സാഹിത്യം ഓരത്തല്ലാതാകണം

Views:


സാഹിത്യം ജീവിതത്തിന്റെയും സമൂഹത്തിന്റെയും മുഖ്യധാരയില്‍ എത്തണം. സിനിമയുടെതുപോലുള്ള ജൈവബന്ധം അതിനുണ്ടാകണം. സാഹിത്യത്തിന്റെ നിലനില്‌പിനുവേണ്ടി സംസാരിക്കാനും എഴുതാനും എഴുത്തുകാര്‍ ബദ്ധശ്രദ്ധരാകണം. എഴുത്തുകാര്‍ക്കു തമ്മില്‍ ശക്തമായ ആത്മബന്ധം ഉണ്ടാകണം. സിനിമാരംഗത്തോ, മറ്റു കലാരംഗങ്ങളിലോ ഉള്ള ഐക്യത സാഹിത്യരംഗത്ത്‌ ഇല്ലെന്ന്‌ എഴുത്തുകാര്‍ പൊതുവില്‍ സമ്മതിക്കുമ്പോഴും അത്തരമൊരു ഐക്യം ഉണ്ടാക്കിയെടുക്കുവാനുള്ള ആത്മാര്‍ത്ഥമായ ശ്രമം നടക്കുന്നില്ലെന്നതാണ്‌ സത്യം.  
തനിക്കുശേഷം വരുന്ന എഴുത്തുകാര്‍ തന്നെക്കാള്‍ മോശപ്പെട്ടവരാണെന്ന ധാരണ ഇവിടത്തെ ഭൂരിപക്ഷം മുതിര്‍ന്ന എഴുത്തുകാരെയും ഭരിക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ പുതുതലമുറയിലെ എഴുത്തുകാരുടെ കൃതികള്‍ വാങ്ങുകയോ, വായിക്കുകയോ ചെയ്യുന്നില്ല. തങ്ങള്‍ എഴുതിയതിനപ്പുറം സാഹിത്യമില്ലെന്നു വിശ്വസിക്കുന്ന ഇവര്‍ പുതു എഴുത്തുകാര്‍ക്ക്‌ അംഗീകാരങ്ങള്‍ കിട്ടുന്നതുപോലും ഇഷ്‌ടപ്പെടാത്തവരാണ്‌. ഇങ്ങനെ സാഹിത്യത്തിലെ തമ്പുരാക്കന്മാരായ എഴുത്തുകാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു കൂട്ടം ദൃശ്യരും അദൃശ്യരുമായ ലോബികള്‍ ഇക്കാലത്തും മലയാളസാഹിത്യത്തെ മനോഹരമായി ഭരിച്ചുകൊണ്ടിരിക്കുന്നു.  
എഴുത്തിന്റെ തേജസ്‌ നിലനില്‍ക്കുന്ന കാലത്താണ്‌ ഒരാള്‍ക്ക്‌ അംഗീകാരങ്ങളും അവാര്‍ഡുകളും കിട്ടേണ്ടതെന്ന് ജീവിതത്തില്‍ ഒരു അവാര്‍ഡുപോലും വാങ്ങാത്ത, കിട്ടിയ അവാര്‍ഡുതന്നെ നിരസിച്ച പ്രശസ്‌ത ചിന്തകന്‍ പ്രൊ. എം. എന്‍. വിജയൻറെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോകുന്നു. ഇവിടെ ഇതാണോ സ്ഥിതിഒരുവിധം ഭേദപ്പെട്ട പുരസ്‌കാരങ്ങള്‍ കിട്ടേണ്ട പ്രായം എഴുപതുവയസ്സെങ്കിലും തികയണമെന്ന അപ്രഖ്യാപിത നിയമം ഉണ്ടാക്കി വച്ചിരിക്കുന്നു. സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകള്‍ക്ക്‌ അതിനെക്കാളും പ്രായമാകണമെന്നതാണ്‌ മറ്റൊരു കാര്യം. ശിരസ്സും മനസ്സും നരച്ചശേഷം വാര്‍ദ്ധക്യകാല പെന്‍ഷന്‍ നല്‍കുന്നതുപോലെ അവാര്‍ഡുകൊടുത്ത്‌ എഴുത്തുകാരെ അംഗീകരിക്കുന്നതിലെന്തു മാന്യതയാണുള്ളത്‌? പല പ്രധാനപ്പെട്ട എഴുത്തുകാര്‍ക്കും കൃതികള്‍ക്കും സാഹിത്യ അക്കാദമികളുടെ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടില്ലെന്നതും നമ്മെ ഇന്നും ആശ്ചര്യപ്പെടുത്തുന്നു.അതുകൊണ്ടാകാം തൻറെ 'വിട'-യെന്ന കവിതാസമാഹാരത്തിന്‌ 1970ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചതറിഞ്ഞ്‌, അക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ കൃതിയായ ‘ഖസാക്കിന്റെ ഇതിഹാസത്തിനു ഈ അവാര്‍ഡ്‌ കൊടുക്കേണ്ടതായിരുന്നു’ എന്ന്‌ മഹാനായ വൈലോപ്പിള്ളി ശ്രീധരമേനോന്‍ പറഞ്ഞത്‌. ഇന്ന്‌ അങ്ങനെ പറയാന്‍ പോലും ഒരു എഴുത്തുകാരന്‍ തയ്യാറാകുമോ?  
