Views:
എം.കെ.ഹരികുമാർ |
മലയാള സാഹിത്യം ഇതുവരെയും വായനക്കാരനെ അംഗീകരിച്ചിട്ടില്ല. വായനക്കാർ ഒരു
അദൃശ്യസാന്നിദ്ധ്യമായി നിൽക്കുന്നതായുണ്ട്. അത് ഏറെക്കുറെ അവ്യക്തമായ ഒരു
ലോകമാണ്. ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെ ങ്കിലും
എഴുത്തുകാർക്കോ, പ്രസാധകർക്കോ കിട്ടുന്ന പ്രതികരണങ്ങൾ യഥാർത്ഥ
വായനക്കാരനുമായി ബന്ധമുള്ളതല്ല. ധാരാളം പുസ്തകങ്ങൾ വിൽക്കുന്നതും
വിറ്റുവരവുണ്ടാകുന്നതും വായനക്കാരുടെ ലക്ഷണമായി കാണുകയാണ് പലരും. പുസ്തകം
വാങ്ങുന്നത് വായിക്കാനാണെങ്കിലും അത് കർശനമായ വായനയല്ല. വാങ്ങുന്നവർ
വായിക്കുകയോ പകുതി വായിക്കുകയോ ചെയ്യാം. മുഴുവൻ വായിച്ചാൽ തന്നെ, അത്
നിഷ്കൃഷ്ടമായ ലക്ഷ്യങ്ങളുള്ള വായനയാകണമെന്നില്ല. എഴുത്തുകാരന്റെ
ഊതിവീർപ്പിച്ച പ്രതിച്ഛായയ്ക്ക് കീഴടങ്ങി പുസ്തകം വാങ്ങി അനുസരണയോടെ
വരികളിലൂടെ നീങ്ങി അവസാനിക്കുന്നതാകരുത് വായനക്കാരന്റെ റോൾ. അവൻ
പുസ്തകവായനയിൽ ശ്രദ്ധാലുവാണ്. അവന് പുസ്തകങ്ങളില്ലാതെ ജീവിക്കാൻ
കഴിയില്ല.
പുസ്തകങ്ങൾ കൂടുതൽ വിറ്റുപോകുന്നതുനോക്കി. വായനക്കാരെ കാണക്കാക്കുന്നത് അപരിഷ്കൃതവും ഹിംസാത്മകവുമാണ്. കാരണം, അങ്ങനെ നിശ്ശബ്ദരായി പോകുന്ന ആട്ടിൻ പറ്റമല്ല വായനക്കാർ. വായനക്കാരന് വർഷങ്ങളിലൂടെ ആർജ്ജിച്ച സംസ്കാരമാണുള്ളത്. അതാകട്ടെ, അഭിരുചിയുടെയും ശൈലിയുടെയും പ്രശ്നമാണ്.
വായനക്കാരന്റെ അഭിരുചി.
ഒരാൾ പെട്ടെന്നൊരുനാൾ രുചിബോധത്തിലേക്ക് എത്തിച്ചേരണമെന്നില്ല. അയാൾ ജീവിതകാലമത്രയും ഒരു രുചിയിൽ തളച്ചിടപ്പെടുന്നവനാകരുത്. എങ്കിൽ, അയാളിലെ വായനക്കാരൻ മരിച്ചു എന്നാണർത്ഥം. വായനക്കാരൻ ജീവിച്ചിരിക്കുന്നത്, സാഹസികമായി തന്റെ രുചിയുമായി ഇണങ്ങുകയും പിണങ്ങുകയും ചെയ്തുകൊണ്ട് പരീക്ഷണത്തിലേർപ്പെടുമ്പോഴാണ്. സംഘടിത വിശ്വാസത്തിന്റെയും അടിമയായിരിക്കുന്നവന് യഥാർത്ഥവായന എന്താണെന്നറിയില്ല. കാരണം, അയാൾ സ്വന്തം ആവശ്യത്തിനുവേണ്ടിയല്ല വായിക്കുന്നത്. ചില വിശ്വാസങ്ങൾക്കും ശാഠ്യങ്ങൾക്കും വേണ്ടിയാണ്. അയാൾക്ക് ഒന്നും തന്നെ വ്യക്തിപരമായി കണ്ടെത്താനുണ്ടാകില്ല. മറ്റാർക്കോ വേണ്ടി വായിച്ച് ജീവിതം നശിപ്പിക്കുകയും ചെയ്യും. എന്നാൽ അഭിരുചിയുടെ വായനക്കാരൻ സ്വയം നിരസിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നതിൽ വ്യാപൃതനായിരിക്കും. വായനക്കാരന്റെ സ്വയം നിരാസം എന്ന് പറയുന്നത്, അവൻ ഏത് ഗ്രൂപ്പിന്റെ, പാർട്ടിയുടെ, വിശ്വാസത്തിന്റെ, സ്ഥാപനത്തിന്റെ ആളാണെന്ന ധാരണയെ കശക്കിയെറിയുന്നതിന്റെ ഒരു നവാദ്വൈതവ്യാഖ്യാനമാണ്.
