സ്വപ്നസഞ്ചാരം :: ജ്യോതി ഹരിദാസ്

Views:

ജ്യോതി ഹരിദാസ്
   എന്തോ നേര്‍ത്ത ശബ്ദം കേട്ട തോന്നലില്‍ അവള്‍ ഉണര്‍ന്നു. അഗാധമായ ഉറക്കത്തില്‍ നിന്നും ഉണരുമ്പോള്‍ ഉള്ള ഒരു അപരിചിതത്വം തോന്നി. എവിടെയാണെന്ന് പിടി കിട്ടാത്ത ഒരവസ്ഥ. പരിസരം ആകെ മങ്ങി നില്‍ക്കുന്നു. കണ്ണുകള്‍ വലിച്ചു തുറന്നിട്ടും കനത്ത ഇരുട്ട് തന്നെ മുന്നില്‍ . ചെവിയിലേക്ക് വീണ്ടും ആ ശബ്ദം. ഇപ്പോള്‍ കുറച്ചു കൂടി വ്യക്തമാണ്. അതൊരു തേങ്ങല്‍ പോലെ തോന്നി ദേവികയ്ക്ക്. നിറയെ ചോദ്യങ്ങള്‍ ഉണര്‍ത്തിയ ആ ശബ്ദം നേര്‍ത്തു നേര്‍ത്ത് ഇല്ലാതായി. വീണ്ടും ഇരുട്ട് മാത്രം. കട്ട പിടിച്ച ഇരുട്ട്. ഏതോ സ്വപ്നത്തിലാവും താന്‍ എന്നവള്‍ക്ക് തോന്നി. ഇടയ്ക്ക് പതിവാണല്ലോ സ്വപ്ന സഞ്ചാരങ്ങള്‍. എങ്കിലും ഇന്നിപ്പോള്‍ ഈ തണുപ്പും ഇരുട്ടും വല്ലാതെ പേടിപ്പിയ്ക്കുന്നതു പോലെ..
   കണ്ണ് തുറന്നിട്ടും മുറിയിലെ ചെറിയ നീല പ്രകാശം എന്തേ വരാത്തത് എന്നവള്‍ക്ക് സംശയം തോന്നി. ഇനി കറന്റ്‌ പോയോ. പക്ഷെ എങ്കില്‍ ഇത്ര തണുപ്പ് വരില്ലല്ലോ. വലതു കൈ മെല്ലെ നീട്ടി രാച്ചുവിനെ തൊടാന്‍ നോക്കി. ഇല്ല. കൈയെത്തുന്നിടത്ത് ആരുമില്ല. മരവിപ്പിയ്ക്കുന്ന തണുപ്പ് മാത്രം.
“രാച്ചു എനിയ്ക്ക് തണുക്കുന്നു. പുതപ്പ് എന്‍റെ കാലിലേക്ക് ഇടാമോ.” അവള്‍ പറഞ്ഞു നോക്കി. സാധാരണ അവളുടെ അനക്കം കേട്ടാല്‍ അവനും ഉണരുന്നതാണ്. ഇനി മുറിയില്‍ ഇല്ലെങ്കിലോ ഇത്തിരി കുടി ഉറക്കെ അവള്‍ വിളിച്ചു.
   തന്‍റെ ശബ്ദം എവിടെയൊക്കെയോ തട്ടി തിരിഞ്ഞ് വീണ്ടും തന്നില്‍ തന്നെ വന്നു തൊട്ടു നില്‍ക്കുന്നത് പോലെ അവള്‍ക്ക് തോന്നി. മനസ്സില്‍ ശൂന്യതയുടെ ഒരു സുഖം വന്നു നിറയുന്നു. ഒരു ഭാരമില്ലായ്മ. ധ്യാനത്തില്‍ അറിയുന്നത് പോലെ ഒരു ശാന്തത. ആ കിടപ്പില്‍ നിന്നും ഒരിത്തിരി പോലും അനങ്ങാന്‍ അവള്‍ക്കു മനസ്സ് വന്നില്ല. പക്ഷെ കാലില്‍ കുടി അരിച്ചു കയറുന്ന തണുപ്പിന്‍റെ കരുത്തില്‍ മനസ്സറിയാതെ അവള്‍ക്ക് എഴുന്നേല്‍ക്കേണ്ടി വന്നു..
   ഇതെവിടെ എന്നു തീരെ പിടി കിട്ടിയില്ലെങ്കിലും ഇതിനകം ഇരുട്ടുമായി താദാത്മ്യം പ്രാപിച്ചിരുന്ന കണ്ണുകള്‍ മുന്നോട്ടുള്ള വഴി പറഞ്ഞു കൊടുത്തു. മങ്ങി മങ്ങി തെളിയുന്ന കാഴ്ചയില്‍ അവള്‍ മെല്ലെ നീങ്ങി..
   കനത്ത ഇരുട്ടിന്‍റെയും തണുപ്പിന്‍റെയും വലയത്തില്‍ നിന്നും രക്ഷപെടാനുള്ള മോഹം കൊണ്ടാവണം മനസ്സിന്‍റെ വേഗം ചലനത്തിലേക്കും കൈ വന്നു. ഇരുണ്ട ഇടനാഴി കടന്നു മുന്നോട്ടു നീങ്ങുമ്പോള്‍ വീണ്ടും ഒരു ചെറിയ വാതില്‍. അതു ചെന്നു കയറുന്നത് ഒരു നീളന്‍ വരാന്തയിലേക്ക്. രണ്ടു വശങ്ങളിലേക്കും തുറക്കുന്ന ഒരു നീളന്‍ വരാന്ത. വരാന്തയുടെ ഭാഗമായി കാണുന്ന ചെറിയ തുറപ്പുകള്‍ ഓരോ മുറികള്‍ പോലെ ആണെന്ന് അവള്‍ക്ക് മനസ്സിലായി. ഇളം നീല കര്‍ട്ടന്‍ ഇട്ട ചെറിയ തുറപ്പുകള്‍. എല്ലായിടത്തും തണുപ്പ്. തണുപ്പ് മാത്രം. നിശബ്ദതയുടെ വരാന്തയില്‍ ഒരിടത്ത് വെച്ച് അവള്‍ കര്‍ട്ടന്‍ നീക്കി ഉള്ളിലേക്ക് ഒന്നു പാളി നോക്കി.