ആര്‍ക്ക്‌ അവാര്‍ഡുകൊടുക്കണം, കൊടുക്കണ്ട എന്നെല്ലാം തീരുമാനിക്കുവാന്‍ മുന്‍കൂട്ടി തിരക്കഥ എഴുതിവച്ച്‌ സംവിധാനം ചെയ്യപ്പെടുന്ന വെറും ‘ഷോ’കളായി ഇവിടത്തെ വലിയ അവാര്‍ഡുസമിതികള്‍ മാറിപ്പോയെന്ന്‌ ആരെങ്കിലും ആക്ഷേപിച്ചാല്‍ അതിനെ കുറ്റും പറഞ്ഞിട്ടുകാര്യമില്ല. എന്നാല്‍ അവാര്‍ഡുകള്‍ കിട്ടുന്നവരാകട്ടെ, ഒരിക്കലും വറ്റാത്ത അത്യാഗ്രഹവുമായി നടക്കുന്നതാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌. ജീവിതത്തില്‍ ഇന്നോളമെഴുതിയ എല്ലാ പുസ്‌തകങ്ങള്‍ക്കും ഒന്നിലേറെ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടും മടുക്കാത്തവരാണവര്‍. തിരുവനന്തപുരവും തൃശ്ശൂരും കോഴിക്കോടും പരസ്‌പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ചില സാഹിത്യമേലാളന്മാരാണ്‌ മലയാളത്തിലെ ഭൂരിപക്ഷം അവാര്‍ഡുകളും സംവിധാനം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഇവരാണ്‌ ആഴ്‌ചകള്‍ തോറും മാധ്യമങ്ങളില്‍ അവാര്‍ഡു ജേതാക്കളായി വേഷമിടുന്നതെന്ന കാര്യം ഏകദേശം എല്ലാവര്‍ക്കും അറിവുള്ളതാണ്‌. ഏതെങ്കിലും എഴുത്തുകാര്‍ മരണപ്പെട്ട്‌ ഒരുവര്‍ഷം തികയുമ്പോള്‍ തട്ടിക്കൂട്ടുന്ന മിക്കവാറും അവാര്‍ഡുകള്‍ പോലും ഇവര്‍ക്കാണ്‌ കിട്ടുന്നത്‌. ആ മണ്‍മറഞ്ഞ എഴുത്തുകാരാകട്ടെ, അവര്‍ ജീവിച്ചിരുന്ന കാലത്ത്‌ ആരും അത്രയ്‌ക്ക്‌ ശ്രദ്ധിച്ചിരുന്നുമില്ല.  