സ്വന്തം രുചി, ഏതെങ്കിലും സംഘടിത വിശ്വാസത്തിന്റെ ഉൽപന്നമാണെങ്കിൽ അത് തിരച്ചറിഞ്ഞ് ഉപേക്ഷിക്കുമ്പോഴാണ് സ്വയം നിരാസത്തിന്റെ പ്രാഥമിക തലത്തിൽ പ്രവേശിക്കുന്നത്. ഓരോ സംഘരുചിയും അതിന്റെ കീഴിൽ പണിയെടുക്കാനാണ് വായനക്കാരനെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്. സ്വതന്ത്ര വായനക്കാരൻ എന്ന സങ്കൽപത്തെപ്പറ്റി ആലോചിക്കാൻപോലും സംഘരുചിക്ക് കഴിയില്ല. അതൊരു അടഞ്ഞ ലോകമാണ്. അതിനുള്ളിൽ പ്രവേശിച്ചാൽ മനുഷ്യവ്യക്തിയുടെ സൂക്ഷ്മേന്ദ്രിയങ്ങളുടെ സകല കഴിവുകളെയും നശിപ്പിച്ചുകളയും. അതുകൊണ്ട് ഇത്തരം മാരകമായ രുചിശാഠ്യങ്ങൾക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ട് സ്വന്തം രുചിയിലേക്ക് എത്തിച്ചേരുക തന്നെ വേണം.സ്വയം നിരസിക്കുന്നതോടെ, ഒരാൾ തന്നിൽ മറ്റുള്ളവർ അടിച്ചേൽപ്പിച്ച ചീത്ത വാസനകളെ മറികടക്കും. ഇത് കലാപവും സ്വാതന്ത്ര്യവും സംഗമിക്കുന്ന ബിന്ദുവാണ്. തന്റേതായ രുചി വീണ്ടെടുക്കപ്പെടുന്ന നിമിഷം സ്ഥിരമായിരിക്കില്ല. അതും മാറാനുള്ളതാണ്. എങ്കിലും, ആ മാറ്റത്തിന്റെ കാര്യവും കാരണവും ആ വ്യക്തിതന്നെയായിരിക്കും.
അവനവന്റെ രുചിയുടെ പാതയിലേക്ക് ഏത്തിച്ചേരുകയാണ് ഒരു വായനക്കാരന്റെ നിർമ്മാണം. അയാൾ സ്വയം നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ഇത് യാഥാർത്ഥ്യമാകുന്നത്. വായനയെന്ന ജീവിതത്തിൽ വായനയെന്ന മോക്ഷത്തിനായി പ്രവർത്തിക്കുമ്പോഴാണ് അപ്രതിരോധ്യമായ വായനയുണ്ടാകുന്നത്. വായന ജീവിതത്തിന്റെ ഏറ്റവും വലിയ സൂക്ഷ്മജ്ഞാനം തരുന്നു എന്ന് പറഞ്ഞാൽപ്പോലും തെറ്റല്ല. കാരണം, വായിക്കുന്നതിന്റെ ഫലം പെട്ടെന്നല്ല ഉണ്ടാകുന്നത്. വായിച്ചശേഷം എത്രകാലം കഴിഞ്ഞായാലും, അതിന്റെ വിവിധ അനുരണനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ഒരു പുസ്തകത്തിൽ നിന്ന് അത് മറ്റൊന്നിലേക്ക് കൊണ്ടുപൊയ്ക്കൊണ്ടിരിക്കും.
നല്ലൊരു പുസ്തകം കണ്ടുകിട്ടുകയാണെങ്കിൽ, അതിനോടുള്ള പ്രതികരണം വൈകാരികമായിരിക്കും. ഏറ്റവും പ്രിയപ്പെട്ട പുസ്തകമാണെന്ന്, ഏതാനും പേജുകൾ വായിക്കുന്നതോടെ ബോധ്യപ്പെടും. ഈ കഴിവാണ് വായനക്കാരൻ ആദ്യം നേടുന്നത്.താനുമായി ഈ പുസ്തകം ഏതോ തലത്തിൽ ബന്ധപ്പെടുന്നു എന്ന് അറിയുകയാണ് പ്രധാനം. തീർച്ചയായും പുസ്തകം നമ്മെ സുഖിപ്പിക്കാനല്ല കടന്നുവരുന്നത്. പുസ്തകം ഒരു എൽ.ഐ.സി ഏജന്റിനെപ്പോലെ നമ്മെ വശീകരിക്കുകയുമില്ല. ചിലപ്പോൾ പുസ്തകം നമ്മളോട് തർക്കിക്കാനും കലഹിക്കാനുമാവും ശ്രമിക്കുക. നമ്മുടെ നിശ്ചലമാക്കപ്പെട്ട മനസ്സിന്റെ ഇന്ദ്രിയങ്ങളെ പ്രകോപിപ്പിക്കാൻ മുതിരുന്നത് നല്ല പുസ്തകങ്ങളുടെ പ്രത്യേകതയാണ്. ഈ പ്രകോപനത്തെ നേരിടാനുള്ള ശിക്ഷണം, വിശാലത വായനക്കാരൻ നേടുകതന്നെ വേണം. പ്രകോപിപ്പിക്കുന്ന പുസ്തകങ്ങൾ എന്തോ വിശേഷപ്പെട്ടതായി പറയാൻ ഒരുമ്പെടുന്നുണ്ട് എന്ന് മനസിലാക്കുകയാണ് വേണ്ടത്. പുസ്തകങ്ങളുടെ പ്രകോപനത്തിനൊത്ത് ഉയരണം. അത് ബുദ്ധിയുടെ വെല്ലുവിളിയുമാണ്.
