Skip to main content

Jagan :: ഞാൻ എന്താണ് സാർ ചെയ്യേണ്ടത്.....?


Jagan
പ്രതിദിന ചിന്തകൾ

സാർ,

കോവിഡ് വാക്‌സിൻ എടുക്കാൻ കഴിഞ്ഞ മൂന്ന് മാസമായി ശ്രമിച്ചിട്ടും ആദ്യ ഡോസിനുള്ള സ്ലോട്ട് പോലും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല.

എനിക്ക് കോവിഡ് വന്നിട്ടില്ലാത്തതിനാൽ, ഒരു മാസം മുൻപ് രോഗം വന്ന് ഭേദമായ നെഗറ്റീവ് സർട്ടിഫിക്കറ്റും എന്‍റെ കയ്യിൽ ഇല്ല.

കഴിഞ്ഞ കുറേ മാസങ്ങളായി നാം അടച്ചു പൂട്ടൽ ആഘോഷിക്കുകയായിരുന്നു എന്ന് സാറിന് അറിയാമല്ലോ?
അതിനാൽ എനിക്ക് പണിയും ഇല്ല, കൂലിയും ഇല്ല.
അതുകൊണ്ട് RTPCR ടെസ്റ്റ്‌ ചെയ്യാൻ എന്‍റെ കയ്യിൽ പണവും ഇല്ല.

സർക്കാരിന്‍റെ സൗജന്യ ടെസ്റ്റിന് പോയാൽ അവിടുത്തെ പൂരത്തിരക്കിൽ നിന്ന് എനിക്ക് കോവിഡ് പിടിപെടുമെന്ന ഭയമാണ്. 

വീട്ടിൽ കുട്ടികൾ പട്ടിണി ആണ്.
അടുത്തുള്ള പലചരക്കുകടയിൽ വലിയ തുക കൊടുക്കാനുണ്ടെങ്കിലും, എന്‍റെ സ്ഥിതി മോശമായതിനാൽ പറ്റുബുക്കുമായി കടയിൽ ചെന്നാൽ ആ വലിയ മനുഷ്യസ്നേഹി  അരിയും, ഉപ്പും, മുളകും കടം തരില്ല എന്ന് ഇതുവരെ പറഞ്ഞിട്ടില്ല.

പക്ഷേ, സാർ ഇന്നുമുതൽ നടപ്പാക്കിയപുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ കാരണം എനിക്ക് അടുത്തുള്ള കടയിൽ പോയി ഒരു കിലോ അരി വാങ്ങാൻ കഴിയുന്നില്ല.

കുട്ടികൾ വിശന്ന് കരയുന്നത് കണ്ടിട്ട്, എന്തും വരട്ടെ എന്ന് കരുതി കടയിൽ പോകാം എന്നു വച്ചാൽ നിയമം കർശനമായി നടപ്പാക്കുന്ന സാറിന്‍റെ പോലീസ് അടിക്കുന്ന പിഴ അടയ്ക്കാൻ എനിക്ക് കഴിയില്ല.

ഞാൻ എന്‍റെ കുട്ടികളോട് എന്താണ് സാർ പറയേണ്ടത്.......?

എനിക്ക് ഒരു കിലോ അരി വാങ്ങാൻ ഞാൻ എന്താണ് സാർ ചെയ്യേണ്ടത്.....?

മറുപടി പ്രതീക്ഷിച്ചുകൊണ്ട്,

സാറിന് വോട്ട് ചെയ്ത് ജയിപ്പിച്ച
- ഒരു പാവം സാധാരണ വോട്ടർ.
--- ജഗൻ, പ്രതിദിനചിന്തകൾ
   05 - 08 - 2021

(കേരള വ്യാപാരി വ്യവസായി ഏകോപന സമിതി,  
കൊല്ലം ജില്ലാ വൈസ് പ്രസിഡന്‍റെ ആണ് ലേഖകൻ.)

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...