ഇതൊക്കെ തുറന്നു പറയുവാന്‍ ഇവിടത്തെ പല പുതുഎഴുത്തുകാര്‍ക്കുപോലും ഭയമാണ്‌. സാഹിത്യത്തില്‍ അങ്ങനെ ആരും ആരെയെങ്കിലും ഭയക്കേണ്ടതുണ്ടോ? സ്വന്തമായി എഴുതാന്‍ ശേഷിയുള്ള ഒരാളും ആരെയും ഭയക്കേണ്ടതില്ല
ലക്ഷങ്ങളുടെ വിലയുള്ള പുരസ്‌കാരങ്ങള്‍ വാങ്ങിയവര്‍ ഇപ്പോഴും അയ്യായിരത്തിന്റെയും പതിനായിരത്തിന്റെയും വിലയുള്ള ചെറിയ ചെറിയ അവാര്‍ഡുകള്‍ക്കുപോലും മത്സരിച്ചുകൊണ്ടിരിക്കുന്നു. അത്തരം ചെറിയ പുരസ്‌കാരങ്ങളെങ്കിലും യുവ എഴുത്തുകാര്‍ക്ക്‌ കിട്ടിപ്പോകട്ടെയെന്നു ഇവര്‍ കരുതുന്നില്ല. മാത്രമല്ല സാഹിത്യത്തിനു ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങള്‍ നേടിയവര്‍ പോലും ‘ഇനി തങ്ങളെ അവാര്‍ഡുകള്‍ക്ക്‌ പരിഗണിക്കേണ്ടതില്ല’ എന്നു പ്രസ്‌തവനയിറക്കുന്നുമില്ല.
 വലിയ പുരസ്കാരങ്ങള്‍ നേടിയ ഇവര്‍ ഡോക്‌ടറേറ്റു കിട്ടിയശേഷം പ്ലസ്‌ടുവിനു പഠിക്കുന്നതുപോലെയല്ലേ ഇപ്പോഴും കുഞ്ഞുകുഞ്ഞു പുരസ്കാരങ്ങള്‍ക്കുവേണ്ടി ക്യൂ നില്‍ക്കുന്നത്‌?  
കാലത്തോടൊപ്പം മാറാത്തതൊന്നുമില്ലല്ലോ? സാഹിത്യവും അത്തരത്തില്‍ നിത്യനൂതനമായി മാറിക്കൊണ്ടിരിക്കുന്നു. പണ്ട്‌ സാഹിത്യം മാത്രമായിരുന്നു ഏക വിനോദോപാധിയെങ്കില്‍ ഇന്ന്‌ സ്ഥിതി ആകെ മാറപ്പെട്ടു. സീരിയല്‍, സിനിമ തുടങ്ങിയവയെല്ലാം ഇത്രയ്‌ക്കു സജീവമാകുന്നതിനുമുമ്പുള്ള സാഹിത്യത്തിന്റെ അവസ്ഥയല്ല ഇന്നത്തേത്‌. അതുകൊണ്ടുതന്നെ സാഹിത്യം സ്വയം നിലനില്‍ക്കുമെന്നു കരുതാന്‍ കഴിയില്ല. ആയതിനാല്‍ സാഹിത്യത്തെ നിലനിര്‍ത്തുക തന്നെവേണം. അതിന്‌ സര്‍വ്വകലാശാലകള്‍ക്കും സര്‍ക്കാരുകള്‍ക്കും കഴിയുന്നതിനപ്പുറം ഇവിടത്തെ എഴുത്തുകാര്‍ക്ക്‌ കൂട്ടായി പലതും ചെയ്യാന്‍ കഴിയും.  
എഴുത്തുകാര്‍ ഓരോരുത്തരും എഴുത്തിന്റെ വഴിയില്‍ വ്യത്യസ്‌തരാണ്‌. എന്നാല്‍ എഴുത്തുകാര്‍ എന്ന പൊതുവായ അര്‍ത്ഥത്തിലുള്ള വര്‍ഗ്ഗബോധം കരുപ്പിടിപ്പിക്കേണ്ടിയിരിക്കുന്നു. സാഹിത്യത്തിനുവേണ്ടി ക്രിയാത്മകമായി നിലകൊള്ളുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും പ്രസിദ്ധീകരണങ്ങളെയും തിരിച്ചറിഞ്ഞ്‌ പ്രാത്സാഹിപ്പിക്കുകയും നിലനിറുത്തുകയും ചെയ്യുകയാണ്‌ എഴുത്തുകാര്‍ ചെയ്യേണ്ട പ്രാഥമികമായ കര്‍ത്തവ്യം.  