കാഫ്ക പറഞ്ഞു, ഒരു പുസ്തകം വായിക്കുമ്പോൾ, നമുക്കേറ്റവും പ്രിയപ്പെട്ട ഒരാളുടെ വിരഹംപോലെയോ, ജീവിതത്തിലെ ഏറ്റവും വലിയ വേദന പോലെയോ അത് നമ്മെ സ്വാധീനിക്കണമെന്ന്.
പുസ്തകങ്ങളുടെ അനുസരണക്കേട് നമുക്കുള്ള അടയാളമാണ്. അതിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.പ്രിയപ്പെട്ട പുസ്തകമാണെന്ന് അറിഞ്ഞ് കഴിയുമ്പോൾ, അത് പൂർണ്ണമായി
വായിക്കാതിരിക്കുകയും, അവിടവിടെയായി വായിക്കുകയും ചെയ്യുന്നത് ഒരു മനോഭാവത്തെ തുറന്നുകാണിക്കുകയാണ്. പെട്ടെന്ന് വായിച്ച് തീർക്കുന്നത് ഒരു അനാദരവായി അനുഭവപ്പെടാം. അല്ലെങ്കിൽ പുസ്തകത്തോടുള്ള സമീപനത്തിൽ ഒരു വിശുദ്ധി അറിയാതെ കടന്നു വരുന്നു. വീണ്ടും വീണ്ടും വായിക്കാൻ ആ പുസ്തകം ഒരു കാരണമാവുകയാണ്. ദീർഘകാലംകൊണ്ട് വായിക്കേണ്ടതാണെന്ന് തോന്നുകയും എന്നാൽ ദിവസേന ഒന്നോ രണ്ടോ പേജുകൾ വായിക്കുകയും ചെയ്യുന്ന ഒരു രീതിയുണ്ട്. അല്ലെങ്കിൽ, പുസ്തകം തന്നോടൊപ്പം എപ്പോഴും ഉണ്ടാകണമെന്നാഗ്രഹിക്കുകയും, യാത്രകളിലോ ഏറ്റവും ലഹരിമൂത്ത അവസരങ്ങളിലോ മാത്രം ഒന്നോ, രണ്ടോ ഖണ്ഡികകൾ വായിക്കുകയും ചെയ്യുന്നത് മറ്റൊരു രീതിയാണ്. ഏതായാലും പുസ്തകം നാം വായിക്കേണ്ടതാണെന്ന ബോധ്യത്തിനു ഇത് ആക്കം വർദ്ധിപ്പിക്കുന്നു.
വായനക്കാരന്റെ ശൈലി
വായനക്കാരൻ ഒരു ശൈലിയെ സൃഷ്ടിക്കുന്നത്, വായനക്കെടുക്കുന്ന പുസ്തകത്തെ നിരാകരിക്കുകയും അപനിർമ്മിക്കുകയും ചെയ്തുകൊണ്ടാണ്. ഒരു ലൈബ്രറിയിലെ എല്ലാ പുസ്തകങ്ങളും വായിക്കണമെന്ന്, ആലോചിക്കാതെ പറയുന്നവരുണ്ട്. അവർ വായനയുടെ അത്യുന്നതമായ മാനസികതലം അറിയാത്തവരാണ്.
എല്ലാം വായിക്കരുത്; അതും ഒരു സംസ്കാരമാണ്. ചിലത് വായിക്കാതിരിക്കുന്നത്, നമ്മുടെ തന്നെ സ്വതന്ത്രകേന്ദ്രങ്ങളെ തകർക്കാതിരിക്കാൻ സഹായിക്കും.സകല പുസ്തകങ്ങളെയും അന്ധമായി പ്രേമിക്കുന്നവൻ യഥാർത്ഥവായനക്കാരനല്ല. അവൻ പുസ്തകപ്രേമി എന്ന ഗണത്തിൽപ്പെടുന്നു. അവൻ എല്ലാ പുസ്തകങ്ങളും വാങ്ങി വായിക്കുകയും അലമാരയിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ഒരു പ്രയോജനവുമില്ല. അവന് സ്വന്തം രുചിയെപ്പറ്റി ഒരു ആശയവും ഉണ്ടായിരിക്കില്ല.
