മഞ്ഞു പൊഴിയുമ്പാള്‍ നാം അനുഭവിക്കുന്നത്‌. :: ഷീലാ ലാൽ

Views:
malayalamasika.in/2014/02/blog-post_5893.html

ഷീലാ ലാൽ



ചില കഴിവുകളെ നമ്മള്‍ കണ്ടെത്താന്‍ വൈകും. കണ്ടെത്തിയാലും അംഗീകരിക്കുവാന്‍ മടിക്കും. തൊങ്ങലും തോരണവുമില്ലാതെ പച്ചയായ്‌ തിളങ്ങുന്ന സതീഷ്‌ തപസ്യ എന്ന കവി, കുത്തും വെട്ടുമേറ്റ്‌ വായത്തല മടങ്ങുമ്പോഴും ഒടിയാത്ത മുനയെറിയുന്നത്‌ അനുവാചകന്റെ കഠിനഹൃദയത്തിലേയ്‌ക്കാണ്‌.

ഒന്നു തുളയ്ക്കാതെ കടന്നുപോകുവാന്‍ അദ്ദേഹത്തിന്റെ ഒരു കവിതയ്ക്കും ആവില്ല
 

കഥയില്‍ കവിതയും കവിതയില്‍ കഥയും ഉണ്ടാകണമല്ലൊ

മഞ്ഞുപൊഴിയുമ്പോള്‍ എന്ന കവിതാ സമാഹാരത്തിലെ കവിതകള്‍ നമ്മോടു സംവദിക്കുമ്പോൾ, അതിലെ കഥകളില്‍ മഞ്ഞുപൊഴിയുമ്പോള്‍ അനുഭവപ്പെടുന്നത്‌ കുളിരല്ല, കാളുന്ന ചൂടും നിശ്ചലമാകുന്ന മരവിപ്പും ചേര്‍ന്ന്‌ സുഖകരമായൊരു സമ്മിശ്രവികാരം നമ്മെ കണ്ണടച്ചിരുത്തി ചിന്തിപ്പിക്കുന്നു, സമൂഹത്തിലേയ്ക്ക്‌ പതിന്മടങ്ങ്‌ ശക്തിയില്‍ കണ്ണു തുറക്കുവാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു
 

പലകവിതകളും സമര്‍പ്പണത്തിലെ അമ്മയുടെ വാക്കുകളോടു ചേര്‍ത്തു വായിക്കുവാന്‍ പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ചും ഉയിര്‍ത്തെഴുനേല്‍പ്പ് എന്ന കവിത.

നിലവിളിക്കാത്തത്‌ കൊണ്ടാണവന്‍ 
മുറിഞ്ഞു മാറാത്തത്‌

അതുകൊണ്ട്‌ 
ശത്രുവിനെ ഉപദ്രവിക്കാതെ 
തോല്‍പ്പിക്കുന്നു.

വായനക്കാരന്‌ സ്വപ്നങ്ങള്‍ നല്‍കുകയും അതിന്റെ ചിറകിലേറി മതിമറന്നു പറക്കാനിടം കൊടുക്കുകയും ചെയ്യുന്ന ഓരോ കവിതയും വിജയിച്ചുവെന്ന്‌ നിസ്സംശയം പറയാം.

എന്റെ തൂലികാ സുഹൃത്തിനെത്തേടി, ജാഗ്രത, മരണത്തെ പ്രണയിച്ച പെണ്‍കുട്ടി ......തുടങ്ങി സമാഹാരത്തിലെ എല്ലാ കവിതകളും ഇത്തരത്തില്‍ വിജയിക്കുന്നു. തിരിച്ചറിവ്‌, നിശബ്‌ദത, പുനര്‍ജ്ജനി തുടങ്ങിയ കുഞ്ഞുകവിതകള്‍ കടുകിലെ കടലാണ്‌.

നടക്കുന്നവരേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നവരാണ്‌

രണ്ടുകാലുമില്ലാത്തവര്‍

ഈ വരികളില്‍ സ്വന്തം ജീവിതസത്ത ചുവയ്ക്കുന്നത്‌ കവിയെ അറിയാവുന്നവര്‍ക്ക്‌ വേഗം മനസ്സിലാകും.

23 വര്‍ഷം ശയ്യാവലംബമായി തളര്‍ന്നു കിടക്കുകയും തളരാതോടുകയും ചെയ്യുന്ന സതീഷ്‌ തപസ്യക്കല്ലാതെ ആത്മാര്‍ത്ഥമായി ഇങ്ങനെയെഴുതുവാന്‍ മറ്റാര്‍ക്കു കഴിയും ?!

ഇവിടെ കവിതമാത്രമല്ല കവികൂടി നമ്മെ ചിന്തിപ്പിക്കുമ്പോഴാണ്‌ സതീഷും സതീഷ്‌ കവിതകളും വ്യത്യസ്തമാകുന്നത്‌.

കാച്ചിക്കുറുക്കിയ ഒതുക്കവും വടിവും കവിതകള്‍ക്ക്‌ ഭംഗിയേറ്റുന്നു. അനുയോജ്യമായ കാവ്യബിംബങ്ങളെ വേണ്ടപോല്‍ ചേര്‍ത്തു വയ്ക്കുവാനും കവിക്ക്‌ പ്രാഗത്ഭ്യമുണ്ട്‌. തീയില്‍ മുളച്ചതിന്റെ ഫലമാകാം ഈ വിളക്കരുത്ത്‌

പോസിറ്റിവ്‌ എനര്‍ജി വായനക്കാരില്‍ നിറയ്ക്കുവാന്‍ ഉതകുന്ന സന്ദേശങ്ങള്‍ കവിതയുടെ മറ്റൊരു പ്രത്യേകതയാണ്‌. മത തീവ്രവാദങ്ങള്‍ കൊടുമ്പിരികൊള്ളുന്ന ലോകത്തേയ്ക്ക്‌ കവിയെറിയുന്നത്‌ ഇതാണ്‌...

ദയവു ചെയ്ത്‌ നിങ്ങള്‍ 
നിങ്ങളുടെ മതസത്തയെക്കുറിച്ച്‌ 
കവിതചൊല്ലു ...  

ദയനീയമായി ഇങ്ങനെ യാചിക്കുന്ന കവി,

മതത്തെകുറിച്ച്‌ 
ചൊല്ലാതിരിക്കു...

എന്നൊരു കാണാത്ത വരിയിലൂടേയും കടന്നു പോകുന്നുണ്ട്‌.  
ചിത്രരശ്മി ബുക്സിന്റെയും സതീഷിന്റെയും ആദ്യ കവിതാ സമാഹാരമാണിത്‌. എങ്കിലും എഴുതിതെളിഞ്ഞ വര്‍ഷങ്ങളുടെ പൊലിമ ഈ സമാഹാരത്തിനുണ്ട്‌

മഞ്ഞുപൊഴിയുമ്പോള്‍ കാവ്യ ലോകമാകെ കുളിരണിയുമെന്ന്‌ നമുക്ക്‌ പ്രത്യശിക്കാം.....

---000---