽ പ്രധാനമാണെന്ന് ഓർക്കുമ്പോൾ നമുക്ക് ഈ വിഷമസന്ധി (Dilema) എന്താണെന്ന് വ്യക്തമാകും. ചൈന OBOR വഴി ഗൾഫിലേക്ക് എത്താൻ വഴി തുറക്കുന്നതും ഇതെല്ലാം മുന്നിൽ കണ്ട് തന്നെ ആയിരിക്കണം. 

മലാക്കാ എന്ന വിഷമസന്ധി ഇല്ലായിരുന്നെങ്കിൽ 1990 കളിൽ തന്നെ ചൈനാ കടൽ മുതൽ ജിബൂട്ടി വരെ ചൈന സ്വതന്ത്ര വിഹാരം നടത്തിയേനെ. 

കൊക്കോ ദ്വീപ് കഴിഞ്ഞാൽ ശക്തമായ ചൈനീസ് സാന്നിദ്ധ്യമാണ് ശ്രീലങ്കയുടെ തെക്കൻ തുറമുഖമായ ഹമ്പൻ ടോട്ടയിലേത്. 85% ചൈനീസ് നിക്ഷേപവും 15% ശ്രീലങ്കൻ മുതൽ മുടക്കുമായി തുടങ്ങിയ തുറമുഖം അതുവഴി കടന്ന് പൊയ്ക്കൊണ്ടിരുന്ന 60,000 കപ്പലുകളെ ആണ് ഒരോ വർഷവും പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷക്ക് വിപരീതമായി എല്ലാ കപ്പലുകളും ഹമ്പൻ ടോട്ടയെ കൈയൊഴിഞ്ഞപ്പോൾ ശ്രീലങ്ക കടക്കെണിയിലാകുകയും തുറമുഖം തന്നെ 99 വർഷത്തെ പാട്ടത്തിന് ചൈനക്ക് കിട്ടുകയും ചെയ്തു. ഇന്ത്യയെ പിണക്കാതിരിക്കാൻ ശ്രീലങ്ക കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലുള്ള തുറമുഖങ്ങളിൽ ഇന്ത്യാ- ജപ്പാൻ സഹകരണം അഭ്യർത്ഥിച്ചു. പക്ഷെ ചൈനീസ് പ്രേരണയാൽ തൊഴിലാളി സംഘടനകളും "സാംസ്കാരിക നായകരും" വൻ പ്രതിഷേധം ഉയർത്തിയതോടെ അതും അനിശ്ചിതത്വത്തിലായി. 

ഗദ്വാർ തുറമുഖമാകട്ടെ പാകിസ്ഥാന്‍റെ കറാച്ചി തുറമുഖത്തിനോടടുത്താണ്. CPEC ഇടനാഴിയുടെ പ്രധാന കണ്ണിയുമാണ് ഈ തുറമുഖം. മുഴുവനായും ചൈനീസ് മുതൽ മുടക്കുള്ള ഈ തുറമുഖം അറബിക്കടലിന്‍റെ വടക്കേ അറ്റത്ത് നിലകൊള്ളുന്നു. സമീപത്തായി 170 കിലോമീറ്റർ അകലെ ഇറാൻ തുറമുഖമായ ചബഹർ തുറമുഖം ഇന്ത്യയും വികസിപ്പിച്ചിരിക്കുകയാണ്. അറബിക്കടലിൽ ഇന്ത്യൻ നേവിയുടെ മുംബൈ ആസ്ഥാനമായുള്ള Western കമാൻഡും കൊച്ചി ആസ്ഥാനമായുള്ള Southern കമാൻഡും ഉള്ളതിനാൽ മുൻതൂക്കം ഇന്ത്യക്ക് തന്നെ. പക്ഷെ മുമ്പ് ഇല്ലാതിരുന്ന ഒരു സുരക്ഷാ ഭീഷണി ആണ് ഗദ്വാർ വഴി ഭാരതം മുന്നിൽ കാണുന്നത്. 

ഈ സുപ്രധാന തുറമുഖങ്ങൾക്ക് പുറമേ മാലദ്വീപ്, ബംഗ്ലാദേശ്, മ്യാൻമാർ തീരങ്ങളിലെ ചെറിയ തുറമുഖങ്ങളും ഉപയോഗിക്കാൻ ചൈന കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്.