ചിലപുസ്തങ്ങളോട് പൊരുതിക്കൊണ്ടിരിക്കുന്നതും വായനയാണ്. വായനക്കാരന് എതിർക്കാൻ കഴിയും. എതിർപ്പ് എഴുത്തുകാരനു മാത്രമേയുള്ളുവേന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്ന ആശയങ്ങൾ പൊള്ളയാണ്. എഴുത്തുകാരന്റെ കലാപം വളരെ വ്യക്തികേന്ദ്രീകൃതമാണ്. സ്വന്തം കൃതിയുടെ അതിരുകളാണ് ആ കലാപത്തിനു സുരക്ഷിതത്വം നൽകുന്നത്. എന്നാൽ വായനക്കാരൻ കലാപത്തിലൂടെ പല പുസ്തകങ്ങളുടെയും ചീത്ത സംസ്കാരത്തെ മറിച്ചിടുന്നു. വായനക്കാരന്റെ ചരിത്രത്തിൽ അത് ആരാലും എഴുതപ്പെടാതെ അവശേഷിക്കുന്നു.
വായനക്കാരന്റെ പക്ഷപാതം സാംസ്കാരികമായി വലിയ അർത്ഥത്തെ നിർമ്മിക്കുന്നുണ്ട്. കാരണം, അയാൾ രുചിയുടെ പേരിലാണ് പക്ഷം പിടിക്കുന്നത്. തനിക്ക് ആസ്വദിക്കാൻ പറ്റാത്ത ഉപരിപ്ലവകൃതികളെ അയാൾ തള്ളിക്കളയുക തന്നെ ചെയ്യും. കാരണം, അയാൾ പ്രസാധകന്റെയോ എഴുത്തുകാരന്റെയോ ഏറാൻമൂളിയല്ല. വായനക്കാരൻ തന്റെ ശൈലിയെ വിപുലപ്പെടുത്തുന്നത് ഒരേ സമയം രണ്ട് പ്രഭാവങ്ങൾക്ക് നേരെ പടനയിച്ചുകൊണ്ടാണ്. ഒന്ന് താൻ ഏതു കൃതി വായിക്കുന്നുവോ അതിന്റെ വൈകാരികതലം പഴകിയതാണോ എന്ന് നോക്കി അതിനെ വിചാരണ ചെയ്യുന്നു. രണ്ട് തന്നോടുതന്നെ, തന്റെ അഭിരുചിയോടുതന്നെ, ഒരു പോരാട്ടം നടത്താൻ സാധ്യതയുണ്ടോയെന്ന് പരിശോധിക്കുന്നു. ഇതു രണ്ടും വിജയിക്കുമ്പോൾ വായനക്കാരന്റെ വിചാരപരമായ ശൈലിയും വിജയിക്കുന്നു.
സാഹിത്യകൃതിയെപ്പോലെ പെട്ടെന്ന് രുചിഭേദം വരുന്ന വേറൊരു വസ്തുവിലും ചിലർ നൂറോ നൂറ്റമ്പതോ വർഷം മുമ്പ് നല്ല വായനക്കാർ ഉപേക്ഷിച്ച മാതൃകകളൊ ആർക്കുമറിയില്ലെന്ന് വിചാരിച്ച് പുനരവതരിപ്പിക്കാൻ നോക്കും. വായനക്കാരെ ക്ലേശിപ്പിക്കുകയും കബളിപ്പിക്കുകയുമാണ് ലക്ഷ്യം. കണ്ടുപിടിച്ചതുതന്നെ വീണ്ടും വീണ്ടും കണ്ടുപിടിക്കുന്നത് എന്തിനാണ്? ഉറങ്ങുന്ന വായനക്കാർക്ക് ഈ ദൂഷിത രചനാരീതിയെ പിടികിട്ടുകയില്ല. അവർ എന്തും നല്ലതാണെന്ന് വിചാരിച്ച് ആർത്തലച്ച് ചെന്ന് വീഴും. എന്നാൽ അവനവന്റെ രുചിയോടുതന്നെ സാഹസികമായി യുദ്ധത്തിലേർപ്പെടുന്ന വായനക്കാരന്, ഇതുപോലുള്ള ആവർത്തനങ്ങൾ കണ്ടു നിൽക്കാനാവില്ല. അയാൾ പ്രതികരിക്കുന്നു; പുസ്തകത്തെ നിരാകരിക്കുന്നതിലാണ് അയാളുടെ ധിഷണ പ്രവർത്തിക്കുന്നത്.
