ആശ്രയം :: ഷീലാ ലാല്‍

Views:
നിന്റെ വാക്കുകള്‍
വാര്‍ദ്ധക്യത്തിലേയ്ക്ക്‌
ഒരൂന്നുവടി നീട്ടുന്നു.
ഞാനിപ്പോള്‍
ഇടര്‍ച്ച നോക്കാതെ നടക്കുന്നു.

വഴി തീരുന്നിടത്തു നിന്ന്
ആരംഭിക്കുന്ന യാത്രയില്‍
നിന്റെ ചുമലില്‍
ഞാനീ ജീവിതമിറക്കിവയ്ക്കുന്നു.

പിന്നെ,
നാമൊരു കുടിലുണ്ടാക്കുന്നു
രാജാവും റാണിയുമായ്‌
മണിയറ തുറക്കുന്നു,
പള്ളി മഞ്ചത്തിലടവച്ച
സ്വപ്നങ്ങളില്‍ നിന്ന്
കഴുകന്മാര്‍
പിറക്കാതിരുന്നെങ്കില്‍ ...
ചുണ്ടുപിളര്‍ത്തി
പറന്നിറങ്ങി
നമ്മുടെ വീടിനെ
റാഞ്ചാതിരുന്നെങ്കില്‍....

ഈ ഊന്നു വടിയെങ്കിലും
ബാക്കിയായേനെ....

---000---