Views:
റ്റി. എം. സുരേഷ്‌കുമാര്‍ |
നാദബ്രഹ്മത്തിന്റെ
മഹാസാഗരങ്ങളെ സ്വരരാഗങ്ങളില്‍
ആവാഹിച്ചൊതുക്കിയ ദക്ഷിണാമൂര്‍ത്തി
സ്വാമി സംഗീത ചക്രവാളങ്ങളില്‍
ശാശ്വതമായ ഒരു നിശ്ചല ശൂന്യത
ബാക്കിയാക്കി നിത്യതയില്‍
വിലയിച്ചു.
സംഗീതത്തിന്റെ
മാസ്മരികതയിലൂടെ മലയാളികളെ
സ്വപ്നം കാണാനും ഹൃദയസരസ്സില്‍
പ്രണയ പുഷ്‌പങ്ങള്‍ വിടര്‍ത്താനും
വിരഹത്തീയില്‍ ഉരുകാനും
ഈശ്വരപൂജയില്‍ ലയിക്കാഌമൊക്കെ
ശീലിപ്പിച്ച പുണ്യജന്മം 94
വര്‍ഷത്തെ ജീവിതതീര്‍ത്ഥയാത്ര അവസാനിപ്പിക്കുകയായിരുന്നു.
സ്വാമി എന്നു
സംഗീതലോകം സ്‌നേഹാദരങ്ങളോടെ
വിളിച്ച ദക്ഷിണാമൂര്‍ത്തി
മലയാള ചലച്ചിത്ര ഗാനങ്ങളെ
ശൈശവദശ മുതല്‍ കൈപിടിച്ചു
നടത്തിയ ഗുരുനാഥനാണ് ശാസ്‌ത്രീയ
സംഗീതത്തെ ജനപ്രിയ സംഗീതവുമായി
സ്വാമിയുടെ ഈണങ്ങള്‍
ഇണക്കിച്ചേര്‍ത്തു.
അദ്ദേഹം സമ്മാനിച്ച
പാട്ടുകളുടെ അനുപമസാഗരം മലയാളി
ഉളളിടത്തോളം കാലം ദക്ഷിണാമൂര്‍ത്തി
ജീവിക്കും.
ദക്ഷിണാമൂര്‍ത്തി സ്വാമി |
ശുദ്ധ
സംഗീതത്തിന്റെ ആചാര്യനായ
സ്വാമിയുടെ ജനനം 1919
ഡിസംബറില്‍
ആലപ്പുഴ മുല്ലയ്‌ക്കല്‍
തെക്കേമഠത്തില്‍ ഡി.
വെങ്കിടേശ്വര
അയ്യരുടെയും പാര്‍വ്വതി
അമ്മാളിന്റെയും മകനായാണ്.
1950 ല്‍ നല്ലതങ്ക
എന്ന സിനിമയ്‌ക്ക് വേണ്ടി
ശംഭോ, ഞാന്‍
കാണ്‍മതെന്താണിദം എന്ന
ഗാനത്തിലായിരുന്നു സിനിമാ
സംഗീത ലോകത്തേയ്‌ക്കുളള
തുടക്കം. ഇഷ്‌ടദൈവമായ
വൈക്കത്തപ്പനെക്കുറിച്ചുളള
വരികള്‍ക്കു തന്നെ ആദ്യം
സംഗീതം നല്‍കാനായത് ദേവസുഗന്ധമുളള
നിമിത്തമായി ദക്ഷിണാമൂര്‍ത്തി
വിശ്വസിച്ചു.
പാട്ടു തീര്‍ന്നാലും
പാട്ടു ബാക്കിയാക്കാനാവുന്ന
അത്ഭുത രാഗവിദ്യ അറിയാമായിരുന്നു
സ്വാമിക്ക്,
രാഗദേവതയോടുളള
പ്രാര്‍ത്ഥനയുമായി
ഹാര്‍മോണിയത്തിന് പുറകിലിരുന്ന്
ഈണമിട്ട ആ സംഗീതജ്ഞന്‍
കൈരളിക്ക് സമ്മാനിച്ച മനോഹര
ഗാനങ്ങള്‍ കുറച്ചൊന്നുമല്ല.
സൂക്ഷ്‌മവും
എങ്കിലും ലളിതവുമായ രാഗച്ഛായയിലുളള
പാട്ടുകളായിരുന്നു അവയില്‍
കൂടുതല്‍. നമ്മുടെ
ഗൃഹാതുരതയില്‍ ചിരകാലത്തേക്ക്
സൂക്ഷിക്കാഌളള രാഗസൗന്ദര്യത്തിന്റെ
കല്‍പ്പനാ കാകളികള്‍.