   കണ്ണിനെയും മനസ്സിനെയും മടുപ്പിയ്ക്കുന്ന അരണ്ട മഞ്ഞ പ്രകാശം. നിറയെ വയറുകള്‍ ഘടിപ്പിച്ച എന്തൊക്കെയോ യന്ത്രങ്ങള്‍ നിരത്തി വെച്ചിരിയ്ക്കുന്ന ഒരു ചെറിയ മുറി. ചുവന്ന പ്രകാശം കത്തി നില്‍ക്കുന്ന യന്ത്ര ഭാഗങ്ങള്‍. ഇതൊക്കെയാണ് ആദ്യം അവള്‍ക്കു കണ്ണില്‍ പതിഞ്ഞത്. അതിനൊക്കെ ഇടയ്ക്ക് അവയുടെ ഭാഗമായി തോന്നിപ്പിച്ച മനുഷ്യ രൂപം പിന്നീടാണ്‌ വ്യക്തമായത്. പിണഞ്ഞു കിടക്കുന്ന ട്യൂബുകള്‍ക്കും വയറുകള്‍ക്കുമിടയില്‍ സ്ത്രീയോ പുരുഷനോ എന്നു തിരിച്ചറിയാനാവാത്ത ആ രൂപം നോക്കി നിന്നപ്പോള്‍ അവള്‍ക്കു മെല്ലെ മനസ്സിലായി തുടങ്ങി താനിത് എവിടെ ആവാം എന്നത്..
  ആ തിരിച്ചറിവിന്‍റെ സംഭ്രാന്തിയില്‍ നീളന്‍ വരാന്ത നടന്നു തീര്‍ക്കാന്‍ ആവാതെ ദേവിക ഓടി തുടങ്ങി. ഒരിയ്ക്കലും അവസാനിയ്ക്കില്ല എന്ന് തോന്നിപ്പിച്ച നീല നീളന്‍ കര്‍ട്ടനുകള്‍ക്ക് ഒടുവില്‍ ഒരു വലിയ വാതില്‍ അവള്‍ ആശ്വാസത്തോടെ കണ്ടു. വാതില്‍ തള്ളി തുറന്നു പുറത്തേക്ക് ഇറങ്ങിയ ദേവിക ചുറ്റും നോക്കി. താനിത് എവിടെയാണ്?
   എത്തി നിന്ന ചെറിയ ഇടനാഴിക്കപ്പുറം എന്തൊക്കെയോ അനക്കങ്ങള്‍, വളരെ നേരിയ ചലനങ്ങൾ, അടക്കി പിടിച്ച ശബ്ദങ്ങള്‍. പിന്നിട്ട വാതിലിനു മുന്നില്‍ കണ്ട ചുവന്ന ബോര്‍ഡ്‌ വായിച്ചെടുത്തപ്പോള്‍ ഉണ്ടായ പരിഭ്രമത്തില്‍ ദേവിക ചുറ്റും നോക്കി..
  നിരത്തിയിട്ടിരിയ്ക്കുന്ന നരച്ച ചാരനിറമുള്ള അസംഖ്യം കസേരകൾ. മിക്കതും ഒഴിഞ്ഞു കിടക്കുന്നു. ചിലത് ചേര്‍ത്തിട്ട് ആരൊക്കെയോ കിടക്കുന്നുമുണ്ട്. അവിടവിടെയായി ചിതറിയിരിയ്ക്കുന്ന നിരവധി അപരിചിത മുഖങ്ങൾ. മടുപ്പും മരവിപ്പും നിറഞ്ഞു നില്‍ക്കുന്ന ആ അന്തരീക്ഷത്തില്‍ നിന്നും രക്ഷപെടാന്‍ അവള്‍ ചുറ്റും നോക്കി. താന്‍ എങ്ങിനെ ഇവിടെ എത്തിപ്പെട്ടു എന്ന് മാത്രം തെളിഞ്ഞു വരുന്നില്ല.. 
   ഇന്നലെ രാത്രി സിനിമയ്ക്ക്‌ പോയി വന്നത് വരെ ഓര്‍മയില്‍ ഉണ്ട്. അതിനു ശേഷം ഒന്നും മിണ്ടാതെ മുഖം വീര്‍പ്പിച്ചു അവന്‍ കിടപ്പു മുറിയിലേക്ക് നടന്നതും താന്‍ സോഫയില്‍ ചുരുണ്ടതും.. പിന്നെ ഒന്നും തന്നെ ഇപ്പോള്‍ ഓര്‍മയിലേക്ക് വരുന്നില്ല..
   വരാന്തയുടെ കോണില്‍ പുറം തിരിഞ്ഞ് തല കുനിച്ചു നില്‍ക്കുന്ന രൂപം. അത് രാച്ചുവല്ലേ? അതെ. പിന്നില്‍ നിന്ന് നോക്കുമ്പോള്‍ പോലും തനിക്ക് വ്യക്തമായി മനസ്സിലാവുന്ന ആ നിഴൽ. അത് അവന്‍ തന്നെ. രാച്ചു എന്ന് അവള്‍ മാത്രം വിളിയ്ക്കുന്ന രാകേഷ്‌..
പെട്ടന്നാണ് തനിക്കു പിന്നില്‍ വരാന്തയിലേക്കുള്ള ഇരട്ട കതകു തുറക്കുന്നതും ആരോ പുറത്തേക്കു വരുന്നതും കണ്ടത്..