പല നോവലുകളും ഒരു വായനയ്ക്കു തന്നെ അധികമാണ്, രണ്ടാമത് വായിക്കാൻ പ്രേരിപ്പിക്കില്ല. ചിലത് എഴുതിക്കഴിഞ്ഞ് മണിക്കൂറുകൾ കഴിയുമ്പോഴേക്ക് പഴകിയ ഭക്ഷണം പോലെ ഉപയോഗശൂന്യമാവും. ലോകം മാറുന്നതിന്റെ വേഗം ഉൾക്കൊള്ളാത്ത എഴുത്തുകാർ, ഭൂതകാലത്തിലേക്ക് തന്നെ നോക്കിയിരിക്കുന്നതിന്റെ ദുരന്തമാണിത്. ഭൂതകാലത്തെ അറിയാൻ ചരിത്രം പോലും ചിലപ്പോൾ ഉപകരിച്ചേക്കില്ല. ഭൂതകാലം കൈപ്പിടിയിലൊതുങ്ങുന്നതല്ല. അതിനെ അറിയാനുള്ള ഉപകരണങ്ങളുമില്ല. വ്യക്തിപരമായ വ്യാഖ്യാനമാണ് ഉണ്ടാകുന്നത്. അത് ചിലപ്പോൾ ശരിയാകാം; തെറ്റാകാം. അതിനുപോലും ആയുസ്സില്ല. കാരണം, ഇത്തരം വ്യാഖ്യാനങ്ങൾ മനുഷ്യനുള്ള കാലത്തോളം ഉണ്ടായിക്കൊണ്ടിരിക്കും. നീതിയെ, സത്യത്തെ വേർതിരിച്ചെടുക്കുക പ്രയാസമായതുപോലെ, ഭൂതകാലത്തെയും വേർതിരിക്കാൻ പ്രയാസമാണ്. അതുകൊണ്ട് ഭൂതകാലത്തെപ്പറ്റിയുള്ള എഴുത്തുകാരുടെ വ്യാഖ്യാനങ്ങൾ ചിലപ്പോൾ അജ്ഞാനത്തിന്റെ അബദ്ധങ്ങളായി മാറും. നമ്മുടെ നോവലുകൾ എപ്പോഴെങ്കിലും, ഈ കേരളത്തിൽ എന്ത് നടന്നുവേന്ന് ചിന്തിച്ചിട്ടുണ്ടോ? ജീവിതത്തെ സവർണ കാഴ്ചപ്പാടിൽ നോക്കിക്കാണുന്നതിൽ അവർണ, സവർണ എഴുത്തുകാർ ഒരുപോലെ ഏർപ്പെട്ടു. ഒരേയൊരു വ്യാഖ്യാനമേയുള്ളു, നമുക്ക്. അത് നാടുവാഴിയുടെ മനഃശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഇതിനെ എതിരിടാൻ ഒരു വായനക്കാരന് കഴിയുന്നുവെങ്കിൽ, അയാൾക്ക് ധൈഷണികമായ പക്വത ലഭിച്ചു എന്നാണർത്ഥം.
മറ്റൊന്ന്, വായനക്കാരൻ സ്വന്തം അഭിരുചിയോടുതന്നെ നിർദ്ദയമായി പെരുമാറുന്നു എന്നതാണ്. സാഹിത്യകൃതി പെട്ടെന്ന് പഴകുന്നതുപോലെ, വായനക്കാരന്റെ രുചിയും ചീത്തയാകും. നിരന്തരം പരിപാലിക്കപ്പെടേണ്ട മേഖലയാണിത്. ചില എഴുത്തുകാർ, അല്ലെങ്കിൽ പ്രൊഫസർമാർ വർഷങ്ങളായി ഒന്നും തന്നെ വായിച്ചില്ലെന്ന് അഭിമാനപൂർവ്വം പറയുന്നതുകേട്ടിട്ടുണ്ട്. അവർക്ക് നഷ്ടപ്പെട്ടത് കാലമാണ്, ജീവിതവും.
കോട്ടയം ജില്ലയിലെ ഒരു കോളേജിലെ പ്രോഫസർ എന്നോട് പറഞ്ഞത് താൻ നാലു വർഷമായി ഒരു ആനുകാലികവും തുറന്നു നോക്കാറില്ലെന്നാണ്. അദ്ദേഹത്തിന് ഇനിയും പേരിട്ട് വിളിക്കാൻ കഴിഞ്ഞിട്ടില്ലാത്ത രോഗവുമായിരിക്കാം. എന്നാൽ അദ്ദേഹം നിരന്തരം പുസ്തകങ്ങൾ എഴുതിക്കൊണ്ടിരിക്കുകയാണ്, ഇതുപോലുള്ള എഴുത്തുകാരെ അറിയാൻ വായനക്കാരന് കഴിയണം.