പ്രസാധകര്‍, പ്രസിദ്ധീകരണങ്ങള്‍ 
നിരവധി ചെറുതും വലുതുമായ പ്രസാധകര്‍ കേരളത്തില്‍ ഇന്നുണ്ട്‌. ഇതില്‍ എത്രപേര്‍ക്ക്‌ എഴുത്തുകാരന്റെ പുസ്‌തകങ്ങള്‍ സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ച്‌ വില്‍പ്പന നടത്താനാകും? ആയിരം പുസ്‌തകം, ഏതെങ്കിലും പ്രസാധകനെ കൊണ്ട്‌ അച്ചടിപ്പിക്കുന്ന ഒരു നവാഗതനായ എഴുത്തുകാരന്‍ രണ്ടാമതൊരു പുസ്‌തകം പ്രസിദ്ധീകരിക്കാന്‍ വീണ്ടും വായ്‌പയെടുക്കേണ്ട അവസ്ഥയാണ്‌. പതിനായിരക്കണക്കിന്‌ എഴുത്തുകാരുള്ള ഈ നാട്ടില്‍ ആയിരം പുസ്‌തകം വില്‍ക്കാന്‍ എന്തു ബുദ്ധിമുട്ട്‌
പക്ഷേ, നമ്മുടെ എത്ര എഴുത്തുകാര്‍ പുസ്‌തകം കാശുകൊടുത്തു വാങ്ങും? എത്ര പ്രസിദ്ധീകരണങ്ങള്‍ വിലകൊടുത്തോ, വരിസംഖ്യകൊടുത്തോ വാങ്ങും? തുലോ തുച്ഛം എന്ന്‌ ഈ ലേഖകന്‍ നെഞ്ചില്‍ കൈവച്ചുപറയും. കഴിഞ്ഞ ഏഴുവര്‍ഷമായി സാഹിത്യസാംസ്‌കാരിക പ്രസിദ്ധീകരണവും പത്തുവര്‍ഷമായി സാഹിത്യപുരസ്‌കാരവുമുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്ന ഒരുമയുടെ അമരക്കാരന്‍ എന്ന നിലയില്‍ ഇവിടത്തെ എഴുത്തുകാരുടെ തനിനിറം നല്ലവണ്ണം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. എല്ലാവര്‍ക്കും അവാര്‍ഡുവേണം, പക്ഷേ, ഒരു സംഘടന എങ്ങനെ നിലനില്‍ക്കുന്നു എന്നറിയണമെന്നില്ല. കഷ്‌ടപ്പെട്ടു സംഘടിപ്പിക്കുന്ന അവാര്‍ഡു വാങ്ങിപ്പോയാലാകട്ടെ, ഒരു രൂപ ചെലവഴിച്ച്‌ ഫോണ്‍ ചെയ്യാന്‍ പോലും മര്യാദയും മാന്യതയുമില്ലാത്ത എത്രയോ എഴുത്തുകാരെ നേരിട്ടറിയാം. ഹൃദയശൂന്യത കൂടുതലുള്ള മലയാളത്തിലെ എഴുത്തുകാര്‍ക്ക്‌ സ്‌നേഹത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമെല്ലാം വലിയ കവിതകളെഴുതാന്‍ നല്ലവണ്ണം കഴിയും. നമ്മുടെ എഴുത്തുകാരില്‍ സാമ്പത്തികമായി പരാധീനതയുള്ളവരുണ്ടായേക്കാം. എന്നാല്‍ ബഹുഭൂരിപക്ഷവും പഴയ കാലത്തെപ്പോലെ പട്ടിണിക്കിടക്കുന്നവരല്ലല്ലോ? മറിച്ച്‌ വലിയ ശമ്പളം പറ്റുന്നവരും മറ്റു വരുമാന മാര്‍ഗ്ഗങ്ങളുള്ളവരുമാണ്‌. എന്നിട്ടും ഒരു എഴുത്തുകാരന്റെ കൃതി കാശുകൊടുത്തുവാങ്ങി സഹകരിക്കാനോ, സാഹിത്യത്തിന്റെ പ്രചരണത്തിനും നിലനില്‌പിനും വേണ്ടി നിലകൊള്ളുന്ന പ്രസിദ്ധീകരണങ്ങള്‍ക്ക്‌ വരിസംഖ്യ നല്‍കാനോ ഉള്ള മനോഭാവം ഇനിയും വളര്‍ന്നുവന്നിട്ടില്ല. ഒരു കൃതി സൗജന്യമായി അയച്ചുകൊടുത്താല്‍ അത്‌ കിട്ടിയെന്ന ചെറുപ്രതികരണം പോലും അറിയിക്കുന്ന എത്ര എഴുത്തച്ഛന്മാര്‍ മലയാളത്തിലുണ്ട്‌!  