  കതകു തുറന്നത് അറിഞ്ഞപ്പോള്‍ ഇരുളില്‍ നിന്നും രാകേഷ്‌ മുന്നോട്ടു വരുന്നതും നോക്കി ഒന്നും മനസ്സിലാവാതെ അവള്‍ നിന്നു.
  “ഡോക്ടര്‍” എന്ന വിളി ഉയര്‍ന്നത് കേട്ടപ്പോള്‍ ഒരു നിമിഷം ദേവിക ശങ്കിച്ചു. അവന് ഇത്രയൊക്കെ ഉറക്കെ ശബ്ദം ഉണ്ടാക്കാന്‍ ആവുമോ ?
അപ്രതീക്ഷിതമായി ഉയര്‍ന്ന ശബ്ദത്തിന്‍റെ ഉണര്‍ച്ചയില്‍ അവിടവിടെ ചിതറിയിരുന്ന എല്ലാവരും രാകേഷിന് ചുറ്റും കൂടുന്നത് ദേവിക അറിയുന്നുണ്ടായിരുന്നു...
   “എന്താ, എന്താ നമ്മള്‍ ഇവിടെ? നീ എന്തിനാണ് ഒച്ചയെടുക്കുന്നത്?”
ചോദ്യം ആവര്‍ത്തിക്കുന്ന തന്നെ തീരെ ശ്രദ്ധിക്കാതെ ചുറ്റുമുള്ളവര്‍ രാകേഷിനെ പൊതിയുന്നതും താന്‍ പിന്നിലേക്ക്‌ പിന്നിലേക്ക്‌ ആവുന്നതും ദേവിക തിരിച്ചറിഞ്ഞു. തനിക്കു മുന്നില്‍ നിരവധി വലയങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്ന അവനെ അവ്യക്തമായി മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ എന്നും അവള്‍ മനസ്സിലാക്കി..
   “രാച്ചൂ” സകല ശക്തിയും എടുത്തവള്‍ വിളിച്ചു നോക്കി. അവളെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ആരും അവളെ തീരേ ശ്രദ്ധിക്കുന്നില്ല എന്നതായിരുന്നു. പുറത്തേക്കിറങ്ങിയാല്‍ കുത്തി കൊള്ളുന്ന നോട്ടങ്ങള്‍ എന്നും ആലോസരപ്പെടുത്താറുള്ളതാണ്. സാധാരണ എവിടെ നിന്നാലും ഒരു സ്ത്രീയെ ആരും തുറിച്ചു നോക്കുക എന്നതാണല്ലോ പതിവ്. അതൊരു ശീലമായി പോയത് കൊണ്ട് എവിടെ എങ്കിലും എത്തിപ്പെട്ടാല്‍ ആരും നോക്കിയില്ലെങ്കില്‍ സ്വാഭാവീകമായും അതൊരു സ്വകാര്യ വിഷമമായി തോന്നും. അവളും അത് തന്നെയാണ് ഓര്‍ത്തത്‌..
 കാഴ്ചയുടെ ആവേശം അടങ്ങിയപ്പോള്‍ പിരിഞ്ഞു തുടങ്ങിയ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞു മാറി കസേരയില്‍ ഇരുന്ന രാകേഷിനെ അവള്‍ കണ്ടു. അടുത്തേക്കു നീങ്ങിയപ്പോള്‍ അവള്‍ക്ക് മനസിലായി തല കുനിച്ചു സ്വന്തം കൈപ്പടത്തിലേക്ക് നോക്കിയിരിക്കുന്ന അവന്‍ ഒരു തേങ്ങലിലേക്ക് എത്തിയിരിക്കുന്നു.
   “രാച്ചു വേണ്ട ഇങ്ങിനെ കരയല്ലേ” അവള്‍ അവനെ ചേര്‍ത്തു പിടിക്കാന്‍ നോക്കി. 
   “നിനക്കെന്തു പറ്റി? നോക്കൂ നമ്മളെന്താ ഇവിടെ? എനിയ്ക്ക് നാളെ എത്ര തിരക്കുള്ള ദിവസാണെന്ന് നിനക്കറിയാമല്ലോ. ഇപ്പൊ തന്നെ ഉറക്കം പോയി ഇനി നാളെ എന്‍റെ ദിവസം ആകെ തകരാറാവും ”.
   രാച്ചുവിനോട് സംസാരിക്കാനുള്ള ശ്രമം വിഫലമായെന്നു കണ്ട് കുലുക്കി വിളിക്കാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ അവള്‍ കണ്ടു മൊബൈല്‍ എടുക്കുന്ന രാകേഷിനെ.
   “അതെ ബാലേട്ടാ. കൊണ്ടു വന്നപ്പോള്‍ കോണ്‍ഷ്യസ് ആയിരുന്നു. അപ്പോഴേ നേരെ സി സി യു വില്‍ കയറ്റി. അവര്‍ ആവുന്നതും ശ്രമിച്ചു നോക്കി എന്നാണ് പറഞ്ഞത്. എനിക്കൊന്നും അറിയില്ല ബാലേട്ടാ. എന്നാലും. എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല”
  ...പറഞ്ഞു തീരും മുന്‍പേ പൊട്ടി പോയ രാകേഷിനെ കണ്ടപ്പോള്‍ ദേവികക്ക് വല്ലാത്ത വാല്‍സല്യവും ഇഷ്ട്ടവും തോന്നി. ഈ ചെക്കന്‍ !! കാണിക്കുന്ന ഗൌരവവും വീര്‍പ്പിക്കലും ഒക്കെ വെറും വെച്ചുകെട്ടു തന്നെ. ഇനി ആവട്ടെ കളിയാക്കി ശരിയാക്കുന്നുണ്ട് ഞാൻ. ഇത്രയേ ഉള്ളല്ലോ ഈ ആണുങ്ങൾ..
  അവനെ ചേര്‍ത്തു പിടിക്കാന്‍ നോക്കിയ ദേവികക്ക് കൈകള്‍ വഴുതി പോവുന്നതറിഞ്ഞ് ചിന്താകുഴപ്പമായി. താന്‍ ഇവിടെ തന്നെയുണ്ടല്ലോ ,പിന്നെ ആരുടെ കാര്യമാണ് ഇവന്‍ പറയുന്നത് ??
