മഷിയുണങ്ങിയെൻ തൂലിക അക്ഷരമുറ്റത്തിന്നേകയായീവിധം തപ്പിത്തടഞ്ഞൊന്നു ഞാൻ നടന്നീടവേ.. എൻ തൂലികത്തുമ്പിലായിറ്റിറ്റു വീഴുമാ നൽ മഷിക്കൂട്ടുമുണങ്ങീ വരണ്ടുപോയ്.. എന്നന്തരംഗത്തിലാഴ്ന്നങ്ങിരുന്നൊരാ അക്ഷരമുത്തുകളെങ്ങോ മറഞ്ഞുപോയ്.. ചിന്തയിൽ ചിന്തുമാ കൂട്ടക്ഷരങ്ങളും ചന്തമില്ലാതൊന്നവിടെ ചിതറിപ്പോയി.. മനതാരിനുള്ളിലെ മണിവീണാതന്ത്രിയും മോഹഭംഗങ്ങളാലറ്റം മുറിഞ്ഞുപോയ്.. നെരിപ്പോടിനുള്ളിലായ് മിന്നും കനലുകൾ, നെഞ്ചകത്തിന്നകത്തൊന്നായ് ജ്വലിച്ചുപോയ്.. നേരും, നെറിവുമായ് ഞാൻ പകർന്നേകിയൊ രോമൽക്കവിതയുമെങ്ങോ മറഞ്ഞുപോയ്.. ഉലയിലൂതി മൂർച്ചയേകിയ വാക്കുകൾ ഉള്ളത്തിലെങ്ങോയെരിഞ്ഞു പൊലിഞ്ഞുപോയ്.... കടമിഴിക്കോണിലായ് ഞാൻ നെയ്ത സ്വപ്നവും, മിഴിനീർക്കണങ്ങളാൽ ചാരെയൊലിച്ചു പോയ്... --- മിനി സുകുമാർ.
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog