Views:
നോക്കുകുത്തി.
ആത്മനൊമ്പരങ്ങൾ ഹൃദയത്തിൽ എവിടെയോ ഒളിപ്പിക്കാൻ അയാൾ ശ്രമിക്കുന്നു. പക്ഷെ,ഒളിപ്പിച്ചവ വീണ്ടും തലപൊക്കി മനസ്സു വേദനിപ്പിക്കുന്നു.
നിരർത്ഥകമാണ് ജീവിതം എന്ന് എത്രയോ തവണ അയാൾക്കു തോന്നി; ആത്മാഹുതി പരിഹാരമല്ലെന്ന തിരിച്ചറിവിനാൽ ഇപ്പോഴും ജീവിക്കുന്നു.
അഗ്നിസാക്ഷിയായി നെറ്റിയിൽ സിന്ദുരം ചാർത്തി, കൈപിടിച്ച് കൂടെ കൂട്ടിയവളുടെ സ്നേഹം തിരിച്ചറിയാൻ അയാൾ ഒരുപാടു വൈകി.
അഗ്നിസാക്ഷിയായി നെറ്റിയിൽ സിന്ദുരം ചാർത്തി, കൈപിടിച്ച് കൂടെ കൂട്ടിയവളുടെ സ്നേഹം തിരിച്ചറിയാൻ അയാൾ ഒരുപാടു വൈകി.
ഒരാൾക്ക്ഏറ്റവും കൂടുതൽ സ്നേഹം അയാളോടുതന്നെ. പക്ഷെ അയാൾ അതിലേറേ ആയിരം മടങ്ങ് സ്നേഹിച്ചത് അവളെയായിരുന്നു. ഒരു തങ്കവിഗ്രഹം പോലെ ഹൃദയത്തിലയാൾ അവളെ താലോലിച്ചു.
അഭിനയ സ്നേഹമായിരുന്നു അവൾക്ക്. തിരശ്ശീലകളിൽ പോലും കാണാൻ കഴിയാത്തത്ര കപടസ്നേഹം.
നെഞ്ചുവേദന കൊണ്ട് അയാൾ പിടഞ്ഞപ്പോൾ അവൾ രഹസ്യമായി ഊറി ചിരിച്ചു. അയാളുടെ വറ്റിവരണ്ട നാവിലേക്കിറ്റുവെള്ളം പകരാത്തവൾ, നെഞ്ചിലൊന്ന് തലോടാത്തവൾ. മനസ്സിൽ ഉണ്ടായ സന്തോഷം മുഖത്ത് പടരാതിരിക്കാൻ അവൾ നന്നേ പണിപ്പെട്ടു ;നവരസങ്ങൾ പരിശീലിച്ചവളെപ്പോലെ.
ഇനിയൊരു ജൻമമുണ്ടെങ്കിൽ ഭർത്താവായി ഇയാൾ വേണ്ട, വേറൊരാൾ മതിയെന്ന് ഉറക്കെ പറഞ്ഞവൾ. ഈ ജൻമത്തിൽ തന്നെ ഭർത്താവിനെ വെറുത്തവൾ.
ആയിരം ജന്മങ്ങൾ പിറന്നാലും ഓരോ ജൻമത്തിലും അവൾ മതി ഭാര്യയെന്നയാൾ ആഗ്രഹിച്ചു; തന്‍റെ ഇരുളുകളിൽ അവളാകട്ടെ വെളിച്ചമെന്നും .
തന്‍റെ കുറവുകൾ എന്താണെന്ന അയാളുടെ ചിന്തകൾക്ക് എണ്ണമില്ല. തന്‍റെ സ്നേഹക്കൂടുതലാണോ തെറ്റെന്ന് അയാൾ തിരിച്ചറിഞ്ഞില്ല.
സൗഹൃദം നടിച്ചെത്തിയവരെ അവൾക്ക് പ്രീയമായിരുന്നു. അയാളുടെ നെഞ്ചുപിളർക്കുന്നതിന് അവരുടെ കൈയിൽ അവൾ കഠാര നൽകി. അവരുടെ ആക്രോശം കണ്ട് അവൾ സായൂജ്യമടഞ്ഞു.
അവർ കുത്തി മുറിച്ച അയാളുടെ ഹൃദയം അപ്പോഴും അവളോടു മന്ത്രിച്ചു , എന്‍റെ ഹൃദയത്തിലിരുന്ന നിനക്ക് മുറിവേറ്റില്ല, അതിന് ഞാനനുവദിച്ചില്ല.
ആരൊക്കയോ ,ഛന്നഭിന്നമായ, അയാളുടെ ഹൃദയം തുന്നിച്ചേർത്ത് വീണ്ടും നൽകി.