  ചിന്താകുഴപ്പത്തില്‍ നിന്നു ദേവികയെ രക്ഷിക്കാന്‍ എന്ന വണ്ണം പിന്നീട് തുറന്ന ഇരട്ട കതകിലൂടെ വന്നത് വെളുത്ത തുണി വിരിച്ച സ്ടോളി ആയിരുന്നു. അത് കണ്ടതും ഇരുന്ന പ്ലാസ്റ്റിക്‌ കസേരയില്‍ നിന്നും ചാടി എണീറ്റു വാതിലിനു നേരെ ഓടാന്‍ തുടങ്ങിയ രാകേഷ്‌ ബാലന്‍സ് നഷ്ട്ടപെട്ട് മുട്ടു കുത്തി താഴേക്കു വീണതും ഒരുമിച്ചായിരുന്നു. അവിടവിടെ ആയി ഇരുന്നിരുന്നതില്‍ ചിലര്‍ ചാടി എണീറ്റ്‌ അയാളുടെ അടുത്തേക്കു നീങ്ങി. ചിലര്‍ ഇതൊക്കെ എത്ര കണ്ടതാണ് എന്ന മട്ടില്‍ നിര്‍വികാരരായി ഇരുന്നു. തങ്ങളെ ബാധിക്കുന്നതല്ലാത്ത മറ്റൊന്നിലും ഒരു താല്പര്യവും ഇല്ലാതെ....
  ഒരു വിളിയോടൊപ്പം അവനെ പിടിക്കാന്‍ മുന്നോട്ടു നീങ്ങിയ ദേവിക കണ്ടത്‌ രാകേഷിനെ പിടിച്ച് എണീപ്പിച്ച് ചേര്‍ത്തു നിര്‍ത്തുന്ന ബാലേട്ടനെ ആണ്. ബാലേട്ടനെ കണ്ടപ്പോള്‍ ഒരാശ്രയം കിട്ടിയ സമാധാനത്തില്‍ തോളോട് ചേര്‍ന്ന് രാകേഷ്‌ നിന്നു..
   “നീ അല്‍പ സമയം ഇവിടെ ഇരിയ്ക്കു. ഞാന്‍ പോയി മറ്റുള്ള കാര്യങ്ങള്‍ നോക്കി ഇപ്പോള്‍ വരാം.”
  പറയുന്നതോടൊപ്പം അവനെ താങ്ങി കസേരയില്‍ ഇരുത്തി കൂടെ ഉണ്ടായിരുന്ന അജിത്തിനോട് ഒപ്പം ഇരിക്കാന്‍ കണ്ണ് കൊണ്ട് ആന്ഗ്യംകാണിച്ച് ബാലേട്ടന്‍ മുന്നോട്ടു നീങ്ങി...
   ട്രോളി ഉന്തി കൊണ്ടു വന്ന മധ്യവയസ്ക്കന്‍ അക്ഷമയോടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇതൊന്നു ഡ്രെസ്സിങ് റൂമില്‍ എത്തിച്ചിട്ട് വേണം ഡ്യൂട്ടി കഴിഞ്ഞ് അയാള്‍ക്ക് പോകാന്‍..
   താഴത്തെ ഓഫീസില്‍ ചെന്ന് ഔപചാരികതകള്‍ ഒക്കെ തീര്‍ത്ത്‌ ബാലേട്ടന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ണടച്ച് ഇരിക്കുകയായിരുന്നു രാകേഷ്. തൊട്ടടുത്ത് എന്ത് പറയണം എന്നറിയാതെ അജിത്തും. അടുത്ത് ഒഴിഞ്ഞു കിടന്ന കസേരയില്‍ ഇരുന്നു തോളില്‍ തൊട്ടപ്പോള്‍ കണ്ണ് തുറന്നു നോക്കി രാകേഷ്‌..
   “റെഡി ആയോ ബാലേട്ടാ.. പോകാറായോ നമുക്ക് ?”
 “ഇല്ല നീ ഇരിയ്ക്കു. ഇത്തിരി താമസം ഉണ്ട്. നമ്മുടേത് ഇനി രണ്ടാമത്തേതാണ്.”
   “അറിയിച്ചോ സോപാനത്തിൽ?” തല കുമ്പിട്ടിരുന്ന അജിത്‌ ചോദിച്ചു.
  “ഉവ്വ് .. വിളിച്ചു പറഞ്ഞു. ശിവപ്രസാദാണ് എടുത്തത്. അവരോട് നേരെ വീട്ടിലെത്താന്‍ പറഞ്ഞു ഞാൻ. ഇവിടേയ്ക്ക് വരേണ്ട കാര്യമില്ലല്ലോ. അവിടെ നിന്നും ഓടിച്ചെത്തുമ്പോള്‍ ഏതായാലും സമയമെടുക്കും. അപ്പോഴേയ്ക്കും നമ്മളും അവിടെ എത്തും.”
  ഇനി എന്ത് പറയണം എന്നറിയാതെ നേരെ ഇരുന്നു ബാലേട്ടൻ. ആരോ കസേര നിരക്കുന്ന ശബ്ദം അന്തരീക്ഷത്തിൻറെ മ്ളാനതയില്‍ ഉയര്‍ന്നു കേട്ടു. പല വിധ ആലോചനകളില്‍ ഇരുന്നിരുന്നവര്‍ തല പൊന്തിച്ച് ഒന്നു നോക്കി. വിശേഷ വിധിയായി ഒന്നും സംഭവിക്കുന്നില്ല എന്ന തിരിച്ചറിവില്‍ വീണ്ടും അവനവനിലേക്ക് തിരിച്ചു പോയി.