ഉത്തരാ സ്വയം
വരം കഥകളി കാണുവാന്‍ മലയാളി
പോകുമ്പോഴും അശോക പൂര്‍ണിമ
വിടരും യാമങ്ങളിലും സ്വാമിയുടെ
ഖരഖരപ്രിയരാഗം ഘനസാന്ദ്രമാവുന്നു.
ആര്‍ദ്രമധുരമായ
സിന്ധുഭൈരവിയുടെ രാഗരസങ്ങളിലൂടെ
ദക്ഷിണാമൂര്‍ത്തി മലയാളിയെ
പ്രണയാഭമാക്കുന്നു.
പാട്ടുപാടി
ഉറക്കാം ഞാന്‍ താമരപ്പൂപൈതലേ.
കേട്ടു കേട്ടു
നീയുറങ്ങെന്‍ കരളിന്റെ കാതലേ..
സീതയില്‍ പി.
ലീല പാടിയ ഈ
താരാട്ട് മലയാളത്തില്‍
കുടിയിരുത്തിയ ഗാനമാണ്.
എഴുതിയതും ഈണം
നല്‍കിയതും ആരെന്ന് അപ്രസക്തമായ
പാട്ട്. മലയാളക്കരയെ
പാട്ടുപാടിയുറക്കിയ പ്രതിഭകളുടെ
ആചാര്യന്‍.
സംഗീതവും ഈശ്വരനും
ഒന്നു തന്നെയെന്നു വിശ്വസിച്ച
സ്വാമിയെ വിശേഷിപ്പിക്കാന്‍
ഇതിലേറെ ലളിതവും മനോഹരവുമായ
ഉപമയില്ല.
സംഗീതമെന്നത്
തുറന്നു പറയേണ്ട കലയാണെന്നും
അത് ഗായകന്റെ ഹൃദയത്തില്‍
നിന്നൊഴുകി ആസ്വാദക ഹൃദയത്തെ
ചലിപ്പിക്കണമെന്നും അദ്ദേഹം
വിശ്വസിച്ചു.
ഗാനഗന്ധര്‍വ്വന്‍ യേശുദാസ്,
അദ്ദേഹത്തിന്റെ
പിതാവ് അഗസ്റ്റിന്‍ ജോസഫ്,
മകന്‍ വിജയ്
യേശുദാസ്,
പേരക്കുട്ടിയും
വിജയിന്റെ മകളുമായ അമേയ
എന്നീ നാലു തലമുറയെ ചലച്ചിത്ര
സംഗീതത്തിന് പരിചയപ്പെടുത്തിയ
നാദര്‍ഷിയാണ് സ്വാമി.
അഗസ്റ്റിൻ
ജോസഫിനെ നല്ലതങ്കയിലൂടെയും
യേശുദാസിനെ ദേവാലയത്തിലൂടെയും വിജയ്
യേശുദാസിനെ ഇടനാഴിയില്‍
കാലൊച്ചയിലൂടെയും കുഞ്ഞ്
അമേയയെ ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത
ശ്യാമരാഗത്തിലൂടെയുമാണ്
അദ്ദേഹം അവതരിപ്പിച്ചത്.
ശാസ്‌ത്രീയ
സംഗീതത്തെ അതിന്റെ എല്ലാ
ഭാവങ്ങളോടും കൂടി മനോഹരമായ
ലളിത സംഗീതമാക്കി രൂപപ്പെടുത്തി
എന്നതാണ് സംഗീതസംവിധായകന്‍
എന്ന നിലയില്‍ സ്വാമിയുടെ
ഏറ്റവും വലിയ സവിശേഷത.
തന്റെ തുടക്കകാലത്ത്
തന്നെ സ്വാമിയുടെ പാട്ടുകള്‍
ലഭിച്ചു എന്നത് വലിയ
അഌഗ്രഹമായിരുന്നു എന്ന്
യേശുദാസ് വിലയിരുത്തുന്നു.
സിനിമയില്‍ ഒരു
ഗായകനെന്ന നിലയില്‍ തന്നെ
രൂപപ്പെടുത്തുന്നതില്‍ വലിയ
പങ്കു വഹിച്ചത് സ്വാമിയുടേയും
ദേവരാജന്‍മാഷിന്റെയും മനോഹര
ഗാനങ്ങളായിരുന്നു.
ശ്രീകുമാരന്‍
തമ്പിയുടെ ഗാനരചനയില്‍ സ്വാമി
സംഗീതം നല്‍കി യേശുദാസ്
ആലപിച്ച ഗാനങ്ങള്‍ മലയാള
സിനിമയുടെ സുവര്‍ണ്ണയുഗത്തിന്റെ
തിരുശേഷിപ്പുകളാണ്.
ആസ്വാദകര്‍
സംഗീതത്തില്‍ ആറാടുമ്പോള്‍
സംഗീതജ്ഞന്‍ ദൈവത്തില്‍
ലയിക്കുമെന്ന് സ്വാമി
വിശ്വസിക്കുകയും പറയുകയും
ചെയ്യുമായിരുന്നു.
അപ്പോള്‍
പാടുന്നവനും കേള്‍ക്കുന്നവനും
ഒന്നാകുന്ന ഒരവസ്ഥ വരും,
അപ്പോഴാണത്ര
സംഗീതത്തിന്റെ സ്വര്‍ഗ്ഗീയ
ചൈതന്യം പ്രസരിക്കുക.
സംഗീതവും ദൈവവും
ഒന്നുതന്നെയെന്നാണ് സ്വാമിയുടെ
ദര്‍ശനം
ആദ്യം
സാഹിത്യം, പിന്നെ
സംഗീതം - സ്വാമി
എപ്പോഴുമങ്ങനെ വിശ്വസിച്ചു.
ഗാനം വായിച്ചു
സന്ദര്‍ഭം മനസ്സിലാക്കുമ്പോള്‍
തന്റെ മനസ്സില്‍ ദേവസന്ദേശം
പോലെ ഒരു ഈണം രൂപപ്പെടുന്നുവെന്നും
അതുപാടി നോക്കുമ്പോള്‍
ഒരു രാഗമായി മാറുന്നുവെന്നും
അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അങ്ങനെയുളള അനുപമ
രാഗസഞ്ചാരമായിരുന്നു സ്വാമിയുടെ
സ്വരജീവിതം.
മലയാള സിനിമയുടെ
ചരിത്രത്തിനോടൊപ്പം
സഞ്ചരിച്ച സ്വാമി.
സംഗീതവും സാഹിത്യവും
തമ്മിലുളള സമഞ്ജസ സമ്മേളനമായ
ഗാനമേഖലയില്‍ ആപാതമാധുര്യത്തിനോ
ആലോചനാ ശേഷിക്കോ കുറവു
വരുത്താതെ രണ്ടിന്റെയും
ഗാംഭീര്യത്തെ സംരക്ഷിക്കാന്‍
അദ്ദേഹത്തിനായി.
സംസ്‌കൃത പദബഹുലമായ
തത്വചിന്താപരമായ ശ്ലോകങ്ങള്‍
പോലും അനായാസേന ഹൃദിസ്ഥമാക്കാന്‍
പാകത്തില്‍ സംഗീതം പകരാന്‍
സ്വാമികള്‍ക്കായി.
ശങ്കരാചാര്യരുടെ
ഭജഗോവിന്ദത്തിലെ ശ്ലോകങ്ങള്‍
സാധാരണക്കാരഌ പോലും പരിചിതമായത്
അദ്ദേഹത്തിന്റെ സംഗീത ലാളിത്യം
കൊണ്ടാണ്.
അദ്ദേഹം ഈണം
പകര്‍ന്ന താരാട്ടുപാട്ടുകള്‍
നമ്മുടെ പുതുതലമുറകള്‍ക്കുപോലും
വീണ്ടും വീണ്ടും
കേള്‍ക്കാനിഷ്‌ടപ്പെടുന്നു.
എല്ലാ തലമുറയേയും
സ്വാധീനിച്ച ഒരു സംഗീത ഗുരു
സ്വാമിയല്ലാതെ വേറെയൊരാളില്ല.
എത്രയോ ഗായകന്മാരും
ഗായികമാരുമാണ് ആ ഗുരുവിന്റെ
സംഗീത ശിക്ഷണത്തില്‍
പ്രശസ്‌തരായത്.
അദ്ദേഹത്തിന്റെ
ശിഷ്യപ്രശിഷ്യ പരമ്പരകളാണ്
ഇന്ന് മലയാളത്തിലെ എല്ലാ
ഗായകരും. രാഗങ്ങളില്‍
ഏതു ഭാവത്തെ വേണമെങ്കിലും
സന്നിവേശിപ്പിക്കാന്‍
സ്വാമിക്കു സാധിച്ചിരുന്നു.
സ്വാമി
തന്റെ പ്രിയ രാഗമായ ഖരഹരപ്രിയയെയാണ്
ആലാപന ലഹരിയാക്കിയത്.
ശുദ്ധമായ കര്‍ണ്ണാടക
സംഗീതം എങ്ങനെ ലളിതസുന്ദര
സംഗീതമായ് പകര്‍ത്താം
എന്നതിന്റെ പാഠപ്പതിപ്പുകളാണ്
സ്വാമിയുടെ ഗാനങ്ങള്‍.
സ്വപ്‌നങ്ങളേ
നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
എന്ന ശഹാനരാഗഗാനം ത്യാഗരാജസ്വാമികളുടെ
വന്ദനമുരഘുനന്ദനാ....
എന്ന കൃതിയുടെ
പകര്‍പ്പാണെന്ന് പറഞ്ഞിട്ടുണ്ട്.
ത്യാഗരാജഹിന്ദോളകൃതിയായ സാമജവരഗമനാ....
തന്നെയല്ലേ
സ്വാമിയുടെ കാവ്യപുസ്‌തകമല്ലോ
ജീവിതം എന്ന പി.
ഭാസ്‌കരന്റെ
ഗാനം. ഹാസ്യ
രസ പ്രധാനമായ നാഗരാദി എണ്ണയുണ്ട്...
എന്ന ചലച്ചിത്രഗാനത്തില്‍
പോലും കര്‍ണ്ണാടകസംഗീതത്തിന്റെ
കല കാണിച്ചു തന്നു.
മലയാള ചലച്ചിത്ര
സംഗീതത്തിലെ ചതുര്‍മൂര്‍ത്തികളില്‍
(ദക്ഷിണാ
മൂര്‍ത്തി. കെ.
രാഘവന്‍,
ജി ദേവരാജന്‍,
എം.
എസ്.
ബാബുരാജ്)
ആദ്യം
ചലച്ചിത്ര രംഗത്തെത്തിയ
സ്വാമി വെറും ഒരു ചലച്ചിത്ര
സംഗീത സംവിധായകന്‍ മാത്രമല്ല
നൂറോളം കീര്‍ത്തനങ്ങള്‍
രചിച്ച് സ്വയം ചിട്ടപ്പെടുത്തി
പാടിയ ഒരു വാഗ്ഗേയകാരന്‍
കൂടിയായിരുന്നു.
ഹൃദയത്തിന്റെ
ഇടനാഴിയില്‍ സ്വാമി എപ്പോഴും
ദൈവത്തിന്റെ കാലൊച്ച കേട്ടു.
കാട്ടിലെ പാഴ്‌മുളം
തണ്ടില്‍ നിന്ന് പാട്ടിന്റെ
പാലാഴി തീര്‍ത്ത ശ്രീ കൃഷ്‌ണ
ഭഗവാനെപ്പോലെ സംഗീത
അവതാരമായിരുന്നു സ്വാമി.
അനുപമമായ
വിനയവും ആകര്‍ഷകമായ വ്യക്തിത്വവും
ഏവരോടും സ്‌നേഹമസൃണമായ
പെരുമാറ്റവും എല്ലാത്തിലുമുപരി
പ്രശസ്‌തിയുടെ കൊടുമുടിയില്‍
ഇരിക്കുമ്പോഴും അഹങ്കാരം
ലേശമില്ലാതെ ലളിതജീവിതവും
സ്വാമിക്കു മാത്രം സാധ്യമായതാണ്.
ഭൗതികമായ ഒരു
നേട്ടവും ആഗ്രഹിക്കാത്ത
സ്വാമി നേടിയത് സംഗീത
പ്രമികളുടെ മനസ്സിലെ നിറ
സാന്നിദ്ധ്യമാണ്.
ഒരു ചലച്ചിത്ര സംഗീത സംവിധായകനെ - ന്നതിലുപരി
തമിഴിലും സംസ്‌കൃതത്തിലും
മലയാളത്തിലും സാഹിത്യഭാവത്തിലും
ശ്രേഷ്‌ഠമായ അനേകം കീര്‍ത്തനങ്ങള്‍
രചിച്ചിട്ടുളള സ്വാമികള്‍
മഹാനായ ഒരു വാഗ്ഗേയകാരനും
കൂടിയാണ്.
ആനന്ദ
ഭൈരവി, ആഭേരി,
ഖരഹരപ്രിയ,
ബിലഹരി,
ദേവഗാന്ധാരി,
മുഖാരി,
കാംബോജി
തുടങ്ങിയവയെല്ലാം സ്വാമിയുടെ
പ്രിയരാഗങ്ങളാണ്.
ആറാട്ടിനാനകള്‍
എഴുന്നളളീ.. എന്ന
ശ്രുതിമധുരഗാനത്തിലൂടെ
യേശുദാസ് ആസ്വാദകന്റെ
മനസ്സില്‍ ആനന്ദഭൈരവിയുടെ
ആഹ്ലാദ സമുദ്രം തീര്‍ത്തു.
ഒപ്പം അമ്പലപ്പുഴ
ഗോപാലകൃഷ്‌ണപണിക്കര്‍
നാദസ്വരവും വായിച്ചു.
പൊന്‍വെയില്‍
മണിക്കച്ചയഴിഞ്ഞു വീണു..
യേശുദാസ് പാടിയ
ഈ ഗാനത്തിലും തിരുവിഴ ജയശങ്കര്‍
ശ്രുതിശുദ്ധമായി നാദസ്വരം
വായിച്ചു.
ജി. ശങ്കരക്കുറുപ്പിന്റെ
ശാന്തമംബരം ..
നിതാഘോഷ്‌മള
എന്നു തുടങ്ങുന്ന അഭയം എന്ന
സിനിമയ്‌ക്കു വേണ്ടി കടുകട്ടി
പദപ്രയോഗമുളള കവിതയെ
ശുഭപന്തുവരാളിയില്‍ എത്ര
ലളിത സുന്ദരമായി സംഗീതം
നല്‍കി. ആ
സംഗീതം കൊണ്ട് ആ വരികളും
അന്ന് ജനഹൃദയങ്ങളില്‍
സുപരിചിതമായി.
സ്വാമി എന്റെ
കവിതയുടെ കനം കുറച്ച്
പഞ്ഞിപോലയാക്കിയല്ലോ...
ഈ ഗാനം കേട്ടിട്ട്
ജി അത്ഭുതത്തോടെ പറഞ്ഞിട്ടുണ്ട്.
അഭിജാതമായ
ഒരു സംഗീത കാലത്തിന്റെ
പ്രതിധ്വനിയായിരുന്നു സ്വാമി.
ഒരു ലളിതഗാനം
പോലെ ജീവിച്ചു.
സൗമ്യമായ ഒരു
കാറ്റലപോലെ കടന്നുപോയി.
കാലത്തിന്റെ
ഗ്രാമഫോണ്‍ സൂചിത്തുമ്പത്ത്
ഒറ്റയ്‌ക്കു പാടാനും ഒരുമിച്ചു
പാടാഌമായി സുന്ദരഗാനങ്ങളേറെ
സമ്മാനിച്ചു കടന്നുപോയ
രാഗോപാസകാ അങ്ങയുടെ
പാട്ടോര്‍മ്മകള്‍ക്ക്
മുന്നില്‍ ആദരവോടെ അജ്ഞലി
സമര്‍പ്പിക്കുന്നു.
- കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ കണ്ണേ പുന്നാര
- സ്വപ്‌നങ്ങള്‍ .. നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
- പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞു വീണു സ്വര്‍ണ്ണപീതാംബരം
- ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍ പൊന്നോടക്കുഴലില്‍
- ഹൃദയസരസ്സിലെ പ്രണയപുഷ്‌പമേ... ഇനിയും നിന്‍ കഥ പറയൂ
- ഉത്തരാസ്വയം വരം കഥകളി കാണുവാന്‍ ഉത്രാട രാത്രിയില്‍
- കാട്ടിലെ പാഴ്‌മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി
- ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം നിന്‍ ചിരിയിലലിയുന്ന
- ഹര്‍ഷബാഷ്‌പം തൂകി... വര്‍ഷപഞ്ചമി വന്നു. ഇന്ദുമുഖീ
- ഒരിക്കല്‍ മാത്രം വിളി കേള്‍ക്കുമോ..
- ഗോപീ ചന്ദനക്കുറിയണിഞ്ഞ ഗോമതിയായവള്‍
- വൈക്കത്തഷ്‌ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു
- താരകരൂപിണീ നീയെന്നുമെന്നുടെ ഭാവനരോമാഞ്ച
- കാര്‍കൂന്തല്‍ കെട്ടിനെന്തിന് വാസനതൈലം
- വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരിവിതറും...
നിത്യതയിലേക്ക്
പിന്‍വാങ്ങിയ ആ മുഗ്‌ധ
നാദോപാസകന്റെ സ്‌മരണ
നറുചന്ദനത്തിന്റെ തണുത്ത
ഗന്ധം പോലെ സംഗീതത്തിന്റെ
പൊന്നലുക്കിട്ട മനസ്സുകളില്‍
എന്നെന്നും ആര്‍ദ്രത പരത്തും
തീര്‍ച്ച
--- 000 ---
Related Posts