Views:
കവിത എഴുതാൻ ആഗ്രഹിക്കുന്നവർക്കും എഴുതുന്നവർക്കും ഒരു നാലാം ക്ലാസുകാരിയുടെ കവിതാ രചനാ തുടക്കത്തിന്റെ ഞെട്ടിക്കുന്ന കഥ പറഞ്ഞുതരാം. ഇതുകേട്ട് ഒരു പക്ഷേ സ്വർഗ്ഗപഥമേറിയ കവി പി. കെ. ഭരത പിഷാരടി എം. എയും എന്റെ പ്രിയപ്പെട്ട അമ്മയും പൊട്ടിച്ചിരിക്കുന്നുണ്ടാവും.
ഞാനന്ന് നാലം ക്ലാസിൽ പഠിക്കുകയായിരുന്നു. അവരവരുടെ സാഹിത്യ അഭിരുചി പരിശോധിക്കാൻ കവിതകളോ കഥകളോ ലേഖനങ്ങളോ എന്തെങ്കിലും എഴുതണമെന്ന് ടീച്ചർ പറഞ്ഞു. അതിൽ നിന്നും തിരഞ്ഞെടുക്കുന്നവ കുട്ടികളുടെ ദീപികയിൽ പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു.
ഇതു കേട്ടപ്പോൾ എനിക്കും കവിത എഴുതണമെന്ന് തോന്നി. തറവാട്ടിൽ അന്നും ഇന്നും കവിതയ്ക്ക് ഒരു പഞ്ഞവുമില്ല. അമ്മയുടെ അമ്മയും അച്ഛനും അനിയത്തിയും ഒക്കെ കവിതയെഴുതുന്നവരാണ്. അവരെഴുതുന്നവയെല്ലാം അമ്മ വായിക്കും. അവ മക്കളായ ഞങ്ങളെ ചൊല്ലി കേൾപ്പിക്കുകയും പതിവാണ്.
എന്റെ ചേച്ചി ജനിച്ച സമയത്ത് അമ്മുമ്മ ചേച്ചിയുടെ നക്ഷത്രവും മാസവും തീയതിയും എല്ലാം കോർത്ത് താരാട്ട് എഴുതിയത് ഏറെ ശ്രദ്ധേയമാണ്. അതുപോല ചിറ്റമ്മ മുത്തച്ഛന് എഴുതുന്ന കത്തുകൾ കവിതാ രൂപത്തിലായിരുന്നു എന്നതും അമ്മ പറഞ്ഞ് എനിക്ക് അറിയാം. ഇങ്ങനെയുള്ള തറവാട്ടിൽ ജനിക്കാൻ ഭാഗ്യം ലഭിച്ചതിൽ അഭിമാനം തോന്നി. നാല് വരി കവിത എഴുതാൻ എനിക്ക് ഒരു പ്രയാസവുമില്ലെന്നാണ് കരുതിയത്. അങ്ങനെ കടലാസും പേനയും എടുത്ത് പേരും ക്ലാസ് ഡിവിഷനും എഴുതി അമ്മയുടെ അടുത്ത് ചെന്നു. കുട്ടികളുടെ ദീപികയിൽ കൊടുക്കാനായി ഒരു കവിത പറഞ്ഞു തരണമെന്ന് ആവശ്യപ്പെട്ടു.
"ഇതൊന്നും നമുക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. മോള് പോയി വേറേ വല്ലതും എഴുതാനോ പഠിക്കാനോ നോക്ക്”
അമ്മ മുഖം കടുപ്പിച്ച് പറഞ്ഞ് തിടുക്കത്തിൽ മാറിപ്പോയി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചുനിന്നു പോയി ഞാൻ. അപ്പോഴാണ് മേശപ്പുറത്ത് കിടന്നിരുന്ന ഒരു മാസിക ശ്രദ്ധയിൽപ്പെട്ടത്. അത് മറിച്ചു നോക്കി. ഒരു കവിത കണ്ടു. അത് വായിച്ചിട്ട് ഒന്നും പിടികിട്ടിയില്ല.
"മൂന്നുതവണ വായിക്കുമ്പോൾ മുട്ടുമ്പോൾ തോന്നും, നാനൂറ് തവണ വായിച്ചാൽ നാവിൽ തൂങ്ങി കിടക്കും”
അമ്മ പറഞ്ഞിട്ടുള്ളത് ഓർത്തു. അങ്ങനെ ആ കവിത നിരവധി തവണ വായിച്ചു. ഹൃദിസ്ഥമാക്കിയ ശേഷം വൃത്തിയായി പേപ്പറിലേയ്ക്ക് കുറിച്ചു. പിറ്റേന്ന് ക്ലാസിലെത്തി ടീച്ചറെ ഏൽപ്പിച്ചു.
വൈകുന്നേരം വീട്ടിലെത്തി അന്നത്തെ കാര്യങ്ങൾ അമ്മയോട് പറഞ്ഞ കൂട്ടത്തിൽ കവിത എഴുതി കുട്ടികളുടെ ദീപികയിൽ കൊടുക്കാനായി ടീച്ചറെ ഏൽപ്പിച്ച കാര്യവും പറഞ്ഞു. അമ്മ ആ കവിത കേൾക്കണമെന്ന് ആവശ്യപ്പെട്ടു.
ഞാൻ തത്ത ചൊല്ലുംപോലെ കവിത പറഞ്ഞു.
"ഒരു പുൽത്തുമ്പിൽ, ഒരു പുൽക്കുടിലിൽ ഒരു നിമിഷം ഞാൻ നിന്നു.
ലീലാവതിയായ്, വ്രീളാനതയായ്, അണ്ഡകടാഹ പ്രതിനിധിയായ്
സത്യത്തിൻ സൗന്ദര്യത്തിൻ, ശീവമയമുക്തിനിയായ്..."
കടിച്ചാൽ പൊട്ടാത്ത വാക്കുകളും വായിൽ കൊള്ളാത്ത പ്രയോഗങ്ങളും കേട്ടപ്പോൾ തന്നെ അമ്മയ്ക്ക് മനസ്സിലായി ഇത് മോഷ്ടിച്ചതാണെന്ന്. അമ്മയുടെ ചേദ്യത്തിനു മുന്നിൽ പതറി. കവിത, മാസികയിൽ നിന്നും കാട്ടിക്കൊടുത്തു. പി.കെ.ഭരതപിഷാരടിയുടേത് എന്റെ കവിതയായി എഴുതിക്കൊടുത്തത് അമ്മയോട് പറഞ്ഞു. പി.കെ. ഭരത പിഷാരടി കേസുകൊടുക്കും. പൊലീസ് വന്ന് നിന്നെ പിടിച്ചുകൊണ്ടു പോകും മോഷണ കുറ്റത്തിന്. നാളെത്തന്നെ ടിച്ചറെ കണ്ട് കവിത തിരിച്ചു വാങ്ങണം. മേലിൽ ഇങ്ങനെ ആവർത്തിക്കരുത്.”
കർശനമായിത്തന്നെ അമ്മ പറഞ്ഞു. ഞാൻ ഞെട്ടി. വീട്ടിൽ എല്ലാപേരും ഈ വിവരം അറിഞ്ഞു. എന്നെ വിരട്ടി.
കിടന്നിട്ട് ഉറക്കം വന്നില്ല. എപ്പോഴോ ഉറങ്ങിയപ്പോൾ പൊലീസ് പിടിക്കുന്നതും ജയിലിൽ കിടക്കുന്നതും സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു. പിറ്റേന്ന് ടീച്ചറെ കണ്ട് കവിത തഞ്ചത്തിൽ മടക്കി വാങ്ങി.
പിന്നീട് കവിത എന്നു കേട്ടാൽ പേടി ആകുമായിരുന്നു. എന്നാൽ കവിതയോടുള്ള എന്റെ താല്പര്യം മനസ്സിലാക്കിയാവും അമ്മ എനിക്ക് ധാരാളം കടങ്കഥകളും, പഴഞ്ചൊല്ലുകളും അക്ഷരശ്ലോകങ്ങളും കീർത്തനങ്ങളും പറഞ്ഞു തന്നു.
അങ്ങനെ എന്നിലേയ്ക്ക് കവിത നിറയുകയായിരുന്നു.
---000---