ഭാരതത്തിന്‍റെ നാവിക സാഹചര്യങ്ങൾ ഇങ്ങനെ ആണെന്നിരിക്കെ ലക്ഷദ്വീപിനെ തന്ത്ര പ്രധാനമായ ഒരു നാവിക ആസ്ഥാനമാക്കുന്നതോടെ ഇന്ത്യൻ സമുദ്രത്തിൽ ഭാരതം നേരിടുന്ന വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കാനാകും. 2018 ന് ശേഷം ലക്ഷദ്വീപിനും തെക്ക് മാറി സീഷെൽസ് ലെ അസംപ്ഷൻ ദ്വീപ് പാട്ടത്തിനെടുത്ത് ഭാരതത്തിന്‍റെ നാവികത്താവളമാക്കിയിരിക്കുകയാണ്. അവിടുത്തെ പ്രതിപക്ഷ കക്ഷികൾ ബഹളമുണ്ടാക്കിയെങ്കിലും പ്രധാനന്ത്രി വഴങ്ങിയില്ല. അതേ പോലെ മൗറീഷ്യസിലെ അഗലഗെ ദ്വീപ് 2015 മുതൽ ഭാരതം പാട്ടത്തിനെടുത്ത് സൈനികത്താവളമായി ഉപയോഗിക്കുന്നു. മഡഗാസ്കർ, ഒമാൻ എന്നീ രാജ്യങ്ങളിലും ഭാരതത്തിന് റഡാർ, ബർത്തിംഗ് സൗകര്യങ്ങളുണ്ട്. ഈ രാജ്യങ്ങളിലെ ഇന്ത്യൻ നാവിക സന്നാഹങ്ങളെ ഏകോപിപ്പിക്കാൻ എന്തുകൊണ്ടും ലക്ഷദ്വീപ് ലക്ഷണയുക്തമാണ്. ഇപ്പോൾ കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന്‍റെ പരിധിക്ക് കീഴിൽ ആണ് ലക്ഷ ദ്വീപ്. ദ്വീപ് രക്ഷക് (കവറത്തി), INS ആന്ത്രോത്ത് (under construction) എന്നീ നാവിക സ്റ്റേഷനുകളാണ് അവിടെ ഉള്ളത്. സമീപ ഭാവിയിൽ ഒരു സ്വതന്ത്ര നാവിക കമാൻഡ് ആയി ലക്ഷദീപ് നാവിക സ്റ്റേഷൻ മാറുമെന്നും ആൻഡമാൻ - നിക്കോബർ ദ്വീപിലെ പോർട്ട് ബ്ലെയർ നാവിക കമാൻഡ് പോലെ ഒരു നിർണായക സ്ഥാനം ലക്ഷദ്വീപിന് കൈവരുന്നതിനും സാദ്ധ്യത ഏറെ ആണ്. 

36 ദ്വീപുകളടങ്ങിയ ലക്ഷദ്വീപ് സമൂഹം വഴി ഭാരതത്തിന് 20,000 ചതുരശ്ര കിലോ മീറ്ററുകളുടെ Territorial waters സമുദ്ര പരിധിയും 4 ലക്ഷം ചതുരശ്ര കിലോമീറ്ററിന്‍റെ Exclusive Economic Zone സമുദ്ര പരിധിയുമാണ് ലഭിക്കുന്നത്. ഈ മേഖലയിൽ ലക്ഷദ്വീപിന്‍റെ നാവിക ശാക്തീകരണത്തിലൂടെ ഭാരതം അനിഷേധ്യ ശക്തിയാകുമെന്ന് ഉറപ്പാണ്. ചൈനക്ക് മാത്രമല്ല, ഏത് വൻശക്തിക്കും ഇന്ത്യയെ അവഗണിച്ച് വാണിജ്യ /സൈനിക നീക്കങ്ങൾ ഈ മേഖലയിൽ നടത്താൻ സാദ്ധ്യമല്ലാതാകും. 

കിഴക്ക് മലാക്കയെ നിയന്ത്രിക്കുന്ന നിലവിലുള്ള പോർട്ട് ബ്ലെയെർ നാവിക കമാൻഡും തെക്ക് ലക്ഷദ്വീപിൽ സമീപ ഭാവിയിൽ സാദ്ധ്യമായേക്കാവുന്നനാവിക ശാക്തീകരണവും സമുദ്ര കവാടങ്ങളെ കാക്കുമ്പോൾ വിശാഖപട്ടണം ആസ്ഥാനമായുള്ള Eastern Naval Command, മുംബൈ ആസ്ഥാനമായുള്ള Western Naval command, കൊച്ചി ആസ്ഥാനമായുള്ള Southern Naval command, എന്നിവയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. 

ലക്ഷദ്വീപിന്‍റെ ഭൂമിശാസ്ത്രപരമായും രാജ്യരക്ഷാപരമായും ഉള്ള പ്രാധാന്യം കണക്കിലെടുക്കുമ്പോൾ LDAR (Laksha Dweep Regulatory Authority) മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ടുള്ളതാണ്. രാജ്യം നേരിടുന്ന Long Pending issues പലതും പരിഹരിച്ച മോദി സർക്കാറിന്‍റെ ദീർഘവീക്ഷണത്തോടു കൂടിയുള്ള നടപടികളെ വിവാദങ്ങളിൽ തളച്ചിടുന്നതിന് പകരം ഉത്തരവാദ ബോധമുള്ള പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയം മറന്ന് രാജ്യരക്ഷക്ക് മുൻതൂക്കം കൊടുക്കുമെന്ന് പ്രതീക്ഷിക്കാം. ചുരുങ്ങിയ പക്ഷം പൗരബോധമുള്ള സാമാന്യ ജനങ്ങൾക്കെങ്കിലും വസ്തുതകൾ മനസ്സിലാക്കാൻ ഈ പ്രബന്ധം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

--- സതീഷ് കുമാർ വി.ജി.




No comments: