Skip to main content

Raji Chandrasekhar :: എനിക്കു വേണ്ടിയോ കുറിച്ചിതത്രയും

 


 

"എനിക്കു വേണ്ടിയോ
          കുറിച്ചിതത്രയും
പനിച്ചു തൂവി നിൻ
         നനുത്ത വാക്കുകൾ "

പകച്ചു കാറ്റലക്കുതിപ്പുകൾ, വിഷം
 പുകഞ്ഞു മങ്ങുന്ന വെയിൽത്തിര,
അഴിഞ്ഞു വീണു  നാമണിഞ്ഞ പൊയ് മുഖ-
ക്കുഴിത്തുരുമ്പുകൾ,  കറുത്ത പേമണം
കുരച്ചു നീട്ടുന്ന തെരുവു കാമങ്ങ-
ളുരിഞ്ഞ കുങ്കുമം തുറിക്കും നേരുകൾ,
നിനക്കുവേണ്ടി ഞാൻ കുറിച്ചതത്രയും
നീണച്ചുരിൽ കടം കൊരുത്ത വാക്കുകൾ .

"എനിക്കു വേണ്ടിയോ
         കുറിച്ചിതത്രയും
തിളച്ചു പൊങ്ങി നിൻ
         ജ്വലിക്കും വാക്കുകൾ "

തുടുത്ത മാമ്പഴക്കവിൾത്തടം, ദീർഘ-
മടുപ്പൊളിപ്പിക്കും, ചിരി, നാണം, മിഴി-
യഴലിമ ചിമ്മിയുതിരും താരകൾ
നിഴൽച്ചെളി,  കിനാക്കളിക്കുളം, ചുഴി,
ചുഴിഞ്ഞിറങ്ങിടും പ്രണയനൊമ്പരം
ചുരം കയറുന്ന ചുനക്കനിക്കാലം .
എനിക്കുവേണ്ടി ഞാൻ കുറിച്ചതത്രയും
എരിക്കു പൂക്കുന്ന ശ്മശാനവാക്കുകൾ.

"എനിക്കുവേണ്ടിയോ
         കുറിച്ചിതത്രയും
എരിഞ്ഞു നീറി നിൻ
         എരിയും വാക്കുകൾ "

അടുത്തു വന്നണഞ്ഞിരിക്കുവാൻ കൊതി,
ഇടഞ്ഞു മാറി വേർപിരിയുവാൻ മടി.
ഇരുൾ നടത്തങ്ങൾ ഒഴിവോളം കരം
ഇരു ചുമലിലങ്ങുറച്ചിരിക്കണം
ഇളകും താളങ്ങളൊരുക്കും വിശ്വാസ-
ക്കളങ്ങൾ തൻ ചതിക്കുഴികൾ താണ്ടണം.
നമുക്ക് വേണ്ടി നാം കുറിക്കുമെത്രനാൾ
നറുക്കു വീണു നാം പിരിയുവോളവും.

"എനിക്കു വേണ്ടിയോ
         കുറിച്ചിതത്രയും
തണുത്തതില്ല നീ
         തൊടുത്ത വാക്കുകൾ " 

--- Raji Chandrasekhar

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A