   “ഡോക്ടറോട് ഞാന്‍ സംസാരിച്ചു. അവര്‍ പറഞ്ഞത് എന്തെങ്കിലും കനത്ത ആഘാതം ഉണ്ടാവാതെ ഇങ്ങിനെ സംഭവിയ്ക്കാന്‍ ചാന്‍സ് വളരെ കുറവാണെന്നാണ്. നീ ഒന്നോര്‍ത്തു നോക്ക്. എന്തെങ്കിലും പിടിച്ച് തള്ളലോ തല മുട്ടലോ പോലെ എന്തെങ്കിലും ?”
  തല ഉയര്‍ത്തി തന്നെ നോക്കുന്ന രാകേഷിന്‍റെ മുഖത്തെ ദൈന്യത കണ്ട ബാലേട്ടന്‍ പറഞ്ഞു വന്നത് പകുതിക്കു വെച്ച് നിര്‍ത്തി അവന്‍റെ ചുമലില്‍ കൈ വെച്ചു. ആ സ്പര്‍ശം അറിയാത്ത മട്ടില്‍ ഇരുന്ന അവന്‍ ആരോടെന്നില്ലാത്തവണ്ണം സ്വയം പറഞ്ഞു തുടങ്ങി പതിഞ്ഞ ശബ്ദത്തിൽ..
  “ഇന്നലെ സിനിമയ്ക്ക്‌ പോയിരുന്നു. ശനിയാഴ്ച വൈകുന്നേരങ്ങളില്‍ പതിവുള്ളത് പോലെ തന്നെ എല്ലാ പ്ലാനിങ്ങും അവളാണ് ചെയ്തത്. ഞാന്‍ എത്തിയപ്പോഴേക്കും റെഡി ആയി നിന്നിരുന്നു .”
  ബാലകൃഷ്ണന്‍റെ നേരെ തല ഒന്നുയര്‍ത്തി തുടര്‍ന്നു.“ അറിയാമല്ലോ സിനിമയോടുള്ള ദേവൂന്‍റെ താല്പര്യം. സിനിമയും അത് കഴിഞ്ഞുള്ള ആഹാരം എവിടെ നിന്നു വേണം എന്നതും വരെ അവള്‍ തീരുമാനിച്ചിരുന്നു. ഓഫീസില്‍ വല്ലാത്ത ഒരു ദിവസം ആയിട്ടും അവളെ ദേഷ്യപ്പെടുത്തേണ്ട എന്നോര്‍ത്താണ് ഞാന്‍ കൂടെ ഇറങ്ങിയത്. സിനിമ കഴിഞ്ഞ് അത്താഴവും കഴിഞ്ഞ് വരുന്ന വഴിക്ക് കാറില്‍ വച്ച് പതിവ് പോലെ വഴക്കും ഉണ്ടായി.”
ഓര്‍മയില്‍ നിന്ന് ഓരോന്നും പെറുക്കിയെടുത്തു രാകേഷ്‌ പറഞ്ഞു. ചുമലില്‍ മെല്ലെ തട്ടി ശ്രദ്ധയോടെ ബാലകൃഷ്ണന്‍ ഇരുന്നു ..
   “വഴക്കല്ല രാച്ചു, നമ്മള്‍ തമ്മില്‍ തര്‍ക്കം ആണുണ്ടായത്” ഒക്കെ കേട്ടു നിന്ന അവള്‍ തിരുത്താന്‍ നോക്കി .അത് കേട്ടിട്ടെന്നവണ്ണം അവന്‍ തുടര്‍ന്നു..
  “ബാലേട്ടനറിയാമല്ലോ വഴക്ക് എന്ന് വെച്ചാല്‍ തര്‍ക്കം. നിസ്സാര കാര്യത്തിനാണ്. സിനിമയിലെ ഹീറോ ആണോ നന്നായത് അതോ അവള്‍ടെ പ്രിയപ്പെട്ട ഉപനായകനാണോ മികച്ചതെന്ന്..”
   രാകേഷിന്റെ ചുണ്ടില്‍ ഏതോ ഓര്‍മയുടെ ചിരിത്തരികള്‍ വന്നെത്തി നോക്കി മാഞ്ഞു പോയി. അതു കണ്ട നിന്ന ദേവികക്ക് സ്നേഹം വന്നു ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി. അല്ലെങ്കിലും രാച്ചുവിന്‍റെ ചിരി നല്ല ഭംഗിയാണ്. പല ഭാവങ്ങള്‍ ഉള്ള ചിരി ഉണ്ട് അവന്‌. ഇപ്പോള്‍ വന്നു മാഞ്ഞത് പോലെയുള്ള തിളക്കമുള്ള ചിരിയാണ് അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്...
   അവന്‍റെ കനത്ത മുടിയില്‍ വിരല്‍ കോര്‍ത്തു വലിച്ച്‌ വേദനിപ്പിക്കാന്‍ അവള്‍ക്കു തോന്നി.. അവളുടെ സ്നേഹം പ്രകടിപ്പിക്കല്‍ രീതികളിലൊന്ന്. കുറച്ചു സഹിച്ചു കഴിയുമ്പോള്‍ രണ്ടു കൈ കൊണ്ടും അവളെ അടക്കം പിടിച്ചു ചേര്‍ത്ത് അനങ്ങാന്‍ പോലും ആവാതെ വലിച്ചെടുത്ത് അവന്‍ കട്ടിലിലേക്ക് മറിച്ചിടും.. പിന്നെ കുറച്ചു സമയത്തേയ്ക്ക് അവരുടെ ലോകത്ത് മറ്റാരും, മറ്റൊന്നും ഉണ്ടാവാറില്ല. അതൊക്കെ ഓര്‍മയില്‍ വന്നപ്പോള്‍ രാകേഷിനടുത്തേക്ക് മെല്ലെ നീങ്ങിയ അവള്‍ നടത്തത്തിന്‍റെ അസ്വാഭാവീകതയില്‍ പെട്ടന്ന് നിന്ന് പോയി. തന്‍റെ ചലനങ്ങളില്‍ വന്ന മാറ്റം മനസ്സിലാക്കിയ അവള്‍ക്ക് എന്ത് വേണമെന്ന് തീര്‍ച്ചയില്ലായിരുന്നു..
