നിഘണ്ടുവിലെ ഭാര്യ :: ഷീലാ ലാൽ

Views:

ഷീലാ ലാൽ
ഭർത്താവിന്റെ അടിവസ്ത്രങ്ങൾ
കഴുകുമ്പോൾ
നീ, നിന്റെ കൈകളോടു പറയുക
ഞാൻ എല്ലാ സ്ത്രീകളേയും 
എന്നെപ്പോൽ സ്നേഹിക്കുന്നുവെന്ന്.

അവന്റെ ഉടുപ്പുകൾ
തേച്ചുടയാതെ കൊടുക്കുമ്പോൾ
തേപ്പുപെട്ടിയിൽ 
ചൂടു ബാക്കി വച്ചേക്കുക.

കൈവഴികൾ പിരിഞ്ഞുപോയ
സിന്ദൂരം തിരിച്ചു ലഭിക്കുവാൻ
അവന്റെ ചുണ്ടുകളെ കാത്തിരിക്കുക,
ആ മാറിലെ അപരിചിത ഗന്ധത്തിൽ
വലിഞ്ഞിഴയുന്ന
മുടിനാരിഴകളെ
തുലനം ചെയ്യാതിരിക്കുക.

ചേർത്തു പിടിക്കുമ്പോൾ
നിന്റെ മുഖച്ഛായ മാറുന്നതറിയാതെ
വികാരം കൊള്ളുക.

അവന്റെയുറക്കത്തിൽ
സ്വപ്നമാകാതിരിക്കുക,
ഉണർവിൽ, മധുരമൂറുന്ന 
ചായയായ്
കപ്പിന്റെ ചെറിയ വട്ടത്തിലൊതുങ്ങുക,
തിളച്ചു മറിയുന്ന ചൂടിനെ
നീരാവിയാക്കി ശൂന്യതയിലേക്കു വിടുക.

അവൻ ചിരിക്കുമ്പോൾ
കൂടെ ചിരിക്കുക,
കരയുമ്പോൾ "ഞാനില്ലേ"-യെന്നു പറയുക.
അങ്ങിനെയവന്റെ നിഘണ്ടുവിലെ
ഭാര്യയാവുകയോ,
പഴയ താളുകൾ കാറ്റിൽ പറത്തി
പുതിയ നിഘണ്ടുവാകുകയോ ചെയ്യുക.
  -----00000-----