Views:
ശാന്തകുമാരി വിജയന്‍ |
ഓമനേ, നീയൊരു കൊച്ചു പൂവല്ലെന്റെ
ഹൃത്തായ് സ്വരൂപമാര്‍ന്നുള്ളോരു താരകം
ഓമനേ, നിന്റെയീ ചെന്നിറം ഹൃത്തിന്റെ
വര്‍ണമെല്ലാം തൂത്തെടുത്തു ഞാന്‍ തന്നതായ്
നീയറിഞ്ഞില്ലാ ... വസന്ത സ്മൃതികളില്‍
മുങ്ങി നീ വേലിയോരങ്ങളില്‍ നില്‍ക്കവേ.,
കൂട്ടുകാരൊത്തു തിമിര്‍ത്തുല്ലസിക്കവേ
നീയറിഞ്ഞില്ലാ... നിഴലായ്, നിലാവായി
നിന്നെ പൊതിയുന്ന സൂര്യ പ്രകാശമായ്
ഉള്ളും, പുറവും നിറഞ്ഞു നിന്നൂ, നിന്റെ
സ്വപ്നങ്ങള്‍ പൂത്തതാം താഴ്വാരമായി ഞാന്‍.
ഹരിത പട്ടാംബരം ചുറ്റി, ലജ്ജാലോല -
മരുണ കപോലം, തുടു തുടുത്തോമനേ,
പുലരി വന്നെത്തി ചിരിച്ചു നില്‍ക്കെ, കൊച്ചു-
മുകുളമേ.. .ഇതള്‍ വിടരാവൂ കിനാവുകള്‍!
No comments:
Post a Comment