തുന്നലുകളുടെ എണ്ണക്കൂടുതൽ , ഹൃദയം കൂടുതൽ ഭാരമുള്ളതാക്കി. പക്ഷേ വേദനകളുടെ തൂക്കം സൂക്ഷ്മവും, ഹൃദയ തൂക്കം സ്ഥൂലവുമായിരുന്നു; ആ ഹൃദയത്തിൽ അവൾ അപ്പോഴുമുള്ളതുകൊണ്ട്.
അവളുടെ അട്ടഹാസം അയാളുടെ ഹൃദയമിടിപ്പിന്‍റെ ശബ്ദതീവ്രത കൂട്ടി. ഹൃദയതാളം ഉച്ചസ്ഥായിയിലെത്തി , പലപ്പോഴും. അയാൾ, അവളുടെ കണ്ണിൽ ഭ്രാന്തനാണ്. അങ്ങനെ വരുത്തി തീർക്കാൻ നന്നേ പണിപ്പെട്ടു , അവളും കൂട്ടരും .
അയാൾ ഒറ്റക്കിരുന്ന് ചങ്കുപൊട്ടി കരഞ്ഞിട്ടുണ്ട് , ഒരുപാടു തവണ . ഭ്രാന്താശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം പല തവണ അയാൾ സ്വയം ചോദിച്ചു.,
"ഇപ്പോൾ തനിക്ക് ഭ്രാന്തായോ?'
"എപ്പോളെത്തി, ഇപ്പോളെങ്ങനെയുണ്ട്,"
"എപ്പോളെത്തി, ഇപ്പോളെങ്ങനെയുണ്ട്,"
തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അയാൾ നന്നേ വിഷമിച്ചു.
കൂട്ടുകാരും നാട്ടുകാരും ബന്ധുക്കളും സഹതാപം പ്രകടിപ്പിക്കുന്നു. ആ പ്രകടനം അവരുടെ ചോദ്യങ്ങളിൽ തന്നെ നിഴലിക്കുന്നു. മറുപടി വേണ്ടെന്നു തളർന്ന മനസ്സു പറയുന്നുണ്ടെങ്കിലും അയാൾ ഒഴിഞ്ഞുമാറിയില്ല. തലയാട്ടിയും വിളറി ചിരി ച്ചും അയാൾ മറുപടി നൽകി.
വേദനിക്കുന്ന കണ്ണുകളിൽ വരൾച്ച കൂടി. കാണുന്നവയ്ക്കൊക്കെ ഒരു മങ്ങൽ.
അയാൾ ഭ്രാന്തനാണെന്ന് അവൾ വീണ്ടും പറഞ്ഞു പരത്തി; ഭ്രാന്തുണ്ടെന്ന് അയാൾ സമ്മതിക്കില്ലെന്നും . അതിൽ അവൾ ഉല്ലാസം കണ്ടെത്തി. അതു കേട്ടവർക്കും കിട്ടി മനസംതൃപ്തി.
പക്ഷേ അയാളെ മനസ്സിലാക്കാൻ എന്തേ ആരും ശ്രമിച്ചില്ല. പാവം മനുഷ്യന് പറയാനുള്ളത് ചികിത്സകൻ പോലും തിരക്കിയില്ല. അയാൾക്കു മുഖ്യം പണമാണ്. അവിടെ മാനുഷിക മൂല്യത്തിന് വില കല്പിക്കേണ്ട.
മരുന്നുകൾ പരീക്ഷണശാലയാക്കിയ അയാളുടെ ശരീരത്തെ കാർന്നുതിന്നു. മനസ്സിനും ശരീരത്തിനും താളം തെറ്റി.
വിറയാർന്ന കാലുകൾക്ക് ദിശ തെറ്റുന്നു.
തലച്ചോറിന് മരവിപ്പ്; അയാളുടെ ചിന്തകൾക്കും.
അയാളിലെ ചേതന നഷ്ടപ്പെടുത്തി, ബുദ്ധിക്ക് വിലങ്ങു വച്ചു.
അയാൾ ഇന്നൊരു നോക്കുകുത്തി; വീടിന്നു മുന്നിൽ വച്ച, ശരീരത്തിൽ കോലം വരച്ച , ജീവൻ പോകാറായ നോക്കുകുത്തി. ആ നോക്കുകുത്തിയെ നോക്കി ആളുകൾ പരിഹസിക്കുന്നു. പരിഹാസം കേട്ടു തളർന്ന നോക്കുകുത്തിയുടെ കണ്ണുകളിൽ കണ്ണീർ തുളുമ്പി നിൽക്കുന്നു. ആ കണ്ണീരിലുമുണ്ട് അവളോടുള്ള സ്നേഹം, നിർമ്മലമായ സ്നേഹം.
1 comment:
👍👍ആശംസകൾ
Post a Comment