Views:
തടിയൂർ ഭാസി |
നിശ്ചലമായിത്തീര്‍ന്നു, ശൂന്യത്വമായി ലോകം
നിദ്രയില്‍ വിഹീനമായ് വിശ്രമമാണ്ടു ദേഹി.
കൈരളി ഹൃദന്തത്തിലധരങ്ങളില്‍ സദാ
അമൃതം പൊഴിക്കുന്ന ഗാനങ്ങള്‍ സമ്മാനിച്ചു
ശാസ്‌ത്രീയ സംഗീതത്തെ, ജനത്തില്‍ പ്രിയഗീതാല്‍
സ്വാമി തന്നീണങ്ങളാലിണക്കിക്കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ചലച്ചിത്രത്തിന്‍ ഗാനങ്ങളെ
ശൈശവദശമുതലുയര്‍ത്തീ ഗുരുനാഥന്‍
നല്ല തങ്കയിലിദം പ്രഥമമരങ്ങേറി
രംഗത്തു സംഗീതത്തിന്‍ സംവിധായകനായി
ഗാനത്തിലനവധി ഭാവങ്ങളലിയിച്ചു
പ്രണയവിരഹങ്ങള്‍ കൈകോര്‍ത്തു ലയിപ്പിച്ചു.
ഹൃദയ സരസ്സിലെ പ്രണയപുഷ്‌പം' ഗാഥ
ഹൃദയസ്‌പര്‍ശിയാകും പ്രണയഗാനമാക്കി
സര്‍വ്വഥാ രാഗങ്ങളാല്‍ ശാസ്‌ത്രീയസംഗീതവും
സുന്ദരരൂപങ്ങളാല്‍ ലളിത സംഗീതമായ്
ഋഷി തുല്യമായൊരു ജീവിതം നയിച്ചയാള്‍
ഭക്തിയും സംഗീതവും ജീവനവ്രതമാക്കി
'ഉത്തരാസ്വയംവരം' വിശ്രുത സംഗീതകം
ഖരഹരപ്രിയരാഗാല്‍ ഘനസാന്ദ്രിമയാം.
ആര്‍ദ്രിതമധുരമാം സിന്ധു ഭൈരവി രാഗ-
രസത്താല്‍ മലയാളി പ്രണയ പ്രഭാവനാം
ബ്രാഹ്മമാം മുഹൂര്‍ത്തത്തില്‍ കണ്ണനെയുണര്‍ത്തുന്ന
സ്വാമിതന്‍ ഭക്തിഗാനം ശ്രവിക്കും ഗുരുവായൂര്‍
'ജ്ഞാനപ്പാന'യ്‌ക്കും 'നാരായണീ'യ ശ്ലോകത്തിനും
മേന്മയങ്ങേറീടുന്നു, മൂര്‍ത്തിതന്‍ സംഗീതത്താല്‍
അഭിജാതമായൊരു സംഗീതയുഗത്തിലെ
പ്രഭവസംഗീതജ്ഞന്‍ സൗമ്യമായ് കടന്നുപോയ്
ഏകക യുഗ്മമായിട്ടാലപിക്കുവാനായി-
ട്ടേറെയും രമണീയ ഗാനങ്ങള്‍ സൃഷ്‌ടിച്ചൊരു
രാഗത്തിന്നുപാസകാ, അങ്ങതന്‍ സ്മരണയ്ക്കു
മുന്നിലാദരവോടെ അജ്ഞലി അര്‍പ്പിക്കട്ടെ
--൭൭൭൭൭--
(മലയാളത്തിന് മറക്കാനാവാത്ത മധുരഗാനങ്ങള്‍ സമ്മാനിച്ച
പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞനും ചലച്ചിത്ര സംവിധായകനുമായ
ദക്ഷിണാമൂര്‍ത്തിക്ക് അന്ത്യാഞ്‌ജലി അര്‍പ്പിച്ചുകൊണ്ട് രചിച്ചത്)
9/2013, malayalamasika.in
|
Related Posts
ഹൃദയസരസ്സിലെ സംഗീത പുഷ്‌പം :: റ്റി. എം. സുരേഷ്‌കുമാര്‍
No comments:
Post a Comment