   “സാധാരണ അവള്‍ പിണങ്ങി കിടന്നാല്‍ കുറച്ചു കഴിയുമ്പോള്‍ തനിയെ വരും ബാലേട്ടാ. വരുന്ന ഭാവം കണ്ടില്ലെങ്കില്‍ ഞാന്‍ പോയി കൊണ്ട് വരും പക്ഷെ ഇന്നലെ തലയിണയും വലിച്ചെടുത്തു സോഫയിലേക്കു ചാടി തുള്ളി പോയ അവളെ വിളിക്കണം എന്ന് തോന്നിയെങ്കിലും, ഇത്തിരി വാശി കുറയട്ടെ എന്ന് ഞാനും കരുതി. വെളുപ്പിനെ ഉറക്കം ഞെട്ടിയ ഞാന്‍ തിരിഞ്ഞു കിടന്നപ്പോഴാണ് കട്ടിലില്‍ ദേവു ഇല്ല എന്നറിയുന്നത്. വിളിച്ചു നോക്കിയിട്ടും അനക്കം കാണാഞ്ഞ് വന്നു നോക്കിയപ്പോള്‍.. ....”
പറഞ്ഞു വന്നപ്പോള്‍ ഒരു വിതുമ്പല്‍ വന്ന് അവന്‍റെ സംസാരം മുറിഞ്ഞു പോയി.
   കേട്ടിരുന്ന ബാലകൃഷ്ണന്‍ എങ്ങിനെ സാന്ത്വനിപ്പിയ്ക്കണം എന്നറിയാതെ മെല്ലെ അവനെ പുറത്തു തട്ടി ശാന്തനാക്കാന്‍ നോക്കി. കുറച്ചു പുറത്തേയ്ക്ക് പോവട്ടെ. തനിയെ സ്വസ്ഥമാവട്ടെ ഇത്തിരിയെങ്കിലും.
ഒന്നും തീരുമാനിക്കാന്‍ ആവാത്ത നിസ്സഹായതയില്‍ ബാലകൃഷ്ണന്‍ എണീറ്റ്‌ ജനാലക്കരികില്‍ ചെന്ന് താഴേക്കു നോക്കി. വിചിത്രമായ എന്തൊക്കെ അനുഭവങ്ങളാണ് ജീവിതം നമുക്കായി കാത്തു വയ്ക്കുന്നത്..
ജനാലക്കരികിലേക്ക് നടക്കുന്ന ബാലേട്ടനെ നോക്കി ഇരുന്നപ്പോള്‍ എന്തൊക്കെയാണ് ഈ കഴിഞ്ഞ ചില മണിക്കൂറുകളില്‍ സംഭവിയ്ക്കുന്നത് എന്ന് രാകേഷ്‌ അത്ഭുതപ്പെട്ടു. ചിലപ്പോള്‍ താന്‍ ഒരു ദു:സ്വപ്നത്തില്‍ ആവാം. ഈ നിമിഷം സ്വപ്നം അവസാനിച്ചു താന്‍ ഉണരുകയും അടുത്തു കിടന്നു ശാന്തമായി ഉറങ്ങുന്ന ദേവൂനെ കാണുകയും ഒക്കെ പഴയതുപോലെ സ്വസ്ഥമാവുകയും ചെയ്തിരുന്നെങ്കില്‍ എന്നയാള്‍ വെറുതെ ആഗ്രഹിച്ചു.
   ഹോസ്പിറ്റല്‍ കവാടത്തിലെ വിളക്കിന്‍റെ വെളിച്ചം താഴെ നിരത്തിലെക്കും വീണു കിടക്കുന്നുണ്ടായിരുന്നു. പുലര്‍ കാലത്തിന്‍റെ കുളിര്‍മ്മയില്‍ തണുത്തു കിടക്കുന്ന പാത കണ്ണെത്താ ദൂരം വിജനമായി അങ്ങിനെ.. 
   നേരെ മുന്നില്‍ റോഡരികിലെ ഒരു മരുന്ന് കട തുറന്നിരിക്കുന്നുണ്ട്. കുറച്ചു മാറി ഒരു ചെറിയ പെട്ടിക്കടയും. പെട്ടിക്കടയുടെ മുന്നില്‍ മൂന്നോ നാലോ പേര്‍ കട്ടന്‍ ചായ കുടിച്ചും പുക വലിച്ചും നില്‍ക്കുന്നത് കാണാം ..
നോക്കി നിന്നപ്പോള്‍ ബാലേട്ടന് വല്ലാതെ തൊണ്ട വരളുന്നത് പോലെ തോന്നി. തിരിഞ്ഞു രാകേഷിന്‍റെ അടുത്തു ചെന്ന് തോളില്‍ കൈ വെച്ച് ചോദിച്ചു..
   ”എന്തെങ്കിലും കുടിയ്ക്കണോ രാജു .ഞാന്‍ വെള്ളം വാങ്ങി വരാം “
തല ഉയര്‍ത്തി നിഷേധാര്‍ധത്തില്‍ മൂളിയ അവന്‍ ഒരു മറു ചോദ്യത്തില്‍ ആണെത്തിയത്..
