Views:
സി. എം. രാജന്‍ |
വയസ്സാകുന്നതിനു മുമ്പു വയസ്സേറെയായാല്‍
വരും പ്രയാസമെന്നു ശങ്കിച്ചേന്‍
ശേഷികുറയും
ശേമുഷിയും.
വയസ്സിനു വൃദ്ധിയായാല്‍
ബോധം ക്ഷയിക്കും. രാജയക്ഷ്മാവും പിടിപെടാം.
ശേഷക്രിയയ്ക്ക്
ഒരു എം. സുകുമാരനെങ്കിലുമുണ്ടാകുമോ
എന്നാശങ്കിക്കും.
വയസ്സേറെയായപ്പോള്‍, പക്ഷെ,
ഇതിലും വലിയ സുഖമില്ലെന്നായി.
തലയില്‍ മുടിചൂടാ മാനവനാകയാല്‍ താരനില്ല.
താരശല്യമില്ലെന്നും പറയാം.
താളി വേണ്ട.
നരച്ചു നരജന്മമാകുമെന്നും പേടിക്കേണ്ട.
ഡൈ ഒദ്ദു.
സോപ്പാകാം.
ചീര്‍പ്പും കണ്ണാടിയും വേണ്ട.
ദുര്‍ബ്ബലം കണ്ണാകയാല്‍
രണ്ടായതെല്ലാം ഒന്നായിക്കാണാം.
ശത്രുവും മിത്രവും ഒരു പോലെ.
പാലിനും പാഷാണത്തിനും ഒരേ നിറം.
ഗദ്യത്തിനും പദ്യത്തിനും ഒരേ രസം;
മദ്യത്തിനും.
പകല്‍ വെളിച്ചവും നിലാവെളിച്ചമായി.
നിലാവത്തിട്ട കോഴിയെക്കൂട്ടായി.
കൂവാന്‍ ഒച്ചപൊങ്ങില്ലെന്നു മാത്രം
കാതുപതുക്കെയാകയാല്‍
നാദബ്രഹ്മത്തിന്‍റെ ശല്യമില്ല.
പരബ്രഹ്മത്തിനും പോത്തിനും ഒരേ നാദം;
അനാഹതശബ്ദം.
നാസികയുമനുഗ്രഹിച്ചു.
പൂവിനും പുരീഷത്തിനും ഒരേ മണം.
പണവും പിണവും സമാസമം.
സ്ഥിതപ്രഞ്ജന്‍.
ഊണും ഉറക്കവും കമ്മി.
നടത്തവും പമ്മിപ്പമ്മി.
എവിടെയെങ്കിലുമൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍
അതിതല്ലെങ്കില്‍പ്പിന്നെ ഇതെന്താണ്?
വളര്‍ന്നു വലുതായി
ഒരു വൈദ്യനോ
വക്കീലോ
ഒരു പോലീസെങ്കിലുമോ
ആകണമെന്നുറച്ചിരുന്നു.
വളര്‍ന്നു.
വലുതായി.
ഒന്നുമായില്ലെങ്കിലും വയസ്സനായി.
ഒരു കീറ്റ്സോ ചങ്ങമ്പുഴയോ പോലെ
നിത്യഹരിതനായില്ല.
ഭാഗ്യം!
No comments:
Post a Comment