അവനവന്റെ രുചി കെട്ടിക്കിടന്ന് ചീത്തയാകും; ദുസ്സഹമാണിത്. പക്ഷേ,
ഇത് എങ്ങനെ തിരിച്ചറിയും? വായനയിലൂടെയാണ് ഇത് മനസ്സിലാക്കേണ്ടത്. വായന
ഒരു തപസ്സാക്കി നിലനിർത്തണം. ആൾക്കൂട്ടത്തിലും, ജോലിസ്ഥലത്തും, യാത്രയിലും
നാം പുസ്തകമെടുത്ത് നിവർത്തണമെന്നല്ല പറയുന്നത്, അപ്പോഴെല്ലാം വായനക്കാരൻ
എന്ന വ്യക്തി തന്റെ മനസ്സിലുള്ള പല ചിന്തകളുടെ സങ്കീർണമായ ആവിർഭാവം കാണാൻ
ആഗ്രഹിക്കുന്നു. അയാൾ വായിച്ച
പുസ്തകങ്ങളുമായി നടത്തിയ യുദ്ധങ്ങൾ, പ്രണയങ്ങൾ, എതിർപ്പുകൾ എല്ലാം മനസ്സിലിട്ടുകൊണ്ടാവും നടക്കുക. അയാളെ ജീവിപ്പിക്കുന്ന ഘടകമിതാണ്. സാധാരണമായ അസ്തിത്വത്തിന് ഒരു പടികൂടി മുകളിലേക്ക് ജീവിക്കാൻ ഇത് പ്രേരിപ്പിക്കുന്നു. അല്ലെങ്കിൽ, അസ്തിത്വത്തിന്റെ പലതരം സംഘർഷങ്ങൾക്ക് ലഘൂകരണം കൊടുക്കാൻ ഇതുമൂലം അവസരമുണ്ടാകുന്നു. എല്ലായിടത്തും അയാൾ വായനയിൽ നിന്ന് ഭക്ഷണമുണ്ടാക്കുന്നു.
പുസ്തകങ്ങളുമായി നടത്തിയ യുദ്ധങ്ങൾ, പ്രണയങ്ങൾ, എതിർപ്പുകൾ എല്ലാം മനസ്സിലിട്ടുകൊണ്ടാവും നടക്കുക. അയാളെ ജീവിപ്പിക്കുന്ന ഘടകമിതാണ്. സാധാരണമായ അസ്തിത്വത്തിന് ഒരു പടികൂടി മുകളിലേക്ക് ജീവിക്കാൻ ഇത് പ്രേരിപ്പിക്കുന്നു. അല്ലെങ്കിൽ, അസ്തിത്വത്തിന്റെ പലതരം സംഘർഷങ്ങൾക്ക് ലഘൂകരണം കൊടുക്കാൻ ഇതുമൂലം അവസരമുണ്ടാകുന്നു. എല്ലായിടത്തും അയാൾ വായനയിൽ നിന്ന് ഭക്ഷണമുണ്ടാക്കുന്നു.
എഴുത്തുകാരന്റെ കലാപം വ്യവസ്ഥിതിയോടോ, സ്വന്തം കാലത്തോടോ ആകാം. എന്നാൽ അയാൾ മറ്റൊരു കൃതിയെ തള്ളിക്കളഞ്ഞുകൊണ്ട് ഒന്നുതന്നെ ആലോചിക്കുന്നില്ല. അയാൾ തന്റെ കൃതിയുടെ മാത്രം നിർമ്മാതാവാണ്. വായനക്കാരനാകട്ടെ, സ്വന്തം കൃതി എഴുതാനല്ല ശ്രമിക്കുന്നത്. മറ്റുള്ളവരുടെ കൃതികൾ വായിച്ച്, സ്വന്തം രചനയെ കണ്ടെത്താനാണ് ശ്രമം. അയാൾ സ്വന്തം
നിലപാടുകൾ കൃതികളിലൂടെ തെളിച്ചെടുക്കുന്നു. അതേസമയം, താൻ തന്റെപോലും തടവറയിലല്ല എന്ന് തെളിയിച്ചുകൊണ്ട്, സ്വയം തള്ളിപ്പറഞ്ഞ് അപ്രതീക്ഷിതമായി മറ്റൊരു രുചിയിലെത്തുന്നു. കുറ്റാന്വേഷണ നോവലുകൾ, പൈങ്കിളി നോവലുകൾ തുടങ്ങിയവ വായിച്ചു കൊണ്ടിരുന്നവർ, എവിടെ നിന്നെങ്കിലും പ്രസക്തമായ ഒരു ജ്ഞാനോദയം ലഭിക്കുകവഴി സ്വന്തം ഭൂതകാലത്തെ തന്നെ അട്ടിമറിച്ചുകൊണ്ട് പുതിയ ഒരു യുഗത്തിൽ കാലുകുത്തുന്നു. വായനക്കാരന് ഇന്നലകളെപ്പറ്റി ഒരു വേവലാതിയുമില്ല. എന്നാൽ എഴുത്തുകാരന് തന്റെ ആദ്യകാലരചനകളെ എതിർക്കാനൊക്കില്ല. അയാൾ എന്ത് എഴുതുന്നുവോ, അതിന്റെ അടിമയാണയാൾ. ഇത് വല്ലാത്ത ഒരു കെണിയാണ്. വ്യക്തിപരമായി എഴുത്തുകാരൻ അയാളുടെ തന്നെ ഇരയാണ്, ചിലപ്പോൾ സ്വന്തം തടവറയിലുമാണ്. വായനക്കാരന് ഇങ്ങനെയൊരു പ്രശ്നവുമില്ല. അയാൾ തന്റേതായ സ്വത്വം ഒരിടത്തും നിക്ഷേപിക്കുന്നില്ല. ഒന്ന് സൃഷ്ടിച്ച് അതിന്റെ ഇരയാകേണ്ട സാഹചര്യമില്ല. അയാൾ എപ്പോഴും തന്റെ തന്നെ പൂർവ്വ വ്യാഖ്യാനങ്ങളെ അതിലംഘിക്കുന്നു. പുതിയ കൃതിക്ക് വേണ്ടി, അയാൾ ശ്രദ്ധാലുവാണ്. കാരണം, അതായിരിക്കും, ചിലപ്പോൾ അയാളെ കൃത്യമായി നിർമ്മിക്കുന്നത്. അസന്ദ്സാക്കീസിന്റെ ക്രൈസ്റ്റ് റീക്രൂസിഫൈഡ് (Christ recrucified)വായിച്ചതുകൊണ്ട്, വായനക്കാരൻ സ്വത്വമൊന്നും ഉണ്ടാക്കിവയ്ക്കുന്നില്ല. അതിന്റെ അടിമയാകേണ്ടതുമില്ല. അതിനേക്കാൾ വ്യത്യസ്തമായ മറ്റൊന്നായിരിക്കും അയാൾക്ക് പ്രിയങ്കരം. അങ്ങനെയാണ് ജീവിതം ജീവിക്കാനുള്ളതാണെന്ന സന്ദേശം നൽകുന്നത്.
വായനക്കാരന്റെ കർതൃത്വം
വായനക്കാരനും ഒരു സൃഷ്ടിയുണ്ട്. പക്ഷേ, അതിനു ചുവട്ടിൽ ഒരു ഒപ്പിട്ട് അയാൾ താൻ സൃഷ്ടി കർത്താവാണെന്ന് പ്രഖ്യാപിക്കുന്നില്ല. അയാൾ വായിച്ച കൃതികളിലെല്ലാം തന്റെ ഒപ്പ് അയാൾ പതിക്കുന്നത്, അഭിരുചി എന്ന അനുഭവത്തിലൂടെയാണ്. വായിച്ച പുസ്തകം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. എന്തായാലും അതിലെല്ലാം വായനക്കാരന്റെ കർത്തൃത്വത്തിന്റെ അടയാളങ്ങളുണ്ടാകും. അയാൾ ഒന്നിന്റെയും ഭാരം ചുമക്കുന്നില്ല.
എഴുതാതിരിക്കുന്നതിലൂടെ വായനക്കാരൻ സ്വാതന്ത്ര്യത്തെയും സ്വത്വമില്ലെന്ന് സ്ഥാപിക്കുന്നതിലൂടെ അഭിരുചിയെയും പ്രകടമാക്കുന്നു.
പക്ഷേ, മലയാള സാഹിത്യത്തിൽ വായനക്കാരൻ ഒരു വ്യക്തിത്വമായി ഇനിയും ഉദയം
ചെയ്തിട്ടില്ല. പലർക്കും ആരാണ് വായനക്കാർ എന്നറിയില്ല. ചിലരുണ്ട്,
ഏറ്റവും കൂടുതൽ പ്രശസ്തിയുള്ളത് ഏത് എഴുത്തുകാരനെന്ന് നോക്കി, അയാളുടെ
വായനക്കാരനാവും. ഇത് ചീത്ത അഭിരുചിയുടെ തന്ത്രമാണ്. ഇതിനുപകരം, കാലം
എന്തിനെ ഉയർത്തിക്കാട്ടിയാലും തന്റെ വായനയുടെ ചരിത്രത്തിലും
സ്വാതന്ത്ര്യത്തിലും ചവിട്ടിനിന്ന് പ്രായം പ്രഖ്യാപിക്കുന്നതിലാണ്
സൗന്ദര്യമുള്ളത്. വായനക്കാരന് ഒരു സാമ്രാജ്യമുണ്ട്. പത്രാധിപന്മാർ അത്
അംഗീകരിക്കണം. ആഴ്ചപ്പതിപ്പുകളിലെ കത്തെഴുത്ത് ശരിയായ വായനയുടെ
ഫലമായിക്കൊള്ളണമെന്നില്ല. ചില വായനക്കാരെങ്കിലും, ആരുടെയെങ്കിലും
സ്വാധീനത്തിനു വിധേയരായി കത്തുകളയയ്ക്കുന്നുണ്ടോയെന്ന് നോക്കേണ്ടതുണ്ട്.
ഇതിലുപരിയാണ് നല്ല വായനക്കാരന്റെ ഇടപെടൽ. അയാൾക്ക് ചില ചിന്തകളുണ്ട്.
പവിത്രവും ധീരവുമായ ആശയങ്ങളും അറിവുകളുമുണ്ട്. തന്നെ വിശ്രമമില്ലാതെ
പുനർനിർമ്മിക്കുന്ന ആ വ്യക്തിത്വത്തിന്റെ ഉള്ളുകളിലേക്ക് കയറിച്ചെല്ലാൻ
നമ്മുടെ സാംസ്കാരിക ലോകത്തിനു കഴിയണം. എന്നാൽ നാം
ചെയ്തുകൊണ്ടിരിക്കുന്നതെന്താണ് ? എഴുത്തുകാരെയും കവികളെയും മാത്രം
തേടിക്കൊണ്ടിരിക്കുന്നു. അവരെ മാത്രം ശ്രദ്ധിച്ച്, അവരുടെ വാക്കുകളിലൂടെ
മാത്രം ഒരു ലോകമുണ്ടാകുന്നു. വായനക്കാരന്റെ വാക്കുകളെ പൂർണമായി ഈ
സാംസ്കാരിക ലോകം തല്ലിക്കെടുത്തിയിരിക്കുകയാണ്. അവനിന്ന് തലയില്ലാത്ത
ജീവിയാണ്. ഏകപക്ഷീയലോകം സൃഷ്ടിക്കുന്ന എഴുത്തുകാർക്കു മാത്രമോ അംഗീകാരം?
വായനക്കാരന് ശബ്ദിക്കാൻ കഴിയുന്ന തരത്തിൽ, അവന്റെ അധികാരവും പദവിയും ഉയരേണ്ടതുണ്ട്. അവനെ സാഹിത്യലോകം ആദരവോടെ നോക്കണം. വായനക്കാരനാണ് സാഹിത്യത്തെ നിലനിർത്തുന്നത് പുസ്തകശാലകളുടെ അധിപൻ വായനക്കാരനാണ്. അവൻ എഴുത്തുകാരന്റെ ഭാരം ചുമക്കുന്നവനോ അടിമയോ അല്ല. അവനൊരു ജീവചരിത്രമുണ്ട്. ആത്മകഥയുണ്ട്. വായിച്ച പുസ്തകങ്ങൾ നൽകിയ ശിക്ഷണമാണ്, അവന്റെ ജീവിതത്തിനു ചരിത്രത്തിന്റെ മഹിമ നൽകുന്നത്. ഭാഷയും കഥാപാത്രങ്ങളും ചമൽക്കാരവും എഴുത്തുകാരുടെ ജീവിതവുമടങ്ങുന്ന സാഹിതീയമായ ആത്മകഥയ്ക്ക് അവൻ അവകാശിയാണ്. അവൻ നോവലെഴുതിയില്ല എന്നതുകൊണ്ട്, അവനിലെ ആത്മകഥ അപ്രസക്തമാകുന്നില്ല. എഴുതാതിരിക്കുന്നതാണ് വായനക്കാരന് നിത്യജീവിതം നൽകുന്നത്. എഴുതുന്നതോടെ, ഒരു ലോകം മൂർത്തമായിതീരുകയും അതിനെ നിരാകരിക്കാൻ കഴിയാതാവുകയും ചെയ്യുന്നു. വായനക്കാരൻ ലോകത്തിന്റെ പ്രത്യക്ഷത സൃഷ്ടിച്ച് വിരസതയുണ്ടാക്കുന്നില്ല. അപ്രത്യക്ഷതയിൽ അത് സുന്ദരമായിരിക്കുകയും ചെയ്യുന്നു. അതോടൊപ്പം, ഏത് നിമിഷവും നിരസിക്കാവുന്ന ഒരു ലോകത്തിന്റെ ഉടമയായിരിക്കാനും അയാൾക്ക് കഴിയുന്നു.
-----00000-----
ഇതു കൂടി വായിക്കാം
- ക്ഷമിക്കണം സര്, വായന ഹോബിയല്ല :: വിനോദ് ഇളകൊല്ലൂര്
- സാഹിത്യം ഓരത്തല്ലാതാകണം :: സുധാകരന് ചന്തവിള
---000---