ഇങ്ങനെ മനസ്സുമുഴുവന്‍ താനെന്ന ഭാവവും പോറി നടക്കുന്ന "സൂപ്പര്‍ ഈഗോ'കളായ സാഹിത്യചക്രവര്‍ത്തിമാര്‍ക്ക്‌ നമ്മുടെ ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും പറഞ്ഞു വിലപിക്കാന്‍ എന്തു ധാര്‍മ്മികതയാണുള്ളത്‌? ഇത്തരം സാഹചര്യങ്ങള്‍ മാറാത്തിടത്തോളം സാഹിത്യം ഓരത്തല്ലാതെ പിന്നെ എവിടെ നില്‍ക്കും?  
വ്യാജന്മാരുടെ നുഴഞ്ഞുകയറ്റം 
എല്ലാക്കാലത്തും കവികളും കവിയശ്ശഃപ്രാര്‍ത്ഥികളും ഉണ്ടാകാറുണ്ട്‌. പക്ഷേ, യഥാര്‍ത്ഥ കവികളെ അല്ലെങ്കില്‍ സാഹിത്യകാരന്മാരെ തിരിച്ചറിയാന്‍ അക്കാലത്ത്‌ എളുപ്പത്തില്‍ കഴിഞ്ഞിരുന്നു. ഇപ്പോഴാകട്ടെ ഒര്‍ജിനല്‍ എഴുത്തുകാരെക്കാളും വ്യാജന്മാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിക്കുന്നു. വ്യാജന്മാര്‍ക്കാണ്‌ അരങ്ങും അണിയറയും ഇന്ന്‌ കൂടുതല്‍ ലഭിക്കുന്നത്‌. കാശിനുവേണ്ടി എന്തു കലാപരിപാടിയും കാട്ടിക്കൂട്ടാന്‍ സാമര്‍ത്ഥ്യമുള്ള "കവി സിന്റിക്കേറ്റുകള്‍' വളര്‍ന്നുകഴിഞ്ഞു. ഇവര്‍ ജ്ഞാനപീഠജേതാക്കളായ കവികളെക്കാള്‍ നാട്ടില്‍ അറിയപ്പെടുന്നവരാണ്‌. ഇവരില്‍ പലരും ഇടതുവലതു പാര്‍ട്ടിയാഫീസുകളില്‍ വെള്ളം കോരുന്നവരും വിറകുവെട്ടുന്നവരുമാണ്‌. ഇവര്‍ സ്ഥലത്തെ പ്രധാന ദിവ്യന്മാരായ സാഹിത്യസ്ഥാനപതികളെ ചുമക്കുന്നവരും സഹിക്കുന്നവരുമാണ്‌. ഇങ്ങനെ ശിങ്കിടിപ്പണിയെടുത്തതിന്റെ പ്രതിഫലമായി ചില ചില്ലറ ബോര്‍ഡുകളില്‍കമ്മിറ്റികളില്‍ കയറിക്കൂടി, എട്ടുകാലി മമ്മൂഞ്ഞുമാരായി വാഴുന്നവരുമാണ്‌. ഇവരെല്ലാമാണ്‌ നാട്ടിലെ സാഹിത്യത്തിന്റെ അപ്പോസ്തലന്മാരെന്ന്‌ പാവം ജനം വിശ്വസിച്ചുപോകുന്നു.  
എഴുത്തുകാരന്‌ പ്രധാനമായി വേണ്ടത്‌ പ്രതിഭയാണെന്നും അത്‌ ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്തതാണെന്നും അത്തരം പ്രതിഭയുടെ ശക്തിയുള്ള എഴുത്തുകള്‍ നിലനില്‍ക്കുമെന്നുമുള്ള സാഹിത്യബോധത്തിന്‌ ഇന്നെന്തു പ്രസക്തി ? ആര്‍ക്കും എഴുത്തുകാരാകാം. പണം കൂടുതലുള്ളവര്‍ക്ക്‌ കൂടുതല്‍ ഭംഗിയായി പുസ്‌തകമച്ചടിക്കാനും അവാര്‍ഡുവാങ്ങാനും യഥേഷ്‌ടം കഴിയുന്നു. അധികാരത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പിണിയാളുകളായി മാറാത്തവര്‍ എത്ര വലിയ സൃഷ്‌ടികള്‍ നടത്തിയാലും അവര്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ തിരിച്ചറിയപ്പെടാതെ പോകുന്നു. എല്ലാം കച്ചവടവല്‍ക്കരിക്കപ്പെട്ടു. സാഹിത്യം മാര്‍ക്കറ്റുള്ള ഒരു ഉല്‌പന്നം എന്നതിനപ്പുറം ഇന്ന്‌ മറ്റൊന്നല്ലാതായിത്തീര്‍ന്നു. സ്വയം കച്ചവടം ചെയ്യപ്പെടാത്ത എഴുത്തുകാര്‍ കമ്പോളത്തില്‍ ജീവിക്കുന്നില്ല.
മാധ്യമങ്ങളുടെ പങ്കാളിത്തമില്ലായ്മ 
മാധ്യമങ്ങള്‍ക്ക്‌ സാഹിത്യത്തെ വളര്‍ത്തുന്നതിലുള്ള താല്‌പര്യം നന്നേ കുറഞ്ഞു. ഒരു കാലത്ത്‌ നമ്മുടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ വാരാന്ത്യപ്പതിപ്പുകള്‍ നല്ല സാഹിത്യവിരുന്നായിരുന്നുവെങ്കില്‍ ഇന്ന്‌ അവ വെറും പൈങ്കിളി സിനിമാക്കഥകളും പാചകക്കുറിപ്പുകളും മാത്രമായി മാറിയില്ലേ? ആശയാദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുരോഗമനപ്രസ്ഥാനങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ പോലും ആള്‍ദൈവങ്ങളെക്കുറിച്ചും അമ്പലങ്ങളെക്കുറിച്ചുമെല്ലാം സപ്ളിമെന്റുകളിറക്കി മത്സരിക്കുകയാണല്ലോ? എത്ര ചാനലുകള്‍ ഇന്ന്‌ സാഹിത്യത്തിന്‌ സ്ഥാനം നല്‍കുന്നു. ഒരു പഞ്ചായത്തു മെമ്പര്‍ക്കു കൊടുക്കുന്ന പ്രാധാന്യം പോലും പലപ്പോഴും ഒരെഴുത്തുകാരന്‌ നല്‍കുന്നില്ല. പല എഴുത്തുകാരും മരണപ്പെട്ട വിവരം പോലും മാധ്യമങ്ങള്‍ വേണ്ടത്ര രീതിയില്‍ പ്രസിദ്ധീകരിക്കുന്നില്ലെന്ന വാദഗതി ഉയരുന്നത്‌ ഇവിടെ നിന്നാണ്‌. കൂടുതല്‍ സെന്‍സേഷണലായ വാര്‍ത്തകളുടെ പിന്നാലെ പാഞ്ഞുപോകുന്ന നവീന മാധ്യമ സിന്റിക്കേറ്റുകളുടെ തിട്ടൂരത്തില്‍പ്പെട്ട്‌ സാഹിത്യം പാർശ്വവല്‍ക്കരിക്കപ്പെടുന്നതില്‍ യഥാര്‍ത്ഥ എഴുത്തുകാര്‍ പരിതപിക്കാതെന്തു ചെയ്യും
വിലകുറഞ്ഞ പ്രചരണകോലാഹലങ്ങള്‍ക്കിടയില്‍ എന്താണ്‌ നല്ല സാഹിത്യം എന്ന്‌ പൊതുജനം തിരിച്ചറിയാതെ പോകുന്നു. സാഹിത്യം അവര്‍ക്ക്‌ ഒരുതരത്തിലും അവബോധമല്ലാതായി. സാംസ്‌കാരിക പരിപാടികള്‍ ആളെക്കിട്ടാത്ത അരങ്ങുകളായിത്തീര്‍ന്നു. ഒരു കുഞ്ഞു സീരിയലില്‍ അഭിനയിച്ച അല്ലെങ്കില്‍ ചെറു സിനിമാവേഷം കെട്ടിയ ആളെക്കൊണ്ട്‌ പ്രധാന പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യിപ്പിക്കുകയും വലിയ എഴുത്തുകാരനെ വിളിച്ച്‌ വഴിപാടായി ആശംസാപ്രസംഗം നടത്തിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ വരെ കാര്യങ്ങള്‍ എത്തി. മേനിക്കൊഴുപ്പ്‌ ഉള്ളതുകൊണ്ടുമാത്രം ചെല്ലും ചെലവും കൊടുത്ത്‌ കെട്ടിയാനയിക്കപ്പെടുന്ന സിനിമ നടീനടന്മാരെക്കൊണ്ട്‌ നാടിന്‌ എന്തു നേട്ടമാണുള്ളത്‌
എഴുത്തുകാര്‍ രക്ഷപ്പെടണമെങ്കില്‍ 


എഴുത്തുകാരന്‌ ഭീഷണി എഴുത്തുകാരന്‍ തന്നെയാണ്‌. പരസ്‌പരം പാര പണിയുന്ന വര്‍ഗ്ഗം, എഴുത്തുകാരെപ്പോലെ മറ്റൊരു വിഭാഗമുണ്ടാകുമെന്നു തോന്നുന്നില്ല. രാഷ്‌ട്രീയ ഭിക്ഷാംദേഹികളായി വിഴുപ്പുചുമക്കുന്ന എഴുത്തുകാരന്‌ എങ്ങനെ രാഷ്‌ട്രീയത്തിലെ, ഭരണകൂടത്തിലെ അഴിമതിയെ, അന്യായങ്ങളെ വിമര്‍ശിക്കാന്‍ കഴിയും? പാബ്‌ളോ നെരൂദയുടെയും ബ്രഹ്‌തിന്റെയും മറ്റും പേരുപറഞ്ഞ്‌ ഊറ്റംകൊള്ളുന്ന നമ്മുടെ എഴുത്തുകാരെപ്പോലെ രാഷ്‌ട്രീയനേതാക്കളെ ഇത്രയധികം ഭയക്കുന്നവരുണ്ടോ? സമൂഹത്തിലെ സന്മാര്‍ഗ്ഗ ശക്തി (Corrective Force) യായി നിലനില്‍ക്കേണ്ട മാതൃകാവ്യക്തിത്വമാണ്‌ എഴുത്തുകാരനുണ്ടാവേണ്ടത്‌. അധികാരത്തിന്റെ അന്തഃപ്പുരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന അവാര്‍ഡുകുട്ടകളില്‍ കണ്ണുവച്ചുള്ള സാഹിത്യ രചനയ്‌ക്കപ്പുറം എന്തു സാഹിത്യമാണ്‌ മലയാളത്തിലെ എഴുത്തുകാര്‍ക്കുള്ളത്‌. അവാര്‍ഡുകള്‍ അട്ടിപ്പേറായി അടുക്കിവയ്‌ക്കുക എന്ന വിനോദത്തില്‍ ലയിച്ചിരിക്കുന്ന ഇവിടത്തെ എഴുത്തുകാര്‍ക്ക്‌ എങ്ങനെ സ്വതന്ത്രരാകാന്‍ കഴിയും? ആഗോളീകരണത്തെയും മലിനീകരണത്തെയുമെല്ലാം പ്രാത്സാഹിപ്പിക്കുന്ന വന്‍ വ്യവസായികള്‍ നല്‍കുന്ന സരസ്വതീ സമ്മാനവും ജ്ഞാനപീഠവുമെല്ലാം നാലുകൈകൊണ്ടും നീട്ടിവാങ്ങിയ ശേഷം അവയ്‌ക്കെതിരെ പ്രസംഗിച്ചിട്ടു കാര്യമുണ്ടോ?  
സ്വാര്‍ത്ഥത ഉപേക്ഷിക്കുന്നവര്‍ക്കുമാത്രമേ എല്ലാം തുറന്നെഴുതാന്‍ കഴിയൂ. നോബേല്‍ സമ്മാനം പോലും നിരസിച്ച്‌ എന്നും സാധാരണക്കാരുടെ കൂടെ നിലയുറപ്പിച്ച ഴാങ്‌ പോള്‍ സാര്‍ത്രിനെപ്പോലെ, വധശിക്ഷയ്‌ക്കെതിരെ സമരം സംഘടിപ്പിച്ച്‌ ഗവണ്‍മെന്റിനെക്കൊണ്ട്‌ അതു നിര്‍ത്തലാക്കിപ്പിച്ച ആല്‍ബേല്‍ കാമുവിനെപ്പോലെ എത്ര എഴുത്തുകാര്‍ മലയാളത്തിന്റെ സര്‍ഗ്ഗാത്മകസ്വത്വത്തിന്റെ അവകാശികളായുണ്ട്‌? മനുഷ്യരാശിക്കു പുതിയ ആകാശത്തെയും പുതിയ ഭൂമിയേയുംക്കുറിച്ച്‌ പറഞ്ഞുകൊടുക്കുവാന്‍ ശേഷിയുള്ള യഥാര്‍ത്ഥ, ക്രിയേറ്റീവായ എഴുത്തുകാരന്റെ ശക്തി മറ്റേതു അധികാരസ്ഥാനത്തെക്കാളും വലുതാണെന്നു ആദ്യം തിരിച്ചറിയേണ്ടത്‌ എഴുത്തുകാര്‍ തന്നെയാണ്‌. അത്തരമൊരു തിരിച്ചറിവ്‌ ഇവിടത്തെ എഴുത്തുകാര്‍ക്കില്ലാതെ പോകുന്നതുകൊണ്ടാണ്‌ ഒരു പഞ്ചായത്തുമെമ്പര്‍ക്കുള്ള പദവിപോലും നമ്മുടെ എഴുത്തുകാര്‍ക്ക്‌ സമൂഹമധ്യത്തില്‍ കിട്ടാതെ പോകുന്നത്‌.  
എഴുത്തുകാര്‍ സര്‍വ്വാദരണീയരാകേണ്ടവരാണ്‌. അവരുടെ വാക്കും വരിയും സൂര്യതേജസ്സിനെപ്പോലെ സ്വീകരിക്കപ്പെടേണ്ടതും നിലനിര്‍ത്തപ്പെടേണ്ടതുമാണ്‌. അവര്‍ എന്നും പ്രതിപക്ഷത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍ മാത്രമാണ്‌. നൈതികമൂല്യം എന്നത്‌ എല്ലാരംഗത്തും കൈമോശം വന്നിരിക്കുന്നു. പ്രത്യയശാസ്‌ത്രങ്ങളിലുള്ള പ്രത്യാശപോലും നഷ്‌ടപ്പെട്ടുവരുന്ന ഇക്കാലത്ത്‌ ആരെയാണ്‌ ജനം അംഗീകരിക്കേണ്ടത്‌? മാധ്യമങ്ങളെയോ? ഭരണാധികാരികളെയോ? എഴുത്തുകാരെയോ? ആരെയും വിശ്വസിക്കാന്‍ കഴിയാത്ത സാമൂഹികാവസ്ഥയില്‍ അരാഷ്‌ട്രീയവാദം വല്ലാതെ പെരുകുന്നു. സാഹിത്യത്തിന്റെ പ്രസക്തി മങ്ങുമ്പോള്‍ സംസ്‌കാരം മലിനമാകുന്നു. സാംസ്‌കാരിക മൂല്യബോധമില്ലാത്ത ഏതു വലിയ സമ്പന്നാവസ്ഥയും നിലനില്‍ക്കുകയില്ല. വലിയ ഫ്‌ളാറ്റും കാറും യന്ത്രസാമഗ്രികളും ഉണ്ടെന്നതുമാത്രമല്ല ഒരു നാഗരികതയുടെ നന്മയ്‌ക്ക്‌ നിദാനം. സ്വന്തം മണ്ണിനെയും മനുഷ്യരെയും തിരിച്ചറിയുന്ന, സ്‌നേഹിക്കുന്ന ഒരുകീറാകാശം സമ്മാനിക്കുന്ന സാഹിത്യത്തെ ഓരത്തല്ലാതെ നിലനിര്‍ത്തേണ്ടത്‌ നാം നമ്മെത്തന്നെ നിലനിര്‍ത്തുന്നതിനു തുല്യമാണ്‌.



-----00000------


ഇതു കൂടി വായിക്കാം