   “അവളെ എപ്പോള്‍ കൊണ്ടു വരും”
  അവന്‍റെ കണ്ണുകളിലെ ദൈന്യം കാണ്കെ ദേവികക്ക് അവളോട്‌ തന്നെ എന്തിനെന്നറിയാതെ ദേഷ്യം തോന്നി. തുറന്നിട്ട ജനാലയിലൂടെ കയറിയിറങ്ങാന്‍ വന്ന കാറ്റ് അവളെ തൊടാതെ ബാലേട്ടന്‍റെ മുണ്ടിന്‍ തലപ്പിലും അവന്‍റെ നീണ്ടു തുടങ്ങിയ മുടിയിഴകളിലും തട്ടി തടഞ്ഞു നിന്നു. അവന്‍റെ കോലന്‍ മുടി വല്ലാതെ വളര്‍ന്നിരിക്കുന്നു. പിറന്നാള്‍ മാസമായത് കൊണ്ട് മുടി വെട്ടാനും പാടില്ലല്ലോ. രാച്ചു അറിയാതെ ഒരു പിറന്നാള്‍ സമ്മാനം വാങ്ങി കൊടുക്കല്‍ കഴിഞ്ഞ രണ്ടു തവണയും നടന്നില്ല. അവള്‍ വാങ്ങുന്നത് എവിടെ ഒളിച്ചു മാറ്റി വെച്ചാലും എന്ത് മായം ചെയ്തിട്ടാണോ എന്തോ, അത് കണ്ണില്‍ പെടും. ഇത്തവണ എങ്കിലും അവന് രാവിലെ ഉണരുമ്പോള്‍ സര്‍പ്രൈസ് ആവണം എന്നൊരു വാശി ഉണ്ടായിരുന്നു. ചിന്തകള്‍ അവിടെ എത്തിയപ്പോൾ, ഒരു മായകാഴ്ചയില്‍ എന്ന പോലെ കഴിഞ്ഞതൊക്ക അവളുടെ ഓര്‍മകളില്‍ തെളിഞ്ഞു വന്നു..
   രാകേഷിനെ ഓഫീസിലേക്ക് യാത്രയാക്കിയ ശേഷം, സമ്മാന പൊതി എടുത്തു വെക്കാന്‍ പറ്റിയ ഒരു സ്ഥലം നോക്കിയാണ് ദേവിക കിടപ്പുമുറിയിലേക്ക് നടന്നത് ബെഡ് റൂമില്‍ ഭിത്തി അലമാരിയുടെ മുകളില്‍ പെട്ടികൾ, യാത്രാ ബാഗുകള്‍ ഒക്കെ അടുക്കി വെച്ചിരിക്കുന്നത് കണ്ണില്‍ പെട്ടപ്പോള്‍ അറിയാതെ ചിരി തെളിഞ്ഞു..  
   ഇത് അവന്‍ ഒരു കാരണവശാലും കണ്ടു പിടിയ്ക്കില്ല. ഡ്രെസ്സിങ് മേശയിലെ സ്റ്റൂള്‍ നിരക്കി കൊണ്ട് വന്ന് അതില്‍ കയറി നിന്നു നോക്കി. ഇത്തിരി പൊക്കം കുറവാണ്. ഇനി എന്ത് ചെയ്യും. വിളക്ക് കത്തിച്ചു വെയ്ക്കുന്ന കുട്ടി സ്റ്റൂള്‍ ഓര്‍മയില്‍ വന്നു. ങ്ഹാ.. ഇപ്പൊള്‍ ഓക്കേ. ദേവിക ബാലന്‍സ് പിടിച്ച് സ്റ്റൂളിന്‍റെ മുകളില്‍ കയറുന്നത് അവള്‍ക്ക് കാണാം    
  .. സ്റ്റൂളില്‍ കയറി കൈ എത്തി വലിഞ്ഞു സമ്മാന പൊതി മുകളില്‍ വെക്കുന്നതും കാണാം. അതിനിടയില്‍ ചെറിയ സ്റ്റൂള്‍ മെല്ലെ തെന്നാന്‍ ഭാവിക്കുന്നത്... തെന്നുന്നത് ഒന്നും ദേവിക അറിയുന്നില്ല. പക്ഷെ അവള്‍ക്ക് ഇപ്പോള്‍ എല്ലാം കാണാന്‍ പറ്റുന്നുണ്ട്.
  “സ്റ്റൂള്‍ തെന്നുന്നുണ്ട്.. ശ്രദ്ധിക്ണേ, നീ താഴേയ്ക്ക് വീഴും”. അവള്‍ പറയുകയും ദേവിക താഴേക്കു വീഴുകയും ഒരേ സമയത്തായിരുന്നു. ആ വീഴ്ചയില്‍ എവിടെയെങ്കിലും പിടിക്കാന്‍ ശ്രമിച്ച ദേവികയുടെ തല ശക്തിയില്‍ മേശമേല്‍ അടിയ്ക്കുന്നത് അവള്‍ കണ്ടു...
   “നോക്ക് രാച്ചു ഇതാണ് നടന്നത്. തല മേശമേല്‍ ഇടിച്ചാണ് വീണത്‌ നോക്കു.”
നടന്നത് താന്‍ കാണുന്ന ഒപ്പം രാകേഷിനെയും വിളിച്ചു കാണിക്കാന്‍ അവള്‍ ശ്രമിച്ചു. അവന്‍റെ ഷര്‍ട്ടില്‍ പിടിച്ച് വലിക്കാന്‍ നോക്കി. അവള്‍ എത്ര വിളിച്ചിട്ടും തൊട്ടിട്ടും അവന്‍ അറിയുന്നതേ ഇല്ല. വീണിടത്ത് നിന്നും എണീറ്റ ദേവിക അഞ്ചു മിനിറ്റ് അവിടെ തന്നെ ഇരുന്നു പോയതും അവള്‍ക്ക് കാണാം. രാകേഷിനെ വിളിച്ചു കാണിക്കാനുള്ള ശ്രമം ഉപേക്ഷിച്ച അവള്‍, തനിക്കെന്താണ് സംഭവിച്ചത് എന്നറിയാനുള്ള അവസരം ഇത് മാത്രമാണ് എന്ന തിരിച്ചറിവില്‍ ദേവികയെ തന്നെ നോക്കി നിന്നു.
