സ്വര്‍ണ്ണ നാദം :: ഗ്രീഷ്‌മ പി ജി

Views:

ഗ്രീഷ്‌മ പി ജി
കൊച്ചുപൂവേ നിന്റെ മന്ദഹാസത്തിലും 
കയ്‌ച്ചു തേട്ടുന്നു വേദനയെന്തിനോ ?

 കൊച്ചുപൂവേ നിന്റെ മുഖമെന്തുമാടുവാന്‍ 
അമ്മയെ വിട്ടുപോകുമെന്നോ ഭയം 

നാളെ ദേവന്റെ സൗന്ദര്യമാകുവാന്‍ 
നീയൊരര്‍ച്ചനാ പുഷ്‌പമായ്‌ മാറിടും 

ചന്ദനം ശാന്ത ഗന്ധം നിറയ്‌ക്കുന്നു 
സ്വര്‍ണ്ണനാദം മധുരം മുഴങ്ങുന്നു 

സ്‌നേഹനാളങ്ങള്‍ ദീപമായ്‌ കത്തുന്നു 
ദേവവേണുവില്‍ ഗാനമാകുന്നു നീ 

വിണ്ണില്‍ നിന്നു പൂപ്പുഞ്ചിരി തൂകിടും 
വെണ്മതിക്കല പാല്‍നിലാത്തേനില്‍ നീ 
ചന്ദനമായലിഞ്ഞങ്ങു ചേര്‍ന്നിടും 
നിത്യജീവസുഗന്ധമായ്‌ പാറിടും 

ദേവന്‍ നിന്നെയാ മാറോടു ചേര്‍ക്കുമ്പോള്‍ 
നിന്റെ ജീവിതോദ്ദേശ്യവും പൂര്‍ണ്ണമാം 

അങ്ങനെ ജന്മപുണ്യമായ്‌ പൂക്കും നീ- 
യമ്മതന്‍ സ്‌നേഹസൗഭഗമല്ലയോ