   ദേവിക നേരെ നടന്ന് ഫ്രിഡ്ജ്‌ തുറന്ന് ഐസ് എടുത്തു ഒരു തുണിയില്‍ പൊതിഞ്ഞു. തല മുട്ടിയ ഭാഗത്ത് വെച്ചുരസി. കണ്ണാടിയില്‍ നോക്കി മുറിഞ്ഞോ എന്ന് പരിശോധിച്ച് തികച്ചും സാധാരണ മട്ടില്‍ മുന്‍വശത്തേക്ക് നടന്നു. മുഖം മാത്രം വീഴ്ചയുടെ ചമ്മലിലും വേദനയിലും ഇത്തിരി ചുളിഞ്ഞിരുന്നു ...
   “വീഴ്ച നിസ്സാരമാക്കരുത്. തല ഇടിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഡോക്ടറെ കാണണം. രാച്ചുവിനെ വിളിച്ചു പറയൂ നീ. താമസിച്ചാല്‍ അപകടമാവും.”
തന്നെ കൊണ്ട് ആകാവുന്നത് പോലെ അവള്‍ ദേവികയെ പറഞ്ഞു മനസിലാക്കാന്‍ നോക്കി. എന്നാല്‍ ആരും അവള്‍ പറയുന്നത് കാര്യമാക്കുന്നില്ല. ഇനി ഇതില്‍ തനിയ്ക്കൊന്നും ചെയ്യാനാവില്ല എന്ന തിരിച്ചറിവില്‍ അവള്‍ നിസ്സന്ഗതയോടെ കാഴ്ച കണ്ടു തീര്‍ക്കാന്‍ എന്ന മട്ടില്‍ നോക്കി നിന്നു. പിന്നെ നടന്നതൊക്കെ ഒരു സ്വപ്നം പോലെ തോന്നി അവള്‍ക്ക്. ചിലപ്പോഴൊക്കെ താന്‍ കാണാറുള്ള ദുസ്വപ്നം പോലെ. മുറിയില്‍ ഇരുട്ടും മൌനവും മാത്രം. ചുവരിലെ ക്ലോക്ക് മാത്രം കൃത്യമായി മുഴങ്ങി കൊണ്ടിരുന്നു. അതല്ലാതെ മറ്റൊന്നും തനിയ്ക്കറിയില്ല എന്ന ഭാവത്തില്‍..
   കമഴ്ന്നു കിടന്നിട്ടും ഉറക്കം വരാതെ, സോഫയില്‍ ചരിഞ്ഞും മറിഞ്ഞും കിടക്കുന്ന ദേവിക. അസഹ്യമായ വേദനയാല്‍ കുറേശ്ശെ അവളുടെ മുഖം ചുളിഞ്ഞു വരുന്നുണ്ട്. കിടന്ന കിടപ്പില്‍ രാകേഷിനെ വിളിയ്ക്കാന്‍ നോക്കുന്നുമുണ്ട്. വേദനയുടെ ഭീകരത കൊണ്ടാവാം ശബ്ദം പുറത്തേക്കു വരുന്നില്ല. ദേവിക താഴേയ്ക്ക് കുഴഞ്ഞു വീഴുന്നു. പിന്നെ ഒന്നും തന്നെ അവള്‍ക്ക് കാണാന്‍ സാധിയ്ക്കുന്നില്ല. കനത്ത ഇരുട്ടിന്‍റെ മൂടല്‍ വന്നു വീണത്‌ പോലെ ..
  ഇത് സ്വപ്നമാണോ അതോ ഇതാണോ നടക്കുന്നത്. ഒന്നും തന്നെ വേര്‍തിരിച്ചറിയാന്‍ ആവാതെ അവള്‍ ചുറ്റും പകച്ചു നോക്കി..
കയ്യില്‍ ഒരു കുപ്പി വെള്ളവുമായി പടി കയറി മെല്ലെ വന്ന ബാലേട്ടന്‍ അവന്‍റെ അടുത്തെത്തി ചുമലില്‍ പിടിച്ചുയര്‍ത്തി....
മുന്നോട്ടു നടന്ന ബാലേട്ടന്‍റെ ഒപ്പം ചേര്‍ന്ന് തല കുനിച്ചു നീങ്ങുന്ന രാകേഷ്‌ എന്ത് കൊണ്ടോ അവളെ “ഗ്ലൂമി സണ്‍‌ഡേ ”എന്ന പ്രശസ്തമായ ഹന്ഗേറിയന്‍ പാട്ട് ഓര്‍മ്മിപ്പിച്ചു ..
   അവര്‍ പോകുന്നു എന്ന അമ്പരപ്പില്‍ ഇനി എന്ത് വേണം എന്നറിയാതെ അവള്‍ നിന്നു. ഇനി എന്താണ് ചെയ്യേണ്ടത്? എവിടെയാണ് ഉണ്ടാവേണ്ടത്... തന്നെ രൂപമായോ ശബ്ദമായോ സ്പര്‍ശമായോ അറിയാന്‍ ആവാത്ത രാകേഷിന്‍റെ ഒപ്പമോ അതോ താഴെ ഡ്രെസ്സിങ് റൂമില്‍ കാത്തു കിടക്കുന്ന ദേവികയുടെ ഒപ്പമോ..
   തീരുമാനിക്കാനാവാതെ അവള്‍ കുഴഞ്ഞപ്പോള്‍ ലിഫ്റ്റ്‌ താഴേയ്ക്ക് നീങ്ങി കഴിഞ്ഞിരുന്നു ...
  അവിടവിടെ ആയി ഇരുന്നിരുന്ന കൂട്ട് കിടപ്പുകാര്‍ പലരും നല്ല ഉറക്കത്തിലാണ്. ചിലരാകട്ടെ എപ്പോള്‍ വേണമെങ്കിലും തുറക്കാവുന്ന ചില്ല് വാതിലിലൂടെ വന്നേക്കാവുന്ന അറിയിപ്പുകള്‍ കാത്തിരുന്നു.. തുടക്കത്തിന്‍റെയും ഒടുക്കത്തിന്‍റെയും അറിയിപ്പുകള്‍ .....


---000---